പ്രളയക്കെടുതിയില്‍ കഴിയുന്ന കേരളത്തെ ഞെട്ടിച്ചുകൊണ്ട് പെട്രോള്‍, ഡീസല്‍ വില സര്‍വകാല റിക്കാര്‍ഡിലെത്തി. സാമ്പത്തിക തകര്‍ച്ച നേരിടുന്ന രാജ്യവും ഉപഭോക്തൃ സംസ്ഥാനമായ കേരളവും രൂക്ഷമായ വിലക്കയറ്റത്തിലേക്കും സാമ്പത്തിക തളര്‍ച്ചയിലേക്കും കൂപ്പുകുത്താന്‍ ഇതു വഴിയൊരുക്കും. പെട്രോള്‍ വില തിരുവനന്തപുരത്ത് ഇന്നലെ 83.30 രൂപയാണ്. കഴിഞ്ഞ മെയ് 29നായിരുന്നു റിക്കാര്‍ഡ് വില- 82.62 രൂപ. അത് വ്യാഴാഴ്ച മറികടന്നിരുന്നു. ഇന്നലെ ഒറ്റ ദിവസത്തെ വര്‍ധന മാത്രം 63 പൈസയാണ്. ഡീസലിന്റെ മെയ് 29ലെ റിക്കാര്‍ഡ് വിലയായ 75.20 രൂപ ആഗസ്റ്റ് 31 ന് തിരുത്തി 75.22 രൂപയായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്റ്റഡിയായി വില ഉയര്‍ന്നു. ഇന്നലെ ഒറ്റ ദിവസത്തെ വര്‍ധന 68 പൈസയാണ്. അങ്ങനെ വില സര്‍വകാല റിക്കാര്‍ഡിട്ട് 77.18 രൂപയായി. മെട്രോ നഗരങ്ങളില്‍ ഡീസലിന് ഏറ്റവും ഉയര്‍ന്ന വില ഈടാക്കുന്നത് മുംബൈയിലാണ്. അവിടത്തേക്കാള്‍ കൂടുല്‍ വിലയാണ് ഇപ്പോള്‍ കേരളത്തില്‍. മുംബൈയിലെ ഡീസല്‍ വില 76.51 രൂപ.
നേരത്തെ പെട്രോളിനും ഡീസലിനും തമ്മില്‍ പത്തു രൂപയിലധികം വ്യത്യാസം ഉണ്ടായിരുന്നത് ഇപ്പോള്‍ ആറു രൂപയിലേക്കു കുറഞ്ഞിരിക്കുന്നു. ഡീസല്‍ വില ആനുപാതികമല്ലാത്ത രീതിയില്‍ ഉയരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. ജനങ്ങളുടെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം ഡീസല്‍ അധിഷ്ഠിതമാണ്.
രാജ്യാന്തര വിപണിയില്‍ എണ്ണവില കയറുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ളയും പെട്രോളിയം കമ്പനികളുടെ അമിത ലാഭവുമാണ് വില വര്‍ധനവിന്റെ പ്രധാന കാരണങ്ങള്‍. ഡോളറുമായി രൂപയുടെ വിനിമയ നിരക്ക് 72.04 രൂപയായി കുത്തനെ ഇടിഞ്ഞു. അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്ന് ബാരലിന് 77.56 ഡോളര്‍ എന്ന നിലയിലുമാണ്. രണ്ടിന്റെയും ട്രെന്‍ഡ് ഈ രീതിയില്‍ തുടരാനാണ് സാധ്യത. പെട്രോള്‍, ഡീസല്‍ നികുതില്‍ നിന്ന് കേന്ദ്രത്തിന് ഇതുവരെ ലഭിച്ചത് 11 ലക്ഷം കോടിയുടെ വരുമാനമാണ്. മോദി അധികാരമേറ്റ 2014 മെയ് മാസത്തിനുശേഷം എക്‌സൈസ് നികുതി 211.7 ശതമാനം വര്‍ധിപ്പിച്ചു. അന്ന് ഒരു ലിറ്റര്‍ പെട്രോളിന് നികുതി 9.2 രൂപയായിരുന്നെങ്കില്‍ ഇന്ന് അത് 19.48 രൂപയാണ്. ഡീസലിന്റെ എക്‌സൈസ് തീരുവയില്‍ 443.06 ശതമാനം വര്‍ധന. അന്ന് ഒരു ലിറ്റര്‍ ഡീസലിന്റെ എക്‌സൈസ് തീരുവ 3.46 രൂപയായിരുന്നെങ്കില്‍ ഇന്നത് 15.33 രൂപയാണ്. എക്‌സൈസ് നികുതി 12 തവണയാണ് മോദി സര്‍ക്കാര്‍ കൂട്ടിയത്. ഇതുമൂലം കേന്ദ്രത്തിന് 1.05 മുതല്‍ 2.57 ലക്ഷം കോടിവരെയാണ് ഓരോ വര്‍ഷവും ലഭിക്കുന്നത്. മോദി സര്‍ക്കാരിന് അഞ്ചു വര്‍ഷംകൊണ്ട് ലഭിച്ചത് 12,04,307 കോടി രൂപ. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2013-14ല്‍ ലഭിച്ച വരുമാനം 88,600 കോടി മാത്രം.
പെട്രോളിയം ഉത്പന്നങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാരിനു ലഭിച്ച വരുമാനം (തുക കോടിയില്‍)
2013-14 88,600
2014-15 1,05,653
2015-16 1,85,958
2016-17 2,53,254
2017- 18 2,01,592
2018-19 2,57,850 (പ്രതീക്ഷിതം)
യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ക്രൂഡ് ഓയില്‍ വില ബാരലിലന് 135 ഡോളര്‍ വരെ ആയി ഉയര്‍ന്നശേഷം 2014 മെയില്‍ 112 ഡോളര്‍ ആയിരുന്നു. അന്ന് പെട്രോള്‍ ലിറ്ററിന് 9 രൂപയും ഡീസല്‍ ലിറ്ററിന് 12 രൂപയും സബ്‌സിഡി നല്‍കിയാണ് യു.പി.എ സര്‍ക്കാര്‍ ഇന്ധന വില നിയന്ത്രിച്ചത്. തന്മൂലം പെട്രോള്‍ വില ലിറ്ററിന് 74.33 രൂപയും ഡീസല്‍ വില 60.77 രൂപയും ആയി നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചു. ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ 77 ഡോളറായി കുറഞ്ഞെങ്കിലും പെട്രോള്‍, ഡീസല്‍ വില സര്‍വകാല റിക്കാര്‍ഡിട്ടതാണ് ആശ്ചര്യകരം. ക്രൂഡോയില്‍ വില ബാരലിന് 35 ഡോളര്‍ കുറഞ്ഞിട്ടും യു.പി.എ സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ ഒരു ലിറ്റര്‍ പെട്രോളിന് 8.97 രൂപയും ഡീസലിന് 16.41 രൂപയും ഇപ്പോള്‍ കൂടുതലാണ്. യു.പി.എ സര്‍ക്കാര്‍ ചെയ്തതുപോലെ, സബ്‌സിഡി നല്‍കിയിരുന്നെങ്കില്‍ വില പിടിച്ചുനിര്‍ത്താമായിരുന്നു. യു.പി.എ സര്‍ക്കാര്‍ പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയാണ് ഇന്ധന വില നിയന്ത്രിക്കാന്‍ സബ്‌സിഡി നല്‍കിയിരുന്നത്. 2014ല്‍ അസംസ്‌കൃത എണ്ണയുടെ വില 112 ഡോളര്‍ ആയിരുന്നത് ഇപ്പോള്‍ 77.56 ഡോളറായതോടെ എണ്ണയിറക്കുമതി ചെലവ് 6.27 ലക്ഷം കോടി രൂപയില്‍നിന്ന് 4.73 കോടി ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. പക്ഷേ, അതിന്റെ പ്രയോജനം ജനങ്ങള്‍ക്കു ലഭിക്കുന്നില്ല. മോദി സര്‍ക്കാര്‍ 15 രാജ്യങ്ങളിലേക്ക് പെട്രോള്‍ കയറ്റുമതി ചെയ്യുന്നത് വെറും 34 രൂപക്കാണ്. 29 രാജ്യങ്ങളിലേക്ക് ഡീസല്‍ കയറ്റുമതി ചെയ്യുന്നത് 37 രൂപക്കും. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, അമേരിക്ക, മലേഷ്യ എന്നീ സമ്പന്ന രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. ലോകത്തിലെ 56 രാജ്യങ്ങളില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഒരു ഡോളറില്‍ (71.71 രൂപ) താഴെയാണു വില.
വിദേശ രാജ്യങ്ങളിലെ പെട്രോള്‍ വില രൂപയില്‍
ഇന്ത്യ- 83.30
ഇറാന്‍- 20.79
സുഡാന്‍- 24.38
മലേഷ്യ- 38.00
പാക്കിസ്താന്‍- 53.78
അഫ്ഗാനിസ്താന്‍- 53.00
ഇന്തോനേഷ്യ- 48.04
നേപ്പാള്‍- 68.74
ശ്രീലങ്ക- 69.55
ഭൂട്ടാന്‍- 63.82
സ്വകാര്യ എണ്ണകമ്പനികളും പൊതുമേഖലാ എണ്ണ കമ്പനികളും വന്‍ ലാഭം കൊയ്യുന്നതാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വന്‍വില വര്‍ധനവിനു മറ്റൊരു കാരണം. പെട്രോളിയം കമ്പനികള്‍ക്ക് ഇതിനോടകം 56,125 കോടി രൂപയുടെ ലാഭം ഉണ്ടായതായാണ് കണക്ക്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സബ്‌സിഡി നല്‍കിയിരുന്നതുമൂലം പൊതുമേഖലാ സ്ഥാപനങ്ങളുടെ പെട്രോള്‍ പമ്പുകളില്‍ റിലയന്‍സ്, എസാര്‍ തുടങ്ങിയ സ്വകാര്യ കമ്പനികളുടെ പമ്പിനേക്കാള്‍ വില കുറവായിരുന്നു. ഇതുമൂലം സ്വകാര്യ കമ്പനികളുടെ പമ്പുകളെല്ലാംതന്നെ പൂട്ടിക്കെട്ടേണ്ടി വന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം സബ്‌സിഡി പിന്‍വലിച്ചതോടെ സ്വകാര്യ പമ്പുകളെല്ലാം തുറക്കുകയും അവര്‍ കൂടുതല്‍ പമ്പുകള്‍ ആരംഭിക്കുകയും ചെയ്തു.
ഒരു ലിറ്റര്‍ പെട്രോളിന്റെ ഉത്പാദനച്ചെലവ് ഏകദേശം 23.77 രൂപയാണ്. ഇതിന്റെ കൂടെ ന്യായമായ രീതിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയും വ്യാപാരികളുടെ കമ്മീഷനും എണ്ണകമ്പനികളുടെ ആദായവും എല്ലാം കൂട്ടിയാലും പെട്രോള്‍ ലിറ്ററിന് 45 രൂപക്കും ഡീസല്‍ 40 രൂപക്കും വില്‍ക്കാന്‍ സാധിക്കും. അമിതമായ നികുതികളും എണ്ണക്കമ്പനികളുടെ കൊള്ളലാഭവും മറ്റും ചേരുമ്പോഴാണ് വില താങ്ങാനാവത്തതാകുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വിലയുടെ അധിക നികുതി വേണ്ടെന്നുവെച്ച് യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളില്‍ ആശ്വാസം എത്തിച്ചു. നാലു തവണകളായി 619.17 കോടി രൂപയുടെ ഇളവാണ് ജനങ്ങള്‍ക്കു നല്‍കിയത്. ഇത്തരമൊരു സമീപനം ഇടതുസര്‍ക്കാര്‍ ചെയ്യുന്നില്ല.
ഇന്ധനവില വര്‍ധനവിനെതിരേ സമരം ചെയ്ത് അധികാരത്തിലെത്തിയവരാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്നത്. നിരവധി ഹര്‍ത്താലുകളും ബന്ദുകളും നടത്തി. മോദി അധികാരമേറ്റാല്‍ 40 രൂപക്ക് ഡീസലും 50 രൂപക്ക് പെട്രോളും നല്‍കുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരേ കാളവണ്ടിയിലും മറ്റും സമരം നടത്തി. സെക്രട്ടേറിയറ്റിനും കളക്ടറേറ്റുകള്‍ക്കും മുന്നില്‍ സ്ത്രീകള്‍ അടുപ്പുകൂട്ടി സമരം ചെയ്തു. ഇപ്പോള്‍ ഇവരുടെയൊന്നും അനക്കം കാണുന്നില്ല. ഇന്ധനവില വര്‍ധനമൂലം ജനങ്ങളുടെ രോഷം ആളിക്കത്തുകയാണെന്ന് അറിഞ്ഞിട്ടും ഭരണ കേന്ദ്രങ്ങളില്‍ അനക്കമില്ല.
(കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുന്‍ കേരള മുഖ്യമന്ത്രിയുമാണ് ലേഖകന്‍)
- 6 years ago
chandrika
Categories:
Video Stories