ഉബൈദു റഹിമാന്‍ ചെറുവറ്റ
വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തില്‍ ഇയാന്‍ ഡണ്ട് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ കുറിച്ച് നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. ‘പൂര്‍ണമായും അനാവരണം ചെയ്യപ്പെടുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്ന ബോറിസ് ജോണ്‍സന്‍ കഴമ്പുള്ള വ്യക്തിത്വമോ, സ്ഥായിയായ രാഷ്ട്രീയ ആദര്‍ശമോ ഇല്ലാത്ത കേവല മനുഷ്യന്‍ മാത്രമാണെന്നാണ്…. സാഹസികമായ നിധി വേട്ടെക്കൊടുവില്‍ ഒരു പാഴ്‌വസ്തു മാത്രം കിട്ടുമ്പോഴുണ്ടാവുന്ന മോഹഭംഗമായിരിക്കും അദ്ദേഹത്തെ പൂര്‍ണമായും മനസിലാക്കുമ്പോള്‍ നമുക്കുണ്ടാവുക’
ബ്രക്‌സിറ്റ് പ്രതിസന്ധിയെതുടര്‍ന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുത്ത പുതിയ പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ബോറിസ് ജോണ്‍സന്റെ മൂന്ന് പതിറ്റാണ്ട് കാലത്തെ പൊതു ജീവിതം ഇയാന്‍ ഡണ്ടിന്റെ നിരീക്ഷണം ഏറെക്കുറെ ശരിവെക്കുന്നതാണ്. സ്വന്തം നേട്ടങ്ങള്‍ക്ക്‌വേണ്ടി ഏത് വേഷവും കെട്ടാന്‍ അശേഷം നാണമില്ലാത്ത ബോറിസ്, ആദര്‍ശ വിശുദ്ധിയോ, പ്രത്യയശാസ്ത്ര പിന്‍ബലമോ ഇല്ലാത്ത വെറുമൊരു അവസരവാദി മാത്രമാണെന്ന് തന്റെ രാഷ്ട്രീയ നീക്കങ്ങളിലൂടെ സ്വയം വെളിപ്പെടുത്തുന്നു.
രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ സോഷ്യലിസ്റ്റ് ലിബറല്‍ ആശയങ്ങളെ പ്രണയിച്ച ബോറിസ് ഇന്ന് തീവ്ര വലതുപക്ഷാശയങ്ങളുടെ അപ്പോസ്ഥലനാണ്. വംശീയ, വിദ്വേഷ പ്രചാരണങ്ങള്‍കൊണ്ട് സാധാരണ ബ്രിട്ടീഷ് വോട്ടര്‍മാരെ ഇളക്കിമറിക്കുന്ന ബോറിസ് 2008 നും 2016 നുമിടക്ക് രണ്ട് തവണ ലണ്ടന്‍ മേയറായപ്പോര്‍ കുടിയേറ്റ അനുകൂല നിലപാടുകളാല്‍ ശ്രദ്ധേയനായിരുന്നു. അന്നദ്ദേഹം ലണ്ടനെ അവതരിപ്പിച്ചത് ‘സാംസ്‌കാരിക വൈവിധ്യങ്ങളുടെയും സഹിഷ്ണുതയുടെയും ഉരുക്കു മൂശ’ ആയിട്ടായിരുന്നു. ഇതിലും കൗതുകകരമാണ് ഇന്നത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിപുരുഷനായ യു.എസ് പ്രസിഡണ്ട് ഡൊനാള്‍ഡ് ട്രംപിന് 2015 ല്‍ ബോറിസ് ജോണ്‍സന്‍ കൊടുത്ത ഉരുളക്കുപ്പേരി മറുപടി. ബ്രിട്ടീഷ് പൊലീസ് ലണ്ടന്‍ പട്ടണത്തിലെ ചില ഭാഗങ്ങള്‍ മുസ്‌ലിം തീവ്രവാദികള്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നു എന്ന ട്രംപിന്റെ പ്രസ്താവനയോട് അദ്ദേഹം പ്രതികരിച്ചതിങ്ങനെയായിരുന്നു: ‘300 ഭാഷകള്‍ സംസാരിക്കപ്പെടുന്ന, വൈവിധ്യങ്ങളുടെയും, സഹിഷ്ണുതയുടെയും പ്രൗഢ പാരമ്പര്യമുള്‍ക്കൊള്ളുന്ന പട്ടണമാണ് ലണ്ടന്‍.’
എന്നാല്‍, സങ്കുചിത ദേശീയതയും വംശീയതയും തലക്ക്പിടിച്ച വ്യത്യസത വ്യക്തിയായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10, ഡൗണിങ് സ്ട്രീറ്റിലേക്ക് ബോറിസ് ജോണ്‍സന്‍ കാലെടുത്തുവെക്കുന്നത്. ഒരുപക്ഷേ ബ്രക്‌സിറ്റ് പ്രതിസന്ധി ഘട്ടങ്ങളിലൂടെ ബ്രിട്ടനെ നയിക്കാന്‍ ഇത് മാത്രമാണ് പോംവഴിയെന്ന് പുതിയ പ്രധാനമന്ത്രിയിലെ പ്രായോഗിക രാഷ്ട്രീയക്കാരന് ബോധ്യപ്പെട്ടിരിക്കണം. അല്ലെങ്കിലും ശരാശരി ബ്രിട്ടീഷ് വോട്ടര്‍മാരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന പ്രചാരണാസ്ത്രങ്ങള്‍ അവസരോചിതം പുറത്തെടുക്കാന്‍ മിടുക്കുള്ള രാഷ്ട്രീയക്കാര്‍ ജോണ്‍സനെക്കഴിഞ്ഞേ ഇന്ന് ബ്രിട്ടനിലുള്ളൂ. അതിനാല്‍ തന്നെ പുതിയ സാഹചര്യത്തിന് അനുയോജ്യമായ സ്വവര്‍ഗ വിരുദ്ധ, വംശീയ, സാമ്രാജത്വ മുദ്രാവാക്യങ്ങള്‍ വേണ്ടുവോളം അദ്ദേഹമെടുത്തുപയോഗിക്കുന്നു. വെളുത്ത വംശീയതയെ പ്രീണിപ്പിക്കാന്‍, വെളുത്തവരല്ലാത്ത കോമണ്‍വെല്‍ത്ത് പൗരന്‍മാരെ വിശേഷിപ്പിക്കുന്നത് ‘കറുമ്പന്‍മാര്‍’ ( ുശരമിമി ിശല)െഎന്ന് തുടങ്ങിയ കടുത്ത വംശീയ വിദ്വേഷ പ്രയോഗങ്ങളാലാണ്. 2016 ല്‍ ബ്രക്‌സിറ്റ് പ്രചാരണത്തിന്റെ തുടക്കത്തില്‍ ‘നെപ്പോളിയനും, ഹിറ്റ്‌ലറും യൂറോപ്പിനെ ഒറ്റ രാഷ്ട്രമാക്കി ഏകോപിപ്പിക്കാന്‍ നടത്തിയ ശ്രമം പരിസമാപ്തിയിലെത്തിക്കുകയാണ് യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം’ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെയും ഈ നിലക്ക്‌വേണം കാണാന്‍. ബോറിസ് ജോണ്‍സന്റെ കുടില പ്രചാരണങ്ങള്‍ ഫലം കണ്ടു എന്ന് തന്നെയാണ് ബ്രക്‌സിറ്റ് റഫറണ്ടം വ്യക്തമാക്കുന്നത്. വിശേഷിച്ചും യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്ത് പോയില്ലെങ്കില്‍ രാജ്യത്തിന്റെ പല ഭാഗത്തേക്കും വ്യാപക വിദേശ കുടിയേറ്റമുണ്ടാവുമെന്ന പ്രചാരണം.
ഏകദേശം ഒരേ നിലപാടുകളും വര്‍ണശബളമായ സ്വകാര്യ ജീവിത സാഹചര്യങ്ങളുമുള്ള ഡൊണാള്‍ഡ് ട്രംപിന്റെയും ബോറിസ് ജോണ്‍സന്റെയും രൂപ, കേശ സാദൃശ്യം, ഒരുപക്ഷേ, യാദൃച്ഛികമാവാം. ട്രംപിന്റെ ഏറ്റവും വിശേഷപ്പെട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു ജോണ്‍സന്‍ എന്നത് പരസ്യമായ രഹസ്യം. ഈയടുത്ത് ബ്രിട്ടനിലെ പ്രസിദ്ധമായ ദി ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ജോണ്‍സനും ട്രംപിന്റെ മുന്‍ ഉപദേശകനും കടുത്ത വലതുപക്ഷവാദിയുമായ സ്റ്റീവ് ബെന്നനുമായുള്ള ബന്ധങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. യു.എസുമായുള്ള ബന്ധം ബ്രക്‌സിറ്റ് വിജയത്തിന് നിര്‍ണായകമാണെന്ന് മറ്റാരേക്കാളുമറിയാവുന്നത് പുതിയ പ്രധാനമന്ത്രിക്കായിരിക്കും. യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ അനിവാര്യമായും ബ്രിട്ടന് സംഭവിച്ചേക്കാവുന്ന യൂറോപ്യന്‍ കമ്പോള നഷ്ടം പരിഹരിക്കാന്‍ അമേരിക്കയുമായുണ്ടാക്കുന്ന ഒരു ബൃഹദ് വ്യാപാര ഉടമ്പടിയിലൂടെ മാത്രമേ സാധിക്കൂ. ഹങ്കറി, ഇറ്റലി, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ സങ്കുചിത ദേശീയതയും കുടിയേറ്റ വിരുദ്ധ വികാരങ്ങളും ഊതിപ്പെരുപ്പിച്ച് ബോറിസ് ജോണ്‍സന്റെ നേതൃത്വത്തില്‍ ബ്രിട്ടനൊരു തീവ്ര വലതു പക്ഷ രാഷ്ട്രമായി മാറുന്നോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
നിരവധി വെളുത്തവരുള്‍പ്പെടുന്ന ബ്രക്‌സിറ്റ് അനുകൂല, കുടിയേറ്റ വിരുദ്ധ നിലപാട് വെച്ച്പുലര്‍ത്തുന്ന ബ്രിട്ടീഷ് പാര്‍ലമന്റിലെ ഏറ്റവും വലിയ പാര്‍ട്ടിയായ കണ്‍സര്‍വറ്റീവ് പാര്‍ട്ടിയെ നയിക്കുന്ന ബോറിസ് ജോണ്‍സനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നത് സമാധാന പ്രിയരായ ജനങ്ങളെയെല്ലാം ആശങ്കാകുലരാക്കുന്നു. പക്ഷേ പ്രധാനമന്ത്രിയുടെ എല്ലാ പരിപാടികളോടും പിന്തിരിപ്പന്‍ നയങ്ങളോടും രാജ്യത്തെ ബഹുഭൂരിപക്ഷം പേരും യോജിക്കില്ലെന്നാശ്വസിക്കാം. ഇനി അതല്ല, നിലവിലുള്ള നിലപാടുകളില്‍നിന്ന് പൂര്‍ണമായും അദ്ദേഹം മാറിയാല്‍തന്നെ ആശ്ചര്യപ്പെടേണ്ടതുമില്ല.