X

റമസാനും ജീവിത വിശുദ്ധിയും

ഡോ.ഹുസൈന്‍ മടവൂര്‍

മനുഷ്യന്‍ താനെ പിറന്നുവീണതല്ലെന്നും അവന്റെ ഉയിര്‍പ്പിനുപിന്നില്‍ ഒരു ശക്തിയുണ്ടെന്നും ആ ശക്തിക്ക് നന്ദി കാണിക്കേണ്ടതുണ്ടെന്നുമുള്ള ബോധ്യത്തില്‍ നിന്നാണ് ആരാധനകള്‍ ഉടലെടുക്കുന്നത്. വ്യക്തിനിഷ്ഠമാണ് ദൈവത്തോടുള്ള ആരാധനകളില്‍ പ്രധാനമായവയെല്ലാം. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ആരാധനകള്‍ അല്ലാഹുവോടുള്ള അനുസരണത്തിന്റേയും അച്ചടക്കത്തിന്റേയും അടയാളമാണ്. ഓരോ ആരാധനയും അച്ചടക്കവും വിശുദ്ധിയും കൈവരിക്കാനുള്ള പരിശീലന പ്രക്രിയയാണ്.
പരിശുദ്ധ റമസാനില്‍ നോമ്പനുഷ്ഠിക്കുന്ന ഒരോ വിശ്വാസിയും അവന്റെ ജീവിത വിശുദ്ധി കൈവരിക്കാനുള്ള പരിശീലനത്തിലാണ്. നോമ്പ് ഒരു പരിചയാണെന്നതാണ് ഇസ്ലാമിന്റെ അധ്യാപനം. തന്നെ എതിരിടാന്‍ വരുന്ന ദുഷ്ചിന്തകള്‍ക്കും പ്രവണതകള്‍ക്കും നേരെയുള്ള പരിചയായി നോമ്പ് വര്‍ത്തിക്കുമെന്നാണതിനര്‍ഥം. അതിനാവശ്യമായ നോമ്പിലുണ്ട് എന്ന് സാരം. തന്നോട് വഴക്കിടാന്‍ വരുന്നവനോട് ഞാന്‍ നോമ്പുകാരനാകുന്നു എന്ന് പറഞ്ഞ് വഴിമാറി സഞ്ചരിക്കാനാണ് നോമ്പുകാരന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. അത് കോപമെന്ന വികാരത്തിനു നേരെയുള്ള പ്രതിരോധ പരിശീലനം കൂടിയാണ്.
മാനസിക, ശാരീരിക, സാമ്പത്തിക, സാമൂഹിക വിശുദ്ധി നേടിയെടുക്കാന്‍ റമസാന്‍ വഴിയൊരുക്കുന്നുണ്ട്. നാക്കിനും നോക്കിനും മറ്റിന്ദ്രിയങ്ങള്‍ക്കുമെല്ലാം ഒരു മാസക്കാലം നിയന്ത്രണങ്ങളേര്‍പ്പെടുത്തി സ്വയം ശുദ്ധീകരിക്കാനുള്ള അവസരമാണ് നോമ്പ് നമുക്ക് നല്‍കുന്നത്. സൂറതുല്‍ ബഖറയില്‍ അല്ലാഹു സൂചിപ്പിക്കുന്നത് ശ്രദ്ധേയമാണ്. ‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടിയത്രെ അത്.'(2:183). മനുഷ്യനില്‍ ഭക്തിയും ജീവിത വിശുദ്ധിയും ഉണ്ടാക്കിയെടുക്കാനാണ് നോമ്പ് എന്ന് വ്യക്തമാക്കി പറയുകയാണിവിടെ. ഒരു ദിവസം മുഴുക്കെ പട്ടിണി കിടന്നതുകൊണ്ടു മാത്രം ഒരാള്‍ നോമ്പുകാരനായി പരിഗണിക്കപ്പെടുകയില്ല. പ്രവാചകന്‍ അരുള്‍ചെയ്യുകയുണ്ടായി, ‘ഒരാള്‍ വ്യാജവാക്കുകളും അത്തരം പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കുന്നില്ല എങ്കില്‍ അവന്‍ ഭക്ഷണവും പാനീയവും ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല’ (ബുഖാരി). ഒരു നോമ്പുകാരന്‍ ചെറുതോ വലുതോ ആയ കുറ്റങ്ങളോട് അകന്നു നില്‍ക്കുന്നെങ്കില്‍ മാത്രമേ നോമ്പ് സ്വീകരിക്കപ്പെടൂ എന്നാണ് ഇതിന്റെ ഉദ്ദേശ്യം. അപ്പോഴാണ് ജീവിത വിശുദ്ധി നേടാന്‍ അവന് സാധിക്കുക. ഇത്തരത്തിലുള്ള നോമ്പ് ഒരുവന്‍ ഒരുമാസക്കാലം നിര്‍വഹിക്കുക വഴി അവന്‍ ജീവിത വിശുദ്ധി നേടും എന്നതില്‍ സംശയത്തിനിടയില്ല. അല്ലാഹുവിന്റെ പ്രീതി നേടിയെടുത്ത് സമൂഹത്തില്‍ വിശുദ്ധി കാത്ത് സൂക്ഷിച്ച് മാതൃകാധന്യമായ ജീവിതത്തിലേക്ക് നടന്നടുക്കാന്‍ റമസാന്‍ പ്രേരകമാകണം.
വിശപ്പും ദാഹവും പേറുന്ന ഒട്ടനേകം സഹോദരങ്ങളെ മനസ്സിലാക്കാനുള്ള അവസരം കൂടി റമസാന്‍ നല്‍കുന്നുണ്ട്. ഈ അവസ്ഥയെ മനസ്സിലാക്കി പോകുന്നതിനപ്പുറം, ഗുണപരമായ ഇടപെടലുകളിലേക്ക് അത് വഴിനടത്തേണ്ടതുണ്ട്. സഹാനുഭൂതി പ്രവര്‍ത്തനഫലങ്ങളില്‍ ദാനധര്‍മങ്ങളിലൂടെ കാഴ്ചവെച്ച് സാമ്പത്തിക സാമൂഹിക വിശുദ്ധി ഈ റമസാനില്‍ നേടിയെടുക്കേണ്ടതുണ്ട്. ദാനധര്‍മങ്ങളും പുണ്യപ്രവൃത്തികളുമെല്ലാം അധികരിക്കാന്‍ വേണ്ടി തന്നെയാണ് സര്‍വശക്തനായ നാഥന്‍ എല്ലാറ്റിനും പതിവിലുമധികം പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുള്ളത്. നൈരന്തര്യമുള്ള പുണ്യപ്രവൃത്തികള്‍ റമസാനിനു ശേഷവും നിലനിര്‍ത്താന്‍ സാധിക്കുമ്പോഴാണ് റമസാനിന്റെ ചൈതന്യം നമ്മില്‍ വര്‍ത്തിച്ചിരിക്കുന്നു എന്ന് പറയാന്‍ സാധിക്കുക. ശാരീരികേച്ഛകള്‍ക്കുമേല്‍ ധര്‍മബോധത്തിനു മേല്‍ക്കൈ നേടാനും വിശുദ്ധി വര്‍ധിപ്പിച്ച് വ്യക്തിത്വം പ്രകാശമുള്ളതാക്കി മാറ്റാനും സാധിക്കുമ്പോഴാണ് നമ്മുടെ വ്രതം സാര്‍ഥമാകുന്നതും നാളേക്കുള്ള കരുതിവെപ്പാകുന്നതും.

chandrika: