X
    Categories: Views

ദുരന്തമുഖത്തെ വിലപിടിപ്പുള്ള സഹായം

ഉമ്മര്‍ വിളയില്‍

അണമുറിയാത്ത പേമാരിയിലും കുത്തൊഴുക്കിലും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ് കേരളം. അതിശക്തമായ കാലവര്‍ഷം നിരവധി പേരുടെ മരണത്തിനും അരക്ഷിതാവസ്ഥക്കും സഹസ്രകോടി രൂപയുടെ നഷ്ടത്തിനും ഇടവരുത്തിയിരിക്കുന്നു. ചരിത്രത്തിലാദ്യമായി ഇടുക്കി അണക്കെട്ടിന്റെ അഞ്ചു ഷട്ടറും ഉയര്‍ത്തി വെള്ളത്തിന്റെ കുത്തൊഴുക്കിനെ മറികടക്കേണ്ടി വന്ന കടുത്ത അവസ്ഥ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അറുതിയില്ലാതെ തുടരുന്നു.

മഴയെ വരവേല്‍ക്കാന്‍ തക്കവണ്ണം അനുകൂലമല്ലാത്ത വിധത്തില്‍ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനയില്‍ കൈകടത്തിയതിന്റെ പ്രതിഫലനമാണ് ഈ ദുരന്തം. മലനാട്, ഇടനാട്, തീരപ്രദേശം എന്ന വിധത്തിലാണ് കേരളത്തിന്റെ ഭൂമിശാസ്ത്രത്തെ നിര്‍ണയിച്ചിട്ടുള്ളത്. ഈ സംവിധാനത്തിലൂടെ പശ്ചിമഘട്ടം തൊട്ട് താഴെ കടല്‍ത്തീരം വരെ കിട്ടുന്ന മഴയുടെ എല്ലാ തരം ഭാവത്തെയും പ്രകൃതിപരമായി തന്നെ പ്രതിരോധിക്കാന്‍ പ്രാപ്തമായിരുന്നു. ഉരുള്‍പൊട്ടലും വെള്ളപ്പാച്ചിലും പ്രകൃതി ഒരുക്കിയ ഈ ആവരണത്തിലൂടെ അപകടരഹിതമായി ഒഴുകി പുഴയിലും കടലിലും ചെന്നു ചേരുന്ന സാഹചര്യമുണ്ടായിരുന്നു. പ്രത്യേകവും സമൃദ്ധവുമായ ഈ ഭൂ പ്രകൃതിയെ മനസ്സിലാക്കാതെയുള്ള വികസന സങ്കല്‍പങ്ങള്‍ ഉയര്‍ന്നുവന്നതാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി കാലവര്‍ഷങ്ങളില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ക്രമഭംഗങ്ങളുടെ കാരണം.

നാല്‍പത്തിനാല് നദികളും നിരവധി ഏക്കര്‍ വൃഷ്ടിപ്രദേശങ്ങളും അതിന്റെ ഫലഭൂയിഷ്ഠതയില്‍ തളിര്‍ക്കുന്ന കൃഷിരീതികളും ഉള്‍ക്കൊള്ളുന്ന സംസ്ഥാനമാണ് കേരളം. സമൃദ്ധമായ മഴയും അപരിമേയമായ ജലവും ഉള്‍ചേര്‍ന്നതാണ് സംസ്ഥാനത്തിന്റെ സ്വഭാവം. ഈ മഴയെയും വെള്ളത്തെയും ഉള്‍ക്കൊണ്ടുള്ള വികസനമാണ് നമുക്കു വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ കേരളം ‘സ്വര്‍ഗരാജ്യ’മാക്കാനുള്ള തത്രപ്പാടിനിടയില്‍ ജലത്തെ അറിഞ്ഞുള്ള വികസന സങ്കല്‍പം ഗവണ്‍മെന്റും ബ്യൂറോക്രസിയും സൗകര്യപൂര്‍വം മറന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി സമീപസ്ഥ വികസനത്തെ തന്റെ ദേശത്തും സാധ്യമാക്കണമെന്ന വികലമായ മനോഗതി ഐക്യകേരളത്തെ ആസകലം ഗ്രസിച്ചു. തല്‍ഫലമായി സ്വാഭാവികമായി ഒഴുകിയിരുന്ന പുഴകളെ അണകെട്ടി നിര്‍ത്തി. കെട്ടി നിര്‍ത്തിയ അണയുടെ ഇപ്പുറത്ത് ‘ഇവിടെ ഒരു പുഴയുണ്ടായിരുന്നു’ എന്ന ഓര്‍മ നശിക്കാന്‍ തക്കവണ്ണം അവിടെ വെള്ളം വറ്റുകയോ ശുഷ്‌ക്കമായ നീരൊഴുക്കോ ആയി മാറി. അനന്തരം പുഴയുടെ തീരത്ത് ആളുകള്‍ കയറിത്താമസിച്ചു. വിവിധോദ്ദേശ്യങ്ങളായ കൂറ്റന്‍ കെട്ടിടങ്ങളടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഫലത്തില്‍ പതിവു മഴ പോലും നമുക്ക് ദുരിതപ്പെയ്ത്തായി. ചെറിയ ജല പ്രവാഹം പോലും കലിയടങ്ങാത്ത ഒഴുക്കായി. ഇത്തരത്തില്‍ മഴയെ സ്വീകരിക്കാന്‍ പ്രാപ്തമല്ലാത്ത നാടായി. ശുഷ്‌കമായ വികസന സങ്കല്‍പങ്ങളുടെ പുറത്ത് കെട്ടി ഉയര്‍ത്തിയതൊക്കെയും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഒറ്റപ്പെയ്ത്തില്‍ തീരുന്ന ഈ തരം വികസന സങ്കല്‍പത്തിന്റെ ചില്ലുകൂടാരത്തിലാണ് കേരളം അതിന്റെ സൗന്ദര്യവും പുരോഗതിയും കണ്ടെത്തുന്നതെങ്കില്‍ ഗുരുതരമായ ജീവല്‍ പ്രശ്‌നമായി അതു ബാധിക്കും.

ഇതേ ഗൗരവതരമായ സാഹചര്യം തന്നെയാണ് കടല്‍ തീരത്ത് താമസിക്കുന്നവരെയും മത്സ്യ ബന്ധന മേഖലയിലും മറ്റും ജീവനോപാധി നടത്തുന്നവരെയും സംബന്ധിച്ച് നിലനില്‍ക്കുന്നത്. 1986ലെ കേന്ദ്ര പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ കീഴില്‍ വരുന്ന തീരദേശ മേഖലാ നിയന്ത്രണ (ഇീമേെമഹ ഞലഴൗഹമശേീി ദീില) നിയമപ്രകാരം 500 മീറ്റര്‍ പരിധിയിലുള്ള കര ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുണ്ട്. ലംഘിക്കാന്‍ പറ്റുന്ന തരത്തില്‍ കേരളം അതിന്റെ നിയന്ത്രണങ്ങള്‍ മാറ്റിയിട്ടുണ്ട്. 500 മീറ്റര്‍ എന്നത് ക്രമേണ കുറച്ച് 50 മീറ്റര്‍ എന്നാക്കി മാറ്റി. ഉള്‍നാടന്‍ ജലാശയങ്ങളുടെ തീരമേഖലാ പരിധി 50 മീറ്ററില്‍ നിന്നും 20 മീറ്ററാക്കി കുറയ്ക്കുന്നതിനെ സംബന്ധിച്ച് കേന്ദ്രത്തിനു കത്തു നല്‍കാനും സംസ്ഥാന ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കടലിന്റെ അറ്റം വരെ കയറിത്താമസിക്കുന്ന ഈ പ്രവണത വലിയ ദുരന്തമാണ് ക്ഷണിച്ചു വരുത്തുക. ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് പെരിയാറിന്റെ വരവും മലവെള്ളപ്പാച്ചിലില്‍ ദിശമാറിയൊഴുകിയ ചാലിയാറും മറ്റും തുറന്നു വിട്ട 23 അണക്കെട്ടുകളിലെ വെള്ളപ്പാച്ചിലും ചെന്നൊടുങ്ങുന്നത് ഈ കടലിലാണ്. തന്മൂലം കടലിലെ ജലനിരപ്പ് ഉയരുന്നതോടെ തീരങ്ങള്‍ കവര്‍ന്ന് തദ്ദേശീയരെയും മത്സ്യ ബന്ധനക്കാരെയുമെല്ലാം അതു ദുഷ്‌കരമായി ബാധിക്കാനിടയുണ്ട്.

കോട്ടയത്തിന്റെ കിഴക്കുഭാഗവും കൊല്ലം ജില്ലയിലെ ഏഴുകോണിന് കിഴക്കു ഭാഗവും പൊന്നാനിയുടെ കിഴക്കു ഭാഗവും ചേര്‍ന്നതാണ് കേരളത്തിന്റെ തനതു ഇടം. ശേഷിച്ചവയെല്ലാം പല കാലങ്ങളിലായി കടല്‍ തന്നതാണ്. കാലാവസ്ഥയുടെ താളം ഈ വിധത്തില്‍ തുടര്‍ന്നാല്‍ കടലു തന്നതൊക്കെയും തിരിച്ചെടുക്കുന്ന അവസ്ഥ സംജാതമാകും. പരിസ്ഥിതിയോടു കാണിക്കുന്ന സമീപനം പോലെ തന്നെ ദുരന്ത സാഹചര്യത്തെ അഭിമുഖീകരിക്കുന്ന വിധത്തിലും മലയാളി കാണിക്കുന്ന അനാസ്ഥ അമ്പരപ്പിക്കുന്നതാണ്. പെരുകുന്ന മഴയുടെയും ഉയരുന്ന ജലനിരപ്പിന്റെയും ഭവിഷ്യത്തുകള്‍ ഉയര്‍ത്തിക്കാട്ടി കരുതലോടെയിരിക്കാന്‍ സംസ്ഥാന ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ സേനയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മുഖവിലക്കെടുക്കാതെ, കൗതുകക്കാഴ്ച കാണാനെന്ന പോലെ ദുരന്തമുഖത്തേക്ക് ആളുകള്‍ പാഞ്ഞടുക്കുകയാണ്. പുകവലിക്കരുതെന്ന് വിലക്കുള്ള ഇടം നോക്കി സിഗരറ്റ് കത്തിക്കുന്നതു പോലെ, മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്നഴുതി വച്ച ബോര്‍ഡിനു താഴെ ചവറുകള്‍ കൂട്ടിയിടുന്നതു പോലെയുള്ള മലയാളി മനോഭാവ വൈകൃതത്തിന്റെ തുടര്‍ച്ച തന്നെയാണിത്.

കടുത്ത അപായ സൂചന നല്‍കിയിട്ടും അണക്കെട്ടിന്റെ ഷട്ടര്‍ ഉയരുന്നതു കാണാന്‍ നൂറുകണക്കിന് പേരാണ് ഇടുക്കിയില്‍ വന്നത്. ശക്തമായ വിലക്കുകളെ ലംഘിച്ചാണ് മഴവെള്ളത്തിന്റെ കലിയടങ്ങാത്ത ഒഴുക്കു കാണാന്‍ അതിരപ്പിള്ളിയില്‍ ആള്‍ക്കൂട്ടം എത്തിയത്. പുഴയിലും തോട്ടിലും കൈത്തോട്ടിലും ആശങ്കാകുലമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോഴും നഗരഗ്രാമ വ്യത്യാസമില്ലാതെ ആള്‍ക്കൂട്ടം ആസ്വദിക്കുകയും കളിച്ചുല്ലസിക്കുകയും ചെയ്തു. മഴയെയോ അതിന്റെ കെടുതികളെയോ നഷ്ടങ്ങളെയോ കുറിച്ചുള്ള യാഥാര്‍ത്ഥ്യബോധവും ചിന്തയുമില്ലാത്ത ആളുകളാണ് ഈ സാഹസ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് എന്നതാണ് ഏറ്റവും അപകടകരം. ഒരുതരത്തിലുള്ള മുന്നറിയിപ്പിന്റെയും കാലാവസ്ഥാ പ്രവചനത്തിന്റെയും ഡാറ്റാ വിവരണത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ, അവരുടെ മാത്രം സങ്കല്‍പത്തില്‍ വരുന്ന ജലനിരപ്പായി അവര്‍ അതിനെ കണക്കാക്കുന്നു. അതിനപ്പുറത്തെ മലവെള്ളപ്പാച്ചിലിന്റെ കുത്തിയൊലിച്ചുള്ള വരവിലേക്കൊന്നും അവരുടെ മനസെത്തുന്നില്ല. ഈ നിരാകരണബോധമാണ് വെള്ളം കണ്ട് പകക്കാതെ ആസ്വദിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

നമ്മുടെ റൂടിസം മനോഭാവം വച്ചുനീട്ടിയ പരിണിത ഫലമാണിത്. സംസ്ഥാനത്തിന്റെ ഏറ്റവും ഫലപ്രദമായ ധനാഗമ മാര്‍ഗമാവുന്ന തരത്തില്‍ ടൂറിസത്തെ വിപുലമായ രീതിയില്‍ പ്രോത്സാഹിപ്പിച്ചതോടൊപ്പം മലയാളിയുടെ സാഹസിക ഉദ്യമത്തിനും മാറ്റം വന്നു. എല്ലാവര്‍ക്കും സഞ്ചരിക്കണം, കാഴ്ചകള്‍ കാണണം, സെല്‍ഫിയെടുക്കണം, സെന്‍സേഷനല്‍ ഫോട്ടോഗ്രാഫ് എടുക്കണം എന്ന മനോഗതി. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തകരോ സന്നദ്ധ വിഭാഗമോ അല്ലാത്തവര്‍ സാഹസ കൃത്യങ്ങളിലേര്‍പ്പെടുന്നതും പ്രേരിപ്പിക്കുന്നതും കുറ്റകൃത്യമാക്കുക എന്നതാണ് ഭരണതലത്തില്‍ ഇതിനെതിരെ ചെയ്യാന്‍ കഴിയുന്ന പോംവഴി. ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ഹാ, കഷ്ടം എന്നു വിലപിക്കുന്നതോടെ ഉത്തരവാദിത്തം അവസാനിച്ചെന്നു കരുതുന്ന വിഭാഗവും നമുക്കിടയിലുണ്ട്. ഒരു ദുരന്തത്തെയോര്‍ത്ത് കണ്ണീരൊഴുക്കുന്നതിനേക്കാള്‍ ക്രിയാത്മകമാണ് അതില്‍ അകപ്പെട്ടവരുടെ കണ്ണീരൊപ്പുക എന്ന ഇടപെടല്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വ്യക്തിഗതമായി ചെയ്യാന്‍ കഴിയുന്ന പ്രവൃത്തിയാണ്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടക പത്തു കോടിയും തമിഴ്‌നാട് അഞ്ചു കോടിയും വകയിരുത്തുകയും ആവശ്യമെങ്കില്‍ കൂടുതല്‍ സഹായം നല്‍കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തതും അത്തരമൊരു ഇടപെടലാണ്. 2015ല്‍ ചെന്നൈ പ്രളയത്തില്‍ സാമ്പത്തിക സഹായവും സൗജന്യ കെ.എസ്.ആര്‍.ടി.സി സര്‍വീസും ചെയ്തു നല്‍കിയ കേരളത്തിന്റെ സഹായ മഹാ മന:സ്ഥിതിക്കു കിട്ടിയ പ്രത്യുപകാരവും അംഗീകാരവുമാണിത്. ദീനാനുകമ്പയും സഹാനുഭൂതിയും അതിരുകളില്ലാതെ വരുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ നല്‍കുന്ന സന്തോഷം വലുതാണ്. കക്ഷിരാഷ്ട്രീയപരവും ഭൂമിശാസ്ത്രപരവുമായ ഭേദങ്ങള്‍ക്കപ്പുറത്തുള്ള ഈ തരം സന്ദര്‍ഭാനുസൃത ഇടപെടലാണ് ദുരന്തമുഖത്തെ ഏറ്റവും വിലമതിക്കുന്ന സഹായം.

chandrika: