X
    Categories: Sports

തളരില്ല, ഈ യുവ പോരാളികള്‍

ഒരു സ്‌പോര്‍ട്‌സ് ചാനലുകാരും കൊല്‍ക്കത്തയിലേക്ക്, സന്തോഷ് ട്രോഫിയിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല. മോഹന്‍ ബഗാന്‍ മൈതാനത്തും ഹൗറ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലും സാള്‍ട്ട്‌ലെക്കിലുമെല്ലാമായി രാജ്യത്തെ ചാമ്പ്യന്‍ സംസ്ഥാനത്തെ കണ്ടെത്താനുള്ള കാല്‍പ്പന്ത് പോരാട്ടം നടക്കുമ്പോള്‍ നമ്മുടെ ദേശീയ ചാനലായ ദൂരദര്‍ശന്‍ പണ്ടെങ്ങോ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് കാണിച്ച് കൊണ്ടിരിക്കുന്ന തിരക്കിലാണ്. പ്രസാര്‍ഭാരതിക്കാര്‍ സ്വന്തമായി സ്‌പോര്‍ട്‌സ് ചാനല്‍ തുടങ്ങിയത് പൊതു ഖജനാവ് കൊള്ളയടിക്കാനാണ്. സ്വകാര്യ ചാനലുകാര്‍ കായിക മല്‍സര സംപ്രേഷണവുമായി വരുമാനം വര്‍ധിപ്പിക്കുമ്പോള്‍ പ്രസാര്‍ ഭാരതിയുടെ ഡല്‍ഹി ആസ്ഥാനത്ത് കഴിയുന്ന താപ്പാനമാര്‍ വാട്ട്‌സാപ്പില്‍ കളിക്കുകയാണ്. ബംഗാളും കേരളവും മണിപ്പൂരും പഞ്ചാബും ഗോവയും മിസോറാമുമെല്ലാം കാല്‍പ്പന്തില്‍ വിസ്മയം സൃഷ്ടിക്കുമ്പോള്‍ അതൊന്ന് നേരില്‍ കാണിക്കാനുള്ള സാമാന്യ ബോധം ആര്‍ക്കുമില്ല. എങ്കിലും സന്തോഷ് ട്രോഫിയെന്നാല്‍ അത് കേരളത്തിന്റെ വികാരമാണ്. യു ട്യൂബ് വഴിയാണെങ്കിലും തല്‍സമയ ചിത്രങ്ങള്‍ ജനം തേടിപ്പിടിച്ച് കാണുന്നുണ്ട്. ആ വികാരത്തിനൊരു ക്ലാസ് ഫിനിഷാണ് ഇന്ന് ഫുട്‌ബോള്‍ കേരളം ആഗ്രഹിക്കുന്നത്. അഞ്ച് തവണ കേരളം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വിജയം വരിച്ചപ്പോഴും അത് ചരിത്രമായിരുന്നു, ആഘോഷമായിരുന്നു. സംസ്ഥാനത്തിന് പൊതു അവധി പോലും പ്രഖ്യാപിക്കപ്പെട്ടിരുന്നു സന്തോഷ് ട്രോഫി നേട്ടത്തില്‍. എവിടെ സന്തോഷ് ട്രോഫി നടന്നാലും അവിടെയെത്തി കളിക്കാരെ പിന്തുണക്കുന്ന നമ്മുടെ ആരാധക കൂട്ടത്തിന്റെ ഊര്‍ജ്ജം പക്ഷേ പലപ്പോഴും കളിക്കളത്തില്‍ താരങ്ങള്‍ പ്രകടിപ്പിക്കാറില്ല. പക്ഷേ ഇക്കുറി കൊല്‍ക്കത്തയില്‍ കേരളത്തിന്റെ യുവനിര ഊര്‍ജ്ജം പ്രകടിപ്പിക്കുന്നുണ്ട്. 90 മിനുട്ടും ഒരേ വേഗതയില്‍ കളിക്കുന്നുണ്ട്. ഒരു നിമിഷം പോലും ആലസ്യം പ്രകടിപ്പിക്കുന്നുമില്ല. ബംഗാളിനെതിരെ കേരളം നേടിയ ഗോള്‍ അവസാന സമയങ്ങളിലായിരുന്നു. ആ സമയത്ത് സാധാരണ ഗതിയില്‍ ക്ഷീണിതരായിരിക്കും നമ്മുടെ താരങ്ങള്‍. ഇവിടെ അവസാന സമയങ്ങളിലാണ് ഊര്‍ജ്ജത്തോടെ യുവനിര കളിക്കുന്നത്. ബംഗാളിനെതിരെ നേടിയ ഗോള്‍ തന്നെ ഉദാഹരണം. മിസോറാമിനെതിരായ സെമിയിലെ വിജയവും രണ്ടാം പകുതിയിലായിരുന്നു. കളി രണ്ടാം പകുതിയിലുമുണ്ട് എന്ന് തെളിയിച്ചതാണ് നമ്മുടെ വിജയം. ബംഗാള്‍ സംഘത്തില്‍ വലിയ അപകടകാരികളില്ല-അതായത് അതിവേഗതയില്‍ കളിച്ച് കേരളത്തിന്റെ പ്രതിരോധ നിരയെ കബളിപ്പിക്കാന്‍ കരുത്തുള്ളവര്‍. കാണികളുടെ പിന്‍ബലം-അത് പ്രധാനമാണ്. ആ ഊര്‍ജ്ജത്തെ മറികടക്കാന്‍ എളുപ്പമാവില്ല. പക്ഷേ വിജയമെന്ന മുദ്രാവാക്യത്തില്‍ സ്വയം മറന്ന് പൊരുതുന്ന യുവാക്കളുണ്ടല്ലോ, അവരുടെ ആത്മവിശ്വാസമുണ്ടല്ലോ-അതിനെ നിയന്ത്രിക്കാന്‍ കാണികള്‍ക്കാവില്ല എന്ന സത്യത്തിലുണ്ട് കേരളത്തിന്റെ സാധ്യത.
പലവട്ടം കലാശപ്പോരാട്ടത്തില്‍ കേരളം പരാജയപ്പെട്ടെങ്കില്‍ അതിന് അടിസ്ഥാന കാരണം ആത്മവിശ്വാസമില്ലാതെ തല താഴ്ത്തി കളിച്ചതാണ്. വലിയവരെ കാണുമ്പോഴുള്ള സമ്മര്‍ദ്ദം കാരണം തോറ്റ് പോയവര്‍. ഈ ടീം സമ്മര്‍ദ്ദം പ്രകടിപ്പിക്കുന്നില്ല. കൂള്‍ ഗെയിം ഇന്നും തുടര്‍ന്നാല്‍ കപ്പടിക്കാം

ചന്ദ്രിക വെബ് ഡെസ്‌ക്‌: