X
    Categories: Video Stories

ലോക കേരളസഭ എന്തുകൊണ്ട് എതിര്‍ക്കുന്നു

മഞ്ഞളാംകുഴി അലി എം.എല്‍.എ

പ്രവാസികളെക്കൂടി പങ്കാളികളാക്കി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും പ്രവാസികളോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ലോക കേരള സഭ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അതിനുശേഷം ആത്മാര്‍ത്ഥമായ യാതൊരു പ്രവര്‍ത്തനവും നടത്താന്‍ സഭക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട്തന്നെ ഉദ്ദേശ്യലക്ഷ്യത്തിലേക്ക് ഒരു ചുവട് പോലും വെക്കാന്‍ കഴിയാതെയാണ് സഭയുടെ മേഖലാസമ്മേളനം ദുബൈയില്‍ സംഘടിപ്പിക്കാന്‍ പോകുന്നത്.
പ്രവാസി മലയാളികളെ അവരുടെ ശേഷിക്കനുസരിച്ച് സംസ്ഥാനത്തിന്റെ വികസനത്തില്‍ പങ്കെടുപ്പിക്കുക എന്നത് തര്‍ക്കമറ്റ കാര്യമാണ്. കേരളത്തിന്റെ നന്മയെ മുന്‍നിര്‍ത്തിയുള്ള ആശയങ്ങളും പ്രായോഗിക പ്രവര്‍ത്തന പരിപാടികളും അവതരിപ്പിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും പൊതു സമ്മത തീരുമാനങ്ങളിലേക്ക് എത്തുന്നതിനും കഴിയുന്ന വേദിയായി മാറാന്‍ ലോക കേരളസഭക്ക് ഇനിയും കഴിഞ്ഞിട്ടില്ല. സമ്മേളനങ്ങളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍പോലെ കടലാസ് രേഖയായി ഒതുങ്ങി. ശരിയായ രീതിയില്‍ ഈ ആശയം നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഓരോ മേഖലയിലും പ്രശസ്തരായ പ്രവാസി കേരളീയരുടെയും വിശിഷ്ട വ്യക്തികളുടെയും അറിവുകളും കഴിവുകളും വൈദഗ്ധ്യവും സംസ്ഥാനത്തിന്റെ വികസനത്തിനും പ്രശ്‌നപരിഹാരത്തിനും ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. സഭ നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നയ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ കേരളീയരുടെ പൊതു സംസ്‌കാരത്തെയും സാമൂഹിക-സാമ്പത്തിക വികസനത്തെയും സംബന്ധിച്ച തീരുമാനങ്ങളെടുത്ത് നടപ്പിലാക്കുന്നതില്‍ ഒന്നാം ലോക കേരള സഭ പരാജയപ്പെടുകയാണ് ചെയ്തത്.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയുമായിരുന്ന പ്രവാസി സമൂഹത്തിനെ ഏകോപിപ്പിച്ച് അത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലായെന്നതാണ് ഏറ്റവും ഖേദകരം. ദുരിതാശ്വാസത്തിന്റെ ഭാഗമായി പ്രവാസി സമൂഹം ശേഖരിച്ച് നാട്ടിലേക്ക് അയച്ച സാധനങ്ങള്‍ കൃത്യമായി പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യാന്‍പോലും സര്‍ക്കാരിന് കഴിഞ്ഞില്ല. ടണ്‍ കണക്കിന് സാധനങ്ങളാണ് ആവശ്യക്കാര്‍ക്ക് യഥാസമയം കൃത്യമായി വിതരണം ചെയ്യാതെ നശിച്ചുപോയത്. പ്രവാസികള്‍ക്കിടയിലെ എണ്ണമറ്റ കൂട്ടായ്മകളെ ഒരുമിച്ച് ചേര്‍ത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ സംസ്ഥാനത്തിന്റെ ഒച്ചിന്റെ വേഗതയില്‍ ഇഴയുന്ന പുനര്‍നിര്‍മ്മാണത്തിന് അല്‍പമെങ്കിലും ഗതിവേഗം നല്‍കാന്‍ കഴിയുമായിരുന്നു. വിശാലമായ ആശയം നടപ്പിലാക്കുന്നതിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സ്ഥിരം സംവിധാനം ആവശ്യമാണെന്നത് ഏറ്റവും അടിസ്ഥാനമായ കാര്യമാണ്.
ലോക കേരള സഭ സ്ഥിരം സഭയാണെന്ന് പറയുമ്പോള്‍തന്നെ ഇതിന്റെ പ്രവര്‍ത്തനത്തിനായി ലോക കേരള സഭാ സെക്രട്ടേറിയറ്റ് രൂപീകരിക്കുമെന്ന ഒന്നാം കേരള സഭയിലെ തീരുമാനം പോലും നടപ്പിലാക്കാന്‍ ആറ് മാസത്തെ കാലതാമസമെടുത്തു. തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പ്രാരംഭ ഘട്ടത്തില്‍പോലും ഉണ്ടായ അലംഭാവത്തിന്റെ ഉദാഹരണമാണിത്. സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനത്തിനായി സ്ഥിരം തസ്തികകളൊന്നും സൃഷ്ടിക്കാതെ കരാറടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് തസ്തികകള്‍ സൃഷ്ടിക്കാതിരുന്നത് എന്നതാണ് വാദമെങ്കില്‍ അനാവശ്യ ചെലവിന്റെയും ധൂര്‍ത്തിന്റെയുംകൂടി അരങ്ങേറ്റമായിരുന്നു പ്രഥമ സഭാസമ്മേളനത്തില്‍ കണ്ടതെന്നത് മറക്കാന്‍ ഇടയില്ല. അന്ന് സഭയുടെ ചെലവുകള്‍ക്കായി 6.50 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ അംഗങ്ങള്‍ക്ക് വിമാന യാത്രാചെലവിനത്തിലും താജ് വിവാന്ത പോലുള്ള ആഡംബര ഹോട്ടലുകളിലെ താമസത്തിനുമായി ചെലവഴിച്ച തുക സാധാരണക്കാരുടെ നികുതിപ്പണം കൊണ്ടാണെന്നത് അന്ന് ഇത് ചെയ്തവര്‍ ഓര്‍ത്തില്ല.
ഒന്നാം ലോകകേരള സഭയുടെ സമ്മേളനത്തില്‍ നിരവധി ആശയങ്ങള്‍ ഉരുത്തിരിഞ്ഞുവന്നിരുന്നു. ആഗോള തലത്തില്‍ മലയാളികളായ വ്യവസായ-വാണിജ്യ സംരംഭക കൂട്ട്‌കെട്ട് ഉറപ്പാക്കുന്നതിന് വിദേശത്തുള്ള പ്രവാസി വ്യവസായ-വാണിജ്യ സംരംഭകരുമായി സജീവ ബന്ധം പുലര്‍ത്തുന്ന തരത്തില്‍ ഓരോ വിദേശ മേഖലക്കും പ്രത്യേക വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കാന്‍ ഒന്നാം ലോക കേരള സഭ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്ന് വിഭാവനം ചെയ്ത രീതിയില്‍ വാണിജ്യ ചേംബറുകള്‍ രൂപീകരിച്ച് കേരളത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ചേംബറുകളുമായി സൗഹൃദബന്ധം വളര്‍ത്തിയെടുക്കുന്നതിന് യാതൊന്നും ചെയ്യാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണല്‍ സമിതികള്‍ രൂപീകരിച്ച് അക്കാദമിക് ഗവേഷണ വികസന രംഗത്ത് സഹകരണമുറപ്പാക്കുമെന്ന നിര്‍ദ്ദേശവും എത്രത്തോളം നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നതും പരിശോധിക്കപ്പെടേണ്ടതാണ്. സിയാല്‍ മാതൃകയിലുള്ള നിക്ഷേപക മേഖലകളുടെ രൂപീകരണം എന്നതും എങ്ങുമെത്തിയില്ല. വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള സമഗ്രപദ്ധതി ആവിഷ്‌കരിക്കുക എന്ന നിര്‍ദ്ദേശവും ഫലപ്രാപ്തിയിലെത്തിയില്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട് ആരംഭിച്ച പ്രവാസിച്ചിട്ടിയില്‍ കഴിഞ്ഞ മാസം വരെ സമാഹരിക്കാന്‍ കഴിഞ്ഞത് വെറും 3.30 കോടി രൂപ മാത്രമാണ്. എന്നാല്‍ ഈ ചിട്ടിയുടെ പരസ്യ ഇനത്തില്‍ 5 കോടിയിലേറെ തുകയാണ് നാളിതുവരെ സര്‍ക്കാര്‍ ചെലവഴിച്ചത് എന്നതാണ് വിരോധാഭാസം.
പ്രവാസികളോടുള്ള ഉത്തരവാദിത്തം ഉറപ്പു വരുത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതായിരുന്നു ലോക കേരള സഭയുടെ പ്രധാനഉദ്ദേശ്യം. തിരിച്ചെത്തുന്ന പ്രവാസികളെ സംരംഭകരാക്കുന്നതിന് സഹായിക്കുന്ന തരത്തില്‍ രൂപീകരിച്ച നോര്‍ക്ക റൂട്ട്‌സിന്റെ പുനരധിവാസ പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് പദ്ധതി. പദ്ധതിപ്രകാരം അപേക്ഷിച്ച പലര്‍ക്കും ബാങ്കുകളുടെ കര്‍ശന വ്യവസ്ഥകള്‍ കാരണം വായ്പ ലഭിക്കാതെ വരുന്നതിനെക്കുറിച്ച് നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. എന്നാല്‍ അവയില്‍ യാതൊന്നും ഫലപ്രദമായി ചെയ്യാന്‍ കഴിയുന്നില്ലായെന്നതുതന്നെ ലോക കേരള സഭ വിളംബരം ചെയ്ത പ്രയോജനം പ്രവാസികള്‍ക്ക് ലഭിക്കുന്നില്ലായെന്നതിന്റെ ദൃഷ്ടാന്തമാണ്.
ഗവര്‍ണ്ണര്‍ ഈ വര്‍ഷം നിയമസഭയില്‍ സര്‍ക്കാരിനുവേണ്ടി നടത്തിയ നയപ്രഖ്യാപനത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേകിച്ച് യാതൊന്നും പ്രഖ്യാപിച്ചിട്ടില്ല. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി ഒറ്റത്തവണയായി അഞ്ച് ലക്ഷം രൂപ കിഫ്ബിയില്‍ നിക്ഷേപിക്കുന്ന പ്രവാസി കേരളീയര്‍ക്ക് സ്ഥിര വരുമാനം ലഭ്യമാക്കുന്ന പ്രവാസി ഡിവിഡന്റ് പെന്‍ഷന്‍ സ്‌കീം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശിവത്കരണംകൊണ്ട് തൊഴില്‍ നഷ്ടപ്പെട്ട് നൂറുകണക്കിന് പ്രവാസികളാണ് പ്രതിദിനം നാട്ടിലേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നത്. എണ്ണയുടെ പണക്കൊഴുപ്പില്‍ തിളങ്ങിനിന്നിരുന്ന പഴയ സ്വപ്‌നഭൂമിയല്ല ഇന്ന് ഏഴാം കടലിനക്കരെയുള്ളത്. അതുകൊണ്ട്തന്നെ പ്രവാസികളില്‍ അഞ്ച് ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കാന്‍ കഴിയുന്നവര്‍ വളരെ വിരളമായിരിക്കും. പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളില്‍ സ്വീകരിച്ച നടപടികള്‍, പരാതി രജിസ്റ്റര്‍ ചെയ്യല്‍, വിവര വിനിമയം തുടങ്ങിയവക്കായി നോര്‍ക്ക-റൂട്ട്‌സ് അന്താരാഷ്ട്ര ടോള്‍ഫ്രീ ലൈനോടുകൂടി കോള്‍ സെന്റര്‍ ആരംഭിക്കുമെന്നും വിവിധ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍, ഓണ്‍ലൈന്‍ സാക്ഷ്യപ്പെടുത്തല്‍, റിക്രൂട്ട്‌മെന്റ് നടപടികള്‍ എന്നിവ ലഭ്യമാക്കുന്ന സമഗ്ര പോര്‍ട്ടല്‍ ആരംഭിക്കുമെന്നതാണ് ഗവര്‍ണ്ണറുടെ മറ്റൊരു പ്രഖ്യാപനം. ഇതില്‍ കവിഞ്ഞൊന്നും ഈ സര്‍ക്കാരില്‍നിന്ന് പ്രവാസി സമൂഹം പ്രതീക്ഷിക്കേണ്ടെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണ്.
ഇത്തവണത്തെ ബജറ്റില്‍ പ്രവാസികള്‍ക്ക് പ്രയോജനകരമായ പദ്ധതികളൊന്നും ആവിഷ്‌കരിച്ചിട്ടില്ലെന്ന് മനസ്സിലാവും. വാങ്ങുന്ന ഓരോ എയര്‍ ടിക്കറ്റിനും 100 രൂപ സെസ് ചുമത്തുകവഴി ഒരു ദിവസം ഏകദേശം 10 ലക്ഷം രൂപ സര്‍ക്കാരിന് അധിക വരുമാനം ഉണ്ടാവും. എന്നാല്‍ ഈ അധിക വരുമാനംകൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇപ്പോള്‍ കൊട്ടിഘോഷിക്കുന്നത് അവരുടെ മൃതദേഹം സര്‍ക്കാര്‍ ചിലവില്‍ കൊണ്ടുവരുമെന്നാണ്. എന്നാല്‍, അവിടെ ജോലിയിലിരിക്കെ മരിക്കുന്നവരുടെ മൃതദേഹം കൊണ്ടുവരാനുള്ള ചെലവ് മിക്കവാറും ആ കമ്പനിയും ഇന്‍ഷുറന്‍സും ചേര്‍ന്ന് വഹിക്കുകയാണ് ചെയ്യാറ്. സര്‍ക്കാരിന് വല്ലപ്പോഴും മാസത്തില്‍ നാലോ അഞ്ചോ മൃതദേഹങ്ങളാവും കൊണ്ടുവരേണ്ടി വരിക. ഇതൊരു വലിയ കാര്യമായി കാണിച്ച് പ്രവാസികളുടെ കണ്ണില്‍ പൊടിയിടുകയാണ്.
വിദേശത്ത് നിസ്സാര കുറ്റങ്ങള്‍ക്കും വിസാപ്രശ്‌നവുമായും ഏജന്റുമാരാല്‍ കബളിക്കപ്പെട്ടുമൊക്കെ ജയിലില്‍ അകപ്പെട്ട് നാട്ടില്‍ എത്താന്‍ നിര്‍വാഹമില്ലാതെ കഴിയുന്ന നിരവധി പേരുണ്ട്. അവരെ നാട്ടില്‍ എത്തിക്കാന്‍ നിയമസഹായമുള്‍പ്പടെയുള്ളവ ലഭ്യമാക്കുന്നതിനും യാത്രാചെലവ് വഹിക്കുന്നതിനുമൊക്കെയുള്ള പദ്ധതികള്‍ വേണം. പ്രവാസികളില്‍നിന്നും പിരിക്കുന്ന പണത്തിന്റെ ഒരു വിഹിതം അവരുടെ ക്ഷേമത്തിന് വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ഒന്നാം കേരളസഭയിലെ തീരുമാനങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ കഴിയാതെയാണ് വീണ്ടുമൊരു സമ്മേളനത്തിന് തുടക്കം കുറിക്കാന്‍ പോകുന്നത്. സുതാര്യമല്ലാത്ത തെരഞ്ഞെടുപ്പ് രീതികള്‍കൊണ്ടും അര്‍ഹമായ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്താത്തതിനാലും ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്നവരെ അംഗങ്ങളാക്കിയും ധൂര്‍ത്തും അനാവശ്യചെലവുകളും കൊണ്ടും ആദ്യം തന്നെ വിവാദമാക്കിയ പ്രഥമ സമ്മേളനത്തില്‍നിന്നും ഒട്ടും വിഭിന്നമല്ല വീണ്ടും നടക്കാന്‍ പോകുന്ന ഈ സമ്മേളനവും. ഇത്തവണ സഭയുടെ നടത്തിപ്പിനായി സര്‍ക്കാര്‍ പണം ചെലവഴിക്കില്ലെന്നും ദുബൈയില്‍ കമ്മിറ്റി രൂപീകരിച്ച് സ്‌പോണ്‍സര്‍ഷിപ്പായി സഭ നടത്തുമെന്നുമാണ് പറയുന്നത്. പ്രളയാനന്തര പുനര്‍ നിര്‍മ്മാണം എങ്ങുമെത്താത്ത അവസ്ഥയില്‍ സ്വകാര്യ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമായി ലോക കേരളസഭ സംഘടിപ്പിച്ച് പ്രവാസികളുടെയും സഭയുടെയും അന്തസ്സ് തന്നെ ഇല്ലാതാക്കാന്‍ ഇത്രയും വ്യഗ്രത കാണിക്കേണ്ടതില്ലായിരുന്നു.
പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായി എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത് വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യുകയല്ല വേണ്ടത്; മറിച്ച് അവര്‍ക്ക് പ്രയോജനകരമായ നടപടികള്‍ ഉണ്ടാവുകയാണ് വേണ്ടത്. ഇങ്ങനെയൊരു സഭ രൂപീകരിക്കുമ്പോള്‍ ചാടിക്കയറി എതിര്‍ക്കേണ്ടയെന്ന് പ്രതിപക്ഷം തീരുമാനിച്ചിരുന്നെങ്കിലും ഇത് സംഘടിപ്പിച്ചതുകൊണ്ട് പ്രവാസികള്‍ക്ക് യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ വിയോജിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പ് കാലത്തും ഇടതുപക്ഷവും ഇടതുപക്ഷ സര്‍ക്കാരും പ്രവാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ പ്രവാസികള്‍ക്കായി എന്തൊക്കെയോ ചെയ്യുകയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. എല്ലാ കാലത്തും പ്രവാസികള്‍ക്കാവശ്യമായ എല്ലാ അനുകൂല നിലപാടുകളും കൈക്കൊണ്ടിട്ടുള്ള യു.ഡി.എഫിന് പ്രവാസി സമൂഹത്തില്‍നിന്നും കിട്ടികൊണ്ടിരിക്കുന്ന പിന്തുണ വളരെ വലുതാണ്. അതില്‍ വിറളിപൂണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെയൊരു സഭ തട്ടിക്കൂട്ടി പ്രവാസികളുടെ കണ്ണില്‍ പൊടിയിടാമെന്ന് ഇടതുപക്ഷവും സര്‍ക്കാരും കരുതുന്നത്.
കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും മനസ്സിലാക്കുന്നതിനും ഉതകുന്ന തരത്തിലുള്ള സംവിധാനമായി ഇനിയും ഈ സഭ മാറിയിട്ടില്ല. ഓരോ വര്‍ഷവും ഏകദേശം 1.50 ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്നത്. ഇതുകൊണ്ടാണ് സംസ്ഥാനം പട്ടിണികൂടാതെ കഴിയുന്നത്. എന്നാല്‍ ഗള്‍ഫ് നാടുകളിലെ സ്വദേശിവത്കരണവും വേതനക്കുറവും സമ്പദ് വ്യവസ്ഥയിലെ തിരിച്ചടികളുംമൂലം മടങ്ങിയെത്തുന്ന പ്രവാസികളെ ശരിയായ രീതിയില്‍ സംരക്ഷിക്കുന്നതിനും പ്രവാസമാഗ്രഹിക്കുന്നവര്‍ക്കായി സുരക്ഷിതവും നിയമപരവും ചെലവ് കുറഞ്ഞതുമായ കുടിയേറ്റംകൂടി ഉറപ്പ്‌വരുത്തുന്നതിനും നടപടികളൊന്നും സ്വീകരിക്കുന്നില്ലെങ്കില്‍ ഇത്തരം പരിപാടികള്‍കൊണ്ട് ആര്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്?

ചന്ദ്രിക വെബ് ഡെസ്‌ക്‌: