X

പച്ചക്കറി മതിയോ ശീലാവതീ..

 

ജലീല്‍ കെ. പരപ്പന
നേരമെത്രയായി. ഇനിയും കറിക്കുള്ളത് വാങ്ങിയില്ലല്ലോ ചേട്ടാ..!
ഒഴിവുദിനത്തില്‍ ശ്രീമതിയുടെ രാവിലെത്തന്നെയുള്ള ആവശ്യവും പരിഭവവും കേട്ട് അകമേ ഒന്നന്ധാളിച്ചെങ്കിലും പുറത്തുകാട്ടിയില്ല. ഞായറാഴ്ചയെങ്കിലും ഇറച്ചിക്കറി ശീലമായിട്ട് കാലമേറെയായി. അപ്പനപ്പൂപ്പന്മാരുടെ കാലത്ത് തുടങ്ങിയതാണ് ഇറച്ചിക്കറി ശീലം. പണ്ട് വീട്ടിലെ കോഴിയെ അറുത്തായിരുന്നു ആഘോഷമെങ്കില്‍ ഇപ്പോള്‍ കശാപ്പുകടയില്‍ നിന്നാണെന്ന് മാത്രം.
പച്ചക്കറി മതിയോ ശീലാവതീ.. ? തന്റെ സ്വരമൊന്ന് ഇടറിയോ എന്ന് അയാള്‍ക്കുതന്നെ സംശയം. പിന്നെയല്ലേ ശീലാവതിച്ചേച്ചിക്ക്. അവര്‍ എടുത്തടിച്ചതുപോലെ പറഞ്ഞു:
എന്തോ.. കാശില്ലേല്‍ അതങ്ങ് പറഞ്ഞാപോരേ മനുഷ്യാ… ഇന്ന് കുട്ടികള്‍ ഇറച്ചിയില്ലെങ്കില്‍ നമ്മളെവെച്ച് കറിയാക്കും. പറഞ്ഞേക്കാം.
അതല്ലെടീ മടച്ചീ. നീ ഈ പേപ്പറിലും ടീവീലും വരണതൊന്നും അറിഞ്ഞില്ലയോ. പശൂന്റേം കാളന്റേം പോത്തിന്റേമൊന്നും ഇറച്ചി കൂട്ടിക്കൂടാന്ന്. അവയെ വേണെങ്കില്‍ അടുത്ത വീട്ടീന്ന് വാങ്ങി സ്വയം അറുത്തുകഴിച്ചോളാനാ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.
ങേ. അപ്പോ ഇനി മുതല്‍ ഇറച്ചികഴിക്കാന്‍ പറ്റില്ലെന്നോ. കുട്ടികളെ കഴിച്ച് ശീലിപ്പിച്ചിട്ട്… ശീലാവതി വിടുന്ന മട്ടില്ലാതായപ്പോള്‍ ദാമോദരരേട്ടന്‍ നേരെ കവലയിലേക്ക് നടന്നു.
എന്താ ചേട്ടാ ഒരു വിഷമം. ഫ്രാന്‍സിസ് ആണ്.
ഒന്നുമില്ല. ഇത്തിരി ഇറച്ചി വാങ്ങിക്കാനാ.
ഓ .ഇറച്ചിയോ .നിങ്ങള്‍ തന്നെ ഇറച്ചി കഴിക്കുന്നോ. ബീഫ് കഴിക്കരുതെന്നല്ലേ മോദി പറഞ്ഞിരിക്കുന്നത്.
എടോ പ്രാഞ്ചീ. രാജ്യത്തിന്റെ വളര്‍ച്ച ഇടിഞ്ഞിരിക്കുന്നുവെന്നാണ് ഇന്നലെ പത്രത്തില്‍ കണ്ടത്.
അതുകൊണ്ട്.. ?
പഞ്ഞകാലത്ത് മാട്ടിറച്ചിയായാലും കഴിക്കാമെന്നല്ലേ സംഘ സ്ഥാപകന്‍ സവര്‍ക്കര്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തല്‍കാലം ബീഫ് കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
ദാമോദരേട്ടന്‍ ബീഫും വാങ്ങി തലയുംതാഴ്ത്തി നടന്നു.

chandrika: