X
    Categories: More

അതിജീവന പോരാട്ടത്തിന്റെ അമര സ്മരണ

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

1980 ജൂലൈ 30 അതിജീവനത്തിന്റെ പോരാട്ട ചരിത്രത്തിലെ സമാനതകളില്ലാത്ത സ്മരണാദിനമാണ്. യൗവനത്തിന്റെ പോരാട്ടവീര്യം ഒരു ജനതയുടെ അവകാശ, ആവിഷ്‌കാര ബോധത്തിന്റെയും വിശുദ്ധ ഭാഷയുടെ നിലനില്‍പ്പിന്റെയും നോവായി പരിണമിക്കുകയെന്നത് അപൂര്‍വമാണ്. യുവജന സമരങ്ങളില്‍ ഭാഷാസമരത്തെ വ്യത്യസ്തമാക്കുന്നതും ഇതാണ്.

ബ്രിട്ടീഷ് ഇന്ത്യയില്‍ ഭൗതിക വിദ്യാഭ്യാസത്തിന് മുസ്‌ലിം സമൂഹത്തെ പ്രാപ്തമാക്കുന്നതിന് അറബി ഭാഷാമാധ്യമം ഉപയോഗിച്ചുള്ള മതപഠനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗകര്യമുണ്ടായിരുന്നു. ഓറിയന്റല്‍ സ്‌കൂളുകളുടെ തുടക്കവും അങ്ങനെയാണ്. മതാധ്യാപകരും അറബിക് പണ്ഡിറ്റുമാരും അതിന്റെ ഭാഗമായി നിയമിക്കപ്പെട്ടു. അറബി വണിക്കുകളിലൂടെയും പ്രബോധകരിലൂടെയും കേരളത്തിലെത്തിയ ഭാഷയുടെ പുരോഗമന സംഭാവനകളായിരുന്നു ഇതൊക്കെയും. നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യാനന്തരം ഈ സൗകര്യങ്ങളെല്ലാം നിരസിക്കപ്പെട്ടു. പ്രാചീനമായ ഇന്‍ഡോ അറബ് സംസ്‌കാരത്തിന്റെ ശേഷിപ്പായ അറബി ഭാഷ അങ്ങനെ വിസ്മൃതിയിലേക്ക് മാഞ്ഞു.കേരളത്തില്‍ തിരുവിതാംകൂറില്‍ മാത്രമായിരുന്നു അക്കാലത്ത് പേരിനെങ്കിലും അറബി ഭാഷാ പഠനം നിലനിന്നിരുന്നത്.

അറബി ഭാഷാപഠനത്തെ ത്വരിതപ്പെടുത്താനും മലബാറിലേക്ക് ഭാഷാപഠനം എത്തിക്കുന്നതിനും കേരളപ്പിറവി തൊട്ട് മുസ്‌ലിംലീഗും സി.എച്ച് മുഹമ്മദ് കോയ സാഹിബും നടത്തിയ അഭംഗുര പരിശ്രമങ്ങളാണ് അറബി ഭാഷാ പഠനത്തിന്റെ സൗകര്യവും സ്വീകാര്യതയും ഉയര്‍ത്തിയത്. 1967 ലെ സപ്തകക്ഷി മുന്നണി മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് ഭാഷാപഠനത്തിന് പ്രത്യേക പരിഗണന നല്‍കി. അറബി അധ്യാപകരെ സ്‌പെഷ്യലിസ്റ്റ് അധ്യാപകരില്‍നിന്ന് ഭാഷാധ്യാപകരായി മാറ്റി. അറബി അധ്യാപക തസ്തിക അനുവദിക്കാന്‍ നൂറ് കുട്ടികള്‍ വേണമെന്ന നിബന്ധന ഇരുപത്തിയെട്ട് കുട്ടികള്‍ എന്ന അര്‍ത്ഥത്തില്‍ സി. എച്ച് പരിഷ്‌കരിച്ചു. ഇതുവഴി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെടുകയും ഭാഷാ പഠനം വിപുലമാവുകയും അറബി അധ്യാപകര്‍ കൂടുതലായി നിയമിക്കപ്പെടുകയും ചെയ്തു.

‘ചെരുപ്പ് തുന്നുന്നവനെയും കുട നന്നാക്കുന്നവനെയും അറബി അധ്യാപകനാക്കി സി.എച്ച്’ എന്ന ആക്ഷേപം ഈ സാഹചര്യത്തിലാണ്ടായത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയിലൊന്നായി ഐക്യരാഷ്ട്ര സഭ അംഗീകരിച്ച, ഭാരതവുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള, മധ്യകാല ശാസ്ത്രത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ഒരു ഭാഷക്ക് നല്‍കുന്ന പരിഗണന പൊതുവിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടേണ്ടതായിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. അതിന്റെ കാരണം രാഷ്ട്രീയമായിരുന്നു.

കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് സി.എച്ച് യുഗം അമൂല്യമായ സംഭാവന നല്‍കി. പിന്നാക്ക, ന്യൂനപക്ഷ സമൂഹങ്ങളില്‍ പുതിയ ഉണര്‍വ്വ് സൃഷ്ടിക്കപ്പട്ടു. പൊതു സമൂഹത്തിലും പരിവര്‍ത്തനമുണ്ടായി. ഈ മാറ്റം ന്യൂനപക്ഷ രാഷ്ട്രീയത്തിനും ശക്തി പകര്‍ന്നു. ഈ തിരിച്ചറിവ് ഭാഷാ പഠനത്തെ ഇല്ലായ്മ ചെയ്യാനുള്ള അജണ്ടകളിലേക്കാണ് രാഷ്ട്രീയ എതിരാളികളെ എത്തിച്ചത്. പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുക എന്ന പേരില്‍ കര്‍ട്ടനിട്ട് മറച്ച അജണ്ടയുമായി 1980 ലെ ഇടതുപക്ഷ ഗവണ്‍മെന്റ് കേരളത്തില്‍ ഭാഷാപഠനത്തിന് അനാവശ്യമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. തിരുവിതാംകൂര്‍ രാജാവിന്റെ നീതിബോധവും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ യുക്തിബോധവും അവര്‍ സൗകര്യപൂര്‍വം തമസ്‌കരിക്കുകയായിരുന്നു. അതിന്റെ പാരമ്യത്തിലാണ് ‘ഭാഷാ സമരം’ ഒരു പ്രതിരോധമായി ഭവിച്ചത്.

അക്കമഡേഷന്‍ (അറബി ഭാഷാ പഠനത്തിനു മാത്രമായി പ്രത്യേക ക്ലാസ്സ് മുറികള്‍ സ്ഥാപിക്കുക) ഡിക്ലറേഷന്‍ (ഭാഷ പഠിക്കുന്ന തന്റെ കുട്ടി മാതൃഭാഷ പഠിക്കേണ്ടതില്ലെന്ന് രക്ഷിതാവ് സമ്മതപത്രം നല്‍കുക) ക്വാളിഫിക്കേഷന്‍ (സര്‍വീസിലിരിക്കുന്ന ഭാഷ അധ്യാപകര്‍ക്കുകൂടി പുതിയ യോഗ്യത നിശ്ചയിക്കുക) ഭാഷാപഠനത്തിനെതിരായി ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ഈ വ്യവസ്ഥകളത്രയും അപ്രായോഗികമായിരുന്നു. ഇവ നടപ്പിലായാല്‍ വിദ്യാലയങ്ങളിലെ ഭാഷാപഠനം അതോടെ അവസാനിക്കുമായിരുന്നു. ഈ അപകടസന്ധിയെ രക്തവും ജീവനും നല്‍കി പ്രതിരോധിക്കുകയായിരുന്നു മുസ്‌ലിം യൂത്ത് ലീഗ്.ഭാഷാവിരുദ്ധ നീക്കം തിരിച്ചറിഞ്ഞ അറബി അധ്യാപക സംഘടനയും വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫും അവകാശ നിഷേധത്തിനെതിരെ ശക്തമായി പ്രതികരിച്ചു. മുസ്‌ലിംയൂത്ത് ലീഗ് സമരസജ്ജമായി വിഷയമേറ്റെടുത്തു. സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഈ പ്രതിസന്ധി ഘട്ടത്തെ അഭിസംബോധന ചെയ്തു.

സെക്രട്ടറിയേറ്റിനുമുമ്പിലെ അറബി അധ്യാപകരുടെ സമരത്തില്‍, ഈ പോരാട്ടം സമുദായം ഏറ്റെടുത്തിരിക്കുന്നുവെന്ന്് സി.എച്ച് പ്രഖ്യാപിച്ചു. സി. എച്ചിന്റെ വാക്കുകള്‍ അന്വര്‍ഥമാക്കി ഭാഷാ സമരം സമുദായം ഏറ്റെടുത്തു.എതിര്‍ത്ത് സമരം ചെയ്യുന്ന കാര്യങ്ങള്‍ സ്വന്തം പാര്‍ട്ടി ഭരണത്തിലെത്തി നടപ്പാക്കപ്പെടുമ്പോള്‍ നിസ്സംഗരായിരിക്കുന്ന യുവജന സമര രീതികളുടെ ഈ ക്ലീഷേകാലത്ത് അന്ന് യൂത്ത് ലീഗ് നയിച്ച പ്രക്ഷോഭം യുവജന സംഘടനകള്‍ക്ക് മാതൃകയായിരുന്നു. വിശുദ്ധ റമസാനിലെ ബദ്ര്‍ ദിനത്തില്‍ വ്രതനിഷ്ഠമായ ഇച്ഛാശക്തിയോടെ ജില്ലാ ഭരണ സിരാകേന്ദ്രങ്ങളിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് പ്രക്ഷോഭം നയിച്ചു. അങ്ങേയറ്റം സമാധാനപരമായ സമര മുന്നേറ്റം. എന്നാല്‍ യൂത്ത് ലീഗിന്റെ സമരത്തെ രക്തപങ്കിലമാക്കണമെന്ന് നിര്‍ദ്ദേശമുള്ളത് പോലെയായിരുന്നു പൊലീസ് മേധാവികളുടെ പ്രകോപനം.

എങ്ങും യുദ്ധസമാനമായ ഭീകരാവസ്ഥ. സമരഭൂമിയില്‍ അകാരണമായ പൊലീസ് വെടിവെപ്പില്‍ മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നീ മൂന്ന് ധീര യുവാക്കളുടെ സമാനതകളില്ലാത്ത രക്തസാക്ഷിത്വം. ജീവിതത്തെ കുറിച്ചുള്ള സൗന്ദര്യപൂര്‍ണ്ണമായ സ്വപ്‌നങ്ങള്‍ താലോലിച്ച മനസ്സില്‍ അവകാശ സംരക്ഷണത്തിന്റെ ബോധ്യവുമായി പോരാട്ടഭൂമികയില്‍ അവര്‍ വീരമൃത്യു വരിച്ചു. പുതിയ ചരിത്രം വിരചിതമായി.’മലപ്പുറത്ത് നിന്നും വരുന്ന കാറ്റിന് പോലും മനുഷ്യമാംസത്തിന്റെയും വെടിയുണ്ടയുടേയും കരിഞ്ഞ ഗന്ധമാണെ’ന്ന് സി.എച്ച് നിയമസഭയില്‍ പൊട്ടിത്തെറിച്ചു. തെറ്റു തിരുത്താന്‍ തയ്യാറാവാതെ ഗവണ്‍മെന്റ് ഒളിച്ചുകളി തുടര്‍ന്നപ്പോള്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് ഗ്രേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചു. ഇതോടെ സര്‍ക്കാര്‍ ചര്‍ച്ചക്കു സന്നദ്ധമായി.

സി.എച്ച് മുഹമ്മദ് കോയ സാഹിബ്, അവുക്കാദര്‍കുട്ടി നഹ സാഹിബ്, യു.എ ബീരാന്‍ സാഹിബ്, അധ്യാപക സംഘടന പ്രതിനിധി കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഭാഷാപഠനത്തിനെതിരായുള്ള കരിനിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. ഒരു യുവജന പ്രക്ഷോഭം സമ്പൂര്‍ണ്ണമായി വിജയിച്ചതിന്റെ ചരിത്രം കൂടിയാണ് ഭാഷാ സമരം.മരണത്തിലൂടെ അനശ്വരത നേടിയവരാണ് മജീദും റഹ്മാനും കുഞ്ഞിപ്പയും. ദശാബ്ദങ്ങള്‍ക്കിപ്പുറവും അന്ന് ജനിച്ചിട്ടില്ലാത്ത യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ മനസ്സുകളില്‍ മജീദ,് റഹ്മാന്‍, കുഞ്ഞിപ്പ എന്നീ നാമങ്ങള്‍ ആവേശമായി പടരുന്നത് ആ സമുദായ രക്തസാക്ഷികളുടെ ആത്മസമര്‍പ്പണത്തിന്റെ നേട്ടമാണ്.
(മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

Test User: