X

ആര്‍.എസ്.എസ് പക്ഷത്തേക്ക് ചായുന്ന സി.പി.എം

റസാഖ് ആദൃശ്ശേരി

ഇക്കഴിഞ്ഞ വിജയദശമി ദിനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ്ഹൗസില്‍ നിലവിളക്ക്‌കൊളുത്തി, നിലത്ത് ചമ്രംപടിഞ്ഞിരുന്നു, ആചാരപ്രകാരം മന്ത്രി ടി.പി രാമക്രഷ്ണന്റെ ഡ്രൈവര്‍ മിഥുനിന്റെയും എ.കെ.ജി സെന്റര്‍ ജീവനക്കാരി അശ്വതിയുടെയും മകന് ആദ്യാക്ഷരം പകര്‍ന്നുകൊടുത്തു. മതവിശ്വാസമില്ലാത്ത കമ്യൂണിസ്റ്റുകാരനെ സംബന്ധിച്ചിടത്തോളം എഴുത്തിനിരുത്താന്‍ ഏത് ദിവസവും തെരഞ്ഞെടുക്കാം. അതിനു പ്രത്യേക ദിവസം വേണമെന്നില്ല. എന്നിട്ടും വിജയദശമി ദിനം തന്നെ എന്ത്‌കൊണ്ടു തെരഞ്ഞെടുത്തു? അദ്ദേഹം ഹൈന്ദവ ആചാരത്തെ ബഹുമാനിച്ചത് കൊണ്ടാണോ? അതോ, വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍ നേതാവ് മോഹന്‍ ഭാഗവത് ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നു ആവര്‍ത്തിച്ചപ്പോള്‍ താനും അതിന്റെ ഭാഗമാണെന്നു മുഖ്യമന്ത്രി ആര്‍.എസ്.എസിനെയും ബി. ജെ.പിയെയും ബോധ്യപ്പെടുത്തുകയായിരുന്നോ.

ആര്‍.എസ്.എസിന്റെ ആക്രമണങ്ങളില്‍നിന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സി.പി.എം മാത്രമെയുള്ളൂവെന്നു കാലങ്ങളായി അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. സ്വത്ത് തര്‍ക്കങ്ങളിലും വാക്ക് തര്‍ക്കങ്ങളിലും ഏര്‍പ്പെട്ടു കൊല്ലപ്പെട്ടവരെ വരെ ഉള്‍പ്പെടുത്തി, ആര്‍.എസ്.എസിനോടു എതിരിട്ടു കൊല്ലപ്പെട്ട ധീര രക്തസാക്ഷികളുടെ കഥകള്‍ അവര്‍ പറയാറുണ്ട്. തെരഞ്ഞെടുപ്പ് കാലങ്ങളിലാണ് ഈ കഥകള്‍ കൂടുതലും ഉയര്‍ന്നു കേള്‍ക്കാറ്. വളര്‍ന്നുവരുന്ന ഫാസിസം ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണിയാണെന്നും അതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ മാത്രമേ സാധ്യമാകുകയുള്ളുവെന്ന പ്രചാരണത്തില്‍ ന്യൂനപക്ഷങ്ങള്‍ വീണുപോയ സന്ദര്‍ഭങ്ങള്‍വരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കുറെ വര്‍ഷങ്ങളായി സി.പി.എമ്മിന്റെ കപടമുഖം തിരിച്ചറിയുന്നതില്‍ മത ന്യൂനപക്ഷങ്ങള്‍ വിജയിച്ചിട്ടുണ്ട്. അതിന്റെ ഫലം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളം കാണുകയും ചെയ്തു.

സി.പി.എമ്മിന്റെ ഇന്നത്തെ അവസ്ഥ നിരീക്ഷിക്കുന്ന ആര്‍ക്കും ആ പാര്‍ട്ടി ആര്‍.എസ്.എസിനോടും നരേന്ദ്രമോദിയോടും കൂടുതല്‍ വിധേയത്വം കാണിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെടും. ഇപ്പോള്‍ ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുക്കാന്‍ സി.പി.എമ്മിനെ ഒരിടത്തും കാണാനില്ല. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന ആര്‍.എസ്.എസിന്റെ വാദത്തെ സി.പി.എം തള്ളി പറയുന്നില്ല. പോളിറ്റ് ബ്യൂറോ അതിനെതിരെ പ്രമേയം പാസ്സാക്കിയിട്ടില്ല. മാത്രമല്ല, ഈയിടെയായി ആര്‍.എസ്.എസിനെ സുഖിപ്പിക്കുന്നതില്‍ പിണറായി വിജയന്‍ വളരെ മുന്‍പന്തിയിലുമാണ്. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ സ്ഥിരം സമിതി അധ്യക്ഷനായി വെള്ളാപ്പള്ളി നടേശനെ നിയമിച്ചതില്‍നിന്നു തന്നെ ഇത് വ്യക്തമാകും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ഇഷ്ടക്കാരനാണല്ലോ വെള്ളാപ്പള്ളി. മകന്‍ തുഷാര്‍ നയിക്കുന്ന ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ ഘടകകക്ഷിയും.

സി.പി.എമ്മിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ അവര്‍ എക്കാലത്തും സ്വീകരിച്ചുവന്ന സമീപനമാണിതെന്നു കാണാവുന്നതാണ്. സാമ്രാജ്യത്വ വിരുദ്ധമെന്നും സാമുദായിക വര്‍ഗീയ വിരുദ്ധമെന്നുമെല്ലാം തങ്ങളുടെ പാര്‍ട്ടിയെ അവര്‍ വിശേഷിപ്പിക്കുമെങ്കിലും പലപ്പോഴും അവരുടെ നിലപാടുകള്‍ ന്യൂനപക്ഷ വിരുദ്ധമായിരുന്നു. പൊതു നിലപാടുകള്‍ സ്വീകരിക്കേണ്ട ഘട്ടത്തില്‍ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുകയെന്നതാണ് അവരുടെ രീതി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുറുകെപിടിക്കുന്ന വര്‍ഗ രാഷ്ട്രീയത്തോടുപോലും നീതിപുലര്‍ത്താന്‍ അവര്‍ തയ്യാറാവാത്ത സാഹചര്യം ഒട്ടനവധിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകള്‍ അവരുടെ അഭിമാനകരമായ അസ്ത്വിത്തം കാത്തുസംരക്ഷിക്കുന്നതിനു വേണ്ടി സംഘടിക്കുന്നതിനെ ജനാധിപത്യവിരുദ്ധമാണെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഫാസിസത്തെ ചെറുക്കാന്‍ അത്തരം രീതികള്‍ പര്യാപ്തമല്ലെന്നും അവര്‍ വാദിച്ചു. പകരം ഫാസിസത്തോട് പൊരുതുന്ന ഇടതുപക്ഷത്തോടൊപ്പം നിലകൊള്ളുകയാണ് മുസ് ലിംകള്‍ ചെയ്യേണ്ടതെന്നായിരുന്നു ഉപദേശം.

യഥാര്‍ത്ഥത്തില്‍, ഇന്ത്യയിലെ സംഘ്പരിവാറിന്റെ ശക്തി സി.പി.എമ്മിനോ മറ്റു ഇടതു പക്ഷ സംഘടനകള്‍ക്കോ ചെറുക്കാന്‍ കഴിയുന്നതായിരുന്നില്ല. ഇടതുപക്ഷത്തിന്റെ മുഴുവന്‍ ശക്തിയുടെയും എത്രയോ മടങ്ങായിരുന്നു ഇന്ത്യന്‍ ഫാസിസത്തിന്റെ ശക്തി. അതിന്റെ വേരുകള്‍ കീഴ്തലം മുതല്‍ മേല്‍തലം വരെ പടര്‍ന്നു പന്തലിച്ചിരുന്നു. പക്ഷെ അത് തിരിച്ചറിയുന്നതില്‍ ഇടതുപക്ഷമടക്കമുള്ള ഇന്ത്യയിലെ മതേതര-ജനാധിപത്യ സംഘടനകള്‍ പരാജയപ്പെട്ടുവെന്നത് സത്യമാണ്. ഫാസിസത്തിന്റെ എല്ലാ സ്വഭാവ വിശേഷങ്ങളും ഒത്തിണങ്ങിയ ലക്ഷണ യുക്തമായ സമഗ്രാധിപത്യ ദര്‍ശനമാണ് ഇന്ത്യന്‍ ഫാസിസം. കൃത്യമായ പ്രത്യയശാസ്ത്ര അടിത്തറയുണ്ടതിന്. വ്യക്തമായ കര്‍മ്മപരിപാടികള്‍, സൈനിക ഘടന, വലതുപക്ഷ രാഷ്ട്രീയ വീക്ഷണം, ചോദ്യം ചെയ്യാതെ അനുസരിക്കാന്‍ മാത്രം ശീലിക്കപ്പെട്ട അനുയായികള്‍, ജനാധിപത്യ-മതേതര മൂല്യങ്ങളോടുള്ള എതിര്‍പ്പ്, കരുത്തുറ്റ നേതൃത്വം എന്നിവയെല്ലാം അതിന്റെ പ്രത്യേകതയാണ്. ഇത്തരം ഗുണങ്ങളൊന്നും ഒരു കാലത്തും സി.പി.എമ്മിന് അവകാശപ്പെടാന്‍ കഴിയില്ല. ഇത്തരം ശക്തമായ കെട്ടുറപ്പോടുകൂടി ദശാബ്ദങ്ങളായി ആര്‍.എസ്.എസും മറ്റു സംഘ് ശക്തികളും ഇന്ത്യന്‍ മണ്ണില്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും എണ്‍പതുകള്‍ മുതലാണ് അവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സജീവ ചര്‍ച്ചാവിഷയമാകുന്നത്. 1992 ല്‍ ബാബരി മസ്ജിദ് തകര്‍ത്തതോടുകൂടി ഹിന്ദുത്വ ഫാസിസത്തിന്റെ രാഷ്ട്രീയ മോഹങ്ങള്‍ പുറത്തുകൊണ്ടുവരുന്ന ചര്‍ച്ചകള്‍ കൊണ്ടും സംവാദങ്ങള്‍ കൊണ്ടും ഇന്ത്യയിലെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിച്ചു. പക്ഷെ അവയൊന്നും സംഘ്പരിവാറിന്റെ വളര്‍ച്ച തടയാന്‍ പര്യാപ്തമായിരുന്നില്ലയെന്നതിനു ചരിത്രം സാക്ഷിയാണ്. സംഘ്പരിവാറിന്റെ ഈ വളര്‍ച്ചയെ തടുക്കാന്‍ ഇടതു പക്ഷത്തിനു ഒരു പദ്ധതിയും ഉണ്ടായിരുന്നില്ല. ‘ഫാസിസം ഇന്ത്യയില്‍ വന്നോ, വന്നില്ലെ’ എന്ന കാര്യത്തില്‍ രണ്ടു ചേരിയായി തിരിഞ്ഞു തര്‍ക്കിക്കുകയായിരുന്നു സി.പി.എം. സീതാറാം യെച്ചൂരി ഫാസിസം ഇന്ത്യയിലുണ്ട് എന്നു പറഞ്ഞപ്പോള്‍ ഫാസിസം ഇനിയും ഇന്ത്യയില്‍ എത്തിയിട്ടില്ലന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ വാദം. കേരളത്തിലെ സി.പി.എം നേതാക്കള്‍ ഭൂരിഭാഗവും പ്രകാശ് കാരാട്ട് പക്ഷക്കാരാണ്.

ഇ.എം.എസിന്റെയും പ്രകാശ് കാരാട്ടിന്റെയും സീതാറാം യെച്ചൂരിയുടെയും കണ്‍മുന്നില്‍ കൂടി തന്നെയാണ് ബി.ജെ.പി വളര്‍ന്നത്. 1985-89 കാലഘട്ടത്തില്‍ അവര്‍ നടത്തിയ വിവിധ രഥയാത്രകള്‍, 1989ല്‍ അയോധ്യയില്‍ നടന്ന ശിലാപൂജയും ശിലാന്യാസവും 1990 ല്‍ അദ്വാനി സോമനാഥ ക്ഷേത്രത്തില്‍നിന്നു അയോധ്യയിലേക്കു നയിച്ച രഥയാത്ര, 1991- ലെ കര്‍സേവാ പരിപാടികള്‍, 1992-ലെ ബാബരി മസ്ജിദ് ധ്വംസനം തുടങ്ങിയവയെല്ലാം അരങ്ങേറുമ്പോള്‍ സി.പി.എം ഇന്നത്തേക്കാള്‍ ശക്തമായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളുംകൂടി ഇന്ത്യയിലെ സാമാന്യജനതയെ വര്‍ഗീയവത്കരിച്ചു സമൂഹത്തില്‍ കടുത്ത അസഹിഷ്ണുതയുടെ വിത്തുകള്‍ വാരിയെറിയുമ്പോള്‍ അത് കണ്ടുനില്‍ക്കുകയായിരുന്നു സി.പി.എം. നിഷ്‌ക്രിയത്വത്തിന്റെയും നിരുത്തരവാദിത്വത്തിന്റെയും വേദനിപ്പിക്കുന്ന മാതൃകകളായിരുന്നു അന്ന് സി.പി.എം അടക്കമുള്ള ഇടതുപക്ഷം.

സംഘ്പരിവാര്‍ ശക്തികള്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിച്ചിരുന്ന ജനാധിപത്യ മൂല്യങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുകയും മുസ്ലിം-മത ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടപ്പെടുകയും ചെയ്തുകൊണ്ടിരുന്ന ആ സന്നിഗ്ധ ഘട്ടത്തില്‍ മതേതര-ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം ഇടതുപക്ഷത്തിനുണ്ടായിരുന്നു. മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ തടുക്കാന്‍ ചെറുവിരലെങ്കിലും അനക്കാന്‍ അവര്‍ തയ്യാറാകേണ്ടതായിരുന്നു. അതിനുപകരം മുസ്ലിംകളെ വീണ്ടും വേദനിപ്പിക്കാനാണ് സി.പി.എം ശ്രമിച്ചത്. 1987 ല്‍ കേരളത്തില്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക ശരീഅത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടു. മുസ്ലിംലീഗും കേരള കോണ്‍ഗ്രസും വര്‍ഗീയ പാര്‍ട്ടികളാണെന്നു പ്രഖ്യാപിച്ചു സഖ്യം വേര്‍പെടുത്തി. ഈ നടപടികളെല്ലാം ഹിന്ദു വോട്ടുകള്‍ നേടാന്‍ വേണ്ടി മാത്രമായിരുന്നു. നൂറ്റാണ്ടുകളോളം മുസ്ലിംകള്‍ ആരാധന നിര്‍വഹിച്ച ബാബരി മസ്ജിദ് തര്‍ക്ക വിഷയമാക്കി മാറ്റി ബി.ജെ.പി വളര്‍ച്ചക്ക് അനുകൂല സാഹചര്യം ഒരുക്കുകയായിരുന്നു.

1949 ഡിസംബര്‍ 22നു അര്‍ധരാത്രി പള്ളിയില്‍ അതിക്രമിച്ചു കടന്നു മിഹ്‌റാബില്‍ രാമവിഗ്രഹം സ്ഥാപിച്ചു. 1992 ല്‍ കര്‍സേവകര്‍ പള്ളി തകര്‍ത്തു. ഈ കാലയളവിലൊന്നും ഒരു എതിര്‍പ്പും സി.പി.എം ഭാഗത്ത് നിന്നു ഉണ്ടായിട്ടില്ല. മുസ്ലിംകള്‍ക്ക് അവകാശപ്പെട്ട പള്ളി അവര്‍ക്ക് നല്‍കുന്നതിനു പകരം മ്യൂസിയമാക്കാം, ചരിത്ര സ്മാരകമാക്കാം, രണ്ടു നിലകള്‍ പണിത് ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും പങ്കുവെക്കാം തുടങ്ങിയ നിരുത്തരവാദപരമായ, വഞ്ചനാപരമായ സമീപനമാണ് സി.പി.എം സ്വീകരിച്ചത്. അന്നത്തെ സാഹചര്യത്തില്‍ ഹിന്ദുത്വവര്‍ഗീയതക്ക് അനുകൂലമായ സമീപനമായിരുന്നു അത്.

ഇന്ത്യന്‍ മുസ്ലിംകളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയെന്നു വിശേഷിപ്പിച്ച ഗുജറാത്ത് കലാപം. അവിടെ നടന്ന വംശഹത്യയെ തടയാന്‍ ഒരു മാര്‍ഗവും സി.പി. എം സ്വീകരിച്ചില്ല. കേരളത്തില്‍ കുറെ സെമിനാറുകളും സിമ്പോസിയങ്ങളും നടത്തിയെന്നല്ലാതെ മറ്റെന്താണ് സി.പി.എം ചെയ്തത്? ഭരണസിരാകേന്ദ്രങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്താന്‍ സി.പി.എം തയ്യാറായിരുന്നോ? ഗുജറാത്ത് കലാപ സമയത്ത് അക്രമികളില്‍നിന്നു രക്ഷപ്പെടാന്‍വേണ്ടി കൂപ്പ് കൈകളോടെ നില്‍ക്കുന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രശസ്തനായ ഖുതുബുദ്ദീന്‍ അന്‍സാരിയെ കല്‍ക്കത്ത നഗരത്തില്‍ കൊണ്ടുവന്നു കുറച്ചുകാലം താമസിപ്പിച്ചു. പിന്നീടൊരിക്കല്‍ അദ്ദേഹത്തെ കോഴിക്കോട് സി.പി.എം സമ്മേളനത്തിലും കൊണ്ടുവന്നു. ഇതോടെ തീരുന്നതായിരുന്നോ സി.പി.എമ്മിനു ഇന്ത്യന്‍ മുസ്ലിംകളോടുള്ള കടമ? ഖുത്ബുദ്ദീന്‍ അന്‍സാരിയുടെ ആ ദയനീയതയെയും വിറ്റ് വോട്ടാക്കാനുള്ള ശ്രമമല്ലെ സി.പി.എം നടത്തിയത്.

ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍, മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൊക്കെ നിഷേധാത്മകവും പ്രതിലോമപരവുമായ നിലപാടുകളാണ് സി.പി. എം സ്വീകരിച്ചത്. പലപ്പോഴും അവരുടെ പ്രവര്‍ത്തനങ്ങള്‍ ആര്‍.എസ്.എസിന്റെ ‘ബി ടീം’ പോലെയായിരുന്നു. നാദാപുരത്ത് നടന്ന മുസ്ലിം വിരുദ്ധ ആക്രമണങ്ങളില്‍ മുഖ്യ പ്രതി സി.പി.എം ആയിരുന്നു. പിണറായി വിജയന്‍ എന്ന സി.പി.എം നേതാവ് കണ്ടതും പഠിച്ചതുമായ കാര്യങ്ങള്‍ മുസ്ലിം വിരുദ്ധതയുടെതായിരുന്നു. ഇന്നു സി.പി. എമ്മിനെ സംബന്ധിച്ചിടത്തോളം എല്ലാമെല്ലാം പിണറായി വിജയനാണ്. മുമ്പുണ്ടായിരുന്നത് പോലെ ഇപ്പോള്‍ പാര്‍ട്ടിയില്‍ സൈദ്ധാതികരില്ല. ബുദ്ധിജീവികളില്ല. എല്ലാവരും പ്രായോഗിക രാഷ്ട്രീയത്തിന്റെ ആളുകള്‍.അതിനിടയില്‍ നവോത്ഥാന നായകനാവാന്‍ ശ്രമം നടത്തി നോക്കി. പക്ഷെ അത് വേണ്ടത്ര ക്ലച്ച് പിടിച്ചില്ല. അവസാനം ആ ചുമതല വെള്ളാപ്പള്ളിയെ ഏല്‍പ്പിച്ചു തടിയൂരി. ഇനി ഏകലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം മുന്നോട്ടു കൊണ്ടുപോകണം. അതിനു കേന്ദ്രത്തിന്റെ സഹായം വേണം.അതിനുവേണ്ടിയാണ് കേന്ദ്രം പറയുന്ന കാര്യങ്ങള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ വേഗത്തില്‍ കേരളത്തില്‍ നടപ്പിലാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റില്‍ കയറി പറ്റാനുള്ള പിണറായിയുടെ ശ്രമമാണ് ഇതിലൂടെ തെളിയുന്നത്.

കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ജനദ്രോഹപരവും ജനാധിപത്യവിരുദ്ധവുമായ നടപടികള്‍ക്കെതിരെ പാര്‍ട്ടിക്ക് ഒരു പ്രതികരണവുമില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെതിരെ സമരം നടത്താന്‍, സമരങ്ങളുടെ തീച്ചൂളയിലൂടെ കടന്നുവന്ന പാര്‍ട്ടിക്കായില്ല. കശ്മീരില്‍ അറസ്റ്റ് ചെയ്യപ്പെട്ട എം.എല്‍.എ തരി ഗാമയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കശ്മീരില്‍ സന്ദര്‍ശിച്ച് അദ്ദേഹത്തെ ഡല്‍ഹിയില്‍ കൊണ്ടുവന്നു ആസ്പത്രിയില്‍ അഡ്മിറ്റു ചെയ്തതോടു കൂടി സി.പി.എമ്മിന്റെ കടമ തീര്‍ന്നു. പിന്നീട് കശ്മീര്‍ വിഷയത്തില്‍ ഒരു പ്രസ്താവന പോലും സി. പി.എം പക്ഷത്ത്‌നിന്നു കേട്ടിട്ടില്ല. അസമിലെ പൗരത്വ പ്രശ്‌നത്തിലും സി.പി.എം കാര്യമായി പ്രതികരിച്ചിട്ടില്ല.

സീതാറാം യെച്ചൂരിയുടെ ചെറിയ പ്രസ്താവനയില്‍ ഒതുങ്ങിനിന്നു അവര്‍ക്ക് അസമിലെ ജനങ്ങളോടുള്ള പൗരത്വ നിഷേധം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു ഭരണകൂട ഭീകരതയുടെ ഇരയായ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ജയില്‍ മോചിതനാക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയോടെ അദ്ദേഹത്തിന്റെ ഭാര്യ ശ്വേതാഭട്ട് ഡി.വൈ.എഫ്.ഐ നേതാക്കളോടൊപ്പം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ എല്ലാ സഹായവും മുഖ്യമന്ത്രിയും നേതാക്കളും വാഗ്ദാനം ചെയ്തതായി വാര്‍ത്തകള്‍ വന്നിരുന്നു. ഡി.വൈ.എഫ്.ഐ ഇതിനായി ശക്തമായി സമരരംഗത്ത് ഇറങ്ങുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഒരു പ്രതിഷേധ ജ്വാലയും ഒരു തെരുവിലും ഡി. വൈ.എഫ്.ഐയുടേതായി കണ്ടില്ല. വോട്ടിനു വേണ്ടിയും അധികാരം നിലനിര്‍ത്താന്‍ വേണ്ടിയും എന്ത് കളികളും കളിക്കാന്‍ തയ്യാറാവുന്ന അവസരവാദികളായി അവര്‍ മാറുന്നു. ഈ മൃദു ഹിന്ദു സമീപനം ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്നുവെന്നത് ആ പാര്‍ട്ടി ചെന്നെത്തിയ അപചയമാണ് സൂചിപ്പിക്കുന്നത്. ശ്രീകൃഷ്ണ ജയന്തിയും വിജയദശമിയുമെല്ലാം ആഘോഷിക്കുന്നതിലൂടെ പാര്‍ട്ടി ആരെയാണ് തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്?

Test User: