അഡ്വ: പി.കെ നൂര്‍ബിനാ റഷീദ്
(ജനറല്‍ സെക്രട്ടറി ദേശീയ വനിതാ ലീഗ്)
മുസ്ലിം വനിതാ അവകാശ സംരക്ഷണ (വിവാഹം) ബില്‍ ലോക്‌സഭയുടെ 247/2017 ബില്ലായി പാര്‍ലമെന്റില്‍ വെച്ചിരിക്കുകയാണ്. വളരെ ധൃതി പിടിച്ച്, ഏകപക്ഷീയമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന കരട് ബില്ലിന്റെ പ്രായോഗികതയെ സംബന്ധിച്ചും ഒട്ടേറെ സംശയങ്ങള്‍ ഇതിനോടകം ഉയരുന്നുണ്ട്. ഇന്ത്യയുടെ പരമോന്നത നീതിപീഠം ശൈറബാനു യൂണിയന്‍ ഓഫ് ഇന്ത്യയും മറ്റു അനുബന്ധകേസുകളും 22-08-2017-നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചില്‍ 3:2 പ്രകാരം വിധി പ്രഖ്യാപിച്ചത്. പ്രസ്തുത വിധിയില്‍ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ക്കനുസരിച്ച് ആറുമാസത്തിനുള്ളില്‍ മുസ്‌ലിം സമുദായത്തിലെ ത്വലാഖ്- ഇ-ബിദ്ദത്തിന് (മുത്തലാഖ്) നിയമസാധുതയില്ലെന്നും ആയതിനാല്‍ ഇത് പ്രായോഗികമായി നടപ്പിലാക്കാന്‍ പാടില്ലെന്നും, അതിനുവേണ്ടി ഒരു നിയമനിര്‍മ്മാണം നടത്തുവാന്‍ പാര്‍ലമെന്റ് മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഇന്ത്യയിലെ ഓരോ മതസ്ഥര്‍ക്കും അവരവരുടെ മതാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ഭരണഘടന മൗലികാവകാശം ഉറപ്പുനല്‍കുന്നുണ്ട്. കൂടാതെ ബ്രിട്ടീഷ് ഇന്ത്യയില്‍ 1937-ല്‍ ഉണ്ടാക്കിയ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് പ്രകാരം മുസ്ലിം സമുദായത്തിന് വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് വിവാഹം, വിവാഹമോചനം, സ്വത്താവകാശം തുടങ്ങിയ കാര്യങ്ങളില്‍ ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള അവകാശവും നിലനില്‍ക്കുന്നു.
എന്നാല്‍ ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിലെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് മുത്തലാഖ് ദുരുപയോഗം ചെയ്യുന്നുള്ളൂ. വിവാഹ ജീവിതം ഒട്ടും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ വരുന്ന സന്ദര്‍ഭത്തില്‍ ത്വലാഖിലൂടെ വിവാഹമോചനം നടത്തുന്നതിനുള്ള ശരീഅത്ത് നല്‍കിയ അവകാശം ആര്‍ക്കും എടുത്തുകളയാന്‍ സാധിക്കുകയില്ല. എന്നാല്‍ ത്വലാഖ് ദുരുപയോഗം ചെയ്യുന്നതിനെ തടയുന്നതും ആവശ്യമാണ്.
ഒരിക്കല്‍ വിവാഹിതരായാല്‍ മരണംവരെ വിവാഹിതരായി തുടരണമെന്ന ക്രിസ്ത്യന്‍ നിയമം പോലും ഇപ്പോള്‍ വിവാഹമോചനം അനിവാര്യമായ ഘട്ടത്തില്‍ ആവാം എന്ന് നിയമഭേദഗതിയിലൂടെ കൊണ്ടുവന്ന ഇന്ത്യാ രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. അനുവദനീയങ്ങളില്‍ സര്‍വ്വശക്തന്‍ വെറുക്കുന്ന ഒന്നാണ് വിവാഹമോചനം എന്നും എന്നാല്‍ അനിവാര്യഘട്ടങ്ങളില്‍ വിവാഹമോചനം പരിശുദ്ധ ഖുര്‍ആന്‍ കാണിച്ചുതന്ന മാര്‍ഗങ്ങളിലൂടെ ആവാമെന്നും ശരീഅത്ത് നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ത്വലാഖ്-ഇ-ബിദ്ദത്ത് ദുരുപയോഗം തടയുന്നതിനുവേണ്ടി പാര്‍ലമെന്റ് കൊണ്ടുവന്ന ബില്‍ ഇരു തലമൂര്‍ച്ചയുള്ള ഒന്നായി മാറുകയും സ്ത്രീയുടെ കണ്ണീരൊപ്പുന്നതിനുവേണ്ടി എന്ന രൂപേണ മുസ്ലിം സ്ത്രീക്ക് യാതൊരുവിധ പ്രായോഗിക പരിഹാരവും ലഭിക്കാത്ത ബില്ലിന്റെ കരടു രൂപവുമാണത്.
ബില്ലില്‍ ത്വലാഖ് എന്താണെന്ന് വ്യക്തമായി പറയുന്നുണ്ട്. ഒറ്റ തവണ അതായത്, ഒന്നിച്ച് മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ അത്തരം ത്വലാഖ് നിയമവിരുദ്ധവും അത് നിലനില്‍ക്കുന്നതല്ല എന്നും ബില്ലിലെ മൂന്നാം വകുപ്പ് പറയുന്നുണ്ടെങ്കിലും, 4-ാം വകുപ്പുപ്രകാരം അത്തരം ത്വലാഖ് ചൊല്ലുന്നവരെ മൂന്ന് വര്‍ഷം തടവും പരിധി നിശ്ചയിക്കാത്ത പിഴയും വിധിക്കാവുന്ന കുറ്റകൃത്യമായി മാറ്റിയിരിക്കുകയും ചെയ്യുന്നു. ഇത് പരസ്പരവിരുദ്ധമായ രണ്ടു വകുപ്പുകളായി മാറുകയാണ്. ത്വലാഖ് നിയമവിരുദ്ധമായാല്‍ ആ വിവാഹം സാധൂകരിക്കുകയും ഇരുവരിലും ഭാര്യാഭര്‍തൃ ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ അയാളെ ശിക്ഷിക്കാവുന്ന കുറ്റകൃത്യം ചെയ്തതായി 4-ാം വകുപ്പ് പറയുകയാണ്. കൂടാതെ ജയിലിലടക്കപ്പെടുന്ന മുന്‍ ഭര്‍ത്താവ് ഭാര്യക്കും മക്കള്‍ക്കും മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശിക്കുന്ന സബ്സറ്റിസ്റ്റെന്‍സ് അലവന്‍സ് നല്‍കണമെന്നും ആവശ്യപ്പെടുകയാണ്. അതുപോലെ ത്വലാഖ് ഇ ബിദ്ദത്ത് ചൊല്ലിയാല്‍ കുട്ടികളുടെ സംരക്ഷണാവകാശം മജിസ്ട്രേറ്റ് കോടതിയിലൂടെ മാതാവിനുമാത്രം അവകാശപ്പെട്ടതുമാണ്. വിവാഹത്തോടനുബന്ധിച്ചുള്ള കുറ്റകൃത്യങ്ങളായ ഐ.പി.സി 494, 376 (ബി), തുടങ്ങിയ വകുപ്പുകള്‍ ഒക്കെത്തന്നെ പരാതിക്കാരിയുടെ പരാതിയിന്‍മേല്‍ മാത്രമാണ് എടുക്കുന്നത്. എന്നാല്‍ പ്രസ്തുത ബില്ല് പ്രകാരം ത്വലാഖ്-ഇ-ബിദ്ദത്ത് ചെയ്ത ഒരാളെ പൊലീസിന് സ്വമേധയാ നടപടിയെടുക്കുന്നതിനും കോടതിയുടെ ഉത്തരവില്ലാതെ തന്നെ അറസ്റ്റു ചെയ്യാനുമുള്ള വകുപ്പുകളുമാണ് എഴുതിച്ചാര്‍ത്തിയിട്ടുള്ളത്. ഇന്ന് നാട്ടില്‍ നിലനില്‍ക്കുന്ന സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കേസുകള്‍പോലും ഇരയുടെ ഭാഗത്ത് നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് നിലനില്‍ക്കെ, പ്രസ്തുത ബില്ലിലെ പരാതിയില്ലാതെ കേസെടുക്കാവുന്ന വകുപ്പ് എന്തുകൊണ്ടും ന്യൂനപക്ഷ സഹോദരങ്ങള്‍ക്കെതിരെയുള്ള ഒരു ആയുധമായി ദുരുപയോഗം ചെയ്യപ്പെടുന്നു. നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ പ്രസ്തുത കേസിലെ ഏഴാം എതിര്‍കക്ഷിയായ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡിനോടും മുസ്‌ലിം സംഘടനകളോടും മുസ്‌ലിം വനിതാ സംഘടനകളോടും അഭിപ്രായം സ്വരൂപിക്കണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ തന്നെ വ്യക്തമായിട്ടുള്ളതാണ്. കൂടാതെ സുപ്രീം കോടതി ത്വലാഖ്-ഇ-ബിദ്ദത്ത് നിയമവിരുദ്ധമാക്കുവാനേ ആവശ്യപ്പെട്ടിട്ടുള്ളൂ. മറിച്ച്, അതിനെ ഒരു കുറ്റകൃത്യമാക്കി ശിക്ഷ വകുപ്പ് ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുമില്ല.
സാധാരണയായി എല്ലാ മതസ്ഥരുടേയും വിവാഹം അതോടനുബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഇന്ത്യയിലെ കുടുംബ കോടതിയുടെ പരിധിയിലാണെങ്കില്‍ ത്വലാഖ് ഇ ബിദ്ദത്തിനെ ഒരു ക്രിമിനല്‍ കുറ്റമാക്കുകയും അതിനോടനുബന്ധിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ജാമ്യമില്ലാ കുറ്റകൃത്യമാക്കി മജിസ്ട്രേറ്റ് കോടതി പരിധിക്കുള്ളിലാക്കിയിരിക്കുകയാണ് ബില്ല്. അതുകൊണ്ട് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിലെ മതേതര വിശ്വാസികളായ എല്ലാ പാര്‍ലമെന്റ് അംഗങ്ങളും മുന്നോട്ടുവരണം.