പി.ഇസ്മാഈല്‍ വയനാട്
വിദ്യാര്‍ത്ഥിയില്‍നിന്നും പുതിയൊരു പാഠം പഠിച്ചതിനെക്കുറിച്ച് ഒരു റിട്ടയേര്‍ഡ് പ്രൊഫസറുടെ ആത്മകഥ എന്ന ഗ്രന്ഥത്തില്‍ സ്റ്റാന്‍ഫോര്‍ഡ് എഴുതിയ സംഭവ കഥ പ്രസിദ്ധമാണ്. കേംബ്രിഡ്ജ് യൂണിവേഴ്‌സിസിറ്റിയിലെ നാച്യുറല്‍ സയന്‍സില്‍ അധ്യാപകനായിരുന്നു സ്റ്റാന്‍ഫോര്‍ഡ്. തന്റെ താമസ സ്ഥലത്തിനരികിലുള്ള വീടുകളിലുള്ള കൊച്ചു കുട്ടികള്‍ക്ക് അദ്ദേഹം ഒഴിവു സമയങ്ങളില്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്നു. ഒരു ദിവസം കുട്ടികളെ പല ഭാഗങ്ങളില്‍ മാറ്റിയിരുത്തി ഒരു പാഠഭാഗം പഠിക്കാനേല്‍പിച്ച ശേഷം സ്റ്റാന്‍ഫോര്‍ഡ് പുറത്തുപോയി. തിരിച്ചുവരുമ്പോള്‍ കാണുന്നത് ഒരു കുട്ടി മാത്രം ഭൂപടത്തില്‍ കളിച്ചു കൊണ്ടിരിക്കുന്നതാണ്. പാഠം പഠിക്കാതെ കളിച്ചുകൊണ്ടിരിക്കുന്ന അവനോട് സ്റ്റാന്‍ഫോര്‍ഡിന് വല്ലാതെ ദേഷ്യം തോന്നി. അയാള്‍ ഭൂപടം വാങ്ങി ചുമരില്‍ തൂക്കി ഒരിക്കല്‍ കൂടിനടന്നകന്നു. തിരിച്ചുവരുമ്പോഴും അവന്‍ അതേ ഭൂപടത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാള്‍ ദേഷ്യത്തോടെ ഭൂപടം പിച്ചിച്ചീന്തി താഴെയെറിഞ്ഞു. അത് മുറിയുടെ പല ഭാഗങ്ങളിലേക്ക് ചിതറി വീണു. സ്റ്റാന്‍ഫോര്‍ഡ് അലറിക്കൊണ്ട് പറഞ്ഞു. മതി ഭൂപടത്തില്‍ കളിച്ചത്. ഇനിയെങ്കിലും ഞാന്‍ പറഞ്ഞത് പഠിക്കണം. അയാള്‍ കുറച്ചു കഴിഞ്ഞു തിരിച്ചെത്തുമ്പോഴേക്കും അവന്‍ ആ ഭൂപടം പഴയ സ്ഥിതിയില്‍ ഒട്ടിച്ചുവെച്ചിരുന്നു.
സ്റ്റാന്‍ഫോര്‍ഡിന്റെ കണ്ണില്‍ അത്ഭുതം വിരിഞ്ഞു. സിരകളില്‍ ആവേശം പടര്‍ന്നു. ഒട്ടേറെ കൗതുകത്തോടെ അയാള്‍ കുട്ടിയോട് ചോദിച്ചു. നിനക്കിതെങ്ങനെ സാധിച്ചു. ഒന്നുപോലും തെറ്റാതെ, അക്ഷാംശ രേഖകളും രേഖാംശ രേഖകളുമൊക്കെ കൃത്യമായി ഇത്ര പെട്ടെന്ന് നീ എങ്ങിനെ വീണ്ടും വിളക്കിചേര്‍ത്തു. അവന്‍ ഒന്നും മനസ്സിലാവാതെ മിഴിച്ചു നില്‍ക്കുകയായിരുന്നു. അത്ഭുതം നിറഞ്ഞ അധ്യാപകന്റെ കണ്ണുകളിലേക്ക് നോക്കി അവന്‍ പറഞ്ഞു. എനിക്കൊന്നും മനസ്സിലാവുന്നില്ല. വിചിത്രമായി ഞാനൊന്നും ചെയ്തതുമില്ല. ഒന്നിച്ചു ചേര്‍ത്തുവെച്ചത് മറുപുറത്തെ മനുഷ്യന്റെ പടമായിരുന്നു. അതിന്റെ മുഖത്തുള്ള ചുണ്ടുകളും കണ്ണുകളുമൊക്കെ ചേര്‍ത്തുവെക്കാന്‍ എന്തു പ്രയാസം.? അതിന്റെ കൈകളും കാലുകളും യഥാസ്ഥാനങ്ങളില്‍ വെക്കുന്നതില്‍ അങ്ങെന്തിനാണ് അത്ഭുതപ്പെടുന്നത്. സ്റ്റാന്‍ഫോര്‍ഡ് ആ ചിത്രം പലവട്ടം തിരിച്ചും മറിച്ചും നോക്കി. ഒരു ഭാഗത്ത് ഭൂപടം. മറുഭാഗത്ത് ഒരാളുടെ ചിത്രം. അയാള്‍ ആ കുട്ടിയെ വാരിപ്പുണര്‍ന്നുകൊണ്ട് പറഞ്ഞു. നീ ഇന്ന് പുതിയ പാഠം എന്നെ പഠിപ്പിച്ചു. എപ്പോള്‍ എല്ലാവരാലും വലിച്ചെറിയപ്പെട്ട ഒരാളെ ഒരു മനുഷ്യനായി നാം പുനര്‍നിര്‍മ്മിക്കുന്നുവോ അപ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് പുതിയൊരു ലോകം തന്നെയാണ്. വിദ്യാര്‍ത്ഥി ലക്ഷണങ്ങളായ ജിജ്ഞാസയും അന്വേഷണത്വരയും അണയാതെ സൂക്ഷിക്കാന്‍ കഴിഞ്ഞതിനാലാണ് ആ കുട്ടിയില്‍ നിന്നും അറിവുകള്‍ സ്വായത്തമാക്കാന്‍ സ്റ്റാന്‍ഫോര്‍ഡിന് കഴിഞ്ഞത്. ഓരോ നല്ല അധ്യാപകനും ജീവിതാവസാനം വരെയും നല്ല വിദ്യാര്‍ത്ഥിയായി തീരണമെന്ന സന്ദേശമാണ് ഈ ആത്മകഥ പകര്‍ന്നുനല്‍കുന്നത്.
രക്ഷിതാക്കള്‍ ജന്മം നല്‍കിയവരാണെങ്കിലും ജീവിത കല വിദ്യാര്‍ത്ഥികള്‍ക്കു പഠിപ്പിച്ചുകൊടുക്കുന്നവര്‍ അധ്യാപകരാണ്. അധ്യാപനം എന്നത് തൊഴിലായും കേവലം വരുമാന മാര്‍ഗമായും മാത്രം കാണുന്നവര്‍ക്ക് ഈ രംഗത്ത് കാലിടറും എന്നത് തീര്‍ച്ചയാണ്. ഡോക്ടര്‍ക്ക് പറ്റുന്ന തെറ്റ് ആറടി മണ്ണില്‍ കുഴിച്ചുമൂടും. വക്കീലിനു പറ്റുന്ന തെറ്റ് ആറടി ഉയരത്തില്‍ തൂങ്ങിനില്‍ക്കും. ഒരധ്യാപകനു പറ്റുന്ന തെറ്റിന്റെ ഫലം ആറു തലമുറകള്‍ അനുഭവിക്കേണ്ടിവരുമെന്നാണ് പറയാറുള്ളത്. എല്ലാ രോഗികള്‍ക്കും ഒരേ വിധത്തിലുള്ള ചികിത്സാരീതികളല്ല മികച്ച ഡോക്ടര്‍ വിധിക്കാറുള്ളത്. രോഗിയുടെ ആരോഗ്യവും തൊഴിലും പ്രായവുമെല്ലാം അറിഞ്ഞതിനു ശേഷമാണ് ചികിത്സ ആരംഭിക്കുന്നതും കുറിപ്പടി കുറിക്കുന്നതും. ഇവ്വിധം തന്റെ മുന്നിലിരിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയുടെയും കുടുംബ പശ്ചാത്തലവും അവന്റെ അഭിരുചിയുമെല്ലാം തിരിച്ചറിയാന്‍ അധ്യാപകനു സാധിക്കണം. ‘കാകന്റെ നോട്ടം, ശുനകന്റെ നിദ്ര, കൊക്കിന്റെ മട്ടിലുള്ള സമാധി ശീലം, ജീര്‍ണ്ണിച്ച വസ്ത്രങ്ങള്‍, കുറച്ചു ഭക്ഷ്യം, വിദ്യാര്‍ത്ഥി തന്‍ ലക്ഷണമാണിതെല്ലാം’. മികച്ച വിദ്യാര്‍ത്ഥിയുടെ ലക്ഷണമായി നീതിസാരത്തില്‍ പറഞ്ഞ കാര്യങ്ങളാണിത്. കാക്കയുടെ സൂക്ഷ്മദൃഷ്ടിയും നേരിയ ശബ്ദത്തില്‍പോലും ഞെട്ടിയുണരുന്ന ശുനകന്റെ നിദ്രയും കണ്ണും മനസ്സും ബുദ്ധിയും ഏകത്ര സംയോജിപ്പിച്ചുകൊണ്ട് ഇരയെ പിടിക്കാനുള്ള കൊക്കിന്റെ ഇരുത്തവും ജീര്‍ണ്ണിക്കാത്തതും ആഡംബരമില്ലാത്തതുമായ വസ്ത്രധാരണവും മിതമായ ആഹാരശീലവുമുള്ളവരാണ് ഒന്നാംതരം വിദ്യാര്‍ത്ഥികളെന്നാണ് നീതിസാരം അര്‍ത്ഥമാക്കുന്നത്.
ക്ലാസ് മുറിയിലിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഈ ഗുണഗണങ്ങള്‍ ഒത്തിണങ്ങുംവിധം ഒരച്ചില്‍ വാര്‍ത്ത പ്രതിമകളല്ല. അവരുടെ കഴിവുകളില്‍ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ്. കാരണം അവര്‍ വിവിധ കുടുംബങ്ങളില്‍നിന്ന് വരുന്നവരും വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്നവരുമാണ്. ചില കുട്ടികളില്‍ കൈവണ്ടിയുടെ സ്വഭാവമുള്ളവരായിരിക്കും. തള്ളി കൊടുത്താല്‍ മാത്രമാണ് അത് ചലിക്കാറുള്ളത്. വേറൊരു കൂട്ടര്‍ ചെറു തോണിക്ക് സമമായിരിക്കും. അവരെ തുഴഞ്ഞ് നീക്കി കൊണ്ടേയിരിക്കണം. മറ്റു ചിലരാവട്ടെ പട്ടം പോലെയായിരിക്കും. നൂലിട്ടു നിയന്ത്രിച്ചില്ലെങ്കില്‍ പറന്നകന്ന് തലകുത്തി വീണു നശിക്കും. അടുത്ത ചാട്ടം എങ്ങോട്ടെന്ന് പ്രവചിക്കാനാവാത്ത ഫുട്‌ബോളറുടെ ശൈലി പ്രകടിപ്പിക്കുന്നവരും ക്ലാസിലുണ്ടാവും. ട്രെയിലര്‍ പോലെ കെട്ടിവലിക്കേണ്ട വരും കൂട്ടത്തിലുണ്ടാവും. മാറി മാറി കത്തുകയും കെടുകയും ചെയ്യുന്ന നിയോണ്‍ ബള്‍ബിന് സമാന മനസ്‌ക്കരെയും അധ്യാപകന് നേരിടേണ്ടി വരും. പൂച്ചയെ പോലെ ഓമനത്വം കൊതിക്കുന്ന അരുമയാന സന്താനങ്ങളേയും സമീപിക്കേണ്ടി വരും. ഇപ്പറഞ്ഞ സ്വഭാവ വിശേഷക്കാരെയെല്ലാം ഏത് തിരക്കിനെയും നിശബ്ദമായും ക്ഷമയോടും നേരിടുന്ന വാച്ച് പോലെ മാറ്റിയെടുക്കാനുള്ള മെയ്‌വഴക്കമാണ് അധ്യാപകന്‍ പ്രകടിപ്പിക്കേണ്ടത്. വാച്ച് ശരിയായാല്‍ ജീവിതം ശരിയായി എന്ന സ്വാതന്ത്ര്യ സമര സേനാനിയും ഗ്രന്ഥകാരനുമായ കെ.പി കേശവമേനോന്റെ വാക്കുകള്‍ കൂട്ടിവായിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും. വാച്ചില്‍ വാക്കുകള്‍ (ംീൃറ)െ, പ്രവൃത്തികള്‍ (മരശേീി), ചിന്തകള്‍ (വേീൗഴവെേ), സ്വഭാവം (രവമൃലരലേൃ). എന്നീ സവിശേഷതകള്‍ അടങ്ങിയിട്ടുണ്ട്. ഈ ഗുണങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഊട്ടിയുറപ്പിക്കാന്‍ ഓരോ അധ്യാപകനും ബദ്ധശ്രദ്ധാലുക്കളാവണം.
യുദ്ധം നയിച്ചു തോറ്റ സേനാനായകനെ മറ്റൊരു യുദ്ധം നയിക്കാന്‍ അനുവദിക്കരുതെന്നാണ് പട്ടാള നിയമം. അധ്യാപക മേഖലയില്‍ ഈ നിയമം നടപ്പിലാക്കിയാല്‍ ഇപ്പോഴുള്ള അധ്യാപകരില്‍ എത്രയാളുകള്‍ക്ക് തങ്ങളുടെ ഇരിപ്പിടം നിലനിര്‍ത്താനാവുമെന്ന് കണ്ടറിയേണ്ടതാണ്. ഇരുപത്തിയഞ്ചും മുപ്പതും വര്‍ഷക്കാലം അധ്യാപന രംഗത്ത് നിലയുറപ്പിച്ചിട്ടും സ്‌കൂളിനോ സമൂഹത്തിനോ ശിഷ്യഗണങ്ങള്‍ക്കോ ഓര്‍ക്കാനോ ഓമനിക്കാനോ ഉതകുന്നരീതിയില്‍ ഒരു അടയാളപ്പെടുത്തലുകളുമില്ലാതെയാണ് പലരുടെയും മടക്കം. ഒരു വിദ്യാര്‍ത്ഥി വിവിധ കാലയളവില്‍ ശരാശരി 25000 മണിക്കൂര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചെലവഴിക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്രത്തോളം സമയം ലഭ്യമായിട്ടും അവനില്‍ ദേശീയ ബോധമോ സര്‍വ മത സാഹോദര്യമോ പരിസ്ഥിതി അവബോധമോ വിശ്വ പൗരനായി വളരാനുള്ള മാനസികാവസ്ഥയോ സൃഷ്ടിക്കാന്‍ കഴിയാത്ത അധ്യാപനം സാമൂഹ്യ ബാധ്യതയാണ്. ഭൗതിക ലോകത്തെ വെല്ലുവിളികള്‍ അതിജീവിക്കാനാവാതെ മരണാനന്തര ലോകത്തേക്ക് പലായനം ചെയ്യുന്ന കുട്ടികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരും മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരിയില്‍ ആനന്ദം കണ്ടെത്തുന്നവരുമായ ഭാവി വരദാനങ്ങളെ അത്തരം സാമൂഹ്യ തിന്മകളെ തൊട്ട് കാത്തുരക്ഷിക്കുന്ന ദൈവദൂതന്‍മാരായി മാറാനും അധ്യാപകര്‍ക്ക് കഴിയേണ്ടതുണ്ട്.
അറിവിന്റെ നിറദീപം കൊളുത്തി വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍വഴി കാട്ടുന്ന വിധത്തില്‍ മാതൃകാ ജീവിതം നയിക്കുന്നവരായി മാറാന്‍ അധ്യാപകര്‍ക്ക് സാധിക്കണം. ഗുരുനാഥന്മാരുടെ നോട്ടം, സംസാരം, പെരുമാറ്റം, വസ്ത്രധാരണം, സഹിഷ്ണുത, അച്ചടക്കം തുടങ്ങിയ എല്ലാ കാര്യങ്ങളും കുട്ടികളില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്താന്‍ കഴിയും. അക്കാരണത്താല്‍ ഓരോ അധ്യാപകനും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മാതൃകാദീപങ്ങളായി ജ്വലിച്ചുനില്‍ക്കണം. അധ്യാപനം ഒരു കലയാണ്. ഏതൊരു കലാസൃഷ്ടിയിലും എന്നതുപോലെ അധ്യാപനത്തിലും ഭാവ രൂപ തലങ്ങളുണ്ട്. മറ്റുള്ളവരില്‍ പലരുടെയും ചിത്രങ്ങളിലും കവിതകളിലും നാടകങ്ങളിലും ശരീരത്തിന്റെ നിഴലാട്ടം മാത്രമാണുള്ളത്. തന്റെ ചിത്രങ്ങളില്‍ ശരീരത്തിനൊപ്പം ആത്മാവും ലയിച്ചു ചേര്‍ന്നതിനാലാണ് തനിക്ക് ഇത്രയധികം ആരാധകരുണ്ടാവാന്‍ കാരണമെന്ന് വിശ്വ ചിത്രകാരന്‍ ആന്‍ഡ്രഡെല്‍സാര്‍ട്ടോ പറഞ്ഞതായി റോബര്‍ട്ട് ബ്രൗണ്ടിങ്ങിന്റെ കവിതയില്‍ കാണാം. പരിഹാസങ്ങള്‍ക്കും ഇകഴ്ത്തലുകള്‍ക്കും കടുത്ത ശിക്ഷാനടപടികള്‍ക്കും പകരം സ്‌നേഹമസൃണമായ പെരുമാറ്റത്താല്‍ കുട്ടികളുടെ മനസ്സില്‍ സ്ഥാനം പിടിക്കുമ്പോഴാണ് അധ്യാപനം എന്ന കല യാഥാര്‍ത്ഥ്യമാവുന്നത്. പരന്ന വായനാശീലവും അറിവുകള്‍ അനുദിനം തേച്ചുമിനുക്കുകയും ചെയ്യുന്ന അധ്യാപകരുടെ സാമീപ്യം പോലും കുട്ടികള്‍ക്കിഷ്ടമാണ്. അങ്ങിനെയുള്ള അധ്യാപകരെ മനസ്സില്‍ പ്രതിഷ്ഠിച്ച ചരിത്രമാണ് നമ്മുടെ നാടിനും പറയാനുള്ളത്. അധ്യാപക ദിനത്തിന് കാരണക്കാരനായ ഡോ. എസ് രാധാകൃഷ്ണനും എ.പി.ജെ അബ്ദുല്‍ കലാമും ജോസഫ് മുണ്ടശ്ശേരിയും എം.എന്‍ വിജയനും സുകുമാര്‍ അഴീക്കോടുമെല്ലാം ആ ഗണത്തില്‍പെട്ട പ്രഗത്ഭരും തത്വചിന്തകരുമായ അധ്യാപകരായിരുന്നു.
സോഷ്യല്‍ എഞ്ചിനിയര്‍മാരായ അധ്യാപകരെ ചേര്‍ത്തുപിടിക്കാനും തങ്ങളുടെ അരികില്‍നിന്ന് അവരെ മറ്റൊരിടത്തേക്ക് പറിച്ചുനടാന്‍ ഭരണകൂടം ശ്രമിച്ചാല്‍പോലും വിട്ടുതരില്ലന്ന് പറയാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവും. അതാണ് ഈയടുത്ത് തമിഴ്‌നാട്ടിലെ വെളിയ ഗരം സ്‌കൂളില്‍ കണ്ടത്. ഇംഗ്ലീഷ് അധ്യാപകനായിരുന്ന ഭഗവാന് മറ്റൊരു സ്‌കൂളിലേക്ക് സ്ഥലം മാറ്റം കിട്ടി. സ്ഥലം മാറി പോകുന്ന ദിവസം കുട്ടികള്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചു പറഞ്ഞ വാക്കുകള്‍ ഓരോ അധ്യാപകരുടെയും കാതുകളില്‍ അലയടിയായി മാറണം. അദ്ദേഹം പിരിഞ്ഞുപോകുന്നത് ഞങ്ങള്‍ക്ക് താങ്ങാനാവില്ല. ഒരു സഹോദരന്റെ സ്ഥാനത്തിരുന്ന് ഞങ്ങളെ സഹായിച്ച ഞങ്ങളുടെ രക്ഷിതാവാണ്. എല്ലാ അധ്യാപകരെയും പോലെയല്ല അദ്ദേഹം ഞങ്ങളോട് ഇടപെട്ടിരുന്നത്. വേറെ ഒരാള്‍ക്കും അതുപോലെ ആവാനും കഴിയില്ല. കുട്ടികളുടെ തടഞ്ഞുവെക്കല്‍ സമരത്തിനുമുന്നില്‍ സര്‍ക്കാര്‍ പോലും മുട്ടുമടക്കി സ്ഥലമാറ്റ തീരുമാനം റദ്ദ് ചെയ്യുകയായിരുന്നു. രാഷ്ട്രപതിയുടെ പുരസ്‌ക്കാരത്തേക്കാളും തിളക്കമേറിയതാണ് ശിഷ്യന്‍മാരുടെ ഇത്തരം വാക്കുകളും പ്രവൃത്തികളും. ഓരോ അധ്യാപകര്‍ക്കും മറ്റൊരു ഭഗവാനായി മാറാനുള്ള ആഴമേറിയ ചിന്തകള്‍ക്കുള്ള അവസരമായി അധ്യാപക ദിനം മാറണം. അതിനായി സിലിബസ് പഠിപ്പിച്ചു തീര്‍ക്കലും വിജയശതമാനം ഉറപ്പുവരുത്തലും മാത്രമെന്നുള്ള ചങ്ങലകെട്ടില്‍ നിന്നും അധ്യാപകര്‍ക്ക് മോചനം കിട്ടണം. അതോടൊപ്പം സര്‍ക്കാരിതര സ്‌കൂളുകളില്‍ മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്താനും ബാലാവകാശ നിയമത്തിന്റെ ദുരുപയോഗത്തില്‍നിന്നും രക്ഷ കൊടുക്കാനും ഭരണകൂടത്തിനും സാധ്യമാവണം.