ദിബിന്‍ ഗോപന്‍
സെലക്ടര്‍മാരുടെ കണ്ണ്് തുറക്കാന്‍ ബാറ്റുകൊണ്ട് സഞ്ജുവിന് ഇനി ചെയ്യാനൊന്നുമില്ല. കഴിഞ്ഞ ദിവസം വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ ഗോവക്കെതിരെ നേടിയ ഇരട്ട സെഞ്ച്വറി നേട്ടത്തോടെ സഞ്ജു സ്വന്തം പേരില്‍ കുറിച്ചത് നിരവധി റെക്കോര്‍ഡുകളാണ്. ഈ നേട്ടങ്ങളെല്ലാം കണ്ടിട്ടും ഇനിയും ഇന്ത്യ ടീമിലെത്താന്‍ സജ്ഞുവിന് അര്‍ഹതയില്ലെന്ന വാദം തീര്‍ത്തും അപലപനീയമാണ്.
ക്രിക്കറ്റിനെ ഒരു മതമായി കാണുന്ന ജനതയാണ് ഇന്ത്യയിലുള്ളത്. നിരവധി ആഭ്യന്തര മത്സരങ്ങളും ഇന്ത്യയില്‍ അരങ്ങേറാറുണ്ട്. ഇതില്‍ കഴിവ് തെളിയിച്ചവര്‍ തന്നെയാണ് ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുന്നതും. ആഭ്യന്തര മത്സരങ്ങളിലെ പ്രകടനം രാജ്യത്തിന് വേണ്ടി പുറത്തെടുക്കാന്‍ കളിക്കാര്‍ക്ക് സാധിക്കുന്നില്ല എന്ന വാദമാണ് പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുള്ളത്. ഈ വാദം ശരിയാണെങ്കില്‍ സച്ചിനെ പോലെയുള്ള ഇതിഹാസങ്ങള്‍ രാജ്യത്തിന് വേണ്ടി ബാറ്റ് വീശില്ലായിരുന്നു. ഒരു താരത്തിനോടുള്ള അമിത താല്‍പര്യം മറ്റുള്ള കളിക്കാര്‍ക്ക് അവസരം നിഷേധിക്കുന്നതിലേക്ക് വഴിവെക്കുന്നു. ഇന്ത്യന്‍ മുന്നേറ്റ നിര തകര്‍ന്നാല്‍ ടീം പൂര്‍ണമായും പരാജയമാകുന്ന അവസരങ്ങള്‍ നിരവധി തവണ കണ്ടിട്ടുണ്ട്. ഈ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടന്ന ഏകദിന ലോകകപ്പ് ടൂര്‍ണമെന്റിലെ സെമിഫൈനല്‍ മത്സരത്തിലെ വീഴ്ച്ച ആരും മറന്നുകാണില്ല.
ഫോമില്ലാത്ത താരത്തെ നിര്‍ബന്ധ ബുദ്ധിയോടെ മത്സരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നഷ്ടമാകുന്നത് വിജയങ്ങളാണ്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി- 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് ഏകദിന ലോകകപ്പ് നല്‍കുന്ന പാഠം ഒരു ഓര്‍മ്മപ്പെടുത്തലായി ഉണ്ടാവട്ടെ.