X
    Categories: Video Stories

മതിലുകള്‍ക്ക് പിറകിലെ ഭയപ്പാടുകള്‍

ഡോ. ഹരിപ്രിയ എം

ലോകത്ത് ഇന്നുവരെ ഉയര്‍ന്നുവന്ന ഏതെങ്കിലും മതില്‍ സാമൂഹ്യശാക്തീകരണത്തിന്റെ ചിഹ്നമായി നിലനില്‍ക്കുന്നുണ്ടോ. ഏതെങ്കിലും മതില്‍ സ്വാതന്ത്ര്യത്തിന്റെ രൂപമായി കൊട്ടിഘോഷിക്കപ്പെട്ടിട്ടുണ്ടോ. ഭയമാണ് മതിലുകള്‍ക്ക് പിറകില്‍ ഒളിച്ചിരിക്കുന്ന ചേതോവികാരം. തന്റെ ശത്രു തന്നേക്കാള്‍ ശക്തനാണ്, അവന് പിന്തുണ വര്‍ധിക്കുന്നു എന്ന് തോന്നുമ്പോള്‍ ചുറ്റും മതില്‍ കെട്ടി സംരക്ഷണ വലയം തീര്‍ക്കുന്നത് ലോക ചരിത്രത്തിലുടനീളം കാണാന്‍ സാധിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചൈനയിലെ വന്‍മതില്‍ – അനേകം ചെറിയ മതിലുകളെ ഇണക്കി ഒറ്റ മതിലാക്കാന്‍ ക്വിന്‍ ഷി ഹുയാങ്ങ് തയ്യാറാവുന്നത് ക്‌സിയോഗ്‌നു വംശജരെ ഭയന്നാണ്. അഞ്ച് ലക്ഷത്തോളം കര്‍ഷകരെയും കുറ്റവാളികളെയും ഇതിനായി നിയോഗിച്ചു. പിന്നീട് പേയ് രാജവംശം മൂന്ന് ലക്ഷം പേരെയും മിങ്ങ് രാജവംശം ദശലക്ഷക്കണക്കിന് ആളുകളെയും നിയോഗിച്ചിരുന്നു. ഇത്രയേറെ ജനതയെ ഉപയോഗപ്പെടുത്താന്‍ ഒരു ഭരണകൂടം തയ്യാറായത് ഭയപ്പാട് കൊണ്ടായിരുന്നു.
ശീതസമരകാലത്ത് 1961 ല്‍ ഈസ്റ്റ് ജര്‍മ്മനിയും വെസ്റ്റ് ജര്‍മ്മനിയും തമ്മില്‍ വേര്‍തിരിക്കാന്‍ വേണ്ടി കെട്ടിപ്പടുത്ത ബര്‍ലിന്‍ മതില്‍ മറികടക്കാന്‍ ശ്രമിച്ച് മരണമടഞ്ഞവര്‍ ഏറെയാണ്. സോവിയേറ്റ് റഷ്യയുടെ തകര്‍ച്ചയോടെയാണ് ബര്‍ലിന്‍ മതില്‍ ഇല്ലാതാവുന്നത്. രണ്ടാം ലോക യുദ്ധത്തിന് ശേഷം അമേരിക്കയും റഷ്യയും ചേര്‍ന്ന് ലോകം രണ്ട് ചേരികളായി പങ്കിട്ടെടുത്തപ്പോള്‍ അതിന്റെ അതിരടയാളമായിരുന്നു ബര്‍ലിന്‍ മതില്‍. സോവിയേറ്റ് റഷ്യയുടെയും അവരുടെ ചേരിയുടെയും തകര്‍ച്ച 1989 ലെ ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയോടെയാണ് ആരംഭിക്കുന്നത്. ഗസ്സയില്‍ ഫലസ്തീന്‍കാരെ അകറ്റിനിര്‍ത്താന്‍ ഇസ്രാഈല്‍ മതില്‍ പണിതിരുന്നു. അടുത്ത കാലത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് അമേരിക്ക-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പടുത്തുയര്‍ത്താന്‍ പോകുന്ന മതിലിനെ കുറിച്ച് പ്രഖ്യാപിച്ചത് ചര്‍ച്ചയായിക്കഴിഞ്ഞു. പാക് അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന് ആഭ്യന്തര കാര്യമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പ്രസ്താവന ഇന്ത്യന്‍ ജനത കടുത്ത എതിര്‍പ്പോടെയാണ് ശ്രവിച്ചത്. അന്യരുടെ കടന്നുവരവിനെ, ശക്തിപ്പെടലിനെ തടഞ്ഞുനിര്‍ത്താനുള്ള എളുപ്പമാര്‍ഗമായാണ് മതിലുകള്‍ എന്നും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത്. ഇപ്പോള്‍ കേരളം സ്ത്രീകള്‍ക്കായി മതില്‍ കെട്ടാന്‍ പോകുന്നു. മതിലിന്റെ പണിക്കാരാരും സത്രീകളല്ല. സ്ത്രീകളെ മുന്‍നിരയില്‍ നിര്‍ത്തി മതില്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നവരുടെയും ഉള്ളിലിരിപ്പ്, സ്വരക്ഷയും അധികാരം നിലനിര്‍ത്താനുള്ള തത്രപ്പാടും ആണെന്ന് കാണാം. തങ്ങള്‍ ഒരു കാലത്ത് ആക്ഷേപിച്ച വെള്ളാപ്പള്ളി നടേശനെ രണ്ടാം നവോത്ഥാനത്തിന് തേരാളിയായി നിശ്ചയിച്ചപ്പോള്‍തന്നെ മുഖ്യമന്ത്രിയുടെയും സി.പി. എമ്മിന്റെയും ചെമ്പ് പുറത്തായിരിക്കുന്നു. ഇതിന്റെ പിന്നില്‍ രാഷ്ട്രീയ ഗൂഢ ലക്ഷ്യങ്ങളുണ്ട്. വോട്ട് രാഷ്ട്രീയം ലക്ഷ്യമിട്ട് കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ നടക്കുന്ന കുടില തന്ത്രമാണ് ഇവിടെ കാണാന്‍ കഴിയുക. ‘വര്‍ഗീയതയുടെ ഒരു വാചകം പോലും അറിയാത്ത ഹാദിയയെ വലിച്ചുകീറാന്‍ സ്വന്തം മുഖപുസ്തകത്തില്‍ എഴുതുമ്പോള്‍, സ്ത്രീ സംരക്ഷണം മാത്രം ലക്ഷ്യം വെച്ച, ശബരിമലയില്‍ യുവതികളെ തടയാന്‍ മുന്നില്‍ നിന്നവര്‍, അയോധ്യയില്‍ കര്‍സേവകരായി പോയവര്‍, അവരെല്ലാം പുതിയ മതിലിന്റെ മേസ്തിരിമാരായി വന്നിരിക്കുന്നു. കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരംവരെ നീളുന്ന മതിലില്‍ ഇവരുടെയൊക്കെ വീട്ടുകാര്‍ അണിനിരക്കുമായിരിക്കും. പണ്ട് നാം കണ്ടതാണ് ഗ്യാസ് വിലവര്‍ധനവില്‍ പ്രതിഷേധിക്കാനായി സഖാക്കളെല്ലാം ഭാര്യമാരെയുംകൂട്ടി റോഡിലിറങ്ങി കപ്പയും മീന്‍ കറിയും ഉണ്ടാക്കിയത്. സഖാക്കള്‍ മുദ്രാവാക്യം വിളിച്ചുകൊടുക്കുകയും ഭാര്യമാര്‍ റോഡിലെ അടുപ്പില്‍ ആഞ്ഞ് ഊതുകയും ചെയ്യുന്നത് കണ്ട നമുക്ക് അവരെയൊക്കെ ഒന്ന്കൂടി കാണാനുള്ള അവസരമാണ് ഈ വന്‍മതില്‍ പദ്ധതി.
നവോത്ഥാന മതില്‍ പണിയല്‍ കമ്മിറ്റിയില്‍ പേരിനെങ്കിലും ഒന്ന് രണ്ട് സ്ത്രീ നാമങ്ങള്‍ ചേര്‍ക്കാമായിരുന്നു. പാര്‍ട്ടിയുടെ മന്ത്രിമാരെയോ എം. എല്‍.എമാരെയോ, അതുമല്ലെങ്കില്‍ ഉപദേഷ്ടാക്കളെയോ, കേസ് നടത്തിക്കൊടുക്കുന്നവരെയോ ഒക്കെ ചേര്‍ത്ത് കമ്മിറ്റി ഉണ്ടാക്കാന്‍ പോലും നവോത്ഥാന നായകര്‍ക്ക് കഴിയാതെ പോയതെന്തേ. ഒരു ജാതി, (അത് മനുഷ്യ ജാതി) ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവ വചനത്തെ തിരസ്‌ക്കരിച്ച് ഹിന്ദുവിനെ അവന്‍ മറക്കാന്‍ ശ്രമിച്ച, മറന്നു തുടങ്ങിയ ജാതീയതയുടെ വേലിക്കെട്ടിനകത്തേക്ക് തെളിച്ച് കയറ്റി ഭിന്നിപ്പിക്കുക എന്ന ഗൂഢതന്ത്രം നടപ്പിലാക്കുമ്പോള്‍ എന്തിനാണ് അതും സ്ത്രീകളുടെ പേരില്‍ നടത്തുന്നത്? ഡിസംബര്‍ മുപ്പത് മുതല്‍ ജനുവരി ഒന്ന് വരെ നടക്കുന്ന ശിവഗിരി തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവരില്‍ വലിയ ഭൂരിപക്ഷം സ്ത്രീകളാണ്. ആ ദിവസം തന്നെ മതില് പണിയാന്‍ വെള്ളാപ്പള്ളി നടേശനോട് പറഞ്ഞതിലെ ദുരുദ്ദേശം തിരിച്ചറിയണം.
കേരളത്തിലെ പെണ്‍ നവോത്ഥാനം ഹിന്ദു സ്ത്രീകള്‍ക്ക് മാത്രം മതിയോ. കേരളത്തിലെ ന്യൂനപക്ഷ വനിതകളൊന്നും മതില് പണിയേണ്ട എന്ന തീരുമാനം എന്തിന് വേണ്ടിയാണ്? കേരളത്തിന്റെ നവോത്ഥാനത്തിന് ഏറ്റവും വലിയ പങ്ക് വഹിച്ചത് ക്രിസ്ത്യന്‍ മിഷനറിമാരാണ് എന്നത് ചരിത്രമാണ്. എന്നാന്‍ ഈ സര്‍ക്കാറിന്റെ കാലത്ത് തങ്ങളുടെ മാനം കാക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ദിവസങ്ങളോളം റോഡില്‍ സമരം ചെയ്യേണ്ടി വന്നു. ജാതി വ്യത്യാസമില്ലാതെ കേരളത്തിന് വിദ്യാഭ്യാസം പകര്‍ന്ന് നല്‍കിയ, ഇവരെ ബോധപൂര്‍വം വിസ്മരിച്ചിരിക്കുന്നു. കേരളത്തിന്റെ ഖജനാവിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് പണത്തെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും നവ കേരള സൃഷ്ടിക്കായി ഗള്‍ഫ് രാജ്യങ്ങളില്‍ പിരിവിന് ചെല്ലാന്‍ മടി കാണിക്കാതിരിക്കുകയും ചെയ്യുന്നവര്‍ മുസ്‌ലിം ജനതക്ക് മതിലില്‍ ഇടം നല്‍കുന്നില്ല. വക്കം മൗലവി, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങിയ നവോത്ഥാന നായകരെ തിരസ്‌കരിച്ചു കൊണ്ടും മലബാറിലെ മുസ്‌ലിം നവോത്ഥാനത്തിനും പാശ്ചാത്യ വിദ്യാഭ്യാസത്തിനും പ്രചരണം നല്‍കിയ സനാഉള്ള മക്തി തങ്ങള്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കെ.എം മൗലവി തുടങ്ങി അനേകരെ വിസ്മരിച്ചുകൊണ്ട് എന്ത് നവോത്ഥാനമാണ് നടത്തുന്നത്?
സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് വോട്ട് പിടിച്ച് അധികാരത്തില്‍ എത്തുമ്പോള്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഉണ്ടല്ലോ. അതുകൊണ്ടാണ് പി. കെ ശശി എം.എല്‍.എ ആയി ഇന്നും തുടരുന്നത്. അതുകൊണ്ടാണ് ആഭ്യന്തര വകുപ്പ് കൈവശം വെച്ച മുഖ്യമന്ത്രിയുടെ പൊലീസ് കേസെടുക്കാനോ അന്വേഷിക്കാനോ മുതിരാത്തത്. വനിതാ കമ്മീഷന്‍ അധ്യക്ഷ പോലും പരാതി ലഭിച്ചില്ലെന്ന് പറഞ്ഞ് മുഖം തിരിച്ചത്. തനിക്ക് നേരെ അതിക്രമമുണ്ടായിട്ടും അത് സംബന്ധിച്ച് രാജ്യത്തെ നീതിന്യായ സംവിധാനത്തോട് പരാതിപ്പെടാന്‍ പോലും കഴിയാത്ത നിലയില്‍ പാര്‍ട്ടിക്കകത്തെ സ്ത്രീകളെ ചങ്ങലക്കിടുന്ന സംഘബലത്തിന്, സംഘടനാ ആരോഗ്യത്തിന് ഇപ്പോള്‍ നവോത്ഥാനം നടപ്പിലാക്കണം. എം.എല്‍.എ ക്വാര്‍ട്ടേഴ്‌സിലും പാര്‍ട്ടി ഓഫീസിലും വരെ പാര്‍ട്ടി സഖാക്കളായ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ മതില് പണിത് സുരക്ഷയുണ്ടാക്കുന്നു. സിനിമാതാരവും സിസ്റ്റര്‍മാരും സഖാക്കളും പരാതിക്കാരായി നില്‍ക്കുമ്പോഴും അവരെ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ വനിതാ മതില് കെട്ടുന്നത് ഭരണപരാജയ ജാള്യത മറയ്ക്കാനാണ്. ചെറിയാന്‍ ഫിലിപ്പിനെ പോലെയുള്ളവര്‍ ഇലക്ഷന് മുന്നില്‍നിന്ന് കൊണ്ട് കേരളത്തിലെ പൊതു ഇടപെടല്‍ നടത്തുന്ന സ്ത്രീകളെ ആകമാനം അപമാനിച്ചപ്പോള്‍ മൂളിപ്പാട്ടും പാടിപോയവരാണ് ഇന്ന് സംരക്ഷകരാവുന്നത്. വിനീതാ കോട്ടായിക്ക് ഉപരോധമേര്‍പ്പെടുത്തിയവര്‍, മഹാരാജാസിലും വിക്‌ടോറിയയിലും യൂണിവേഴ്‌സിറ്റി കോളജിലും മാത്രമല്ല, തങ്ങള്‍ക്ക് ആധിപത്യമുള്ള മുഴുവന്‍ കോളജുകളിലും തങ്ങളുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാത്ത അധ്യാപികമാരെ, പ്രിന്‍സിപ്പല്‍മാരെ, സഹപാഠികളെ ശവമഞ്ചമൊരുക്കിയും പടക്കം പൊട്ടിച്ചും ഭീഷണിപ്പെടുത്തിയും മുന്നോട്ടു പോകാന്‍ പറയുന്ന സ്ത്രീ സുരക്ഷകര്‍, കെ.കെ രമക്ക് ഭര്‍ത്താവിനെയും പത്മിനി ടീച്ചര്‍ക്ക് മകനെയും നഷ്ടപ്പെടുത്തിയ സംരക്ഷണം കണ്ടതാണ്.
കേരള നവോത്ഥാനത്തിന് മാത്രമല്ല ഇന്ത്യയിലൊന്നാകെ സാമൂഹ്യ-മത നവീകരണത്തിന് ചുക്കാന്‍പിടിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ മതില്‍ പണിയുന്നവര്‍ ഓര്‍ത്തതേയില്ല. സ്ത്രീകളെ പൊതു ഇടത്തിലേക്ക് എത്തിക്കുന്നതില്‍, അവര്‍ക്ക് ഭരണചക്രത്തിന്റെ അധികാര താക്കോല്‍ ഏല്‍പ്പിച്ചുനല്‍കിയ പ്രസ്ഥാനത്തെ മാറ്റി നിര്‍ത്തിയുള്ള നവോത്ഥാനം. മറ്റ് രാഷ്ട്രീയ സാമൂഹ്യ സംഘടനകളെയും ഒഴിവാക്കിയിരിക്കുന്നു. പ്രളയക്കെടുതിയുടെ തീരാ ദുരന്തം പേറുന്നവരെ സഹായിക്കേണ്ട സമയത്ത് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണമെടുത്ത് ഭരണമുന്നണിയുടെ പ്രചരണ മതില്‍ കെട്ടുകയാണ്. മതിലുകളില്ലാത്ത, സാഹോദര്യത്തിന്റെ നാളുകള്‍ക്കായി കാത്തിരുന്ന ജനതക്കുമുന്നില്‍ ഭരണകൂടം തന്നെ മതില്‍ തീര്‍ക്കുന്നതെന്തിന് വേണ്ടിയാണ്. ജാതിയുടെയും മതത്തിന്റെയും വേര്‍തിരിച്ചുള്ള മതില്‍ക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രവായു ശ്വസിക്കാന്‍ പുറത്തേക്കിറങ്ങിയ ജനതയെ മതില്‍ക്കെട്ടിനകത്തേക്ക് തിരിച്ചുവിടുന്നതെന്തിനാണ്. മറക്കുടക്കുള്ളിലെ മഹാനരകത്തില്‍നിന്നും അടുക്കളയില്‍നിന്ന് അരങ്ങത്തേക്കും ആവേശപൂര്‍വം കടന്നുവന്നവരെ അസ്വാതന്ത്ര്യത്തിന്റെ കൂച്ചുവിലങ്ങിടുന്നതാരാണ്. വാല് മുറിച്ച് ഇല്ലായ്ക ചെയ്ത ജാതി മത സമവാക്യങ്ങള്‍ തിരിച്ച്പിടിച്ച്, അവര്‍ണ്ണനെന്നും സവര്‍ണ്ണനെന്നും ഹിന്ദുവെന്നും അല്ലാത്തവനെന്നും സ്ത്രീ എന്നും പുരുഷനെന്നും മുദ്ര ചാര്‍ത്തി കൊടുക്കുന്നതെന്തിന് വേണ്ടിയാണ്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഓരം പറ്റി നില്‍ക്കാന്‍പോലും സാധിക്കാത്തവര്‍ നവോത്ഥാനത്തിന്റെ കുത്തക അവകാശപ്പെടാന്‍ വേണ്ടി നടത്തുന്ന കുടില ശ്രമത്തിലൂടെ എന്തിനാണ് ഒരു ജനതയെ ഭിന്നിപ്പിക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രം പ്രയോഗിക്കുന്നതില്‍ അത്ഭുതമില്ല, കാരണം സമൂഹത്തെ വിവിധ വര്‍ഗങ്ങളായി കാണാനും ആ വര്‍ഗങ്ങളെ പരസ്പര സമരത്തിലേക്ക് നയിക്കാനും ആവര്‍ഗ സമരത്തിലൂടെ അധികാരം നേടിയെടുക്കാനും സാധിക്കുന്ന പ്രത്യയശാസ്ത്രത്തെ മുറുകെ പിടിക്കുന്നവര്‍ക്ക് കൊളോണിയല്‍ തത്വശാസ്ത്രം തന്നെയാണ് യോജിച്ചത്. മതിലുകള്‍ നിര്‍മ്മിച്ച്, സ്വതന്ത്ര വിഹായസ്സിനെ ഇല്ലാതാക്കി, ജനതയെ മുഴുവന്‍ തടവറയിലാക്കുന്ന, ഈ മതില്‍ നമുക്ക് വേണോ?

ചന്ദ്രിക വെബ് ഡെസ്‌ക്‌: