കെ. മൊയ്തീന്‍കോയ
അവസാന നിമിഷവും പിടിച്ച്‌നില്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ഇസ്രാഈലില്‍ പ്രധാനമന്തി ബെഞ്ചമിന്‍ നെതന്യാഹുവിന് ഒരു വ്യാഴവട്ടകാലത്തെ ഭരണം അവസാനിപ്പിക്കേണ്ടിവന്നു. പ്രതിപക്ഷ സഖ്യം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നു. ഇസ്രാഈലി രാഷ്ട്രീയ ചരിത്രത്തിലെ ഗതിവിഗതികള്‍ മാറിമറിഞ്ഞ്, നെതന്യാഹു സമീപംകാലംതന്നെ അഴിമതി കേസില്‍ കോടതി കയറും. നെതന്യാഹുവിന്റെ ഭരണം അവസാനിപ്പിക്കുക എന്ന ഏക അജണ്ടയിലാണ് വിരുദ്ധ ചേരിയിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യഭരണം സ്ഥാപിക്കുന്നത്. മതേതര, മധ്യ/ഇടത് പാര്‍ട്ടികള്‍ക്കൊപ്പം തീവ്ര വലത്പക്ഷ നിലപാടുകാരും ഒന്നിക്കുന്ന സഖ്യം എത്രകാലം എന്ന ചോദ്യം പ്രസക്തമാണ്. തീവ്ര നിലപാടുകാരനായ നാഫ്തലിബെന്നറ്റിനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനമെടുക്കാന്‍ തന്നെ കാരണം ഇതാണ്.
ബെന്നറ്റിന് രണ്ട് വര്‍ഷം. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് യയ്ര്‍ലപിഡ് പ്രധാനമന്ത്രിയാകാനാണ് ധാരണ. നെതന്യാഹു മന്ത്രിസഭയിലെ പ്രതിരോധ മന്ത്രി ബെന്നറ്റ് പുതിയ മന്ത്രിസഭയിലും ഇതേ സ്ഥാനം വഹിക്കും. സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയാണ് ല വീഡിതന്‍ റയെഷ് അതീദ് പാര്‍ട്ടി. സര്‍ക്കാര്‍ രൂപീകരണം സുഗമമാക്കാന്‍ വിട്ടുവീഴ്ച ചെയ്ത് തഫ്താലിയെ പ്രധാനമന്ത്രിയാക്കുകയാണ്. ഈ പാര്‍ട്ടിക്ക് അഞ്ച് എം.പി മാത്രമാണുള്ളത്.
2019 ഏപ്രില്‍ മുതല്‍ നാല് തവണ പൊതു തെരഞ്ഞെടുപ്പ് നടന്നുവെങ്കിലും തൂക്കു സഭയായിരുന്നു. ആര്‍ക്കും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല, ഈ കാലയളവിലും കാവല്‍ സര്‍ക്കാറിനെ നയിക്കാന്‍ നെതന്യാഹുവിന് അവസരം ലഭിക്കുകയുണ്ടായി. ഇപ്പോള്‍ പ്രധാനമന്ത്രിയാകുന്ന ബെന്നറ്റ് നഫ്തലി, നെതന്യാഹുവിന് ഒപ്പം നേരത്തെ രാജ്യരക്ഷ മന്ത്രിയായിട്ടുണ്ട്. ഇത്തരം തട്ടിക്കൂട്ട് സര്‍ക്കാര്‍ രാജ്യത്തിന്റെ ഭാവിക്കും സുരക്ഷക്കും ഭീക്ഷണിയാണെന്ന് നെതന്യാഹു ഭീഷണി മുഴക്കിയെങ്കിലും വിലപ്പോയില്ല. പാര്‍ലമെന്റിലെ (നെസറ്റ്) അഞ്ച് അറബ് പാര്‍ട്ടി അംഗങ്ങള്‍ സമദൂര സമീപനം വ്യക്തമാക്കുന്നുവെങ്കിലും നെതന്യാഹുവിനെ അനുകൂലിക്കില്ല.
രാഷ്ട്രീയ പ്രതിസന്ധി കടന്ന്‌പോകുന്നതിനിടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ ലേബര്‍ നേതാവ് ഇസ്ഹാഖ് ഹെര്‍സോംഗി വന്‍ വിജയം നേടി. എതിരാളിയായ മിരിയാം പെരിട്‌സിനെ 27 ന് എതിരെ 87 വോട്ടുകള്‍ക്ക് തോല്‍പിച്ചു. പ്രധാനമന്ത്രി സ്ഥാനം കൈവിടാതെ നെതന്യാഹു എല്ലാ അടവും പ്രയോഗിച്ചതിന് കാരണം, സ്ഥാനം ഒഴിഞ്ഞാല്‍ നേരിടേണ്ടിവരുന്ന അഴിമതി കേസിനെ കുറിച്ചുള്ള ആശങ്കയാണ്.
ഇസ്രാഈലിലെ കൊടുംഭീകരനായ പ്രധാനമന്ത്രി എന്നറിയപ്പെട്ടിരുന്നത് ഏരിയല്‍ ഷറോണ്‍ ആണ്. ഇദ്ദേഹത്തെ പിന്തള്ളുന്നതായിരുന്നു നെതന്യാഹുവിന്റെ 12 വര്‍ഷത്തെ ഭരണം. അധിനിവേശ ഫലസ്തീനില്‍ പൈശാചിക താണ്ഡവമാടിയ ചരിത്രമായിരുന്നു. ഏറ്റവും അവസാനം കഴിഞ്ഞമാസം ഗസ്സ മുനമ്പില്‍ നടത്തിയ ഭീകരാക്രമണം ലോക സമൂഹത്തെ നടക്കുന്നതായി. 253 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യുദ്ധകുറ്റ കൃത്യമായി ഈ അക്രമത്തെ വിലയിരുത്തി അന്വേഷണം പ്രഖ്യാപിച്ചു.
ഭരണം നിലനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി ഗസ്സ ആക്രമണത്തെ രാഷ്ട്രീയ ചിന്തകര്‍ നിരീക്ഷിക്കുന്നു. പ്രതിപക്ഷത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കിയ സന്ദര്‍ഭത്തിലായിരുന്നു ഗസ്സ ആക്രമണം. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ പ്രസിഡന്റ് ആദ്യം ക്ഷണിച്ചത് നെതന്യാഹുവിനെയാണ്. അദ്ദേഹത്തിന് കഴിയാതെ വന്നപ്പോഴാണ് പ്രതിപക്ഷ നേതാവ് ലപിഡിനെ ക്ഷണിക്കുന്നത്.