വിശാല്‍ ആര്‍
എല്ലാ അര്‍ത്ഥത്തിലും ചൈന അടക്കി ഭരിക്കാന്‍ ഒരുങ്ങുകയാണ് പ്രസിഡന്റ് ഷീ ജിന്‍പിങ്. ഒരു ഏകാധിപതിയുടെ ജനനമാണ് ഇവിടെ സംജാതമായത്. 2012 ഒടുവില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായതിനു പിന്നാലെയാണ് ജിന്‍പിങിന്റെ ആദ്യ അഞ്ചു വര്‍ഷക്കാലത്തെ ഭരണം ആരംഭിക്കുന്നത്. നിരവധി പേര്‍ ഈ സമയത്തെ വിശേഷിപ്പിച്ചത് ഏറ്റവും മോശപ്പെട്ട രാഷ്ട്രീയ അടിച്ചമര്‍ത്തലുകള്‍ നടന്ന സമയമെന്നാണ്. ആക്ടിവിസ്റ്റുകള്‍, എതിരഭിപ്രായമുള്ളവര്‍, ബുദ്ധിജീവികള്‍ തുടങ്ങിവയരൊക്കെ അമ്പരപ്പോടെയാണ് പുതിയ തീരുമാനത്തെ കാണുന്നത്. ഈ അടിച്ചമര്‍ത്തല്‍ ഇനി കൂടുതല്‍ രൂക്ഷമാകുമെന്നതാണ് വാസ്തവം.
ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ ഉദയത്തിന്റെ ലക്ഷണങ്ങള്‍ ഏറെക്കാലമായി തെളിഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത് വേഗത്തിലും ഒപ്പം യാതൊരു മറയുമില്ലാതെയും അദ്ദേഹം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഭരണഘടനയനുസരിച്ച് 2023ല്‍ രണ്ടു വട്ടം പ്രസിഡന്റ് പദവിക്ക് ശേഷം ഒഴിയാനുള്ള തീരുമാനത്തോട് വിസമ്മതിച്ചുകൊണ്ടാണ് ആ നിയമം തന്നെ റദ്ദാക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ കീഴിലുള്ള ഒരു ടാബ്ലോയിഡ് വിശേഷിപ്പിച്ചത് ചൈനക്ക് 2035 വരെ വളരെ സ്ഥിരതയുള്ള നേതൃത്വം വേണമെന്നാണ്. ജിന്‍പിങിന് അപ്പോള്‍ 96 വയസാകും. മാവോ കാലത്തിന്റെ കെടുതികള്‍ അനുഭവിച്ച, ജിന്‍പിങിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ മറ്റൊരു ‘ശക്തനാ’യ ഭരണാധികാരി ജനിക്കുന്നതിനെ തടയുന്നതിന് പ്രതിജ്ഞ ചെയ്തിട്ടുള്ളവരാണ്. രാഷ്ട്രീയം സ്ഥാപനവത്കരിക്കാനും കൂട്ടുത്തരവാദപരമാമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി കൈക്കൊണ്ട നടപടിയാണ് കാലാവധി നിശ്ചയിക്കല്‍ ഉള്‍പ്പെടെയുള്ളവ. അവര്‍ക്ക് ശേഷം വന്നവരൊന്നും കരുതിയിരിക്കില്ല, ഇത്ര വേഗത്തില്‍ ജിന്‍പിങ് അധികാരം തന്നില്‍ കേന്ദ്രീകരിക്കുമെന്ന്. ജിന്‍പിങിന്റെ അഴിമതി വിരുദ്ധ നടപടി പ്രതിപക്ഷത്തെ ഒട്ടൊക്കെ അവസാനിപ്പിച്ചിരിക്കുന്നു. ഇതിനൊപ്പം, ഒരു ദേശീയ ഉണര്‍വ് ഉണ്ടാക്കാനുള്ള പ്രസിഡന്റിന്റെ ശ്രമം സാധാരണ ജനങ്ങളെയും ബാധിച്ചിട്ടുണ്ട്. ട്രംപ് കാലഘട്ടത്തിന്റെയും ഉയര്‍ന്ന ജനസംഖ്യയുടേയും കാലത്ത് നേതൃത്വ കേന്ദ്രീകരണം എന്നത് വളരെ എളുപ്പമാണ് എന്നൊരു വാദം നിലവിലുണ്ട്. അതായത്, ജനങ്ങളെ, രാജ്യത്തെ നേര്‍വഴിക്ക് നടത്താന്‍ ഒരുറച്ച ഭരണാധികാരിയുടെ നേതൃത്വം വേണമെന്ന്. അതിന്റെ അനന്തര ഫലം ജനാധിപത്യം വന്‍ കുഴപ്പങ്ങളില്‍ പെടുകയും അതിന്റെ നാശവുമായിരിക്കും. എതിരാളികള്‍ ജിന്‍പിങില്‍ ചില നിയന്ത്രണങ്ങള്‍ ഇപ്പോള്‍ കാണുന്നുണ്ട്. അതേസമയം അദ്ദേഹം പുറത്തുപോകുന്നത് വെറുതെ കാത്തിരിക്കാന്‍ സാധിക്കുകയുമില്ല. സമ്പദ് വ്യവസ്ഥയോ വിദേശ നയമോ കുഴപ്പത്തിലാകുകയാണെങ്കില്‍ സ്വയം പശ്ചാത്തപിക്കും എന്നു കരുതുന്ന തരത്തിലേക്ക് ഭരണത്തെ അദ്ദേഹം ഒരു സ്വകാര്യ ഇടപാടാക്കി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ നിരവധി പേര്‍ നിശബ്ദരാക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ നീക്കത്തിനകത്തെ ആപല്‍ സൂചനയുടെ ആഴം വളരെ വ്യക്തമാണ്. നിലവിലുള്ള തീരുമാനവുമായി ഒത്തുപോകാന്‍ പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള വിമര്‍ശകരെ നിര്‍ബന്ധിക്കുന്ന തരത്തില്‍ കൂടുതല്‍ ഒതുക്കലുകള്‍ കുറഞ്ഞ കാലത്തിനിടക്ക് ഉണ്ടാകും. ദീര്‍ഘകാലത്തേക്ക്, മുന്‍ നേതാക്കള്‍ തിരിച്ചറിഞ്ഞതുപോലെ, ശക്തരായ നേതാക്കള്‍ക്ക് എന്തും ലക്ഷ്യമിടാന്‍ സാധിക്കും സുസ്ഥിരത ഒഴിച്ച് എന്ന കാര്യം ചൈന മനസിലാക്കും.
ഇന്ത്യയെ സംബന്ധിച്ചും പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നു വരും. ചൈനയുമായുള്ള എന്തു പുതിയ ഇടപാടുകളും സങ്കീര്‍ണ്ണമായിരിക്കും. ജിന്‍പിങ് ശക്തമായ സ്ഥാനത്ത് ഇരിക്കുമ്പോള്‍ ഇന്ത്യക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാന്‍ തരമില്ല. ചൈനീസ് സൈനിക ശക്തി, ഭൂമിശാസ്ത്രപരമായ യാഥാര്‍ത്ഥ്യങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍ തുടങ്ങിയവയുടെ നിലവിലെ പശ്ചാത്തലത്തില്‍ ഇന്ത്യ അതിന്റെ ചൈനീസ് നയം കൂടുതല്‍ വ്യക്തതയുള്ളതാക്കേണ്ടിയിരിക്കുന്നു. അതിര്‍ത്തി മേഖലയില്‍ സമാധാനത്തിന്റെ അന്തരീക്ഷം കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്. മറ്റൊരു വെല്ലുവിളി കൂടിയുണ്ട്. സുശക്തനായ ജിന്‍പിങ് അധികാരത്തില്‍ കൂടുതല്‍ പിടിമുറുക്കുന്നതോടെ അദ്ദേഹത്തിനെതിരെയുള്ള പ്രതിരോധവും വളരും. വന്‍ സാമ്പത്തിക ശക്തി അരാജകത്വത്തിലേക്ക് വീണാല്‍ യുദ്ധമാണ് ശ്രദ്ധതിരിക്കാനുള്ള എളുപ്പ വഴി. അതുകൊണ്ടുതന്നെ കൗശലക്കാരനായ ഈ ഉഗ്ര പ്രതാപിക്കെതിരെ ഇന്ത്യ തീര്‍ച്ചയായും ചില മുന്‍കരുതലുകള്‍ എടുക്കേണ്ടിയിരിക്കുന്നു.
സൗമ്യനെങ്കിലും ഏകാധിപത്യ ആശയങ്ങളോട് താല്‍പര്യമുള്ളയാളാണ് ജിന്‍പിങ്. ഫലപ്രദമായ ഭരണ നിര്‍വഹണത്തിന് അധികാര കേന്ദ്രീകരണം അനിവാര്യമാണെന്ന് അദ്ദേഹം കരുതുന്നു. തന്നിലൂടെ മാത്രമേ ചൈനക്ക് ഒരു പ്രബല രാഷ്ട്രമാകാന്‍ കഴിയൂ എന്ന് ഷി അന്ധമായി വിശ്വസിക്കുന്നു. തന്റെ നേതൃത്വം ചൈനക്ക് ഇനി അനിവാര്യമാണ്. ചൈനയുടെ ആഭ്യന്തര രാഷ്ട്രീയത്തിനും ലോക രാഷ്ട്രീയത്തിനും വളരെ നിര്‍ണായകമായ തീരുമാനമാണ് ആജീവനാന്തം ഭരണത്തില്‍ തുടരാനുള്ള അനുമതി.
ജിന്‍പിങിന്റെ നേതൃത്വത്തിനെതിരെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇപ്പോള്‍ തന്നെ മുറുമുറുപ്പുകള്‍ ഉയരുന്നുണ്ട്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ സാധാരണഗതിയില്‍ എതിര്‍ക്കപ്പെടാറില്ല. എന്നാല്‍ ഷി യെ ആജീവനാന്ത പ്രസിഡന്റാക്കിയതിനെതിരെ ഏതാനും പ്രതിനിധികള്‍ വോട്ട് ചെയ്യുകയും ചിലര്‍ വിട്ട് നില്‍ക്കുകയും ചെയ്തിട്ടുണ്ട്. എല്ലാം ശുഭമല്ല എന്നാണിത് കാണിക്കുന്നത്. മിതവാദിയായ മാധ്യമ പ്രവര്‍ത്തകന്‍ ലീ ഡാറ്റോംഗിന്റെ അഭിപ്രായത്തില്‍ ഷി യുടെ ഏകാധിപത്യം ചൈനയേയും ചൈനീസ് ജനതയേയും മാവോയുടെ കാലത്തെന്ന പോലെ നശിപ്പിക്കും. പീപ്പിള്‍സ് കോണ്‍ഗ്രസിലെ പ്രതിനിധികള്‍ വെറും പാവകളായിട്ടാണ് ഈ ഭേദഗതി അംഗീകരിച്ചിട്ടുള്ളത്. ഇത്തരം ഏകാധിപതികള്‍ ഒരിക്കലും അവകാശപ്പെട്ട ലക്ഷ്യങ്ങള്‍ നേടിയിട്ടില്ല.
ഒപ്പം, നവമാധ്യമങ്ങള്‍ സാമൂഹിക മുന്നേറ്റത്തിന്റെ വേദിയാകുന്ന ഈ കാലഘട്ടത്തില്‍ ഷിക്ക് എതിര്‍പ്പ് നേരിടാതെ എത്രകാലം മുന്നോട്ടു പോകാന്‍ കഴിയുമെന്നതും ചോദ്യമായി നിലനില്‍ക്കുന്നു. പാര്‍ട്ടിയിലെയും ഭരണത്തിലെയും ശക്തമായ ഉദ്യോഗസ്ഥ സംവിധാനം ഉയര്‍ത്തുന്ന വെല്ലുവിളികളും ചെറുതായിരിക്കില്ല. പ്രത്യേകിച്ചും അഴിമതിക്കെതിരെ പടവാള്‍ ഉയര്‍ത്തുന്ന ജിന്‍പിങ് ഇവരുടെ എതിര്‍പ്പ് വിളിച്ചുവരുത്തും. ഇപ്പോള്‍ രൂപീകരിച്ചിട്ടുള്ള സൂപ്പര്‍വൈസറി കമ്മിഷന്‍ ഭരണത്തലപ്പത്തുള്ളവരുടെ ആനുകൂല്യങ്ങള്‍ എടുത്ത് മാറ്റിയാല്‍ എതിര്‍പ്പ് രൂക്ഷമാകും. ഇതോടൊപ്പം പ്രസക്തമാണ് ചൈനയെ ഒരു സമ്പന്ന രാഷ്ട്രമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ പാളിച്ച വരാതിരിക്കേണ്ടത്.
ഷി യുഗം അന്താരാഷ്ട്ര ബന്ധങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. 2050 ഓടുകൂടി ചൈനയെ സാമ്പത്തികമായും രാഷ്ട്രീയമായും ലോകത്തെ ഏറ്റവും പ്രബല രാഷ്ട്രമാക്കുക എന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. 19 ാം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രമാണ രേഖയില്‍ ഈ ലക്ഷ്യം ഊന്നിപ്പറയുന്നുണ്ട്. ഈ ലക്ഷ്യം നേടിയെടുക്കാന്‍ ഷി ജിന്‍പിങിന് മാത്രമേ കഴിയൂ എന്ന ധാരണയിലാണ് അദ്ദേഹത്തിന് ജീവിതകാലം മുഴുവനും പ്രസിഡന്റായി തുടരാന്‍ ഉതകുന്ന രീതിയില്‍ ചൈനീസ് ഭരണഘടനയില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.
വമ്പിച്ച പദ്ധതികളാണ് ഇതിനായി ചൈന ആസൂത്രണം ചെയ്തത്. ചൈനീസ് സൈന്യത്തിന്റെ ആധുനികവത്കരണവും വിദേശ രാജ്യങ്ങളില്‍ സൈനിക താവളങ്ങളുടെ നിര്‍മ്മാണവും ഇതില്‍ പ്രധാനപ്പെട്ടതാണ്. തെക്കേ ഏഷ്യയില്‍ തുറമുഖങ്ങളുടെ നിര്‍മ്മാണത്തിലൂടെയും വന്‍തോതിലുള്ള നിക്ഷേപങ്ങളിലൂടെയും ഇന്ത്യക്കെതിരെ വളയം തീര്‍ക്കുന്നതു പോലെ, ലോകത്തിലെ മറ്റ് പ്രദേശങ്ങളിലും ചൈന തന്ത്രപരമായ സാന്നിധ്യം ഉറപ്പിക്കുകയാണ്. ഒരു പാത, ഒരു മേഖല പദ്ധതിയിലൂടെ സൈനികവും സാമ്പത്തികവുമായ ആഗോള സാന്നിധ്യമാണ് ചൈന ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ആഗോള, ധനകാര്യ സ്ഥാപനങ്ങളിലും മറ്റ് ലോക ഭരണകാര്യ സംവിധാനങ്ങളിലും ചൈനയുടെ സ്വാധീനം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇത്തരം വേദികളില്‍ നിന്ന് ചൈനയെ പരമാവധി അകറ്റി നിര്‍ത്താനാണ് പാശ്ചാത്യ ശക്തികള്‍ ശ്രമിക്കുന്നത്. ഈ സമീപനത്തോടുള്ള ചൈനയുടെ പ്രതികരണമാണ് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെയും ബ്രിക്‌സ് ന്യൂ ഡവലപ്‌മെന്റ് ബാങ്കിന്റെയും രൂപീകരണം.
ചുരുക്കത്തില്‍ ചൈനയുടെ പ്രബല രാഷ്ട്ര സ്വപ്നം പൂവണിയാന്‍ കടുത്ത വെല്ലുവിളികളാണുള്ളത്. ഈ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഷി ജിന്‍പിങിന് പരിധികളില്ലാത്ത അധികാരം കൊടുത്താല്‍ മാത്രമേ കഴിയൂ എന്ന യുക്തിയാണ് അദ്ദേഹത്തിന് ജീവിതകാലം പ്രസിഡന്റായി തുടരാന്‍ ചൈന സാഹചര്യമൊരുക്കിയിരിക്കുന്നത്.
ഷിക്ക് ലഭിച്ചിരിക്കുന്ന അതിരുകളില്ലാത്ത അധികാരം ലോകം ഏകാധിപത്യ ഭരണത്തിലേക്ക് തിരിച്ചു പോകുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്. അമേരിക്കയിലും ആജീവനാന്ത പ്രസിഡന്റുമാര്‍ അധികാരമേല്‍ക്കുന്നത് നന്നായിരിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്.