ഡോ. സി.എം സാബിര്‍ നവാസ്
അനുഗ്രഹങ്ങളുടെ വിളനിലമായ കേരളം ഒരു ദുരന്തഭൂമിയായി ഞൊടിയിടയില്‍ പരിണമിച്ചതിന്റെ പരിഭ്രാന്തി ഇനിയും മനസ്സില്‍ നിന്ന് വിട്ടകന്നിട്ടില്ല. ദുരന്ത ബാധിത പ്രദേശങ്ങളില്‍ കഴിച്ച് കൂട്ടിയ ദിനങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവിന്റെ നിമിഷങ്ങള്‍ ആയിരുന്നു. ഇവിടെയുണ്ടായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുമ്പില്‍ പകച്ച് നില്‍ക്കുന്ന നൂറുനൂറ് ജന്മങ്ങളെ ഈ യാത്രയില്‍ ഞങ്ങള്‍ കണ്ടുമുട്ടി.
നിമിഷ നേരത്തെ ജാഗ്രത കൊണ്ട് മാത്രം ജീവിതം തിരിച്ചു കിട്ടിയ മനുഷ്യര്‍. നീണ്ട വര്‍ഷങ്ങള്‍ പാടുപെട്ട് പണിചെയ്ത് പടുത്തുയര്‍ത്തിയതെല്ലാം പ്രളയജലം നക്കിത്തുടച്ചത് കണ്‍മുമ്പില്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വന്നവര്‍. സമ്പത്തും സൗകര്യങ്ങളും വേണ്ടോളം കയ്യിലുണ്ടായിട്ടും ദൈവനിശ്ചയത്തിന് മുമ്പില്‍ ജീവഛവങ്ങളായി ദൃസാക്ഷികളാകേണ്ടി വന്നവര്‍. വീടും പുരയിടവും മാത്രമല്ല ഇത്രയും കാലം കെട്ടിയുണ്ടാക്കിയ സ്വത്തുക്കള്‍ മുഴുവനും പ്രളയം നക്കിത്തുടച്ചപ്പോള്‍ തടുക്കാന്‍ കഴിയാതെ പോയ ഹതഭാഗ്യര്‍. ആഗസ്റ്റ് 12 ന് കോഴിക്കോട് ജില്ലയിലെ കണ്ണപ്പന്‍കുണ്ടിലും വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും 19, 20, 21 തീയതികളില്‍ തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ ദുരിതബാധിത പ്രദേശങ്ങളിലും ആഗസ്റ്റ് 25, 26 തീയതികളില്‍ കര്‍ണാടകയിലെ കുടകിലും സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരം ജീവിതത്തില്‍ ഏറ്റവും കനത്ത പാഠങ്ങള്‍ പകര്‍ന്ന അനര്‍ഘ സന്ദര്‍ഭങ്ങളായിരുന്നു.
വാര്‍ത്താമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും നമുക്ക് നല്‍കിയ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ക്കപ്പുറത്തായിരുന്നു ഞങ്ങള്‍ കണ്ട ദുരന്തഭൂമിയിലെ നേര്‍ചിത്രങ്ങള്‍. ഉറക്കം വിട പറഞ്ഞ രാവുകളും എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ വിഹ്വലരായ മനസ്സുകളുമായി ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന ലക്ഷങ്ങളെയോര്‍ത്ത് കഴിച്ച് കൂട്ടുകയാണ് ദിവസങ്ങളോരോന്നും.
ഒലിച്ചുപോയ വര്‍ഗീയത
വര്‍ഗീയതയും സാമുദായിക ധ്രുവീകരണവും അതിന്റെ പാരമ്യത്തില്‍ തിളച്ച് പൊങ്ങിനില്‍ക്കുകയായിരുന്നു കുറച്ചധികം നാളുകളായി കേരളത്തില്‍.വൈര്യത്തിന്റെയും വിദ്വേഷത്തിന്റെയും ആ കാളകൂടം കഠിനമഴയില്‍ ഒലിച്ച് പോകുന്ന സന്തോഷ നിമിഷങ്ങളാണ് പിന്നീട് നാം കണ്ടത്.കഴുത്തറ്റം വെള്ളത്തില്‍ മരണവുമായി മല്ലിടുന്നവരെ രക്ഷപ്പെടുത്താനോ അവര്‍ക്ക് ഒരു പിടി ആഹാരം നല്‍കാനോ മതമോ ജാതിയോ തടസ്സം നില്‍ക്കരുത് എന്നതാണ് പ്രളയം നല്‍കുന്ന പ്രഥമ പാഠം.
സുഖ സൗകര്യങ്ങളുടെ ശീതളിമയില്‍ ഓണ്‍ലൈനിലിരുന്ന് ദിനേന നാലുമഞ്ചും തവണ വര്‍ഗീയത പൊടിയായും കഷായമായും സിറപ്പായും സേവിച്ചിരുന്നവര്‍ മസ്തകത്തിന് കിട്ടിയ പ്രഹരത്തിന്റെ ഷോക്കില്‍ എല്ലാം മറന്ന് മതിലുകളില്ലാത്ത മനുഷ്യസ്‌നേഹം കാഴ്ചവെച്ച ഈ സുന്ദര നിമിഷങ്ങള്‍ വരും നാളുകളില്‍ നിലനിര്‍ത്താന്‍ നാം മലയാളികള്‍ക്ക് ബാധ്യതയുണ്ട്.
അത്ഭുത മനുഷ്യര്‍
അടിയന്തര സാഹചര്യങ്ങളില്‍ ചില മനുഷ്യര്‍ അത്ഭുതസിദ്ധികള്‍ സമ്മാനിക്കും. അവര്‍ ഒരു നാടിന്റെ, സമൂഹത്തിന്റെ രക്ഷകരായി ഉയര്‍ത്തെഴുന്നേല്‍ക്കും. ഈ പ്രളയ കാലത്ത് നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഞങ്ങള്‍ നേരിട്ട് കണ്ട ചില മുഖങ്ങള്‍ മറക്കാന്‍ സാധിക്കില്ല.ഇത്രയും കാലം തന്റെ നാട്ടിലോ ഒരുപക്ഷെ വീട്ടില്‍ പോലുമോ അത്ര പരിഗണിക്കപ്പെടാതെ സാധാരണ ഗതിയില്‍ ജീവിതം നയിച്ചിരുന്ന ഇവരില്‍ പലരും സാഹചര്യങ്ങളുടെ ഗൗരവം കണ്ടറിഞ്ഞ് പുതിയ നിയോഗമേറ്റെടുത്ത് രംഗത്തുവന്നു. സ്വശരീരം പോലും പണയം വെച്ച് അന്യന്റെ ജീവന്‍ രക്ഷിക്കാന്‍ രണ്ടും കല്‍പിച്ച് മുന്നിട്ടിറങ്ങിയവര്‍,ദ്രുത ഗതിയില്‍ നടക്കേണ്ട രക്ഷാപ്രവര്‍ത്തനത്തിന് നേതൃപരമായ പങ്ക് വഹിച്ചവര്‍,രാവും പകലും പരിഗണിക്കാതെ ഊണും ഉറക്കവുമില്ലാതെ ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കാന്‍ വിശ്രമമില്ലാതെ ഓടി നടന്നവര്‍.
ആലുവയിലെ പ്രാന്തപ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ചില നല്ല മനുഷ്യരെ നേരില്‍ കണ്ടു. സാധാരണക്കാരായ വേണ്ടത്ര വിദ്യാഭ്യാസമോ സാങ്കേതികവിദ്യയോ കയ്യിലില്ലാത്ത ചില നാടന്‍ മനുഷ്യര്‍. പ്രളയകാലത്ത് അവര്‍ പ്രദര്‍ശിപ്പിച്ച സാങ്കേതിക മികവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്. വലിയ മണ്ണെണ്ണ വീപ്പകള്‍ കാറ്റുനിറച്ച് അവ കൂട്ടിവെച്ച് പലകയുമായി ബന്ധിപ്പിച്ച് കൃത്രിമചങ്ങാടങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടാണ് ഒറ്റപ്പെട്ടുപോയ മനുഷ്യവാസ കേന്ദ്രങ്ങളില്‍ നിന്നും അവര്‍ നൂറുകണക്കിന് മനുഷ്യരെ രക്ഷപ്പെടുത്തി ക്യാമ്പുകളിലും ബന്ധുവീടുകളിലും എത്തിച്ചത്.
എറണാകുളത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഒരു ലോഡ് ഭക്ഷണവുമായി ആലപ്പുഴ പൂച്ചാക്കലില്‍ നിന്നും ഒരു വാഹനം പുറപ്പെടാന്‍ നില്‍ക്കുമ്പോഴാണ് നിങ്ങള്‍ ഇങ്ങോട്ട് വരേണ്ടതില്ല, റോഡ് നിറയെ വെള്ളം നിറഞ്ഞിരിക്കുന്നു, അടുക്കാന്‍ കഴിയില്ല എന്ന ജാഗ്രതാ നിര്‍ദ്ദേശം ലഭിക്കുന്നത്. മനുഷ്യ മസ്തിഷ്‌കം എത്ര ദ്രുതഗതിയില്‍ പരിഹാരം നിര്‍ദ്ദേശിക്കും എന്നതിന്റെ ഉത്തമ നിദര്‍ശനമാണ് ആലപ്പുഴയില്‍ കണ്ടത്. ഉടനെ ഒരു വള്ളം സംഘടിപ്പിച്ച് മറ്റൊരു ലോറിയില്‍ കയറ്റി രണ്ട് വാഹനങ്ങളും കൂടി ദുരിതബാധിത പ്രദേശങ്ങളിലേക്ക് കുതിക്കുകയായിരുന്നു.
ഒരുകാര്യം ഉറപ്പിച്ചുപറയാം, നമ്മുടെ നാട് അനാഥമല്ല. നാളെയുടെ മുന്നില്‍ നടക്കാന്‍ പ്രാപ്തിയും പക്വതയുമുള്ള ഒരു യുവസമൂഹം ഉയര്‍ന്നു വരുന്നുണ്ട്.
കൊച്ചിയിലെ വീട്ടമ്മമാര്‍ മനുഷ്യസ്‌നേഹത്തിന്റെ ജീവിക്കുന്ന ആള്‍രൂപങ്ങളായി മാറിയിരിക്കുകയാണ്. കലവറയില്ലാത്ത സ്‌നേഹം പ്രദര്‍ശിപ്പിച്ചു അവര്‍. കൊച്ചിയിലെ കൊച്ചു കുടിലുകളിലെ ഉമ്മമാര്‍ കര്‍മ്മനിരതരായി.ദാരിദ്ര്യവും അരപ്പട്ടിണിയുമായി ജീവിതം തള്ളിനീക്കുന്ന സഹോദരിമാരുടെ കൈപ്പുണ്യം പൊതിച്ചോറുകളുടെ രൂപത്തില്‍ ക്യാമ്പുകളില്‍ എത്തിയത് ഒരു മാതൃ കാകഥപോലെ കേട്ടിരിക്കുക യായിരുന്നു ഞങ്ങള്‍.ഓരോ വീട്ടില്‍ നിന്നും ഒരു പൊതിച്ചോര്‍ തയ്യാറാക്കി കണ്ടെയ്‌നറുകളിലാക്കി പുറപ്പെടുകയായിരുന്നു ക്യാമ്പുകളിലേക്ക്.
ദുരിതബാധിതരെ സഹായിക്കാനുള്ള പ്രോത്സാഹനങ്ങള്‍ വേണ്ടുവോളം ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും വിളമ്പി നമ്മില്‍ പലരും കിടന്നുറങ്ങുമ്പോഴാണ് പട്ടിണിപ്പാവങ്ങളായ സാധാരണക്കാര്‍ ദുരിതാശ്വാസക്യാമ്പുകളില്‍ കയ്യും മെയ്യും മറന്ന് വ്യാപൃതരായത് എന്നത് നമ്മെ പലവട്ടം ചിന്തിപ്പിക്കണം.
ഓരോ വീടും വൃദ്ധസദനം
മലയാളി മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ചില വസ്തുതകളാണ് ഈ പ്രളയകാലത്ത് പുറത്തുവന്നിട്ടുള്ളത്. നമ്മുടെ ഉല്‍ബുദ്ധതയുടെയും പുരോഗമനപരതയുടെയും മുഖത്തുനോക്കി പല്ലിളിച്ചു കാണിക്കുന്ന ചില വസ്തുതകള്‍.!
നാടു മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ചില ശരണംവിളികള്‍ നാം ഓണ്‍ലൈനില്‍ ലൈവായി കേട്ടത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ.വൃദ്ധരായ മാതാപിതാക്കളെ രക്ഷിക്കാന്‍ അമേരിക്ക, കാനഡ,ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സ്വന്തം നാട്ടുകാരോടു കേണപേക്ഷിച്ച് കണ്ണീര്‍ വാര്‍ക്കുന്ന ഓണ്‍ലൈന്‍ കൊച്ചമ്മമാരുടെ വെളിപ്പെടുത്തലുകള്‍ സത്യത്തില്‍ നമ്മെ ബോധ്യപ്പെടുത്തുന്നത് എന്താണ്?!
മാസത്തില്‍ വന്‍തുക നല്‍കി കോര്‍പ്പറേറ്റ് വൃദ്ധസദനങ്ങളില്‍ താമസിപ്പിക്കുന്നതിന് പകരം എഴുപതും തൊണ്ണൂറും വയസ്സ് പ്രായമുള്ള സ്വന്തം മാതാപിതാക്കളെ രണ്ടും മൂന്നും നിലകളുള്ള സ്വന്തം വീടുകളില്‍ അധിവസിപ്പിച്ച് അവയെ വൃദ്ധസദനങ്ങള്‍ ആക്കിമാറ്റി,വിദേശ പൗരത്വം നേടി സസുഖം വാഴുന്നതിനിടയില്‍ വല്ലപ്പോഴും നടത്തുന്ന സ്‌കൈപ്പ് കോളുകളിലോ മുടങ്ങാതെ അയക്കുന്ന ഡ്രാഫ്റ്റുകളിലോ മാത്രം കടപ്പാടിന്റെ അര്‍ത്ഥം കണ്ടെത്തിയ ന്യൂജന്‍ മക്കളുടെ നിജസ്ഥിതിയും നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കേണ്ടതുണ്ട്.ഉന്നത ഉദ്യോഗങ്ങളിലും ഉഗ്രപ്രതാപത്തിലും നല്ല കാലം കഴിച്ച്കൂട്ടി മക്കളെ നല്ല നിലവാരത്തില്‍ പോറ്റിവളര്‍ത്തി നല്ല വിദ്യാഭ്യാസം നല്‍കിയ രക്ഷിതാക്കളെ അവശ അവസ്ഥയിലും ഒന്ന് ശ്രദ്ധിക്കാന്‍ മിനക്കെടാതെ പാഴ് വസ്തുക്കള്‍ ആക്കി വലിച്ചെറിയുന്ന ഒരു തലമുറയെ സൃഷ്ടിച്ചെടുക്കുന്നതില്‍ അറിഞ്ഞോ അറിയാതെയോ നമ്മളും ഒരു പ്രധാനപങ്ക് വഹിച്ചിട്ടില്ലേ? വിദ്യാഭ്യാസ പ്രക്രിയയിലും ശിശു പരിപാലനത്തിലും കാര്യമായ മാറ്റം വരുത്തിയെങ്കില്‍ മാത്രമേ വരാനിരിക്കുന്ന തലമുറയെകളെയെങ്കിലും നാടിനോടും വീടിനോടും കടമകള്‍ നിര്‍വഹിക്കുന്നവരായി വളര്‍ത്തിയെടുക്കുവാന്‍ സാധിക്കുകയുള്ളൂ.
ഇത്തവണ കേരളത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ഉണ്ടായ പ്രളയവും ഉരുള്‍പൊട്ടലും മഹാമാരിയും ആദ്യത്തേതും അവസാനത്തേതും അല്ല. പ്രപഞ്ച സംവിധാനങ്ങളുടെ അനുസ്യൂത ഗമനങ്ങള്‍ക്കിടയില്‍ ഇടയ്ക്കിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില സവിശേഷ പ്രതിഭാസങ്ങള്‍ മാത്രമാണ്. ഏതാനും ദിവസങ്ങള്‍ മാത്രം നീണ്ടുനിന്ന ദുരന്തം കാരണം സംഭവിച്ച നാശനഷ്ടങ്ങള്‍ വ്യാപകമാണ്. സര്‍ക്കാറിന്റെയും മാധ്യമങ്ങളുടെയും കണക്കുകൂട്ടലുകള്‍ക്കപ്പുറത്ത് പ്രത്യക്ഷമായും പരോക്ഷമായും ധാരാളം നാശനഷ്ടങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നാടിന്റെ നിലനില്‍പ്പിന് അടിസ്ഥാനഘടകമായി പ്രവര്‍ത്തിക്കുന്ന വ്യവസായിക മേഖല രൂക്ഷമായ പ്രത്യാഘാതങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.ചിലര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ ഇത്തവണ സംഭവിച്ചത് ഇനിയും വരാനിരിക്കുന്ന തുടര്‍ കമ്പനങ്ങളുടെ സൂചനകള്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ. സാമ്പത്തിക ക്രയവിക്രയങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും കൃത്യമായ കാഴ്ചപ്പാടോടുകൂടിയുള്ള സാമ്പത്തിക അച്ചടക്കം പാലിക്കുന്നതടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് കാര്യക്ഷമമായി മുന്നോട്ടുപോയില്ലെങ്കില്‍ ഇത്തവണ സംഭവിച്ചതിനേക്കാള്‍ ആഴത്തിലും വ്യാപ്തിയിലുമുള്ള കനത്ത ദുരന്തങ്ങള്‍ നാം വിലകൊടുത്ത് വാങ്ങുകയാണ് എന്ന് ഗൗരവമായി തിരിച്ചറിയേണ്ടതാണ്.