ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തില്‍ അപകടകരമായ നിരവധി പ്രതിഭാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമാണ് നമുക്ക് മുന്നിലുളളത്. വ്യത്യസ്തതകളും ഭിന്നാഭിപ്രായങ്ങളും കൊണ്ട് നിറഞ്ഞ സംവാദാത്മക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വന്നു. പകരം എല്ലാ അധികാരവും ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കപ്പെട്ട ഒരു ഒറ്റയാള്‍ പ്രസ്ഥാന രാഷ്ട്രീയം കടന്നുവന്നു. സ്വന്തം പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മുളയിലേ നുള്ളിമാറ്റിയ അയാള്‍ ഇപ്പോള്‍ ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നുമുള്ള ഭിന്നസ്വരങ്ങളെ അറുത്തുമാറ്റാനുള്ള ശ്രമങ്ങളിലാണ്. ഇതിന്റെ ഭാഗമായി ഭരണ ഘടനയുടെ അന്തസ്സത്തയായ മതേതരത്വവും ജനാധിപത്യവും പിന്‍ സീറ്റിലേക്ക് മാറ്റി തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സിദ്ധാന്തങ്ങള്‍ പരസ്യമായി പ്രചരിപ്പിച്ചു തുടങ്ങി. നാള്‍ക്കു നാള്‍ ഈ പ്രവണത വര്‍ധിക്കുകയാണ്. മൂപ്പതു ശതമാനം വോട്ട് മാത്രം നേടിയാണ് താന്‍ അധികാരത്തിലെത്തിയതെന്ന ലളിത സത്യം അയാള്‍ മറന്നു പോകുന്നു. ഈ ആസൂത്രിതവും അപകടകരവുമായ ഫാസിസ്റ്റ് വല്‍ക്കരണത്തിനെതിരെയുള്ള രാഷ്ട്രീയ പ്രതിരോധമാണ് മുസ്്‌ലിം യൂത്ത് ലീഗ് ബാംഗ്ലൂരില്‍ നടത്തുന്നത്.
തൊഴിലില്ലായ്മയും അഴിമതിയും പ്രമേയമാക്കിയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായത്. ഭരണ നൈപുണ്യവും സുസ്ഥിരമായ വളര്‍ച്ചയും അദ്ദേഹം വാഗ്ധാനം ചെയ്തു. പക്ഷേ, അധികാരത്തിലെത്തിയതോടെ നേരത്തെ പറഞ്ഞ വികസന സ്വപ്‌നങ്ങള്‍ കേവല വാഗ്വിലാസങ്ങള്‍ മാത്രമായി. പഴയ പദ്ധതികള്‍ പൊടിതട്ടിയെടുത്ത് പുതിയ പേരില്‍ അവതരിപ്പിച്ച് കാഴ്ചക്കാരെ മാന്ത്രികവലയത്തിലാക്കി ഇന്ത്യക്കാരെ മയക്കിക്കിടത്തുകയാണ് ചെയ്തുവരുന്നത്. വികസന ലക്ഷ്യങ്ങള്‍ നടക്കാതെ വന്നതോടെ അപ്രസക്തമായ വിഷയങ്ങള്‍ പുറത്തെടുത്ത് പര്‍വ്വതീകരിച്ച് ജനങ്ങളെ വിഢികളാക്കുന്ന മായാജാലങ്ങളും അടിക്കടി നടന്നുവന്നു. തൊഴില്‍ നിര്‍മാണവും സാമ്പത്തിക സുസ്ഥിര വികസനവും പരാജയപ്പെട്ടതോടെ പഴയ ഹിന്ദുത്വ മുദ്രാവാക്യങ്ങള്‍ വീണ്ടുമെടുത്തു. കടുത്ത സാമൂദായിക ദ്രുവീകരണത്തിലൂടെ ഉത്തരേന്ത്യയെ കാവിപുതപ്പിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. ബാബരിയും മുത്തലാഖും രാഷ്ട്രീയ പ്രമേയങ്ങളാകുന്നത് ഈ ആസൂത്രിത പ്രചാര വേലയുടെ ഭാഗമായാണ്. മുസ്്‌ലിം സ്ത്രീകളോടുള്ള സ്‌നേഹമല്ല, മറിച്ച് പ്രഖ്യാപിത ലക്ഷ്യങ്ങളെ കുറിച്ച് പൗരന്മാരുടെ ഓര്‍മപ്പെടുത്തലുകളെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങളാണ് അതുവഴി നടന്നത്.
മനുഷ്യര്‍ക്ക് വേണ്ടിയല്ല, പശുക്കള്‍ക്കുവേണ്ടിയാണ് ഭരണം എന്ന രീതിയിലാണ് യു.പി.യിലെ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. പശുക്കള്‍ക്കുവേണ്ടി ഓരോ ദിവസവും പുതിയ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന കക്ഷി തന്റെ പശുപ്പടക്ക് കീഴില്‍ ഭയന്നു കഴിയുന്ന ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെക്കുറിച്ച് യാതൊരു ശ്രദ്ധയുമില്ല. എന്നാല്‍ ഇതേ പശുക്കളെ കൊന്ന് വിദേശത്തേക്ക് കയറ്റി അയച്ച് കോടികള്‍ കൈക്കലാക്കുന്ന സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ നല്‍കാനും അവര്‍ പ്രതിജ്ഞാബദ്ധരാണ്. കാര്യങ്ങള്‍ ഈ രീതിയില്‍ പോകുകയാണെങ്കില്‍ ജനാധിപത്യം ആര്‍ഷ ഭാരത മണ്ണില്‍ നിന്ന് ഇല്ലാതായി പോകുന്ന കാലം അതിവിദൂരമല്ല.
അധികാര ലബ്ധിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന രീതിയാണ് ഇന്ന് ഇന്ത്യയില്‍ ഫാസിസ്്റ്റുകള്‍ നടപ്പില്‍വരുത്തുന്നത്. രാഷ്ട്രീയ രംഗത്തുമാത്രമല്ല, ഉദ്യാഗസ്ഥ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലും ഇതിന്റെ പ്രതിഫലനങ്ങള്‍ വന്നുതുടങ്ങി. എല്ലാ രംഗത്തും കാവിപ്പടയെ കുത്തിക്കയറ്റാനുള്ള തീവ്ര ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എതിര്‍പ്പിന്റെ ചെറിയ സ്വരങ്ങളെ പോലും മുളയിലേ നുള്ളിമാറ്റുന്നു. പ്രതീക്ഷയുടെ അസ്ഥിവാരങ്ങള്‍ക്ക് പിന്‍ബലം നഷടപ്പെടുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകീകരണമാണ് മുന്നോട്ടുള്ള വഴി. ഇതിന്റെ ആദ്യ ശ്രമങ്ങള്‍ ഉത്തര്‍ പ്രദേശില്‍ ദൃശ്യമാണ്. കനത്ത തോല്‍വിക്കു ശേഷം എസ്.പി.യും ബി.എസ്.പിയും ഒരുമിച്ച് നിന്ന് ബി.ജെ.പിക്കെതിരെ പൊരുതാനുള്ള സന്നദ്ധത അറിയിച്ച് കഴിഞ്ഞു. ഓള്‍ ഇന്ത്യാ തലത്തിലുള്ള ഒരു വിശാലമായ മതേതര ചേരിക്ക് മാത്രമേ ബി.ജെ.പിയെ പിടിച്ച് കെട്ടാനാകൂ. അതിനുവേണ്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ശ്രമങ്ങള്‍ക്ക് ശക്തി പകരുകയാണ് മുസ്്‌ലിം ലീഗിന്റെ ലക്ഷ്യം. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മുസ്്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കടന്നുവരവ് ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ളതാണ്.
ഉത്തരേന്ത്യയില്‍ പരിതാപകരമാണ് മുസ്്‌ലിം സമൂഹത്തിന്റെ ചിത്രങ്ങള്‍. കാലങ്ങളായി മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ അവരെ വോട്ടുബാങ്കുകളാക്കി മാത്രം കണ്ടതോടെ അഭിമാനകരമായ അസ്തിത്വം എന്ന സ്വപ്‌നം പോലും കൊണ്ടു നടക്കാനാകാത്ത ദയനീയ സ്ഥിതിയിലേക്ക് അവരുടെ ജീവിത സാഹചര്യങ്ങള്‍ മാറി. മുസ്്‌ലിംകളുടെ വിദ്യാഭ്യാസ സാമൂഹിക ചിത്രങ്ങളെ കുറിച്ച് പഠനം നടത്തിയ രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ പഠനങ്ങള്‍ തന്നെ ഏറ്റവും വലിയ തെളിവ്. വിവിധ സംസ്ഥാനങ്ങളില്‍ പട്ടിക ജാതി പട്ടികവ വര്‍ക്ഷങ്ങളേക്കാള്‍ താഴെയാണ് അവരുടെ പ്രാതിനിധ്യം. സൈനിക മേഖലകളിലെ അവരുടെ പ്രാതിനിധ്യത്തിന്റെ അളവ് പുറത്തുവിടാന്‍ പോലും അധികൃതര്‍ തയാറല്ല. ഉദ്യോഗസ്ഥ മേഖലകളില്‍ നാല് ശതമാനം മാത്രം. ഈയിടെ പുറത്തുവന്ന എന്‍.എസ്.എസ്.ഒയുടെ സര്‍വ്വേയില്‍ പറയുന്നത് മുസ്്‌ലിം വിദ്യാര്‍ത്ഥികളില്‍ 25 ശതമാനവും പഠിക്കുന്നത് അനംഗീകൃത സ്‌കൂളുകളില്‍. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നേടുന്നവര്‍ പതിനഞ്ച് ശതമാനം മാത്രം. അതുകൊണ്ട് തന്നെ ദാരിദ്യത്തിന്റെ ഒരു ചാക്രിക വിന്യാസ സമ്പ്രദായം മുസ്്‌ലിം സമൂഹത്തില്‍ വ്യാപകമാണ്. മുസ്്‌ലിംകള്‍ വിദ്യാഭ്യാസ പരമായി പിന്നാക്കമാണെന്ന സ്റ്റീരിയോ ടൈപ് വ്യാപകമായതുകൊണ്ട് തന്നെ അവരെ തൊഴില്‍ മേഖലകളിലേക്ക് പരിഗണിക്കാന്‍ സ്വകാര്യ സംരംഭകര്‍ പോലും തയാറല്ല. അതുകൊണ്ട് തന്നെ ദാരിദ്യത്തിന്റെ തലം ഒന്നില്‍ നിന്ന് അടുത്ത തലമുറയിലേക്ക് വ്യാപിച്ചുകൊണ്ടേയിരിക്കുന്നു. ജാതീയതയാണ് മറ്റൊരു പ്രശ്‌നം. സമത്വത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി പൊരുതിയ ഇസ്്‌ലാം മതത്തിന്റെ പേരില്‍ വിവിധ തരം ജാതികള്‍ കൊട്ടിയാടപ്പെടുന്ന സാഹചര്യം ഉത്തരേന്ത്യയില്‍ കാണാന്‍ പറ്റും. മുകള്‍ ജാതിക്കാരന്‍ താഴ് ജാതിക്കാരനൊപ്പം പള്ളിയില്‍ ഒരേ സ്വഫില്‍ നില്‍ക്കാത്ത സാഹചര്യം വരെ ദൃശ്യമാണവിടെ. ഏകോദര സഹോദരങ്ങളെ പോലെ മുന്നോട്ടുപോകാന്‍ ആഹ്വാനം ചെയ്ത ഇസ്്‌ലാമിന്റെ സുന്ദര സന്ദേശങ്ങള്‍ ഇവിടെ എത്ര ദുഖകരമായാണ് മായ്ക്കപ്പെടുന്നത്.
ഇങ്ങനെ മുന്നോട്ടുപോയാല്‍ അപകടകരമായ സവിശേഷമാണ് ഉത്തരേന്ത്യന്‍ മുസ്്‌ലിം സമൂഹത്തെ കാത്തിരിക്കുന്നത്. ഇന്ത്യ ഇന്നും പിന്നാക്കമായി തുടരുന്നത് മുസ്്‌ലിംകളെ കൊണ്ടാണെന്നും അതുകൊണ്ട് മുസ്്‌ലിംകള്‍ ഇന്ത്യവിട്ടുപോകണമെന്നും തീവ്ര വലതു പക്ഷ ചിന്താഗതിക്കാര്‍ ആവശ്യപ്പെടുന്ന കാലം അതിവിദൂരമല്ല. അതിനു മുമ്പേ താഴേതട്ടില്‍ നിന്ന് മുന്നോട്ടുപോകുകയാണ് മുസ്ലിംകള്‍ക്കു മുന്നിലെ ഏക വഴി.
സഹിഷ്ണുതയും വിശാലമായ സാമുദായിക കാഴ്ചപ്പാടുമാണ് മുസ്്‌ലിം ലീഗിന്റെ മുഖമുദ്ര. കേരളത്തിലും തമിഴ്‌നാട്ടിലും പരീക്ഷിച്ചുവിജയിച്ച ഈ ന്യൂനപക്ഷ ശാക്തീകരണ പദ്ധതികളെ ന്യൂനപക്ഷ ദളിത് കൂട്ടായ്മയുടെ അകമ്പടിയോടെ ദേശീയ രാഷ്ട്രീയത്തില്‍ പരീക്ഷിച്ച് വിജയിപ്പിച്ചെടുക്കുകയാണ് ലീഗിന്റെ അടുത്ത ലക്ഷ്യം. കരുത്തുററ യുവാക്കളുടെ കൈകളിലാണ് അതിന്റെ ഭാവി. മുസ്്‌ലിം യൂത്ത് ലീഗിന്റെ ദേശീയ പ്രതിനിധി സമ്മേളനം അതിലേക്കുള്ള ചൂണ്ടു പലകയാണ്. മതേതരത്വത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ സ്വന്തമായ. അടയാളപ്പെടുത്തല്‍ സൃഷ്ടിക്കാന്‍ സമ്മേളനത്തിന് കഴിയട്ടെ എന്നു പ്രത്യാശിക്കുന്നു.
(യൂത്ത് ലീഗ് സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍)