കെ. മൊയ്തീന്‍കോയ
ചൈനയിലെ തുര്‍ക്കിസ്ഥാന്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നൂറ്റാണ്ടിലേറെയായി ജനങ്ങള്‍ക്കിടയില്‍ വളരുന്ന പ്രതിഷേധവും ചെറുത്തുനില്‍പും ചൈനീസ് സര്‍ക്കാര്‍ മര്‍ദ്ദിച്ചൊതുക്കുന്നു. പത്ത് ലക്ഷത്തോളം പേര്‍ ‘തടങ്കല്‍ പാളയ’ ത്തിലാണെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. അതിലേറെ പേര്‍ ‘കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസത്തിനായുള്ള ‘ദുര്‍ഗുണ’ പരിഹാര പാഠശാലയിലുമാണത്രെ. മര്‍ദ്ദനമുറകള്‍ മാറി മാറി നടത്തിയിട്ടും ഈ പ്രവിശ്യ മാറാന്‍ തയാറാകാത്തതിനാലാണ് ഷീ ജിന്‍പിംഗിനും ഭരണകൂടത്തിനും അത്ഭുതപ്പെടുന്നത്. 1884-ല്‍ ചൈനയോട് കൂട്ടിച്ചേര്‍ത്ത ‘തുര്‍ക്കിസ്ഥാനെ’ പുതിയ രൂപത്തില്‍ അവതരിപ്പിക്കാന്‍ പതിറ്റാണ്ടുകളായി സര്‍ക്കാര്‍ നടത്തുന്ന നീക്കം ജനങ്ങള്‍ തിരസ്‌കരിക്കുകയാണ്.
ഐക്യരാഷ്ട്ര സഭയുടെ വിവേചന വിരുദ്ധ സമിതി (ഓണ്‍ ദ എലിമിനേഷന്‍ ഓഫ് റേഷ്യല്‍ ഡിസ്‌ക്രിമിനേഷന്‍) ഏതാനും വര്‍ഷങ്ങളിലായി നടത്തിവന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് നടുക്കമുളവാക്കുന്നതാണ്. ചൈനീസ് ഭാഷയില്‍ പുതിയ പ്രവിശ്യ എന്നറിയപ്പെടുന്ന സിന്‍ജിയാംഗ് (പഴയ കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍) മേഖലയാകെ ഭരണകൂടം തടങ്കല്‍ പാളയമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യമോ മത സ്വാതന്ത്ര്യമോ അനുവദിക്കുന്നില്ല. മത പഠനശാല അടച്ചുപൂട്ടി. പള്ളികള്‍ തകര്‍ത്തു. റമസാന്‍ വ്രതം പാടില്ല. മത ചിഹ്നങ്ങള്‍ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം, മര്‍ദ്ദനം. ഇവക്ക് പകരമാണത്രെ ‘ദുര്‍ഗുണ’ പരിഹാര പാഠശാലയില്‍ രാഷ്ട്രീയ, സാംസ്‌ക്കാരിക പുനര്‍ വിദ്യാഭ്യാസം. മതത്തെ തള്ളിപ്പറഞ്ഞ് കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസം കുത്തി നിറയ്ക്കാന്‍ രഹസ്യ കേന്ദ്രങ്ങളില്‍ വ്യാപക ‘പാഠശാല’കളുണ്ട്. ഇവിടേക്കു ലക്ഷങ്ങളെ ആട്ടിതെളിക്കുകയാണ്. സിന്‍ജിയാംഗ് പ്രവിശ്യയില്‍ ജനാധിപത്യാവകാശങ്ങളും പൗര സ്വാതന്ത്ര്യവും നിഷേധിക്കുന്നു.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ചൈനയിലെ പീഡന കേന്ദ്രങ്ങളെക്കുറിച്ചുള്ള യു.എന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കൊണ്ട് വരുന്നുണ്ടെങ്കിലും ഇസ്‌ലാമിക രാഷ്ട്ര സംഘടനയോ (ഒ.ഐ.സി) മറ്റോ ഇതേ കുറിച്ചൊന്നും പ്രതിപാദിക്കുന്നില്ല. അവരെല്ലാം ചൈനയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ അവഗണിക്കുന്നതില്‍ അത്ഭുതം തോന്നാം. ഈ പ്രശ്‌നം വാഷിംഗ്ടണും ബീജിങ്ങും തമ്മിലുള്ള ഏറ്റുമുട്ടല്‍ മാത്രമായി മാറുന്നത് പ്രതിസന്ധി രൂക്ഷമാക്കാനേ കാരണമാവുകയുള്ളൂവെന്നാണ് യു.എന്നിലെ ചൈനീസ് കാര്യ വിദഗ്ധരുടെ നിലപാട്. ഇരു രാഷ്ട്രങ്ങളും തമ്മില്‍ ‘കച്ചവടയുദ്ധം’ മുറുകുന്നതിനിടക്ക് ട്രംപ് ഭരണകൂടത്തിന് ലഭിച്ച തുരുപ്പ് ശീട്ടാണിത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് വന്‍തോതില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് ട്രംപ് ഭരണകൂടം സ്വീകരിച്ച സമീപനം ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്.
ചൈനയില്‍ പ്രസിഡണ്ട് ഷീ ജിന്‍പിംഗ് മാവോസെതൂങ് രണ്ടാമന്‍ ആയി മാറുന്നതിന് നീക്കം നടത്തുന്നതില്‍ തന്നെ അന്താരാഷ്ട്ര വിമര്‍ശനം വ്യാപകമാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11-ന് പാര്‍ലമെന്റ് (നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്) അംഗീകരിച്ച ഭരണഘടന ഭേദഗതി പ്രകാരം അദ്ദേഹം മരണം വരെ പ്രസിഡണ്ടാകും. തുടര്‍ച്ചയായി രണ്ട് തവണയിലേറെ സ്ഥാനം വഹിക്കാന്‍ പാടില്ലെന്ന ചട്ടം ഭേദഗതി ചെയ്തു. രണ്ടിന് എതിരെ 2958 അംഗങ്ങള്‍ അനുകൂലിച്ചുവത്രെ. മൂന്ന് പേര്‍ വിട്ടുനിന്നു. സുപ്രധാന ഭേദഗതി ഒന്നിച്ചുനിന്ന് അംഗീകരിച്ച ചൈനീസ് പാര്‍ലമെന്റിനെ സമ്മതിക്കണം. 1949 മുതല്‍ ഏക പാര്‍ട്ടി ഭരണം നിലനില്‍ക്കുന്ന ചൈന ഒരിക്കല്‍ക്കൂടി ഒരു ഏകാധിപതിയെ സഹിക്കാന്‍ നിര്‍ബന്ധിതരായി എന്നാണ് പ്രവാസി ചൈനക്കാരുടെ പ്രചാരണം. പ്രസിഡണ്ടിന് പുറമെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി, സര്‍വസൈന്യാധിപന്‍ എന്നീ സുപ്രധാന പദവികളും ഷീയുടെ കയ്യിലാണ്. അതുകൊണ്ട് ചൈന മര്‍ദ്ദക ഭരണത്തില്‍ നിന്ന് പിറകോട്ട് പോകാന്‍ സാധ്യതയില്ല.
കിഴക്കന്‍ തുര്‍ക്കിസ്ഥാന് ചരിത്രപരമായി വലിയ പ്രാധാന്യമുണ്ട്. തുര്‍ക്കി വംശജരുടെ രാജ്യമായിരുന്ന തുര്‍ക്കിസ്ഥാന്, ഇസ്‌ലാമിക ചരിത്ര സൃഷ്ടിയില്‍ ശ്രദ്ധേയമായ സ്ഥാനമാണുള്ളത്. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടനും ഫ്രാന്‍സും ഹോളണ്ടുമെല്ലാം രാജ്യങ്ങള്‍ കയ്യടക്കിയത് പോലെ സാറിസ്റ്റ് റഷ്യയും ചൈനയും കയ്യടക്കിയിട്ടുണ്ട്. അതില്‍ പ്രധാന കേന്ദ്രമാണ് തുര്‍ക്കിസ്ഥാന്‍. പടിഞ്ഞാറന്‍ മേഖല റഷ്യ പിടിച്ചടക്കിയപ്പോള്‍, കിഴക്കന്‍ മേഖല ചൈനയുടെ കയ്യിലുമായി. ബീജിംഗില്‍ നിന്ന് വളരെ അകലെയുള്ള കിഴക്കന്‍ തുര്‍ക്കിസ്ഥാന് സ്വയം ഭരണാധികാരം തുടക്കത്തിലുണ്ടായിരുന്നു. 1949-ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം അവയൊക്കെ അവസാനിപ്പിച്ചു. വന്‍തോതില്‍ ഈ പ്രവിശ്യയിലേക്ക് ചൈനീസ് വംശജരെ കുടിയിരുത്തി.
തിബത്തിന് അനുവദിച്ചത് പോലെയുണ്ടായിരുന്ന സ്വയംഭരണാവകാശം ഇല്ലാതായി. തുര്‍ക്കി വംശജരായ ഉയ്ഗൂര്‍ ഗോത്രക്കാരായത് കൊണ്ടാണ് ‘ഉയ്ഗൂര്‍ മുസ്‌ലിംകള്‍’ എന്നറിയപ്പെടുന്നത്. ജനസംഖ്യയില്‍ മഹാ ഭൂരിപക്ഷമായിരുന്ന ജനതയെ മറ്റ് ചൈനീസ് വിഭാഗക്കാരെ കുടിയിരുത്തി ന്യൂനപക്ഷമാക്കാനുള്ള ഭരണകൂടത്തിന്റെ തന്ത്രം വിജയിച്ചു കാണുന്നു. ഇപ്പോള്‍ ജനസംഖ്യയില്‍ 45 ശതമാനമാണ് ഉയ്ഗൂര്‍ മുസ്‌ലിംകള്‍. മറ്റ് വിഭാഗക്കാരെ ഉയ്ഗൂരികള്‍ക്കെതിരെ ഭരണകൂടം തിരിച്ച്‌വിടുന്നത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാറുണ്ട്. സിന്‍ജിയാംഗ് പ്രവിശ്യയിലടക്കം 22 ലക്ഷത്തിലേറെ വരും ഉയ്ഗൂര്‍ ജനസംഖ്യ.
പടിഞ്ഞാറന്‍ തുര്‍ക്കിസ്ഥാന്‍ പ്രദേശം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ നിരവധി റിപ്പബ്ലിക്കുകളായി സ്വാതന്ത്ര്യം നേടിയെങ്കിലും കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ ചൈനീസ് മര്‍ദ്ദക ഭരണത്തിന് കീഴില്‍ വീര്‍പ്പ്മുട്ടുന്നു. വ്യക്തമായ കുറ്റം ചുമത്താതെ ഇവരെ കോടതിയില്‍ എത്തിക്കുന്നുവെന്ന് യു.എന്‍ സമിതി ചെയര്‍മാന്‍ ഗേ മക്ഡഗലിന്റെ വെളിപ്പെടുത്തല്‍ വരും ദിനങ്ങളില്‍ ലോക വേദികളില്‍ വിവാദം സൃഷ്ടിക്കും. ലോകത്ത് അവശേഷിക്കുന്ന ഏതാനും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ചൈന. എതിരാളികളെ നിഷ്‌കരുണം മര്‍ദ്ദിച്ചൊതുക്കുന്ന ചൈനീസ് നയം തുടരുകയാണെങ്കില്‍ സിന്‍ജിയാംഗ് സംഘര്‍ഷഭരിതമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.