X
    Categories: Video Stories

ജനാധിപത്യത്തിലെ വിശ്വാസ്യതയും വോട്ടിങ് യന്ത്രവും

പ്രകാശ് ചന്ദ്ര
രാജ്യത്തെ മുച്ചൂടും മുടിപ്പിച്ച മോദി ഭരണത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിലെ പ്രധാനപ്പെട്ട മറ്റൊരു ഘടകത്തിനുമേല്‍കൂടി ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലാണത്. ബി.ജെ.പി സര്‍ക്കാറിനെ പാഠംപഠിപ്പിക്കാന്‍ ജനങ്ങള്‍ തയാറെടുത്തുവരുന്നതിനിടയിലാണ് ഞെട്ടിക്കുന്ന ആ വാര്‍ത്ത പുറംലോകമറിയുന്നത്. രാഷ്ട്രം പൊതു തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറെടുക്കുന്ന വേളയില്‍ സായിദ് ഷൂജ എന്ന ഹാക്കര്‍ നടത്തിയ വെളിപ്പെടുത്തലാണ് വലിയ പൊട്ടിത്തെറി ഉണ്ടാക്കിയിരിക്കുന്നത്. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരം പിടിക്കുന്നത് ഇലക്ട്രോണിക്‌സ് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് കാണിച്ചായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പിന് ബാലറ്റ് ഉപയോഗിക്കണമെന്നും ബി.ജെ.പി വിജയിക്കാന്‍ വേണ്ടി വ്യാപകമായി ഇ.വി.എമ്മില്‍ (ഇലക്ട്രോണിക്‌സ് വോട്ടിങ് മെഷീന്‍) കള്ളത്തരം കാണിക്കുന്നുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം ആവശ്യം ഉന്നയിക്കുന്നതിനിടയിലാണ് ലണ്ടനില്‍ ഇന്ത്യന്‍ ജര്‍ണലിസ്റ്റ് അസോസിയേഷനും ഫോറിന്‍ പ്രസ് അസോസിയേഷനും സംഘടിപ്പിച്ച ഹാക്കത്തോണില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഷൂജ ആ ആവശ്യത്തിന് അടിസ്ഥാനമുണ്ടെന്ന തരത്തില്‍ ഏറ്റുപറച്ചില്‍ നടത്തിയിരിക്കുന്നത്. ജീവന് ഭീഷണിയുള്ളതിനാല്‍ ഇന്ത്യയില്‍നിന്നും രക്ഷപ്പെട്ട് ഇപ്പോള്‍ അമേരിക്കയില്‍ കഴിയുന്ന സയീദ് ഷൂജ, താന്‍ 2009-2014 കാലഘട്ടത്തില്‍ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (ഇ.സി.ഐ)യില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മിക്കുന്നത് ഇ.സി.ഐ ആണ്.
ഷൂജയുടെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം ഏറ്റെടുക്കുന്നതും ഈയൊരു പശ്ചാത്തലംകൊണ്ടുതന്നെയാണ്. വോട്ടിങ് ക്രമക്കേടുകള്‍ നടന്നു എന്നതിനപ്പുറം ഷൂജയുടെ മറ്റ് ചില പരാമര്‍ശങ്ങളും രാജ്യം അതീവ ഗൗരവത്തോടെ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ അപകട മരണവും പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവും ഇ.വി.എം ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് ഷൂജ പറയുന്നത്. എ.വി.എമ്മില്‍ ക്രമക്കേട് നടത്താനുള്ള മാര്‍ഗങ്ങളെ കുറിച്ച് ഇ.സി.ഐയില്‍ നിന്നു തന്നെയാണ് ചോദ്യം വന്നതെന്നാണ് ഹൈദരാബാദുകാരനായ ഷൂജ പറയുന്നത്. അതിനുള്ള പ്രോഗ്രാം താനും തന്റെ ടീമും ചേര്‍ന്നു തയ്യാറാക്കിയെന്നും ഇതിനുശേഷമാണ് ഗോപിനാഥ് മുണ്ടെ തങ്ങളെ സമീപിക്കുന്നതെന്നും ഷൂജ പറയുന്നു. തനിക്കറിയാവുന്ന വിവരങ്ങള്‍വച്ച് ബി.ജെ.പി നേതൃത്വത്തെ ഭയപ്പെടുത്താന്‍ മുണ്ടെ ശ്രമം നടത്തിയതാണ്, അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിച്ചതെന്നും ഹാക്കര്‍ പറയുന്നു. തനിക്ക് പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ വന്നതോടെയാണ് മുണ്ടെ ബ്ലാക്ക് മെയ്‌ലിങ് പോലെ ഇ.വി.എം ക്രമക്കേടുകള്‍ പുറത്തുവിടുമെന്ന ഭീഷണി മുഴക്കിയത്. അതുപക്ഷേ അദ്ദേഹത്തിനുതന്നെ തിരിച്ചടിയായെന്നാണ് ഷൂജയുടെ വെളിപ്പെടുത്തല്‍. നരേന്ദ്ര മോദി സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയായി അധികാരമേറ്റ മുണ്ടെ 2014 ജൂണില്‍, അതായത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരാഴ്ച മാത്രം പിന്നിട്ടപ്പോള്‍, വാഹനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ട്രാഫിക് സിഗ്‌നലില്‍ കിടന്നിരുന്ന മുണ്ടെയുടെ കാറില്‍ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം. പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു മുണ്ടെയെക്ക് പരിക്കേല്‍ക്കുകയും എയിംസില്‍ കൊണ്ടുവന്നെങ്കിലും അവിടെവച്ച് മരിക്കുകയുമായിരുന്നു. മുണ്ടെയുടെ മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് അപകടത്തെ തുടര്‍ന്നുള്ള ഹൃദയാഘാതമാണെന്നാണ്. ചില സംശയങ്ങള്‍ ഈ മഹാരാഷ്ട്രാ നേതാവിന്റെ അപകട മരണത്തില്‍ ഉയര്‍ന്നിരുന്നത് വീണ്ടും ചര്‍ച്ചയാക്കുകയാണ് ഷൂജ. മുണ്ടെയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തുണ്ട്. മുണ്ടെയുടെ മരണത്തില്‍ ദുരൂഹയുണ്ടെന്ന് ഉറപ്പിക്കുന്നതുപോലെ ഷൂജ മറ്റൊരു വെളിപ്പെടുത്തലും നടത്തുന്നു. എന്‍.ഐ.എ ഉദ്യോഗസ്ഥന്റെ മരണമാണത്. മുണ്ടെയുടെ മരണത്തെ കുറിച്ച് അന്വേഷിച്ച എന്‍.ഐ.എ ഓഫീസര്‍ തന്‍സീല്‍ അഹമ്മദിന്റെ. തന്‍സീല്‍ തന്നെ തിരക്കി വന്നിരുന്നുവെന്നും ഇ.വി.എം ക്രമക്കേടുകളെകുറിച്ച് തിരക്കിയിരുന്നുവെന്നും ഷൂജ പറയുന്നു. മുണ്ടെയുടെ മരണത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് തന്‍സീല്‍ അഹമ്മദ് കൊല്ലപ്പെട്ടതെന്നും പറയുന്നു ഷൂജ.
ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ കൂടി സയീദ് ഷൂജ നടത്തുന്നുണ്ട്. അതിങ്ങനെയാണ്; 2014ല്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നു ഞങ്ങള്‍ക്ക് മനസിലായി. അതിനുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടി. ഇതുവച്ച് ബി.ജെ.പിയെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ തീരുമാനിച്ചു. അതുപ്രകാരം ഹൈദരാബാദില്‍ ബി.ജെ.പി നേതാവിനെ കാണാന്‍ പോയി. പക്ഷേ, അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായത്. ആ നേതാവിന്റെ സുരക്ഷാഉദ്യോഗസ്ഥന്‍ ഞങ്ങളെ വെടിവച്ചു. കൂടെയുണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടു. അടുത്ത ദിവസം ഹൈദരാബാദിലെ കിഷന്‍ബാഹില്‍ വര്‍ഗീയ കലാപം ഉണ്ടായി. അന്നത്തെ ആ കലാപത്തില്‍ കൊല്ലപ്പെട്ടവരെന്നു പറഞ്ഞത് എന്റെ കൂടെയുണ്ടായിരുന്നവരാണ്.
ഷൂജയുടെ വെളിപ്പെടുത്തലുകളില്‍ വരുന്ന മറ്റൊരു പേരാണ് ഗൗരി ലങ്കേഷ്. ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇപ്പോഴും സജീവ ചര്‍ച്ചയായി നില്‍ക്കുമ്പോള്‍, തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ശത്രുത മാത്രമല്ല ഗൗരിയുടെ കൊലപാതകത്തിനു പിന്നിലെന്ന് പറയാവുന്ന തരത്തിലാണ് ഷൂജയുടെ വാക്കുകള്‍. ഇ.വി.എം ക്രമക്കേടുകളെ കുറിച്ച് ഗൗരി ലങ്കേഷിന് വിവരം കിട്ടി. അവരത് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറെടുത്തു. വോട്ടിങ് യന്ത്രത്തിന്റെ കേബിള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അറിയാന്‍ വിവരാവകാശപ്രകാരം ചോദ്യങ്ങള്‍ നല്‍കി. അതിനുപിന്നാലെ അവര്‍ കൊല്ലപ്പെടുകയാണ് ഉണ്ടായത്. സയീദ് ഷൂജയുടെ വെളിപ്പെടുത്തലുകള്‍ ബി.ജെ.പി തള്ളിക്കളയുന്നതിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനും ഷൂജയ്‌ക്കെതിരേ രംഗത്തു വന്നിട്ടുണ്ട്. അസംബന്ധങ്ങളെന്നാണ് ഷൂജയുടെ വാദങ്ങളെ കമ്മിഷന്‍ വിമര്‍ശിച്ചത്. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ആണ് എല്ലാമെന്നും പറയുന്നതിനൊപ്പം ഷൂജയ്‌ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്നു. പക്ഷേ, സയീദ് ഷൂജയുടെ വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസും മറ്റും പ്രതിപക്ഷ പാര്‍ട്ടികളും ബി.ജെ.പിക്കെതിരേയുള്ള ആയുധമാക്കിയിരിക്കുകയാണ്.
2004ലാണ് ഇന്ത്യ ബാലറ്റ് പേപ്പറിന് പകരം വോട്ടിങ് യന്ത്രത്തിലേക്ക് ചുവടുമാറ്റിയത്. 2017ല്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടാനാകുമെന്ന അവകാശവാദവുമായി തത്സമയ പ്രദര്‍ശനം നടത്തിയിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായി എങ്ങനെ യന്ത്രത്തില്‍ തിരിമറി നടത്താമെന്നായിരുന്നു പ്രദര്‍ശനം. 2017 ജൂണില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാമെന്ന് തെളിയിക്കാന്‍ രാഷ്ട്രീയ കക്ഷികളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ഷണിച്ചിരുന്നു. എന്‍.സി.പിയും സി.പി.എമ്മും ആദ്യം മുന്നോട്ടുവന്നെങ്കിലും പിന്നീട് അവരും ഇതില്‍ പങ്കെടുത്തില്ല. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വോട്ടിങ് യന്ത്രത്തിനൊപ്പം വിവിപാറ്റ് യന്ത്രം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആര്‍ക്കാണ് താന്‍ വോട്ട് ചെയ്തതെന്ന് വോട്ടര്‍ക്ക് കാണാന്‍ സാധിക്കുന്ന സംവിധാനമാണിത്. കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ കക്ഷികളുടെ മെഗാറാലിക്ക് പിന്നാലെ വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ നാലംഗ സമിതി രൂപീകരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് സതീഷ് ചന്ദ്രമിശ്ര, ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഇലക്ട്രോണിക് വോട്ടിങ് പ്രവര്‍ത്തനത്തെ സംബന്ധിച്ച നിരവധി സംശയങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ്‌യന്ത്രത്തിന്റെ പ്രശ്‌നങ്ങള്‍ ആഗോളമായി ഉന്നയിക്കപ്പെടുന്നതാണ്. നെതര്‍ലന്റ്, അയര്‍ലന്റ്, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം നിരോധിക്കുകയോ അതിന്റെ കുഴപ്പങ്ങള്‍ക്ക് പകരമായി പേപ്പര്‍ ബാലറ്റുകള്‍ പുനഃസ്ഥാപിക്കുകയോ ചെയ്തിട്ടുണ്ട്. അവശ്യമായ സുതാര്യത പുലര്‍ത്താന്‍ ശ്രമിക്കാത്തിടത്തോളം കാലം, മാതൃകാപരമായ ജനാധിപത്യ മൂല്യങ്ങള്‍ വോട്ടര്‍മാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പിന്തുടരാതിരിക്കുന്ന സാഹചര്യങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ ഏറെയാണ്. സാമുദായിക വിഭാഗീയത മുതല്‍ കള്ളപ്പണം ഉപയോഗിക്കുന്നത് വരെയുള്ള ഏത് സീമയിലേക്കും നേതാക്കള്‍ക്ക് സഞ്ചരിക്കാന്‍ മടിയില്ലാത്ത രാഷ്ട്രീയ സംവിധാനത്തില്‍, അത്തരം നേതാക്കളെയും അവരുടെ കൂട്ടാളികളെയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ വിധി നിശ്ചയിക്കാന്‍ വിട്ടുകൊടുക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടുതന്നെ രാജ്യത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ പരിശുദ്ധി നിലനിര്‍ത്തുക എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ നിര്‍ണായകമാണ്. ലോകത്തിലെ ഏറ്റവും ജനാധിപത്യപരമായ ആഘോഷം രേഖപ്പെടുത്തുന്നതില്‍ കുറച്ചുകൂടി സുതാര്യമായ സംവിധാനം ഇന്ത്യ കണ്ടെത്തേണ്ടിയിരിക്കുന്നു. നമ്മുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിനു മേല്‍ സംശയത്തിന്റെ നിഴല്‍ വീണു കഴിഞ്ഞിരിക്കുന്നു. അത്തരത്തില്‍ വിശ്വാസ്യതക്ക് കേടുപാടുകള്‍ സംഭവിച്ചു കഴിഞ്ഞാല്‍, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്ന മിക്ക പാര്‍ട്ടികളും സംശയം ഉന്നയിച്ചു കഴിഞ്ഞാല്‍, ആ വിശ്വാസ്യത വീണ്ടെടുക്കേണ്ടതും സംശയ നിവാരണം വരുത്തേണ്ടതും അതിന് ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങളുടെ ചുമതലയാണ്. അതൊരു രാഷ്ട്രീയവും ഭരണപരവുമായ കാര്യമാണ,് സാങ്കേതിക പ്രശ്‌നമല്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: