X
    Categories: Video Stories

നഷ്ടമായത് ജനാധിപത്യ കേരളത്തിന്റെ കരുത്ത്


പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
ജനാധിപത്യ കേരളത്തിന്റെ ശക്തിയും ചൈതന്യവുമായിരുന്ന നേതാവിനെയാണ് കെ.എം മാണിയുടെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്. സ്വന്തം വ്യക്തി പ്രഭാവംകൊണ്ട് കേരള രാഷ്ട്രീയത്തിലും മലയാളി പൊതു സമൂഹത്തിലും ശ്രദ്ധേയമായ ഇടം നേടിയ നേതാവായിരുന്നു അദ്ദേഹം. സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രതിസന്ധികളുടെ കുരുക്കഴിക്കാന്‍ പ്രാപ്തനായ മാധ്യസ്ഥന്‍, ധീരനായ പൊതു പ്രവര്‍ത്തകര്‍ ഇങ്ങനെ ബഹുമുഖ വിശേഷണങ്ങള്‍ക്ക് ഉടമയായിരുന്നു മാണി സാര്‍. കഴിഞ്ഞ അഞ്ചര പതിറ്റാണ്ട് കാലത്തെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കെ.എം മാണിയുടെ ജീവചരിത്രം കൂടിയാണ്.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതു രംഗത്ത്‌വന്ന് കേരള രാഷ്ട്രീയത്തിലെയും കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെയും അതികായനായി. പല തവണ ജനപ്രതിനിധിയായി, ഭരണാധികാരിയായി. ഒരേ മണ്ഡലത്തില്‍നിന്നും ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എയായ വ്യക്തിയെന്ന വിശേഷണവും കെ.എം മാണിക്കുണ്ട്. പാല എന്ന നിയോജക മണ്ഡലം കേരള ചരിത്രത്തില്‍ അറിയപ്പെടുക തന്നെ കെ.എം മാണിയുടെ പേരിലായിരിക്കും. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധനകാര്യമന്ത്രിയെന്ന ബഹുമതിക്കുമുടമയാണ്. നവ കേരളത്തിന്റെ വികസന ശില്‍പികളില്‍ പ്രമുഖനായ കെ.എം മാണി കേരളത്തിന്റെ സാമ്പത്തിക സാമൂഹിക മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഉള്‍പ്പെടെ കേരളത്തില്‍ സാമൂഹിക പരിഷ്‌കരണത്തിന് വഴിവെച്ച അനേകം പദ്ധതികള്‍ തന്റെ ബജറ്റിലൂടെ കൊണ്ടു വരാനും നടപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
മുഖ്യമന്ത്രിമാര്‍ ആരായിരുന്നാലും എത്ര തലയെടുപ്പുള്ള മന്ത്രിമാര്‍ സഭയിലുണ്ടായിരുന്നാലും ആ സഭയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമായി ഉയര്‍ന്നുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കെ.എം മാണിയുടെ നിലപാടുകളും സമീപനങ്ങളും അത് എന്തുതന്നെയായിരുന്നാലും കേരളം എപ്പോഴും ശ്രദ്ധയോടെ കാതോര്‍ത്തിരുന്നു. കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിലും വിപുലമാക്കുന്നതിലും വലിയ പങ്കു വഹിച്ചു അദ്ദേഹം. കേരളത്തിലെ ഉന്നതരായ അനേകം രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പവും പ്രമുഖരായ മുഖ്യമന്ത്രിമാര്‍ക്കൊപ്പവും സഭക്കുള്ളില്‍ ഭരണത്തിലും പ്രതിപക്ഷത്തുമായി കെ.എം മാണി നടത്തിയിട്ടുള്ള ഇടപെടലുകളും ഭരണ നിര്‍വഹണവും കേരള രാഷ്ട്രീയ ചരിത്രം എക്കാലവും സ്മരിക്കും. മത മൈത്രി ഊട്ടിയുറപ്പിക്കുന്നതിലും സമാധാന പൂര്‍ണമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും എന്നും മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു. മുസ്‌ലിം ലീഗുമായി ഉറ്റ ബന്ധം പുലര്‍ത്തിപ്പോന്ന കെ.എം മാണി പാണക്കാട് കുടുംബവുമായി പ്രത്യേകിച്ച് പരേതനായ ജ്യേഷ്ട സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി വലിയ ആത്മ ബന്ധമാണ് സൂക്ഷിച്ചിരുന്നത്. എവിടെ വെച്ച് കണ്ടാലും ആ സ്‌നേഹവും പരിഗണനയും നല്‍കിപോന്നു. ഒരു ജ്യേഷ്ട സഹോദരനെ പോലെ കാര്യങ്ങള്‍ ആരായുകയും അഭിപ്രായങ്ങള്‍ പറയുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുപോന്ന കുടുംബ സുഹൃത്തിന്റെ നഷ്ടം കൂടിയാണ് കെ.എം മാണിയുടെ വേര്‍പാടിലൂടെ സംഭവിച്ചത്. അദ്ദേഹത്തിന്റെ ആത്മധൈര്യം വളരെ ശ്രദ്ധേയമായിരുന്നു. എത്ര കടുത്ത വിമര്‍ശനങ്ങളുണ്ടായാലും ഇതിനെയൊക്കെ നല്ല മനസ്സാന്നിധ്യത്തോടെ നേരിടാനും പുഞ്ചിരിയോടെ പ്രതിസന്ധികളെ അനായാസം മറികടക്കാനും കഴിവുള്ള നേതാവായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ രൂപകല്‍പനയിലും വളര്‍ച്ചയിലും നേതൃപരമായ പങ്ക് വഹിച്ചു. കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തെ എത്ര അഭിപ്രായഭിന്നതക്കിടയിലും ഐക്യജനാധിപത്യ മുന്നണിയുമായി ചേര്‍ത്തുനടത്തുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തു. ഏത് വകുപ്പ് കൈകാര്യം ചെയ്യുന്നതിനും പ്രപ്തനായിരുന്ന മന്ത്രിയായിരുന്നു അദ്ദേഹം. കേരളത്തില്‍ മുഖ്യമന്ത്രി പദവിയോളം എത്താവുന്ന അതുല്യ രാഷ്ട്രീയ വ്യക്തിത്വം. കേരള രാഷ്ട്രീയത്തില്‍ ഇതിഹാസ തുല്യമായ ജീവിതം നയിച്ച കെ.എം മാണിയുടെ ഭരണ നൈപുണ്യവും വ്യക്തി സ്വാധീനവും ചരിത്രത്തില്‍ എന്നും ജ്വലിച്ചു നില്‍ക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: