നസീര്‍ മണ്ണഞ്ചേരി
ദക്ഷിണ കേരളത്തിലെ മുസ്‌ലിം സാമൂഹിക ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച ആത്മീയ തേജസ്സായിരുന്നു വിടപറഞ്ഞ വടുതല വി.എം മൂസ മൗലവി. സമുദായത്തിനുള്ളിലെ ഐക്യത്തിന്റെ പാലമായി നിന്ന പണ്ഡിത കേസരി, തന്റെ നിലപാടുകളിലുറച്ചു നില്‍ക്കുമ്പോഴും അപരന്റെ വാക്കുകള്‍ക്ക് ചെവി കൊടുക്കുകയും ആദരവോടെ മാത്രം വിയോജിക്കുകയും ചെയ്തു.
സംഘടനാ വ്യത്യാസങ്ങള്‍ക്കപ്പുറം എല്ലാ വിഭാഗം പണ്ഡിതന്മാര്‍ക്കും മുസ്‌ലിം പൊതുസമൂഹത്തിനും പ്രിയപ്പെട്ട വ്യക്തിത്വവും ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ ഉള്‍പ്പെടെ സങ്കീര്‍ണമായ പല വിഷയങ്ങളിലും മതവിധി പുറപ്പെടുവിക്കാന്‍ പ്രാപ്തിയുള്ള ബഹുമുഖ പ്രതിഭയുമായിരുന്നു അദ്ദേഹം.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മാതൃകയില്‍ ദക്ഷിണകേരളത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി രൂപീകൃതമായ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയെ ജനകീയ അടിത്തറയുള്ള പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ വലിയ പങ്കാണ് വടുതല ഉസ്താദ് നിര്‍വഹിച്ചത്. തെക്കന്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിച്ച തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ദക്ഷിണയെ പ്രാപ്തമാക്കിയതും മൂസാ മൗലവിയുടെ നേതൃത്വത്തിലുള്ള ഇടപെടലുകളായിരുന്നു. ഇത്തരം സംഘടനകളെ അനുകൂലിക്കുന്ന ആളുകളെ ദക്ഷിണയില്‍ നിന്നും പുറത്താക്കാന്‍ പോലും മുസാ മൗലവിയുടെ നേതൃത്വത്തിന് കീഴില്‍ കഴിഞ്ഞത് അദ്ദേഹം ഉയത്തിപ്പിടിച്ച ആദര്‍ശത്തിന്റെ പിന്‍ബലമായിരുന്നു.
ഇസ്‌ലാമിക ധാരയില്‍ പ്രമുഖ സ്ഥാനമുള്ള യമനി പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കരാനായിരുന്നു വി എം മൂസ മൗലവി. യമനില്‍ നിന്ന് കായല്‍പട്ടണം വഴി കൊച്ചിയിലെത്തിയ സംഘത്തിലാണ് മൂസാ മൗലവിയുടെ കുടുംബ വൃക്ഷത്തിന്റെ വേരുകളെത്തി നില്‍ക്കുന്നത്. പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന വടുതല മൂസ ഉസ്താദാണ് ആദ്യഗുരു.പിന്നീട് ആറാട്ടുപുഴയിലേക്ക് പോയ അദ്ദേഹം മലബാറില്‍ നിന്നുമെത്തിയ കുട്ടി ഹസന്‍ മുസ്‌ലിയാരുടെ കീഴില്‍ പഠനം നടത്തി. തുടര്‍ന്നായിരുന്നു, ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ കാലമെന്ന് മുസാ മൗലവി പലകുറി വിശേഷിപ്പിച്ച അസ്ഹരി തങ്ങളുടെ അടുത്ത് പഠനത്തിനായെത്തുന്നത്. പില്‍ക്കാലത്ത് സമസ്തയുടെ അധ്യക്ഷ പദവി വരെ അലങ്കരിച്ച അസ്ഹരി തങ്ങളുടെ കീഴില്‍ മലപ്പുറം തിരൂര്‍ തലക്കടത്തൂരില്‍ അദ്ദേഹം ദര്‍സ് പഠനം ആരംഭിച്ചു. ഗുരുശിഷ്യ ബന്ധത്തിനപ്പുറം പ്രത്യേക കരുതല്‍, അസ്ഹരി തങ്ങള്‍ അന്ന് മൂസ മൗലവിക്ക് നല്‍കിയിരുന്നു. തങ്ങളുടെ സന്തതസഹചാരിയായി മൂസ മൗലവി മാറിയത് വളരെ പെട്ടെന്നായിരുന്നു. പ്രഭാഷണങ്ങളിലും വിശേഷ പരിപാടികളിലും തങ്ങള്‍ അദ്ദേഹത്തെ ഒപ്പം കൂട്ടി. രണ്ട് വര്‍ഷം നീണ്ടു നിന്ന ഇവിടത്തെ പഠനത്തിന് ശേഷം അസ്ഹരി തങ്ങള്‍ ഈജിപ്തിലേക്കും മൂസാ മൗലവി വെല്ലൂര്‍ ബാഖിയാത്തിലേക്കും പോയി. ഈജിപ്തിലെത്തിയ തങ്ങള്‍ നാട്ടിലേക്ക് കത്ത് ഇടപാട് നടത്തിയിരുന്ന അപൂര്‍വം വ്യക്തികളില്‍ ഒരാള്‍ മൂസ മൗലവിയാണെന്നറിയുമ്പോഴാണ് ആ ആത്മബന്ധത്തിന്റെ ആഴം വ്യക്തമാകുന്നത്. കത്തിടപാടുകള്‍ അറബി ഭാഷയില്‍ ആയിരുന്നു എന്നത് മറ്റൊരു പ്രത്യേകത. ഈ കത്തുകള്‍ മൂസ മൗലവി നിധിപോലെ സൂക്ഷിക്കുകയും ചെയ്തിരുന്നു. വെല്ലൂരിലെ പഠന ശേഷം കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ മുദരിസായി തന്റെ ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. രണ്ട് വര്‍ഷത്തോളം കാലം അവിടെ സേവനം ചെയ്ത അദ്ദേഹം മലബാറിലെ പ്രമുഖ മുസ്‌ലിം പണ്ഡിതന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലും ആലുവ കുഞ്ഞുണ്ണിക്കരയിലും ആലുവ ജാമിഅ ഹസനിയയിലും സേവനം ചെയ്തു. ദക്ഷിണ കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക കാലലയമായി മാറിയ വടുതലയിലെ ‘അബ്‌റാര്‍’ ഉസ്താദിന്റെ ഒരു സ്വപ്‌ന പദ്ധതിയായിരുന്നു. അറബികോളജിന്റെ പ്രധാന്യവും ദീനീ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും സമൂഹത്തെ ബോധ്യപ്പെടുത്തി ഉസ്താദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അബ്‌റാര്‍ ഇന്ന് എണ്ണപ്പെട്ട അറബിക് കോളജുകളില്‍ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇസ്‌ലാമിക ജീവിത രീതിയുടെ പ്രാഥമിക അറിവുപോലുമില്ലാതിരുന്ന സാധാരണക്കാര്‍ക്ക് വേണ്ടി മൂസാ മൗലവി 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ബുസ്താനുല്‍ ഉലൂം മദ്രസ തന്റെ നാടായ വടുതലക്ക് വെളിച്ചമേകുമെന്ന് ഉസ്താദ് ഉറച്ച് വിശ്വസിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു അബ്‌റാറിലേക്ക് എത്തിച്ചേര്‍ന്നത്.
വിശ്വാസ പ്രമാണങ്ങളില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാതിരുന്ന അദ്ദേഹം മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആദരിക്കുകയും ചെയ്തു. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങള്‍ക്ക് ഇടയില്‍ പോലും മദ്ഹബുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തെക്കന്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ പതിവായി ഉണ്ടാകുന്ന ഘട്ടങ്ങളില്‍ പോലും അവയ്ക്ക് പരിഹാരം ഉസ്താദിന്റെ പക്കലുണ്ടായിരുന്നു. ശാഫിഈ മദ്ഹബ് അനുസരിച്ച് ജീവിച്ചിരുന്ന മൂസ മൗലവി കാഞ്ഞിരപ്പള്ളിയില്‍ മുദരിസായി സേവനം ചെയ്യുന്ന കാലത്ത് സുബഹി നമസ്‌കാരം നിര്‍വഹിച്ചിരുന്നത് ഹനഫി വിഭാഗത്തില്‍പ്പെട്ട ഇമാമിന് കീഴിലായിരുന്നു. അതിനുള്ള കാരണം അദ്ദേഹം തന്നെ പലതവണ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സുബ്ഹി നമസ്‌കാരത്തിന് ഹനഫി മദ്ഹബനുസരിച്ച് ഖുനൂത്ത് ഇല്ല. ശാഫിഈ മദ്ഹബ് അനുസരിക്കുന്ന ഞാന്‍ ഇമാമായി നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതിനുള്ള പരിഹാരമായിരുന്നു ഹനഫിയില്‍പ്പെട്ടയാളെ ഇമാമാക്കി നിര്‍ത്തിയത്. ദക്ഷിണ കേരളത്തില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ ശക്തിപ്രാപിച്ച ഘട്ടത്തില്‍ അവയ്‌ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച വ്യക്തിത്വംകൂടിയായിരുന്നു അദ്ദേഹം. അര നൂറ്റാണ്ടിലേറെയായി മുടക്കം കൂടാതെ പ്രസിദ്ധീകരിക്കുന്ന ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ അന്നസീമിന്റെ പബ്ലിഷര്‍ കൂടിയായ മൂസാ മൗലവി തന്നെയാണ് ഇതിലെ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തിരുന്നത്. ഇത് പിന്നീട് ഫതാവാ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.