X

നമ്മുടെ ഇന്ത്യ, അവരുടെ ഇന്ത്യ

പരഞ്ചോയ് ഗുഹ താക്കൂര്‍ത

വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാസിസമാണ്. നിങ്ങള്‍ക്കതിനെ ഭൂരിപക്ഷവാദമെന്നോ സ്വേച്ഛാധിപത്യവാദമെന്നോ പേരിട്ടു വിളിക്കാം. ഏത് പേരില്‍ വിളിച്ചാലും അത് ഇന്ത്യന്‍ ശൈലിയിലുള്ള ഫാസിസമാണ്.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെക്കാള്‍ മോദി ഭരണകൂടം എതിര്‍ക്കുന്നത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെയാണ്. അതെന്തുകൊണ്ടായിരിക്കും. നമുക്കറിയാം അടിയന്തിരാവസ്ഥയില്‍ ജുഡീഷ്യറിയും ബ്യൂറോക്രസിയും മാധ്യമങ്ങളുമെല്ലാം കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നുപോകേണ്ടിവന്നത്. എന്നാല്‍ അതിനേക്കാള്‍ മോശമാണ് ഇന്നത്തെ സ്ഥിതിവിശേഷം. അന്നത്തേതില്‍ നിന്നും വ്യത്യസ്തമായി ഇന്ന് ജുഡീഷ്യറിയും ബ്യൂറോക്രസിയും മാധ്യമങ്ങളും മാത്രമല്ല ഇലക്ഷന്‍ കമ്മീഷനും റിസര്‍വ് ബാങ്കും സി.ബി.ഐ യുമെല്ലാം ഒന്നിനുപിറകെ ഒന്നായി ഭരണകൂട ഒത്താശയില്‍ അധികാരം കവര്‍ന്നെടുക്കപ്പെട്ട് സ്വതന്ത്ര അസ്തിത്വം തകര്‍ന്ന് നില്‍ക്കുന്ന അവസ്ഥയിലാണ്. ഫലത്തില്‍ നമ്മുടെ ജനാധിപത്യ സംവിധാനം തന്നെ ദുര്‍ബലമാകുകയാണ്.

അടിയന്തിരാവസ്ഥക്കുശേഷം അധികാരത്തില്‍വന്ന മൊറാര്‍ജി മന്ത്രിസഭയിലെ വാര്‍ത്താവിതരണ മന്ത്രിയായ എല്‍.കെ അദ്വാനി മാധ്യമങ്ങള്‍ അടിയന്തിരാവസ്ഥയില്‍ കീഴടങ്ങിയതിനെ കുറിച്ച് അക്കാലത്ത് ഏറെ ആശ്ചര്യപൂര്‍വം സംസാരിച്ച നേതാവാണ്. ‘കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴഞ്ഞ’ മാധ്യമങ്ങളുടെ നടപടി ഇന്നും ചരിത്രപരം തന്നെയാണ്. കുറച്ചു മാധ്യമങ്ങള്‍ കാട്ടിയ ധീരത ഞാന്‍ മറക്കുന്നില്ല. എന്നാല്‍ അദ്വാനിയുടെ ആ ചോദ്യം ഏറ്റവും കൂടുതല്‍ പ്രസക്തമാകുന്നത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിലാണ്. എന്തുകൊണ്ട് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ നിശബ്ദരാകുന്നു. കേവലം അഡ്വര്‍ടൈസിങ് ഏജന്‍സികളോ സര്‍ക്കാരിന്റെ പി.ആര്‍ ഏജന്‍സികളോ ആയി എന്തുകൊണ്ട് മാധ്യമങ്ങള്‍ തരംതാഴുന്നു. അതിലേക്ക് നമുക്ക് കടന്നുപോകണമെങ്കില്‍ ഈ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.

ഇന്ത്യയില്‍ ബഹുകക്ഷി ജനാധിപത്യം പരാജയപ്പെട്ടുവെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. 45 ശതമാനം മാത്രം വോട്ടു കിട്ടിയ മുന്നണിയുടെ നേതാവാണ് അദ്ദേഹം. അതിന്റെ അര്‍ത്ഥം 55 ശതമാനം ഇന്ത്യക്കാര്‍ ഈ സര്‍ക്കാരിന് വോട്ട് ചെയ്തില്ല എന്നുതന്നെയാണ്. എന്നിട്ടും മോദി -ഷാ ധ്വയവും ആര്‍.എസ്.എസും ആഗ്രഹിക്കുന്നത് അമേരിക്കന്‍ മോഡല്‍ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് നമ്മുടെ ജനാധിപത്യത്തെ മാറ്റണമെന്നാണ്. ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെ രണ്ടു വ്യക്തികളുടെ (മോദി, രാഹുല്‍) പോരാട്ടമായി ചുരുക്കികാട്ടാനാണ് മോദി ആഗ്രഹിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ അത്തരത്തില്‍ ‘വ്യക്തിഗത’മാക്കുന്നതിലൂടെ പ്രതിപക്ഷത്തെ ഒന്നടങ്കം ദുര്‍ബലമാക്കാന്‍ സാധിച്ചു.

ഗാന്ധി ജയന്തിക്ക് മുമ്പ് എന്‍.ആര്‍.സി വിഷയത്തില്‍ അമിത്ഷാ പറഞ്ഞത് ഹിന്ദു, സിഖ്, ജെയിന്‍ വിഭാഗങ്ങള്‍ ഭയപ്പെടേണ്ടതില്ല എന്നാണ്. അപ്പോള്‍ ആരാണ് ഭയപ്പെടേണ്ടത്. മുസ്‌ലിംകള്‍ മാത്രം. ഇന്ത്യന്‍ ജനസംഖ്യയിലെ ഏഴിലൊന്നു വരുന്ന മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുകയാണ് ഈ നടപടിയിലൂടെ. ഇത് ഫാസിസമാണ്. ഹിറ്റ്‌ലറുടെയോ മുസോളിനിയുടെയോ അല്ല. ഇന്ത്യന്‍ ഫാസിസം. നരേന്ദ്ര മോദിയുടെ ഗുരുവായ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്‌സ്’എന്ന കൃതിയുടെ ആദ്യ പതിപ്പുകള്‍ പരിശോധിച്ചാല്‍ ഇതിന്റെയെല്ലാം അന്തരാര്‍ത്ഥം മനസ്സിലാകും. ഹിന്ദുക്കളുടെ മൂന്നു ശത്രുക്കളെ ആ ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നുണ്ട്. ആ ശത്രുക്കള്‍ യഥാക്രമം ഇവരാണ്. മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകള്‍. കേരളത്തില്‍ ഈ മൂന്നു കൂട്ടരുമുണ്ട്. ഭാഗ്യത്തിന് ഇന്ത്യയുടെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ സാക്ഷരതാനിരക്ക് ഉയര്‍ന്നതാണ്.

എന്‍.ആര്‍.സിക്കു പിന്നാലെ കശ്മീരില്‍ നടന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണ്. ആര്‍ട്ടിക്കിള്‍ 19 ന്റെ നഗ്‌നമായ ലംഘനമാണ് ആ ജനതയുടെമേല്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ചത്. പരസ്പരം ബന്ധപ്പെടാനാകാതെ അവര്‍ ഇന്നും ബുദ്ധിമുട്ടുകയാണ്. എന്നിട്ടും ഭരണകൂടം പറയുന്നത് അവിടെ എല്ലാം നോര്‍മലാണെന്നാണ്. അതാണ് സത്യമെങ്കില്‍ പിന്നെ ആ ജനജീവിതം എന്തുകൊണ്ട് സമാധാനപരം ആകുന്നില്ല. അവര്‍ക്ക് സാധാരണ മനുഷ്യരെപോലെ എന്തുകൊണ്ട് ജീവിക്കാനാകുന്നില്ല. ഇനി നരേന്ദ്ര മോദിയും അമിത് ഷായും വിശ്വസിക്കുന്നത് പോലെ കശ്മീരി ജനത, ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനെ സത്യത്തില്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് അവരുടെ സ്വതന്ത്രമായ സൈ്വര്യ ജീവിതത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

അവരെ മറ്റുള്ളവരെപോലെ ജീവിക്കാന്‍ അനുവദിച്ചുകൂടെ. ഇത്തരത്തിലുള്ള പിടിച്ചടക്കലും പരസ്പര ബന്ധം തകര്‍ക്കുന്ന നടപടികളും കശ്മീരിലെ പ്രശ്‌നങ്ങള്‍ ആത്യന്തികമായി പരിഹരിക്കില്ല എന്നാണ് എന്റെ വിശ്വാസം. മറിച്ച് കശ്മീരിനെ ഒരു ഫലസ്തീന്‍ ആക്കിമാറ്റാനുള്ള നടപടികള്‍ക്ക് ആക്കംകൂട്ടുമെന്നും ഭയപ്പെടുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്റര്‍നെറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രചാരണ ആയുധമാക്കിമാറ്റാന്‍ തല്‍പരകക്ഷികള്‍ക്ക് സാധിച്ചിട്ടുണ്ട്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ രവീഷ് കുമാര്‍ അഭിപ്രായപ്പെട്ടത് പോലെ ‘വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി’ അരങ്ങുതകര്‍ക്കുകയാണ്. വിദ്യാഭ്യാമില്ലാത്ത വലിയൊരു ജനവിഭാഗത്തെ ഇതെല്ലാം കാര്യമായി സ്വാധീനിക്കുന്നുണ്ട്. അങ്ങനെ വ്യാജ വാര്‍ത്തകളും അര്‍ധ സത്യങ്ങളും വര്‍ത്തയെന്ന ലേബലില്‍ നിര്‍ബാധം പ്രചരിക്കുന്നു. ‘എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല. എന്നാല്‍ എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ’ എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചവ തന്നെ ഏറ്റവും മികച്ച ഉദാഹരണം.

ഇന്ത്യയിലെ ഇന്നത്തെ മാധ്യമങ്ങളുടെ അവസ്ഥ പരിശോധിച്ചാല്‍ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സേവനദാതാവും ഏറ്റവും വലിയ മാധ്യമ ശൃംഖലയുടെ ഉടമയും ഒരാള്‍ തന്നെയാണെന്ന് കണ്ടെത്താം. ചുരുക്കത്തില്‍ റിലയന്‍സ് ജിയോയും മുകേഷ് അംബാനിയുമാണ് നമ്മുടെ കാഴ്ചകളെ, കേള്‍വികളെ, കാഴ്ചപ്പാടുകളെ നിര്‍ണ്ണയിക്കുന്നത്. ആല്‍ഡസ് ഹക്‌സിലിയും ജോര്‍ജ് ഓര്‍വെലും ചൂണ്ടിക്കാട്ടിയ അതേ വിപത്തിലേക്കാണ് മാധ്യമ കുത്തകകള്‍ നമ്മെ കൊണ്ടുപോകുന്നത്. സ്വതന്ത്ര മാധ്യമങ്ങളും സ്വതന്ത്ര ഇന്റര്‍നെറ്റും ഈ പുതിയ ഡാറ്റാ വിപ്ലവകാലത്ത് ഇല്ലാതാകുന്നുണ്ട്. അത്തരത്തില്‍ ഇല്ലാതാകുന്ന പലതിന്റെയും ആകത്തുകയാണ് നമ്മുടെ ജനാധിപത്യം. കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം വീതം തരുമെന്ന് പറഞ്ഞവര്‍ പിന്നീട് പറയുന്നത് പുല്‍വാമയെന്നും ബാലകോട്ടെന്നും ദേശീയതയെന്നുമാണ്. അവസാനം അവര്‍ പറയുന്നത് ഞങ്ങളും നിങ്ങളുമെന്നാണ്. ഇന്ത്യന്‍ ജനതയെ അവര്‍ നിര്‍വചിക്കുകയാണ്. ദേശക്കൂറുള്ളവരെന്നും ദേശവിരുദ്ധരെന്നും. ഇതിനെല്ലാം നാം ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതിനായി ഒരുമിച്ച്‌നിന്ന് പോരാടേണ്ടതുണ്ട്. അന്ധകാരം നീക്കേണ്ടതുണ്ട്.(കൊടുങ്ങല്ലൂരില്‍ നടന്ന ടി.എന്‍ ജോയ് -നജ്മല്‍ ബാബു അനുസ്മരണത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പരഞ്ചോയ് ഗുഹ താക്കൂര്‍ത നടത്തിയ പ്രഭാഷണം)
തയാറാക്കിയത്: പി.കെ അബ്ദുല്‍ റഊഫ്‌

Test User: