X
    Categories: Video Stories

ഫാസിസ്റ്റ് വാഴ്ചയുടെ കെടുതികള്‍


സി.കെ സുബൈര്‍
ഏഴ് പതിറ്റാണ്ടിലേറെ പ്രായമായി ജനാധിപത്യ ഇന്ത്യക്ക്. ഇക്കാലത്തിനിടയില്‍ രാജ്യം സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പുകളില്‍ ഏറെ സവിശേഷതകളുള്ള തെരഞ്ഞെടുപ്പായിരുന്നു 1957 ലേത്. സ്വതന്ത്ര ഭാരതത്തിനന്ന് പത്ത് വയസ്സ് പ്രായം. ഇന്ത്യയില്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണത്തിനുവേണ്ടിയുള്ള സമരങ്ങള്‍ സജീവമായിരുന്ന കാലം. ആഗോള തലത്തില്‍ തന്നെ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ബാധിച്ച ക്ഷാമ കാലം. സംസ്ഥാന രൂപീകരണത്തിന്റെ സംവാദങ്ങളില്‍ അതിവൈകാരികത മുറ്റിനിന്ന, കടുത്ത ക്ഷാമത്തിന്റെ നാളുകളില്‍ പൊതുതെരഞ്ഞെടുപ്പ് വേണമെങ്കില്‍ നീട്ടിവെക്കാമെന്ന് അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റുവിനെ ഉപദേശിച്ചവരുണ്ടായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയായ പ്രഥമ പ്രധാനമന്ത്രി പക്ഷേ തെരഞ്ഞെടുപ്പ് നടത്തി. അതിനന്നദ്ദേഹം കാരണമായി പറഞ്ഞ വാക്കുകള്‍ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വാക്കുകളായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ എന്റെ ഭരണത്തെക്കുറിച്ച് ഈ രാജ്യം എന്ത് ചിന്തിക്കുന്നു എന്നെനിക്കറിയണം. ആ തെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ നെഹ്‌റു അധികാരത്തില്‍ തുടര്‍ന്നു.
രാജ്യത്ത് മറ്റൊരു ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ ആരവങ്ങളുയര്‍ന്ന് കഴിഞ്ഞു. തന്റെ അഞ്ച് വര്‍ഷക്കാലത്തെ ഭരണത്തെപ്പറ്റി നിങ്ങള്‍ക്കെന്തു പറയാനുണ്ട് എന്ന് ജനങ്ങളോട് ചോദിക്കാനുള്ള ധൈര്യം പ്രധാനമന്ത്രിക്കുണ്ടോ? ഇല്ല എന്ന് മാത്രമല്ല, ആ ചോദ്യത്തില്‍നിന്ന് രക്ഷപ്പെടാനുള്ള കസര്‍ത്തുകളാണ് മോദിയുടെ ഓരോ വാക്കുകളും, ചലനങ്ങളും. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ നീതി നിഷേധങ്ങള്‍ അരങ്ങേറിയ കറുത്ത കാലം, അതായിരുന്നു കഴിഞ്ഞ അഞ്ചാണ്ടുകള്‍. സ്വന്തം ജനതക്ക് നീതി നിക്ഷേധിക്കുക എന്നത് മുദ്രാവാക്യമായി കൊണ്ട്‌നടന്ന ഒരു സര്‍ക്കാറാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്. ഇന്ത്യന്‍ ഭരണഘടന കേന്ദ്രീകരിക്കുന്നത് സാമൂഹിക നീതി എന്ന മഹത്തായ സങ്കല്‍പ്പത്തിലാണ്. അതിന്റെ പൂര്‍ത്തീകരണത്തിനായി ഭരണഘടനാശില്‍പ്പികള്‍ സ്വീകരിച്ച മുന്‍കരുതലായിരുന്നു സംവരണം. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം സാമൂഹിക നീതി എന്ന ഭരണഘടനയുടെ ആത്മാവിനെയാണ് ചോര്‍ത്തികളയുന്നത്. സാമ്പത്തിക സംവരണം എന്ന ആര്‍.എസ്.എസ് അജണ്ടയിലേക്കുള്ള ആദ്യപടി. ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന ന്യൂനപക്ഷ, ദലിത്, പിന്നാക്ക സമുദായങ്ങള്‍ക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടും എന്നതാണ് ഇതിന്റെ അനിവാര്യമായ പരിണിതി.
മോദി വാഴ്ച കാലത്ത് ജനാധിപത്യ ഇന്ത്യ നേരിട്ട ഏറ്റവും വലിയ ഭീഷണിയായിരുന്നു തെരുവുകളില്‍ അഴിഞ്ഞാടിയ സംഘ്പരിവാര്‍ ഭീകരത. മനുഷ്യ ജീവന് പശുവിന്റെ വില പോലുമില്ലെന്ന് രാജ്യം ഞെട്ടലോടെ തിരിച്ചറിഞ്ഞ ദിനങ്ങള്‍. നാല്‍പതിലധികം ആളുകളാണ് സംഘ്പരിവാര്‍ ആള്‍ക്കൂട്ട ഭീകരതയുടെ ഇരകളായി പട്ടാപ്പകല്‍ കൊല്ലപ്പെട്ടത്. ഇന്ത്യയുടെ സുപ്രീകോടതി ആള്‍ക്കൂട്ട ഭീകരത നിയന്ത്രിക്കാന്‍ ശക്തമായ നിയമനിര്‍മാണം വേണമെന്നാവശ്യപ്പെട്ടപ്പോഴും അതിനോട് മോദി സര്‍ക്കാര്‍ മുഖം തിരിച്ചത് ആള്‍ക്കൂട്ട ഭീകരതക്ക് നേതൃത്വം കൊടുക്കുന്നത് നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരായ ഫാസിസ്റ്റ് സംഘടനകളാണ് എന്നതുകൊണ്ടാണ്.
മുഹമ്മദ് അഖ്‌ലാഖ്, പെഹ്‌ലുഖാന്‍, ജുനൈദ്, മുഹമ്മദ് ഉമര്‍ഖാന്‍ തുടങ്ങി ഡല്‍ഹിയിലെ മദ്രസ വിദ്യാര്‍ത്ഥി മുഹമ്മദ് അസിം വരെ നീണ്ടുനില്‍ക്കുന്ന ആ പട്ടികയില്‍ മുസ്‌ലിം, ദലിത് പേരുകള്‍ മാത്രമേ ഉള്ളു എന്നത് രാജ്യത്ത് അധികാരത്തിലിരിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ അപകടം വിളിച്ചറിയിക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ പിന്‍തുടര്‍ച്ചക്കാരനെന്ന് സംഘ്പരിവാര്‍ വാഴ്ത്തിപ്പാടുന്ന യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് മനുഷ്യാവകാശങ്ങളുടെ ചുടലപ്പറമ്പാണ്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം യോഗി സര്‍ക്കാറിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹാപുര്‍ ജില്ലയിലെ പിലക്വയില്‍ കാസിം എന്ന യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന് വലിച്ചിഴച്ചു കൊണ്ടുവരുന്ന കാഴ്ച രാജ്യത്തെ കരയിച്ചതാണ്. പൊലീസ് ഓഫീസറായ സുബോധ് കുമാര്‍ സിങിന് ജീവന്‍ നഷ്ടപ്പെട്ടത് നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചതിനാണ്. അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍ മോദി ഇന്ത്യയെ നാണം കെടുത്തിയ ക്രൂരമായ മനുഷ്യാവകാശ നിഷേധങ്ങളുടെ എത്രയോ സംഭവങ്ങള്‍. എതിരഭിപ്രായങ്ങള്‍ പറയുന്നവരെ കൊലപ്പെടുത്തുക അല്ലെങ്കില്‍ തുറുങ്കിലടക്കുക എന്നതാണ് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരിലങ്കേഷ് തുടങ്ങി മോദി വാഴ്ചയെ വാക്കുകള്‍ കൊണ്ട് ചോദ്യം ചെയ്തതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പട്ടിക ഇനിയും നീളുമെന്ന് തന്നെയാണ് സ്വാമി അഗ്‌നിവേശിന് എതിരെയും കാഞ്ചാ ഇളയ്യക്കെതിരെയുമുണ്ടായ അക്രമങ്ങള്‍ വിളിച്ച് പറയുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും തടവറയിലിട്ട് നിശബ്ദരാക്കാനുള്ള തന്ത്രവും കാണേണ്ടതുണ്ട്.
രാജ്യം കണ്ട ഏറ്റവും സംഘടിതമായ ഗുജറാത്ത് കലാപത്തിന് അന്നത്തെ മുഖ്യന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പിന്തുണ ഉണ്ടായിരുന്നു എന്ന സത്യം സുപ്രീകോടതിയില്‍ വിളിച്ചുപറഞ്ഞതിന്റെ പേരില്‍ സഞ്ജീവ് ഭട്ട് എന്ന പൊലീസ് ഓഫീസറെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ബാബാരാഘവദാസ് മെഡിക്കല്‍ കോളജില്‍ പ്രാണവായു കിട്ടാതെ നൂറിലധികം കുട്ടികള്‍ ഒരു സ്വാതന്ത്ര്യദിന പുലരിയില്‍ പിടഞ്ഞുമരിച്ചപ്പോള്‍ ആ കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കഫീല്‍ ഖാനെ കേസില്‍ പ്രതിചേര്‍ത്ത് തുറുങ്കിലടക്കുന്നതും രാജ്യം ഞെട്ടലോടെയാണ് കണ്ടത്. ഭീകരവാദി, അര്‍ബന്‍ നക്‌സല്‍, മാവോവാദി.. പ്രതിഷേധ ശബ്ദങ്ങളെ ബ്രാന്‍ഡ് ചെയ്യാന്‍ പദങ്ങള്‍ ഏറെയുണ്ട് ഫാസിസത്തിന്റെ നിഘണ്ടുവില്‍. ജനാധിപത്യത്തെ വെടിവെച്ചു കൊലപ്പെടുത്താനും തടവറയില്‍ നിശബ്ദമാക്കാനും ഒരു ഭരണകൂടം ശ്രമിച്ചതിന്റെ ക്രൂരമായ നേര്‍ക്കാഴ്ചകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
പ്രതിപക്ഷ മതേതര ശക്തികള്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്ന ഐക്യം നരേന്ദ്രമോദി അമിത്ഷാ കൂട്ടുകെട്ടിനെ ഭയപ്പെടുത്തുന്നുണ്ട്. അഖിലേഷ് യാദവ്, മായാവതി, ലല്ലു പ്രസാദ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ സി.ബി.ഐയെ ഉപയോഗപ്പെടുത്തി ഭീക്ഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു. പ്രതിപക്ഷ നേതാക്കന്മാര്‍ക്കെതിരെ വേട്ടനായ്ക്കളെ തുടലഴിച്ച് വിടും പോലെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബി. ജെ.പി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിക്ക് ഫെഡറല്‍ സംവിധാനത്തെ മറികടന്നുകൊണ്ടുള്ള സി. ബി.ഐ ഇടപെടലുകള്‍ക്കെതിരെ കൊല്‍ക്കത്ത നഗരത്തില്‍ പ്രതിഷേധ സമരത്തിന് നേതൃത്വം കൊടുക്കേണ്ടിവന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഫെഡറലിസത്തിന് എതിരായ ഇത്തരം കടന്നാക്രമണങ്ങള്‍ പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുകയല്ല ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നത് ആശാവഹമാണ്. മമതാബാനര്‍ജിയുടെ സമരപ്പന്തലിലേക്ക് മതേതര ഇന്ത്യയുടെ നേതാക്കന്മാര്‍ ഒഴുകിയെത്തിയത് ആശാവഹമായ കാഴ്ചയാണ്.
പ്രതിരോധ ഇടപാടുകളിലെ അഴിമതിയില്‍ മുഖം നഷ്ടപ്പെട്ട സര്‍ക്കാറാണിത്. റഫേല്‍ വിമാന ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധ വകുപ്പിനെ മറികടന്നു സമാന്തരമായി വിലപേശല്‍ നടത്തുന്നു എന്ന് ചൂണ്ടി കാണിച്ചു പ്രതിരോധ വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥന്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് അയച്ച കത്ത് കഴിഞ്ഞ ദിവസം ദി ഹിന്ദു ദിനപത്രം പുറത്തുവിട്ടിരുന്നു. റഫേല്‍ ഇടപാടില്‍ അംബാനി ഗ്രൂപ്പിനുവേണ്ടി പ്രധാനമന്ത്രി വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിച്ചതാണ്. അതിനെ ബലപ്പെടുത്തുന്ന തെളിവാണ് ഹിന്ദു ദിനപത്രം പുറത്തുവിട്ടത്. ഇതിനെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അവസാനിക്കും എന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് അര്‍ധരാത്രിയില്‍ കൊട്ടാര വിപ്ലവം നടത്തി സി.ബി.ഐ ഡയറക്ടറെ മാറ്റാന്‍ മോദി തയ്യാറായത്. മടിയില്‍ കനമുള്ളതുകൊണ്ടാണ് സത്യസന്ധമായ അന്വേഷണത്തില്‍നിന്ന് ഒളിച്ചോടാന്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നാടകം കളിക്കുന്നത്.
തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ 45 വര്‍ഷക്കാലത്തെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യത്തുള്ളത്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചതിനെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആയിരക്കണക്കിന് കര്‍ഷകരാണ് രാജ്യത്ത് ഒരു വര്‍ഷം ആത്മഹത്യ ചെയ്യുന്നത്. കര്‍ഷകന് 50 ശതമാനം ലാഭം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം കൊടുത്ത് അധികാരത്തിലേറിയ മോദി സര്‍ക്കാറിന്റെ കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഇതു സംബന്ധിച്ച കണക്കുകള്‍പോലും മോദി സര്‍ക്കാര്‍ പുറത്തു വിടാത്തത് രാജ്യത്തെ കര്‍ഷകള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയാണ് എന്ന നാണക്കേട് മൂടിവെക്കാനാണ്. രാജ്യത്ത് മഹാവിപ്ലവം തീര്‍ത്ത ഗ്രാമീണ ഇന്ത്യയുടെ പട്ടിണി മാറ്റിയ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടത്ര ഫണ്ടു നല്‍കാതെ പദ്ധതി അട്ടിമറിച്ച നരേന്ദ്ര മോദി ആയിരക്കണക്കിനു കോടികളാണ് കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മോദി ഭരണംകൊണ്ട് ആര്‍ക്കെങ്കിലും അച്ചാദിന്‍ ഉണ്ടായെങ്കില്‍ അത് കോര്‍പറേറ്റ് കുത്തകകള്‍ക്കാണ്. കര്‍ഷകരും യുവാക്കളും രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളും അങ്ങേയറ്റം അസംതൃപ്തരാണ്.
പ്രതിസന്ധികളില്‍നിന്ന് പിറന്ന നാടിനെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ കണ്ണി ചേരുക എന്നത് യുവാക്കളുടെ ദൗത്യമാണ്. ഫാസിസ്റ്റ് വാഴ്ചയുടെ കെടുതികളില്‍നിന്ന് ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം മുസ്‌ലിം യൂത്ത് ലീഗ് മുന്‍നിരയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. സംഘ്പരിവാര്‍ ആള്‍ക്കൂട്ട ഭീകരതയുടെ ഇരകളുടെ അരികില്‍ ഇന്ത്യയിലെവിടെയും ആദ്യം ഓടിയെത്തിയത് മുസ്‌ലിം യൂത്ത് ലീഗാണ്. ഈ മനുഷ്യാവകാശ നിഷേധങ്ങളെ പൊതു സമൂഹത്തില്‍ ഏറ്റവുമധികം പ്രശ്‌നവത്കരിച്ചതും വിട്ടുവീഴ്ചയില്ലാതെ പൊരുതിയതും യൂത്ത് ലീഗാണ്. കത്വയുടെ ഇടയ ബാലികയുടെ ഘാതകര്‍ക്കുവേണ്ടി തെരുവിലിറങ്ങിയവരുടെ കയ്യില്‍ ഇന്ത്യയുടെ ദേശീയ പതാക ഉണ്ടായിരുന്നു. ആ പതാകയുടെ അഭിമാനം വീണ്ടെടുക്കാനായിരുന്നു യൂത്ത്‌ലീഗിന്റെ സമരം. ആ സമര ചരിത്രത്തില്‍ ആവേശകരമായ ഒരേടു കൂടി തുന്നിച്ചേര്‍ത്ത്‌കൊണ്ടാണ് രാജ്യ തലസ്ഥാനത്ത് ജസ്റ്റീസ് മാര്‍ച്ച് നടക്കുന്നത്. ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകന്മാരും ഫാസിസ്റ്റ് ഭീകരതയുടെ ഇരയാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളും അണിനിരക്കുന്ന ജസ്റ്റിസ് മാര്‍ച്ച് ആവേശകരമായ യുവജന മുന്നേറ്റമായി മാറും. ഇന്ദ്രപ്രസ്ഥത്തിലെ അധികാര കസേരയില്‍നിന്ന് വര്‍ഗീയ ഫാസിസത്തെ പുറത്താക്കി മതേതര ജനാധിപത്യത്തെ അവരോധിക്കുംവരെ വിശ്രമമില്ലാത്ത നാളുകളായിരിക്കും.
(മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

ചന്ദ്രിക വെബ് ഡെസ്‌ക്‌: