X

ഭാഗവത് ആരെയാണ് ബോധ്യപ്പെടുത്തുന്നത്

സുഫ്‌യാന്‍ അബ്ദുസ്സലാം

‘മഹാത്മാഗാന്ധിയുടെ ജീവിത വീക്ഷണം സ്വായത്തമാക്കണം’ എന്ന തലക്കെട്ടില്‍ ആര്‍.എസ്.എസിന്റെ സര്‍സംഘചാലക്, ഡോ. മോഹന്‍ മധുകര്‍ ഭാഗവത് ലേഖനം എഴുതിയിരിക്കുകയാണ്. മഹാത്മാഗാന്ധിയുടെ 150 ാം ജന്‍മവാര്‍ഷികം രാജ്യം ആഘോഷിക്കുന്ന വേളയിലാണ് ഭാഗവതിന്റെ ഗാന്ധി പ്രേമം പ്രകടമായിരിക്കുന്നത്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന വ്യക്തിയെയല്ല ആര്‍.എസ്.എസ് പ്രേമിച്ചുതുടങ്ങുന്നത്, മറിച്ച് അദ്ദേഹത്തിന്റെ വീക്ഷണങ്ങളെയാണ് എന്ന് കേള്‍ക്കുമ്പോള്‍ അത് ആത്മാര്‍ത്ഥമായി പറഞ്ഞതാണെങ്കില്‍ ആര്‍.എസ്.എസ് എന്ന സംഘടന പിരിച്ചുവിടേണ്ട സമയമായി എന്നാണ് മനസ്സിലാവുന്നത്.

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടകാലങ്ങളില്‍, രാജ്യത്തെ വര്‍ഗീയമായ അസ്വാസ്ഥ്യങ്ങളില്‍ തളച്ചിട്ടുകൊണ്ട് മുസ്‌ലിം വിരുദ്ധ ആശയപ്രചാരങ്ങള്‍ക്കും കലാപങ്ങള്‍ക്കും ആര്‍.എസ്.എസ് ബുദ്ധിപരമായ നേതൃത്വം നല്‍കിയിരുന്ന കാലത്ത്, ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രണേതാവായി പ്രവര്‍ത്തിച്ചിരുന്നത് മഹാത്മാഗാന്ധിയായിരുന്നു. ഗാന്ധിയുടെ സാമൂഹിക വീക്ഷണങ്ങളിലെ പ്രഥമവും പ്രധാനവുമായ വിഷയവും അതുതന്നെയായിരുന്നു. ‘സാധ്യമെങ്കില്‍ എന്റെ രക്തം കൊണ്ട് ഹിന്ദു – മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യത്തെ സിമന്റിട്ട് ഉറപ്പിക്കണം’ എന്നു പറഞ്ഞ മഹാത്മജിയുടെ വീക്ഷണത്തോട് ആര്‍.എസ്.എസ് യോജിക്കുന്നുവെങ്കില്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ മുഴുവന്‍ അതിക്രമങ്ങളെയും ഗൂഢാലോചനകളെയും അപലപിക്കുകയും മാപ്പുപറയുകയുമാണ് ആദ്യമായി ചെയ്യേണ്ടത്.

മഹാത്മജിയുടെ ചില മഹല്‍ വചനങ്ങള്‍ ശ്രദ്ധിക്കുക. ‘ഹിന്ദുക്കളോടുള്ളതുപോലെ തന്നെ മുസല്‍മാന്മാരോടും ഒരേ സ്‌നേഹമാണെനിക്കുള്ളത്. ഹിന്ദുക്കള്‍ക്ക്‌വേണ്ടി എന്റെ ഹൃദയം തുടിക്കുന്നത്‌പോലെതന്നെ മുസല്‍മാന്മാര്‍ക്ക് വേണ്ടിയും എന്റെ ഹൃദയം തുടിക്കുന്നുണ്ട്.’ (യംഗ് ഇന്ത്യ 13/8/1921 പേജ് 215). ‘ഹിന്ദു മുസ്‌ലിം ഐക്യം ചെറുപ്പം മുതലുള്ള എന്റെ അഭിനിവേശമാണ്. വളരെ വിശിഷ്ടരായ മുസ്‌ലിം സുഹൃത്തുക്കള്‍ എനിക്കുണ്ട്. എന്റെ മകളേക്കാള്‍ പ്രിയപ്പെട്ട ഇസ്‌ലാമിന് സമര്‍പ്പണം ചെയ്ത ഒരു മകളെനിക്കുണ്ട്. അവള്‍ ഹിന്ദു മുസ്‌ലിം ഐക്യത്തിന്‌വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യും. എന്റെ ആശ്രമത്തില്‍ എന്റെ ഏറ്റവും വിശ്വസ്തനായ കൂട്ടുകാരന്‍ ബോംബെ ജമാമസ്ജിദിലെ മുഅദ്ദിനിന്റെ മകനായിരുന്നു’. (ഹരിജന്‍, 30/04/1938 പേജ് 99). ഒരു കടുത്ത രാമഭക്തനായി, ഹിന്ദുവായി ജീവിച്ചിരുന്ന മഹാത്മജി വ്യക്തിപരമായി ഒരു മുസ്‌ലിമിന്റെ സൗഹൃദവും സ്‌നേഹവും ആഗ്രഹിച്ചിരുന്നുവെങ്കില്‍ ഇതേ ജീവിത വീക്ഷണം പുലര്‍ത്താന്‍ ഭാഗവത് അനുയായികളോട് ആഹ്വാനം ചെയ്യുമോ?

‘സ്‌നേഹമാണ് സൗഹൃദത്തിന്റെയും മതത്തിന്റെയും അടിസ്ഥാനം. സ്‌നേഹമെന്ന അവകാശത്തിന്റെ പേരില്‍ ഞാന്‍ മുസല്‍മാന്റെ സൗഹൃദം ആഗ്രഹിക്കുന്നു. ഒരു സമുദായത്തിന്റെ ഭാഗത്തുനിന്നുള്ള സ്‌നേഹത്തെ നിലനിര്‍ത്താന്‍ നമുക്ക് സാധിക്കുമെങ്കില്‍ നമ്മുടെ ദേശീയ ജീവിതത്തില്‍ ഐക്യം സ്ഥിരപ്രതിഷ്ഠ നേടും’. (യംഗ് ഇന്ത്യ 2010 1921, പേജ്. 333). ഒരു രാജ്യത്തിന്റെ നിലനില്‍പ്പ് ആ രാജ്യത്തെ മുഴുവന്‍ മത വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കേണ്ട സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും അടിസ്ഥാനത്തിലാണെന്ന ഈ ഗാന്ധിയന്‍ വീക്ഷണത്തോട് ആര്‍.എസ്.എസ് ഇപ്പോള്‍ യോജിക്കുന്നുവെങ്കില്‍ അത് തുറന്നുപറയാന്‍ തയ്യാറാവണം.

‘അപരന്റെ മതത്തെ ബഹുമാനിക്കാന്‍ ഓരോരുത്തരും തയ്യാറാവണം. രഹസ്യമായിപോലും മറ്റുള്ളവരുടെ മതത്തെകുറിച്ച് മോശമായി ചിന്തിക്കുന്നതില്‍നിന്നും ഓരോരുത്തരും വിട്ടുനില്‍ക്കണം. മറ്റു മതങ്ങളെ ശകാരിക്കുന്ന തരത്തിലുള്ള ഒന്നും അനുവദിക്കാന്‍ പാടില്ല. പരസ്പരം മതത്തെ ശകാരിക്കുക, അശ്രദ്ധമായ പ്രസ്താവനകള്‍ നടത്തുക, അസത്യം പറയുക, നിരപരാധികളുടെ തല തകര്‍ക്കുക, ക്ഷേത്രങ്ങളോ പള്ളികളോ അപമാനിക്കുക എന്നിവ ദൈവനിഷേധമാണ്. പുരാതന ഹൈന്ദവ സംസ്‌കാരത്തിന്റെ വേരുകള്‍ തേടി പോയാല്‍ അവയില്‍ യേശു, ബുദ്ധന്‍, മുഹമ്മദ്, സൊറാസ്റ്റര്‍ തുടങ്ങിയവരുടെ അധ്യാപനങ്ങളുടെ അടയാളങ്ങള്‍ കാണാന്‍ സാധിക്കും. ലോകത്തിലെ എല്ലാ വിശ്വാസങ്ങളിലും ഏറ്റവും മികവുറ്റവയെ ഉള്‍ക്കൊള്ളുകയെന്നതാണ് ഹിന്ദു വീക്ഷണം. ആ അര്‍ത്ഥത്തില്‍ ഹിന്ദുമതം ഒരു പ്രത്യേക മതമല്ല.

അതിനാല്‍ അതിന് ഇസ്‌ലാമുമായോ അതിന്റെ അനുയായികളുമായോ യാതൊരു തര്‍ക്കവും ഉണ്ടാവേണ്ടതില്ല. വാള്‍ ഇസ്‌ലാമിന്റെ ചിഹ്നമല്ല. ദൈവത്തിന്റെ ഏകത്വത്തിലുള്ള കലര്‍പ്പില്ലാത്ത വിശ്വാസവും മനുഷ്യര്‍ക്കിടയിലുള്ള സാഹോദര്യത്തിന്റെ പ്രയോഗിക രൂപവുമാണ് ഇസ്‌ലാം. ഇസ്‌ലാം എന്നാല്‍ സമാധാനമെന്നാണര്‍ത്ഥം. ലോകത്തെ മുഴുവന്‍ മനുഷ്യരെയും ചൂഴ്ന്നുനില്‍ക്കുന്ന സമാധാനമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മതപരിവര്‍ത്തനത്തിനായി ബലപ്രയോഗം നടത്തുന്നതിന് ഖുര്‍ആനില്‍ യാതൊരു തെളിവും കാണാന്‍ സാധ്യമല്ല. പശുവിനെ സംരക്ഷിക്കുന്നത് ഹിന്ദു ധര്‍മ്മായിരിക്കാം. പക്ഷേ അതിന്റെ പേരില്‍ ഹിന്ദുവല്ലാത്ത ഒരാളെ നിര്‍ബന്ധിക്കുവാനോ അടിച്ചേല്‍പ്പിക്കുവാനോ പാടില്ല.’ (യംഗ് ഇന്ത്യയിലും ഹരിജനിലും മറ്റിതര ലേഖനങ്ങളിലും വന്ന മഹാത്മജിയുടെ ആശയങ്ങളുടെ സംഗ്രഹങ്ങളാണിത്). മഹാത്മജിയുടെ ഈ വീക്ഷണങ്ങളോടും സര്‍സംഘചാലക് യോജിക്കുന്നുണ്ടാവും എന്നു കരുതുന്നു. എങ്കില്‍ ലോകത്തോട് വിളിച്ചുപറയുക. പശുവിന്റെ പേരിലുള്ള ഭീകരത അവസാനിപ്പിക്കാന്‍. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്, മുസ്‌ലിംകള്‍ ഇന്ത്യാ രാജ്യത്തിന്റെ അവിഭാജ്യഘടകമാണ് തുടങ്ങിയ ഗാന്ധിയന്‍ വീക്ഷണങ്ങള്‍ സ്വയം സേവകരെ ഉദ്‌ബോധിപ്പിക്കൂ. ഇസ്‌ലാമിക സംസ്‌കാരങ്ങളെ ഇല്ലായ്മ ചെയ്യുന്നതും അവരുടെ ആരാധനാലയങ്ങളെ ധ്വംസിക്കുന്നതും നിര്‍ത്തിവെക്കാന്‍ കുറുവടിയേന്തി നടക്കുന്ന വര്‍ഗീയ പ്രചാരകരോട് ആഹ്വാനം ചെയ്യൂ.

ഇന്ത്യയുടെ മതേതര ജനാധിപത്യ വീക്ഷണങ്ങള്‍ കെട്ടിപ്പടുത്തതില്‍ മുഖ്യ പങ്കുവഹിച്ചത് മഹാത്മാഗാന്ധിയാണ്. ഗാന്ധിയുടെ മതേതര ജനാധിപത്യ വീക്ഷണങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ആര്‍.എസ്.എസിനു ഇപ്പോള്‍ മാറ്റം സംഭവിച്ചുവെങ്കില്‍ അത് നല്ലത് തന്നെ. പക്ഷേ ഇപ്പോള്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ പൗരത്വ നിഷേധം, സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക പദവികളും ഇല്ലായ്മ ചെയ്യല്‍ തുടങ്ങിയ ന്യൂനപക്ഷ ദലിത് വിഭാഗങ്ങളെ പൊതുവായും മുസ്‌ലിം സമുദായത്തെ പ്രത്യേകമായും ബാധിക്കുന്ന വിവേചനപരമായ നടപടികള്‍ മഹാത്മജിയുടെ ആത്മാവിനു നേരെയുള്ള കടന്നാക്രമണമാണ്. ‘രാജ്യം പൂര്‍ണ്ണമായും മതേതരമായിരിക്കേണ്ടതാണ്. നിയമത്തിന്റെ കണ്ണില്‍ എല്ലാവരും എല്ലാ കാര്യങ്ങളും തുല്യമായിരിക്കും. എന്നാല്‍ ഓരോ വ്യക്തിക്കും അവരവരുടെ മതത്തെ തടസ്സങ്ങളില്ലാതെ പിന്തുടരാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കണം’. (ഹരിജന്‍, 318 1947, പേജ് 297). ‘രാജ്യത്തെ മൂല്യവത്തായ പൗരന്മാരാണ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരെന്ന ബോധ്യം അവരില്‍ വളര്‍ത്താനാണ് നാം ശ്രമിക്കേണ്ടത്’. (ഹരിജന്‍, 791947, പേജ് 310). ‘ഹിന്ദു ഭൂരിപക്ഷം തങ്ങളുടെ മതത്തെയും ഉത്തരവാദിത്തത്തെയും അമൂല്യമായി കരുതുന്നുവെങ്കില്‍, നീതി നിഷേധിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളില്‍നിന്നുണ്ടാവുന്ന തെറ്റുകളും ന്യൂനതകളും അവര്‍ എന്തു വിലകൊടുത്തും അവഗണിക്കുകയാണ് വേണ്ടത്’. (ഹരിജന്‍, 3181947, പേജ് 298). ‘നിങ്ങള്‍ മുസ്‌ലിംകളെ തുല്യ പൗരന്മാരായി കാണണം. ന്യൂനപക്ഷങ്ങള്‍ അവര്‍ എണ്ണത്തില്‍ എത്ര കുറവാണെങ്കിലും അവര്‍ അടിച്ചമര്‍ത്തപ്പെടാന്‍ പാടില്ല. ഭാഷ, എഴുത്ത് തുടങ്ങിയ അവരുടെ എല്ലാ കാര്യങ്ങളും വളരെ മാന്യമായിതന്നെ കൈകാര്യം ചെയ്യണം’. (ഹരിജന്‍ 26101947 പേജ് 383 387). ഗാന്ധിജിയുടെ ഉന്നതമായ ഈ കാഴ്ചപ്പാടുകളെയും വീക്ഷണങ്ങളെയും ആര്‍.എസ്.എസ് എങ്ങനെയാണ് നോക്കിക്കാണുന്നത്?

വൈവിധ്യത്തില്‍ അധിഷ്ഠിതമായ ദേശീയതയും ന്യൂനപക്ഷങ്ങളുടെ വിശ്വാസാചാരങ്ങളും സംസ്‌കാരങ്ങളും ഉള്‍ക്കൊണ്ടിട്ടുള്ള ജനാധിപത്യത്തില്‍ വേരുറച്ചിട്ടുള്ള മതേതര സങ്കല്‍പങ്ങളുമാണ് ഗാന്ധിയന്‍ വീക്ഷണം. എന്നാല്‍ ആര്‍.എസ്.എസ് ഇക്കാലമത്രയും ഈ വീക്ഷണങ്ങളെ തള്ളിപ്പറഞ്ഞും പരിഹസിച്ചും ഹിന്ദുമനസ്സുകളില്‍ വര്‍ഗീയത കുത്തിവെച്ചും ഹിന്ദു മുസ്‌ലിം അനൈക്യത്തിന് ആക്കം കൂട്ടിയാണ് പ്രവര്‍ത്തിച്ചത്. അവര്‍ അതിനായി ഉപയോഗിച്ച സിദ്ധാന്തങ്ങള്‍ തീര്‍ത്തും ഗാന്ധി വിരുദ്ധമായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ സാംസ്‌കാരിക ദേശീയതയും ഏകാത്മ മാനവദര്‍ശനവുമായിരുന്നു. ഒരേ ഒരു സംസ്‌കാരത്തെ മാത്രം സംരക്ഷിക്കുന്നതും മറ്റുള്ളവയെ ഉന്മൂലനം ചെയ്യുന്നതുമായ ഈ ദേശീയത രാജ്യത്തിനു യോജിക്കില്ലെന്ന തിരിച്ചറിവ് ഇപ്പോള്‍ ആര്‍.എസ്.എസിനെ നയിക്കുന്ന നേതാക്കള്‍ക്ക് ബോധ്യമായി എന്നാണോ ഭാഗവത് പറയുന്നത്?
ആര്‍.എസ്.എസിനെകുറിച്ച് നല്ല കാര്യങ്ങളും ഗാന്ധിജി പറഞ്ഞിട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ഭാഗവതും ഇതര ആര്‍.എസ്.എസ് സംഘ്പരിവാര്‍ നേതാക്കള്‍ പരിശ്രമിക്കുന്നത്.

ഏത് സംഘടനയും ജീവിതമോ മതമോ സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് പൊതുജനമധ്യത്തില്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന ഗാന്ധിജിയുടെ ആര്‍.എസ്.എസ് വിമര്‍ശനത്തിനെതിരെ ഇപ്പോള്‍ ഭാഗവത് അടക്കം കണ്ണടക്കുകയാണ്. ഇപ്പോഴും പൊതുജനമധ്യത്തിലേക്കിറങ്ങാതെ രഹസ്യമായ തീര്‍ത്തും ഇന്ത്യയില്‍ ചിരപരിചിതമായ ജനാധിപത്യത്തെ അവഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനശൈലിയാണ് ആര്‍.എസ്.എസിനുള്ളത്. സ്വാതന്ത്ര്യാനന്തരം ഹിന്ദു മുസ്‌ലിം ഐക്യത്തിന്‌വേണ്ടി കല്‍ക്കത്തയില്‍ നിരാഹാരമിരുന്ന ഗാന്ധിജിയെ ‘രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിക്കുന്ന നീറോ’ എന്നായിരുന്നു ‘ഓര്‍ഗനൈസര്‍’ വിശേഷിപ്പിച്ചത്. പിന്നീടങ്ങോട്ട് മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തുമ്പോഴൊക്കെ മഹാത്മജിയെയും അതിക്രൂരമായി വിമര്‍ശിക്കാന്‍ ആര്‍.എസ്.എസ് മടികാണിച്ചിരുന്നില്ല.

മഹാത്മജിയുടെ ജീവിത വീക്ഷണത്തെകുറിച്ച് ഇപ്പോള്‍ വലിയ വര്‍ത്തമാനം പറയുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ‘മരണ’ വീക്ഷണത്തെകുറിച്ച് എന്താണ് പറയാനുള്ളത്. മഹാത്മജിയുടെ ദാരുണ അന്ത്യം എങ്ങനെ സംഭവിച്ചുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 1947 ഡിസംബറിലെ അന്നത്തെ സര്‍സംഘചാലക് ആയിരുന്ന ഗോള്‍വാള്‍ക്കറുടെ പ്രസ്താവന ഇന്ത്യ മറന്നിട്ടില്ല. ‘മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരെ ഹിന്ദുസ്ഥാനില്‍ നിലനിര്‍ത്താന്‍ ഭൂമിയില്‍ ഒരു ശക്തിക്കും സാധിക്കില്ല. അവര്‍ ഈ രാജ്യം വിട്ടുപോയെ പറ്റൂ. അവരുടെ വോട്ട് നേടി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍വേണ്ടി മഹാത്മാഗാന്ധി മുസ്‌ലിംകളെ ഇന്ത്യയില്‍ തന്നെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. പക്ഷെ ആ സമയമാകുമ്പോഴേക്ക് അവര്‍ ഇവിടെ ബാക്കിയുണ്ടാവില്ല. അവര്‍ ഇവിടെ തന്നെ തങ്ങിയാല്‍ അതുമൂലമുണ്ടാകുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി സര്‍ക്കാര്‍ ആയിരിക്കും. ഹിന്ദു സമുദായം അതിനുത്തരവാദികള്‍ ആവില്ല.

മഹാത്മാഗാന്ധിക്ക് ഇനി അവരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. ഗാന്ധിയെപ്പോലുള്ളവരെ നിശബ്ദരാക്കാന്‍ നമ്മുടെ കൈയില്‍ വടി ഇല്ലാഞ്ഞിട്ടല്ല. മറിച്ച് ഹിന്ദുവായതുകൊണ്ട് മാത്രം ഇപ്പോള്‍ ശത്രുത കാണിക്കുന്നില്ല. എന്നാല്‍ വേണ്ടിവന്നാല്‍ നമുക്കതും ചെയ്യേണ്ടിവരും’. ഗോള്‍വാള്‍ക്കറുടെ വിവാദപരവും പ്രകോപനപരവുമായ പ്രസ്താവനയാണിത്. ഡല്‍ഹി പൊലീസിന്റെ സി.ഐ.ഡി വിഭാഗം സൂക്ഷിച്ചിട്ടുള്ള ആര്‍ക്കൈവ്‌സില്‍ ഇത് ലഭ്യമാണ്. തന്റെ മുന്‍ഗാമിയുടെ ഈ പ്രസ്താവനയെക്കുറിച്ച് ഇപ്പോഴത്തെ സര്‍സംഘചാലകിനെന്തു പറയാനുണ്ട്. അതിനെത്തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോദ്‌സെയുടെ തോക്കിനാല്‍ മഹാത്മജി വധിക്കപ്പെട്ടു. മഹാത്മജിയുടെ ജീവിതവീക്ഷണവും കാഴ്ചപ്പാടും രാഷ്ട്രസങ്കല്‍പ്പവുമെല്ലാം മതേതരത്വത്തിലും ഹിന്ദു മുസ്‌ലിം ഐക്യത്തിലും അധിഷ്ഠിതമാണെന്നിരിക്കെ, മോഹന്‍ ഭഗവതിനോട് ചോദിക്കാനുള്ളത് മഹാത്മജിയുടെ ഔന്നത്യത്തെകുറിച്ച് നിങ്ങള്‍ ആരെയാണ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്നാണ്. ആ പേരുച്ചരിക്കാന്‍ നിങ്ങള്‍ക്കെന്തവകാശമെന്നാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ അറുപിന്തിരിപ്പന്‍ സംഘ്പരിവാര്‍ വീക്ഷണങ്ങളുമായി കൂട്ടിക്കെട്ടാനുള്ള ചര്‍മ്മസൗഭാഗ്യം നിങ്ങള്‍ എങ്ങനെ കൈവരിച്ചുവെന്നാണ്. ഗാന്ധിജിയുടെ വ്യക്തിത്വത്തെയും അദ്ദേഹം പ്രചരിപ്പിച്ച ആശയങ്ങളെയും തല്ലിക്കൊന്നവര്‍ അദ്ദേഹത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നതിന്റെ പിന്നില്‍ കേവല രാഷ്ട്രീയ താല്‍പര്യങ്ങളും പിടിവിടാന്‍ പോവുന്ന ജനപിന്തുണയെ പേടിച്ചുള്ള ജല്‍പനങ്ങളുമല്ലാതെ മറ്റെന്താണ്?

Test User: