X
    Categories: Views

ന്യൂനപക്ഷ ശാക്തീകരണത്തിന്റെ എഴുപത് വര്‍ഷം

പി.കെ കുഞ്ഞാലിക്കുട്ടി എം.പി

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളക്കമുറ്റിയ അധ്യായം രചിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എഴുപത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 1948 മാര്‍ച്ച് 10ന് മദിരാശി രാജാജി ഹാളില്‍ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ ദീര്‍ഘദര്‍ശനത്തില്‍ രൂപീകൃതമായ പ്രസ്ഥാനം അജയ്യമായി മുന്നോട്ട്. സംഭവബഹുലമായ എഴുപത് വര്‍ഷം മതേതര ഇന്ത്യക്ക് കരുത്തായി രാജ്യത്തെ മുസ്‌ലിം-ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ കൃത്യമായ പങ്ക് അടയാളപ്പെടുത്താന്‍ മുസ്‌ലിംലീഗിനു കഴിഞ്ഞു. അഖണ്ഡതയും ഐക്യവും മതമൈത്രിയും കാത്തുസൂക്ഷിച്ച് ധീരമായി മുന്നോട്ട്‌നീങ്ങുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് കാലങ്ങള്‍ക്ക് മുമ്പേ മുന്നോട്ട്‌വെച്ച ആശയങ്ങളാണ് ഇപ്പോള്‍ പലരും ചര്‍ച്ച ചെയ്യുന്നത്.

മുസ്‌ലിംലീഗ് രൂപീകരിക്കുമ്പോള്‍ പലരും ചോദിച്ചു, എന്തിനാണ് മുസ്‌ലിംലീഗ് രൂപീകരിക്കുന്നത് എന്ന്. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും മറ്റു പിന്നാക്ക ജനവിഭാഗങ്ങളുടെയും ക്ഷേമത്തിനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും മുസ്‌ലിംലീഗ് അനിവാര്യമാണെന്ന് വിമര്‍ശകരുടെ മുഖത്ത് നോക്കി ഖാഇദെമില്ലത്ത് പറഞ്ഞ വാക്കുകള്‍ എത്രമാത്രം ദീര്‍ഘദൃഷ്ടിയോടെയായിരുന്നുവെന്ന് പിന്നീടുള്ള നാളുകള്‍ തെളിയിച്ചു.

ന്യൂനപക്ഷങ്ങളെ ഉയര്‍ത്തികൊണ്ടുവരാന്‍ അവകാശ പോര്‍ക്കളത്തില്‍ മുന്നില്‍ നിന്നു. ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലെത്തിക്കുക, സാമൂഹ്യപരമായ കാരണങ്ങളാല്‍ പിറകിലായ രാജ്യത്തെ മുസ്‌ലിം-ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ വകവെച്ചു കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ മുസ്‌ലിംലീഗ് സ്ഥാപിത കാലം തൊട്ടേ പറയുന്നതാണ്. മുസ്‌ലിംലീഗ് അത് കര്‍മപഥത്തില്‍ തെളിയിക്കുകയും ചെയ്തു. പിന്നാക്ക വിഭാഗക്കാരനായ ചടയനെ എം.എല്‍.എയാക്കിയതും പിന്നാക്ക വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളും വിസ്മരിക്കാനാവില്ല.

മുസ്‌ലിംലീഗ് മുന്നോട്ട്‌വെച്ച ആവശ്യങ്ങളുടെ ഫലമായി സര്‍ക്കാറുകള്‍ നിയമിച്ച വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ ന്യൂനപക്ഷങ്ങളുടെ സ്ഥിതി അതിദയനീയമാണെന്ന വസ്തുതകള്‍ വെളിച്ചത്തു വന്നു. ഒടുവില്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലടക്കം ഇത് നമ്മള്‍ കണ്ടു. ഇന്ത്യയില്‍ മുസ്‌ലിംകളും ദലിതരും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവസ്ഥ പരമ ദയനീയമാണെന്ന് യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചത് കാര്യഗൗരവത്തിലെടുക്കേണ്ട ഒന്നാണ്.

ന്യൂനപക്ഷങ്ങളുടെ അവകാശ പോര്‍ക്കളത്തില്‍ സിംഹ ഗര്‍ജനമായി മുസ്‌ലിംലീഗ് ജ്വലിച്ചു. ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ സംവരണം കൂടിയേ തീരുവെന്ന മുസ്‌ലിംലീഗ് ആവശ്യം അംഗീകരിക്കപ്പെട്ടു. ശരീഅത്ത് വിഷയമുണ്ടായപ്പോള്‍ പാര്‍ലമെന്റില്‍ മുസ്‌ലിംലീഗ് നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടു. ഇങ്ങിനെ ഒട്ടേറെ കാര്യങ്ങളില്‍ മുസ്‌ലിംലീഗ് കൊണ്ടുവന്ന ബില്ലുകള്‍ പാര്‍ലമെന്റ് അംഗീകരിച്ചതെല്ലാം നിറവാര്‍ന്ന ചരിത്രമാണ്.

ഒരിക്കലും ഭരണത്തിലെത്താനൊന്നും മുസ്‌ലിംലീഗിന് കഴിയില്ലെന്ന് കളിയാക്കി നടന്നവര്‍ക്ക് മുന്നില്‍ മുസ്‌ലിംലീഗ് ഉന്നതമായ ഭരണം കാഴ്ചവെച്ചു. സി.എച്ച് മുഹമ്മദ് കോയ കേരള മുഖ്യമന്ത്രിയായും ഇ അഹമ്മദ് കേന്ദ്രമന്ത്രിയായുമൊക്കെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായത് മുസ്‌ലിംലീഗിനു എന്നും അഭിമാനിക്കാവുന്ന നിമിഷങ്ങളാണ്. പില്‍ക്കാലത്ത് കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാറില്‍ 20 എം.എല്‍.എമാരും അഞ്ച് മന്ത്രിമാരുമുള്ള വലിയ പാര്‍ട്ടിയായി മുസ്‌ലിംലീഗ് മാറുന്നതും നാം കണ്ടു. ഇന്ന് രാജ്യമെങ്ങും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ജനാധിപത്യ പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്.

വര്‍ഗീയ കലാപങ്ങളും അധികൃതരുടെ പീഢനങ്ങളും മതവൈരംകൊണ്ടുള്ള ആക്രമണങ്ങളും നിമിത്തം ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളുടെ രക്ഷക്കെത്താന്‍ രാജ്യത്ത് മുസ്‌ലിംലീഗ് കാണിക്കുന്ന സന്നദ്ധത പരക്കെ പ്രശംസിക്കപ്പെട്ടിരിക്കുന്നു. യു.പിയിലും ഝാര്‍ഖണ്ഡിലും മറ്റ് സംസ്ഥാനങ്ങളിലുമെല്ലാം കേരള മാതൃകയില്‍ ബൈത്തുറഹ്മാ ഭവനങ്ങളും വിദ്യാഭ്യാസ, ചികിത്സാ സഹായങ്ങളും എത്തിക്കാന്‍ ഊര്‍ജ്ജസ്വലമായി മുസ്‌ലിംലീഗ് ഘടകങ്ങള്‍ രംഗത്തുണ്ട്. രാജ്യമെങ്ങും ഒരു രാഷ്ട്രീയ ചലനം സൃഷ്ടിക്കാനും അധസ്ഥിത സമൂഹങ്ങളില്‍ രാഷ്ട്രീയ പ്രബുദ്ധത വളര്‍ത്താനും മുസ്‌ലിംലീഗിനു കഴിയുന്നു.

ജനാധിപത്യ മതേതര മാര്‍ഗത്തില്‍ ന്യൂനപക്ഷങ്ങളെ ശാക്തീകരിച്ച് പൊതുസമൂഹത്തിനൊപ്പം എത്തിക്കുകയെന്ന മഹത്തായ ദൗത്യം സഫലമാക്കാന്‍ എഴുപത് വര്‍ഷത്തെ പ്രയാണത്തിലൂടെ മുസ്‌ലിംലീഗിനു വളരെയേറെ കഴിഞ്ഞിട്ടുണ്ട്. ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കാനുണ്ട്. ഇന്നത്തെ ഇന്ത്യയുടെ സ്ഥിതി അതി ദയനീയമാണ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണ്. മുസ്‌ലിംകളെയും ദലിതരെയും വേട്ടയാടാന്‍ ഭരണത്തിലിരിക്കുന്നവര്‍ തന്നെ തുനിഞ്ഞിറങ്ങിയിരിക്കുന്നു. രാജ്യം ഫാസിസ്റ്റ് ഭീകരതയില്‍ അകപ്പെട്ടിരിക്കുന്നു. ഇതിനെതിരെ മതേതര ചേരിയെ ശക്തിപ്പെടുത്തുകയെന്ന മഹദ് ദൗത്യത്തിലാണ് മുസ്‌ലിംലീഗ്.

ഇന്ത്യയില്‍ മതേതരത്വം നിലനില്‍ക്കണം. ജനാധിപത്യം ശക്തിപ്പെടണം. ഭരണഘടന നിലനില്‍ക്കണം. നാനാത്വത്തില്‍ ഏകത്വമെന്ന തത്വത്തെ ബലി കഴിക്കാന്‍ അനുവദിച്ചൂകൂടാ. ഭരണകൂടങ്ങള്‍ രാജ്യ താല്‍പര്യം സംരക്ഷിക്കാനാകണം. ബലി കഴിക്കാനാകരുത്. കേന്ദ്രത്തിലെയും കേരളത്തിലെയും ഇപ്പോഴത്തെ ഭരണകൂടം ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനും എതിരായാണ് പ്രവര്‍ത്തിക്കുന്നത്. കൊലപാതകങ്ങളും അവകാശ ധ്വംസനങ്ങളും വര്‍ധിക്കുന്നു. ഇതിനെതിരെ ഒറ്റക്കെട്ടായ ചെറുത്ത്‌നില്‍പ്പ് അനിവാര്യമാണ്. ദേശീയ തലത്തില്‍ മുസ്‌ലിംലീഗ് കൂടുതല്‍ ശക്തിയാര്‍ജിക്കുന്നത് ഏറെ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. വിവിധ പദ്ധതികള്‍ ദേശീയ തലത്തില്‍ പാര്‍ട്ടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ മുസ്‌ലിംലീഗിലേക്ക് കൂടുതല്‍ ആളുകള്‍ ആകൃഷ്ടരായി വരുന്നത് ഈ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന ആശയാദര്‍ശങ്ങളുടെ സ്വീകാര്യതയെയാണ് തെളിയിക്കുന്നത്. ഖാഇദെമില്ലത്ത്, സീതിസാഹിബ്, ബാഫഖി തങ്ങള്‍, പൂക്കോയതങ്ങള്‍, സി.എച്ച്, ശിഹാബ് തങ്ങള്‍, സേട്ടു സാഹിബ്, ബനാത്ത് വാല, ഇ. അഹമ്മദ് തുടങ്ങിയ നേതാക്കളുടെ പാതയില്‍ കൂടുതല്‍ കരുത്താര്‍ജിച്ച് മുന്നോട്ട് പോകാം.

ദേശീയ തലത്തില്‍ ഇന്നത്തെ സ്ഥിതിയില്‍ കേരളത്തിലും തമിഴ്‌നാട്ടിലും മുസ്‌ലിംലീഗ് ശക്തമാണ്. സി.പി.എം പോലും കേരളത്തില്‍ മാത്രമായി ചുരുങ്ങിയ ഘട്ടത്തിലാണ് കേരളത്തില്‍ യു.ഡി.എഫിനൊപ്പവും തമിഴ്‌നാട്ടില്‍ ഡി.എം.കെയൊടൊപ്പവും പ്രബലമായ മുന്നണി ഘടകക്ഷിഎന്ന നിലയില്‍ മുസ്‌ലിംലീഗുള്ളത്. തമിഴ്‌നാട് നിയമസഭയില്‍ പ്രാതിനിധ്യമുള്ള മൂന്ന് കക്ഷികളിലൊന്നാണ് മുസ്‌ലിംലീഗ്. ഈ രണ്ട് സംസ്ഥാനങ്ങളിലും വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് നല്ല പ്രകടനം കാഴ്ചവെക്കുമന്ന് പ്രതീക്ഷിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിംലീഗ് വളരെ സജീവമായ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും (യു.പി, ഝാര്‍ഖണ്ഡ്, ബംഗാള്‍ തുടങ്ങിയവ) ഉദാഹരണമാണ്. ദേശീയ തലത്തില്‍ ചുരുങ്ങിയത് പത്ത് സീറ്റെങ്കിലും മല്‍സരിക്കാനുള്ള മുന്നണി സംവിധാനം ഈ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

chandrika: