X
    Categories: Article

മമ്മുട്ടി മറക്കില്ല, മോഹന്‍ലാലും

കമാല്‍ വരദൂര്‍

 

മമ്മുട്ടി നിറം മങ്ങിയ എണ്‍പതുകളുടെ അവസാനം. ഞാനന്ന് ഡിഗ്രിക്ക് പഠിക്കുന്ന കാലം. ഇഷ്ടനടന്‍ മമ്മുട്ടി. ബത്തേരി സെന്‍ര് മേരീസ് കേളജിലെ സഹപാഠികളായ ബെന്നിക്കും ഖാദറിനും സുരേഷിനുമെല്ലാം മോഹന്‍ലാലായിരുന്നു പ്രിയം. അങ്ങനെ ഞങ്ങള്‍ തമ്മില്‍ സിനിമകളുടെ കാര്യത്തില്‍ വലിയ തര്‍ക്കങ്ങള്‍ നടക്കും.ഇക്കാക്ക നാന എന്ന സിനിമാ മാഗസിന്‍ മുടങ്ങാതെ വരുത്താറുണ്ടായിരുന്നു. ബാപ്പ കാണാതെ ഇക്കാക്ക അത് സ്വന്തം മുറിയില്‍ വെക്കും. എനിക്ക് വായിക്കാനും തരും. അനന് നാനക്ക് വില രണ്ട് രൂപയായിരുന്നു. സിനിമക്കാരെയെല്ലാം നേരില്‍ കാണുന്ന പ്രതീതി. അത് വായിച്ച് കൂടുതല്‍ സിനിമാ അറിവ് നേടി.

അന്ന് പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു ഡെന്നിസ് ജോസഫ്. മമ്മുട്ടിയുടെ സിനിമകളെല്ലാം മോശമാവുന്നു. 86 ലെ ഓണക്കാലത്ത് അദ്ദേഹത്തിന്റെ ആറ് സിനിമകളാണ് ഒരുമിച്ച് റിലിസ് ചെയ്തത്. ഇതില്‍ ഐ.വി ശശിയുടെ ആവനാഴി മാത്രം ഹിറ്റായി. ബാക്കിയെല്ലാം തകര്‍ന്നു. ഇതോടെ സിനിമാ മാഗസിനുകള്‍ തലക്കെട്ടെഴുതി-മമ്മുട്ടിയുടെ കാലം കഴിയുന്നു. ഒന്നിന് പിറകെ ഒന്നായി പരാജയങ്ങള്‍. ഇറങ്ങുന്ന സീനിമകളെല്ലാം പരാജയമാവുന്നു. മമ്മുട്ടി എന്ന നടനെ സൂപ്പര്‍ താരമാക്കി മാറ്റിയ ജോഷി എന്ന സംവിധായകന്‍ ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വലിയ ഒരു ചിത്രം പ്ലാന്‍ ചെയ്ത സമയമായിരുന്നു അത്. മലയാള സിനിമ ദര്‍ശിച്ച എക്കാലത്തെയും ഏറ്റവും മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍-ന്യൂഡല്‍ഹി. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പണിപൂരയിലും പലര്‍ക്കും സംശയം-മമ്മുട്ടിയുടെ പരാജയ കാലത്ത് ഈ ചിത്രം ദുരന്തമാവുമോ…? പക്ഷേ ഒരാള്‍ മാത്രം പറഞ്ഞു-ഇത് മാസീവ് ഹിറ്റായിരിക്കുമെന്ന്. പറഞ്ഞയാള്‍ മറ്റാരുമായിരുന്നില്ല. ന്യൂഡല്‍ഹിയുടെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. പടം പൂര്‍ത്തിയാപ്പോഴും ടെന്‍ഷനായിരുന്നു. മറ്റെല്ലാവരേക്കാളുമുപരി മമ്മുട്ടിക്ക്. 87 ജൂലൈ 24 നായിരുന്നു ന്യൂഡല്‍ഹിയുടെ റിലിസ്. മമ്മുട്ടി ടെന്‍ഷനടിച്ച ആ സമയത്ത് ഡെന്നിസ് ജോസഫ് എന്ന എഴുത്തുകാരന്റെ പ്രവചനം സത്യമായി. സിനിമ മെഗാ ഹിറ്റ്. മമ്മുട്ടിയുടെ ജി.കൃഷ്ണമുര്‍ത്തി എന്ന പത്രാധിപരായ കഥാപാത്രം അത്യുജ്ജ്വലമായിരുന്നു. ജനം നിറഞ്ഞ മനസോടെ സ്വീകരിച്ചു. തിയേറ്ററുകള്‍ വീണ്ടും നിറഞ്ഞ് കവിഞ്ഞു. നൂറും ഇരുന്നൂറും ദിവസം ഫുള്‍ ഷോകള്‍. അന്ന് കോളജില്‍ മമ്മുട്ടി ഫാന്‍സായിരുന്നു താരങ്ങള്‍. ആ സിനിമയില്‍ മമ്മുട്ടി പത്രപ്രവര്‍ത്തകനായിരുന്നു. വിശ്വനാഥന്‍. സത്യങ്ങള്‍ തുറന്ന് കാട്ടുന്ന മാധ്യമ പ്രവര്‍ത്തകന്‍. പിന്നെ സ്വന്തം പത്രം തുടങ്ങി എഡിറ്ററായി. പത്ര പ്രവര്‍ത്തനത്തോട് ഇഷ്ടം തോന്നാന്‍ ഒരു കാരണവും ഈ സിനിമയായിരുന്നു.

86 ലായിരുന്നു രാജാവിന്റെ മകന്‍ ഇറങ്ങിയത്. മോഹന്‍ലാലീന്റെ തട്ടു തകര്‍പ്പന്‍ ചിത്രം. വില്ലനായി മലയാള സിനിമയില്‍ അവതരിച്ച നടനാണ് മോഹന്‍ലാല്‍. ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലുടെ. ആ ലാലിനെ സൂപ്പര്‍ നായകനാക്കിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രം. ഡബിള്‍ ടു,ഡബിള്‍ ഫൈവ് എന്ന ആ ഫോണ്‍ നമ്പര്‍. മലയാള സിനിമ അന്ന് വരെ കണ്ടിട്ടില്ലാത്ത മെഗാ എന്റര്‍ടെയിനര്‍. അധോലോകത്തിന്റെ വിസ്മയ കാഴ്ച്ചകള്‍ നിറഞ്ഞ സിനിമ. കോളജിലെ ലാല്‍ ഫാന്‍സ് തുള്ളിചാടിയ ആ സിനിമക്ക് ശേഷമായിരുന്നു ന്യൂഡല്‍ഹി എത്തിയത്. പിന്നെ ഞങ്ങളുടെ ഊഴമായി.

മമ്മുട്ടിക്കും മോഹന്‍ലാലിനും പ്രേക്ഷക മനസില്‍ വലിയ സ്ഥാനം നല്‍കിയ രണ്ട് സിനിമകളുടെയും തൂലിക ചലിപ്പിച്ച എഴുത്തുകാരനായിരുന്നു ഇന്നലെ അന്തരിച്ച ഡെന്നിസ് ജോസഫ്. 45 സിനിമകള്‍. മിക്കതും മെഗാ ഹിറ്റുകള്‍. മമ്മുട്ടിയുടെ തന്നെ നിറക്കൂട്ട്, മനു അങ്കിള്‍, ദിനരാത്രങ്ങള്‍, കോട്ടയം കുഞ്ഞച്ചന്‍, മോഹന്‍ലാലിന്റെ ഇന്ദ്രജാലം, ഭൂമിയിലെ രാജാക്കന്മാര്‍, അപ്പുണ്ണി തുടങ്ങിയ ചിത്രങ്ങള്‍. മമ്മുട്ടിയും ലാലും ഒരുമിച്ച നമ്പര്‍ 20 മദ്രാസ് മെയില്‍. കണ്ണീര്‍കഥയായി പ്രേക്ഷകനെ കരയിപ്പിച്ച ആകാശ ദൂത് തുടങ്ങി നിരവധി സിനിമകള്‍. കാലത്തെ വായിച്ച തുലികയുടെ ഉടമയായിരുന്നു മാധ്യമ പ്രവര്‍ത്തകനായിരുന്ന ഡെന്നിസ് ജോസഫ്. സൂപ്പര്‍താര പരിവേഷമുണ്ടായിരുന്ന എഴുത്തുകാരന്‍. നിര്‍മാതാക്കള്‍ അദ്ദേഹത്തിനായി ക്യൂ നിന്നു. സൂപ്പര്‍ താരങ്ങള്‍ അദ്ദേഹത്തെ പ്രിയ സുഹൃത്താക്കി മാറ്റി. അഞ്ച് സിനിമകളും സംവിധാനം ചെയ്ത ശേഷമായിരുന്നു അദ്ദേഹം മുഖ്യധാരയില്‍ നിന്നും പിന്മാറിയത്. പുതുതലമുറയിലെ എഴുത്തുകാര്‍ക്ക് കരുത്തേകി ആരോഗ്യ പ്രശ്നങ്ങളില്ലാതെ കഴിയവെയാണ് ഈ കോവിഡ് കാലത്ത് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത വന്നത്. മലയാള സിനിമക്ക് മാത്രമല്ല മാധ്യമ ലോകത്തിനും സാംസ്‌കാരിക ലോകത്തിനും വലിയ ആഘാതമാണ് ഡെന്നിസിന്റെ വിയോഗം

 

Test User: