X

എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍: നന്മയുടെ പ്രകാശംപരത്തിയ പണ്ഡിതന്‍

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

പണ്ഡിതന്‍മാരുടെ വേര്‍പാട് ലോകത്തിന്റെ നഷ്ടമാണ് എന്ന തത്വം അന്വര്‍ത്ഥമാക്കുന്നതാണ് എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ വിയോഗം. ജീവിച്ചകാലമത്രയും സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുകയും ഓരോ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ജനങ്ങളില്‍ നന്മയുടെ പ്രകാശം പരത്തുകയും ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും വഴിയിലൂടെ സമൂഹത്തെ നടത്തുകയും സ്വജീവിതം അതിനൊത്ത് മാതൃകാപരമാക്കുകയും ചെയ്തു. വാക്കും പ്രവൃത്തിയും ഭിന്നമാവാതിരിക്കാന്‍ ഓരോ ചുവടുവെപ്പിലും അദ്ദേഹം ശ്രദ്ധിച്ചു. ആ സൂക്ഷ്മതയും ആദര്‍ശ സ്ഥൈര്യവുമാണ് എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരെ വേറിട്ടുനിര്‍ത്തിയത്.

കേരള മുസ്‌ലിംകളില്‍ വ്യവസ്ഥാപിതമായി മത ധാര്‍മികചിന്തകളുടെ പാഠങ്ങള്‍ നല്‍കുകയും ആത്മീയ വളര്‍ച്ചയെ പരിപോഷിപ്പിക്കുയും ചെയ്യുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ ദക്ഷിണ കേരളത്തില്‍ സാര്‍വ്വ ജനീനമായി പരിചയപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. അഹ്‌ലുസുന്നത്തിവല്‍ജമാഅത്തിന്റെ ആശയധാരക്കും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും എതിരായി വരുന്ന ഏത് നീക്കങ്ങളെയും പ്രതിരോധിക്കുന്നതില്‍ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ഒരു യുവാവിന്റെ കര്‍മ്മകുശലതയോടെ മുന്‍പന്തിയിലുണ്ടായി. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള സമുദായത്തിന്റെ ഒറ്റക്കെട്ടായ പരിശ്രമങ്ങള്‍ക്കും അദ്ദേഹം പിന്‍ബലമേകി. പ്രഭാഷണത്തിലും സംഘാടനത്തിലുമുള്ള അദ്ദേഹത്തിന്റെ സവിശേഷസിദ്ധികള്‍ തന്റെ ആദര്‍ശ, നയനിലപാടുകള്‍ക്കായി പ്രയോജനപ്പെടുത്തി.

മതപ്രഭാഷണ വേദികളില്‍ ഒരു കാലഘട്ടത്തിലെ തിളങ്ങുന്ന സാന്നിധ്യമായിരുന്നു അദ്ദേഹം. ചെറുപ്രായത്തില്‍ തന്നെ പൊതുവേദികളില്‍ സജീവമായി. ആകര്‍ഷകമായ പ്രഭാഷണ ശൈലികൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കി. ദീനി പ്രബോധന രംഗത്ത് പുത്തന്‍ ശൈലിയിലുള്ള പ്രഭാഷകര്‍ താരതമ്യേന കുറവായിരുന്ന കാലത്തായിരുന്നു മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ കടന്നുവരവ്. ആ വാഗ്വിലാസം ശ്രോതാക്കളില്‍ അത്ഭുതാവഹമായ പ്രതിഫലനമുണ്ടാക്കി. നേരം പുലരുവോളം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രോതാക്കള്‍ കേട്ടിരുന്നു. കിടയറ്റ പ്രഭാഷണ പരമ്പരകള്‍ കൊണ്ട് അദ്ദേഹം ജനശ്രദ്ധനേടി. ഗഹനമായ വിഷയങ്ങളെ സാധാരണക്കാര്‍ക്ക് ഗ്രാഹ്യമാക്കുന്നതിന് അദ്ദേഹം നര്‍മ്മം നിറഞ്ഞ ശൈലി സ്വീകരിച്ചു. പ്രസിദ്ധമായ വ്യാഖ്യാന ഗ്രന്ഥങ്ങളും ചരിത്രവും കര്‍മ്മശാസ്ത്രവുമെല്ലാം നിറഞ്ഞ ഒരു മതപാഠശാല പോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.

കേരളത്തിലുടനീളം നടത്തിയ മതപ്രഭാഷണ പരമ്പരകളിലൂടെ ധനം സമാഹരിച്ച് നൂറു കണക്കിന് മതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അദ്ദേഹം പണിതുയര്‍ത്തിയത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ഗ്രാമങ്ങളില്‍ കടന്നുചെന്ന് വഅള് പരമ്പരകള്‍ക്ക് നേതൃത്വം നല്‍കുകയും അതുവഴി ബഹുജനങ്ങളില്‍ നിന്ന് സംഭാവനകള്‍ ശേഖരിക്കുകയും ചെയ്യുന്ന സവിശേഷശൈലിയിലൂടെ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ പണിതുയര്‍ത്തിയ മതസ്ഥാപനങ്ങളില്‍ മസ്ജിദുകളും മദ്‌റസകളും അറബികോളജുകളും അനാഥശാലകളുമുണ്ട്. അങ്ങിനെ രൂപപ്പെട്ട പല സ്ഥാപനങ്ങള്‍ക്കും സ്ഥിരവരുമാനത്തിനുള്ള മാര്‍ഗങ്ങളും വിശ്രമമില്ലാത്ത മതപ്രഭാഷണങ്ങളിലൂടെ അദ്ദേഹം കണ്ടെത്തി.

തന്റെ പ്രസംഗങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ ഫലമുണ്ടാവണമെന്ന ദൃഢനിശ്ചയത്തോടെയാണ് അദ്ദേഹം ഇറങ്ങിതിരിക്കാറുള്ളത്. ഇടമുറിയാത്ത വാഗ്ചാരുത കൊണ്ട് സമുദായം നേരിട്ട പല പ്രതിസന്ധി ഘട്ടങ്ങളേയും മറികടക്കാന്‍ അദ്ദേഹം പ്രചോദനം നല്‍കി. സാമുദായികവും രാഷ്ട്രീയവുമായ സങ്കീര്‍ണ സന്ദര്‍ഭങ്ങളിലും അനുയായികളില്‍ ആത്മവിശ്വാസം പകരുന്നതിനും പ്രശ്‌നപരിഹാരങ്ങള്‍ക്കും അദ്ദേഹം ഊര്‍ജസ്വലമായി മുന്നിട്ടിറങ്ങി. ഏതു വിഷയത്തിലും സ്വന്തമായൊരു നിലപാടും പരിഹാരമാര്‍ഗവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ വ്യക്തിപ്രഭാവം പ്രസ്ഥാനത്തിനും സമൂഹത്തിനും ഏറെ പ്രയോജനപ്പെട്ടു.

1968-69 കാലത്ത് ഒറ്റപ്പാലത്തിനടുത്തൊരു ഗ്രാമത്തില്‍ അദ്ദേഹം മതപ്രഭാഷണം നടത്തി ഒരു പള്ളി നിര്‍മ്മിച്ച കഥ പ്രസിദ്ധമാണ്. മതമൈത്രിക്ക് ഭംഗംവരുംവിധം സൗഹൃദാന്തരീക്ഷം കലങ്ങിമറിഞ്ഞ സന്ദര്‍ഭത്തിലാണ് ആ നാട്ടിലെ ഏതാനും യുവാക്കള്‍ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരെ പ്രഭാഷണത്തിന് ക്ഷണിക്കുന്നത്. പുറത്തു നിന്നുള്ളവര്‍ അവിടെയെത്തുന്നത് പോലും സംശയാസ്പദമായി കാണുന്ന ഘട്ടം. എന്നാല്‍ അദ്ദേഹം ക്ഷണം സ്വീകരിക്കുകയും അവിടെ പ്രസംഗിക്കാനെത്തുകയുംചെയ്തു. മനോഹരമായ ഭാഷയില്‍ ഇസ്‌ലാമിന്റെ തത്വങ്ങളും മതമൈത്രിയുടെ സൗന്ദര്യവും അദ്ദേഹം അവതരിപ്പിച്ചു. ആ പ്രഭാഷണത്തോടെ ആ നാട്ടിലെ സൗഹൃദാന്തരീക്ഷം തിരികെ വന്നു.

അവിടെ മസ്ജിദ് നിര്‍മ്മാണത്തിന് നാടിന്റെ മുഴുവന്‍ പിന്തുണയും ലഭിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ലക്ഷദ്വീപ് സമൂഹങ്ങളിലും ഗള്‍ഫ് നാടുകളിലും അദ്ദേഹത്തിന്റെ ഗഹനവും ഘനഗാംഭീര്യവുമാര്‍ന്ന പ്രഭാഷണങ്ങള്‍ അരങ്ങേറി. 1980കളില്‍ സമസ്തയില്‍ ഭിന്നത രൂപപ്പെട്ട വേളയില്‍ മാതൃപ്രസ്ഥാനത്തെ ശക്തി പ്പെടുത്തുന്നതിനും ദക്ഷിണ കേരളത്തിലെ ദീനി പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും മാതൃ പ്രസ്ഥാനത്തിനൊപ്പം ചിട്ടയൊപ്പിച്ച് ചേര്‍ത്തു നിര്‍ത്തുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ സംസ്ഥാന വ്യാപകമായി ശക്തിപ്പെടുത്തുന്നതിലും വമ്പിച്ച ജന പിന്തുണയുള്ള ആദര്‍ശ പ്രസ്ഥാനമായി രൂപപ്പെടുത്തുന്നതിലും മുഖ്യ പങ്കുവഹിച്ചു.

പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ സേവനം ചെയ്യുന്ന കാലത്താണ് സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. ആനക്കര കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍ എന്നിവരിലൂടെയാണ് സമസ്തയുമായി അടുപ്പം പുലര്‍ത്തുന്നത്. കെ.ടി മാനുമുസ്‌ലിയാര്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. 1994ല്‍ ഹൈദ്രോസ് മുസ്‌ലിയാരുടെ വേര്‍പാടിലൂടെ വന്ന ഒഴിവിലേക്കാണ് എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറയില്‍ എത്തുന്നത്. സമസ്ത എറണാകുളം വൈസ് പ്രസിഡന്റ്, സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഉപാധ്യക്ഷന്‍, വിദ്യാഭ്യാസബോര്‍ഡ് മെമ്പര്‍ എന്നീ നിലകളിലെല്ലാം മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി.

നിരവധി മഹല്ലുകളില്‍ ഖാസിയും ഖത്തീബുമായി പ്രവര്‍ത്തിച്ചു. മുഴുവന്‍ മഹല്ലുകളിലും അദ്ദേഹം സ്തുത്യര്‍ഹ സേവനമാണ് കാഴ്ചവെച്ചത്. തൃശൂര്‍ പെരിഞ്ഞനം, പാലക്കാട് ആലത്തൂര്‍, ആലപ്പുഴ കക്കായം, എറണാകുളം തോട്ടത്തുംപടി, ആലുവ സെന്‍ട്രല്‍ മസ്ജിദ്, ആലുവ പേങ്ങാട്ടുശേരി എന്നിവിടങ്ങളെല്ലാം അദ്ദേഹം പ്രശംസനീയമായ സേവനം അനുഷ്ഠിച്ചു. ആലുവയായിരുന്നു മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ കര്‍മ്മ മണ്ഡലം. തൃശൂര്‍ ജില്ലയില്‍, കുന്നംകുളത്തിനടുത്ത് കാട്ടകമ്പലില്‍ ജനിച്ച അദ്ദേഹത്തിന്റെ പേരിനൊപ്പം ആലുവയെ ചേര്‍ത്തുവെച്ചതും അതുകൊണ്ടാണ്.

പൊതുരംഗത്ത് സജീവമായ ചെറുപ്രായം തൊട്ടെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും പാണക്കാട് കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തി. അദ്ദേഹത്തിന്റെ ശ്രമ ഫലമായി പണി കഴിപ്പിച്ച പല സ്ഥാപനങ്ങളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നത് സഹോദരന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. സമസ്തയുമായി ബന്ധപ്പെട്ട മധ്യ, ദക്ഷിണ കേരളത്തിലെ പല വിഷയങ്ങള്‍ക്കും പാണക്കാടെത്തിയിരുന്ന അദ്ദേഹം, വ്യക്തിപരമായി ഏറ്റവും അടുത്ത സഹോദര സ്ഥാനീയനായ സുഹൃത്തിനെയാണ് തനിക്കു നഷ്ടമായത്.
കഴിഞ്ഞ ദിവസം അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്ന ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാരുടെ വേര്‍പാടിനു തൊട്ടുപിറകെ എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ കൂടി വിയോഗം താങ്ങാനാവാത്തതാണ്. രാജ്യവും സമുദായവും സങ്കീര്‍ണ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ദിശകാണിക്കേണ്ട പണ്ഡിതന്‍മാര്‍ മറഞ്ഞു പോകുന്നത് അപരിഹാര്യമായ നഷ്ടവും വേദനയുമാണ്.

Test User: