നജ്മുദ്ദീന്‍ മണക്കാട്ട്
സാധാരണക്കാരന് വളരെ ആക്സസിബിള്‍ ആണ് സഹകരണ സംഘങ്ങള്‍. വാണിജ്യ ബാങ്കുകളോടുള്ള പേടി തന്റെ അയല്‍പക്കക്കാരനും മറ്റും അംഗങ്ങള്‍ ആയ സഹകരണ സംഘത്തിനോട് ഒരാള്‍ക്കും കാണില്ല. NABARD, SIDBI, HUDCO, NCDC തുടങ്ങി നിരവധി ധനകാര്യ ഏജന്‍സികളുടെ സേവനം ലഭ്യമാകുന്നത് സഹകരണ സ്ഥാപനങ്ങളിലൂടെയാണ്.
വായ്പാ നടപടികള്‍ വളരെ ലളിതമാണ്. നേരത്തെ പറഞ്ഞത് പോലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന പരിധി ഒരു പഞ്ചായത്തോ താലൂക്കോ മറ്റോ ആണ്. നിക്ഷേപങ്ങള്‍ എല്ലാം കേരളത്തിന് ഉള്ളില്‍ തന്നെ വായ്പയായി ചംക്രമണം ചെയ്യപ്പെടുന്നു. രാവിലെ പാല് കറന്നു സൊസൈറ്റിയില്‍ കൊടുക്കുന്ന 137000 ക്ഷീര കര്‍ഷകര്‍ ഉണ്ട് കേരളത്തിില്‍, കയര്‍ ഉണ്ടാക്കി കയര്‍ ഫെഡില്‍ ഏല്‍പ്പിക്കുന്ന ആലപ്പുഴക്കാരും റബ്ബര്‍ ഷീറ്റ് സംഘത്തില്‍ ഏല്‍പ്പിക്കുന്ന റബര്‍ കര്‍ഷകരും, കശുവണ്ടി കര്‍ഷക സംഘവും, കൈത്തറി തൊഴിലാളി സംഘവും ഉള്ള നാടാണിത്. ഈ സംഘങ്ങള്‍ക്ക് എല്ലാം സഹകരണ ബാങ്കുകളിലാണ് നിക്ഷേപമുള്ളത്. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ഇവര്‍ക്കെല്ലാം വിശക്കും.
സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹകരണസംഘവും പ്രാദേശിക സ്വയംഭരണത്തിന് പഞ്ചായത്തീരാജും എന്നതായിരുന്നു ഗ്രാമവികസനം സംബന്ധിച്ച് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനുണ്ടായിരുന്ന കാഴ്ചപ്പാട്.
വായ്പ, വിപണനം, ഉപഭോക്തൃ സാധനങ്ങളുടെ വിതരണം, ഭവനനിര്‍മ്മാണം, ആരോഗ്യം, പട്ടികജാതി പട്ടികവര്‍ഗ വികസനം, വനിത വികസനം തുടങ്ങിയ വിവിധ മേഖലകളിലായി 12552ഉം വ്യവസായം, കൃഷി, ഡയറി, മത്സ്യം തുടങ്ങിയ ഡയറക്ടറേറ്റുകള്‍ക്കു കീഴിലായി ഏകദേശം 9500ഉം സഹകരണ സംഘങ്ങളുടെ വളരെ വിപുലമായ ഒരു ശൃംഖല ഗ്രാമീണ സാമ്പത്തിക വളര്‍ച്ചയ്ക്കായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അഖിലേന്ത്യാ സ്ഥിതി വിശേഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനം കൂടുതല്‍ വിപുലവും സുശക്തവുമാണ്.
സഹകരണ സ്ഥാപനങ്ങള്‍ ഗ്രാമീണ കാര്‍ഷിക വികസനത്തിനായുള്ള ജനകീയ ഏജന്‍സികളാണ്. ഒരു ഗ്രാമത്തിലെ എല്ലാ വികസന ഏജന്‍സികളും ജനകീയാസൂത്രണത്തിന്റെ അഭിവാജ്യ ഘടകങ്ങളായിരിക്കണമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടുമ്പോള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി യോജിച്ചുള്ള സഹകരണ മേഖലയുടെ പ്രവര്‍ത്തനം അനിവാര്യമാകുന്നു.
എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളായിരിക്കണം എന്ന ചിന്താഗതി അംഗീകരിക്കപ്പെടുമ്പോള്‍ അവയില്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നിയന്ത്രണം സര്‍വ്വനാശത്തിന് വഴിവയ്ക്കുമോ എന്ന് ഭയപ്പെടുന്ന സഹകാരികളും ഉണ്ട്.സഹകരണ സ്ഥാപനങ്ങള്‍ ജനാധിപത്യ സ്വയംഭരണ പരമാധികാര, സ്വയംപര്യാപ്ത സ്ഥാപനങ്ങളായിരിക്കണമെന്ന തത്വം തദ്ദേശഭരണസ്ഥാപനങ്ങളുമായുള്ള യോജിച്ച പ്രവര്‍ത്തനത്തിലൂടെ അവഗണിക്കപ്പെട്ടുപോകുമെന്നും അവള്‍ ആശങ്കപ്പെടുന്നു.
അതുകൊണ്ട് തന്നെ ഈ മേഖല കൂടുതല്‍ ശക്തമായി വളര്‍ന്ന് നിലനില്‍ക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഇനി പറയാനുള്ളത് ഇവയെ നശിപ്പിക്കുന്ന ഒരു കൂട്ടര്‍ നമുക്കിടയില്‍ ഉണ്ട്. അതിന് ഇന്ന രാഷ്ട്രീയ പാര്‍ട്ടി എന്നോ, സ്ഥലമെന്നോ ഇല്ല.
പണാധിപത്യവും, ഫ്യുഡല്‍ വ്യവസ്ഥയും ഇതിന്റെ ശത്രുക്കളും, നശീകരണ ശക്തികളുമാണ്. നമ്മുടെ രാഷ്ട്രീയ രംഗത്ത് വന്നിരിക്കുന്ന ചൂഷണം, അഴിമതി, സ്വജന പക്ഷപാതം, ഏകാധിപത്യം തുടങ്ങിയവ സ്വാഭാവികമായും സഹകരണ മേഖലയുടെയും ഭാഗമായിട്ടുണ്ട്. കാരണം സമൂഹത്തിന്റെയും അവരുടെ രാഷ്ട്രീയത്തിന്റെയും ഭാഗമായി തന്നെയാണ് സഹകരണ മേഖലയുടെ നിലനില്‍പ്പ്. സഹകരണ സംഘങ്ങളുടെ സുസ്ഥിരമായ പ്രവര്‍ത്തനത്തിനും നമ്മള്‍ കൂടുതല്‍ ഇടപെട്ടേ പറ്റൂ. കേരളത്തില്‍ കാര്‍ഷിക മേഖലക്ക് വന്ന മുരടിപ്പ് കര്‍ഷക സംഘങ്ങളുടെയും, ഉല്പാദന സംഘങ്ങളുടെയും നിലനില്‍പ്പിനെ ബാധിച്ചിട്ടുണ്ട്. പ്രധാനമായും നെല്‍കര്‍ഷക സംഘങ്ങളെയാണ് നാണ്യവിള സംഘങ്ങളെക്കാള്‍ ഇവയെ ബാധിച്ചിരിക്കുന്നത്. നെല്‍വയലുകളുടെയും നെല്‍കൃഷിയുടെയും വിസ്തൃതി കുറഞ്ഞു. പാടശേഖര സമിതികളും, ഇവരെ ബന്ധപെട്ടു കിടക്കുന്ന ഉല്പാദന സംഘങ്ങളുടെയും എണ്ണവും കുറഞ്ഞു.
അതുകൊണ്ട് തന്നെ ഈ മേഖലകളില്‍ കാര്‍ഷിക സഹകരണ സംഘങ്ങളേക്കാള്‍ സര്‍വീസ്-സംഘങ്ങള്‍ അല്ലെങ്കില്‍ സര്‍വീസ് സഹകരണ ബാങ്കുകള്‍ നിലനില്‍ക്കുന്നു.
പ്രാദേശിക ജി.ഡി.പിയെ കുറിച്ച് നോക്കാം. നമ്മുടെ പല പ്രാദേശിക ഇടങ്ങളിലെയും ജി.ഡി.പി ദേശീയ ജി.ഡി.പി യെക്കാള്‍ വളരെ കൂടുതലാണ്. അവിടെ കൃഷിയില്ല, വലിയ വ്യവസായങ്ങള്‍ ഇല്ല ..പിന്നെ ? പ്രാദേശികമായ പ്രകൃതി സമ്പത്ത് എന്നെന്നേക്കുമായി വിറ്റു കിട്ടുന്നതോ റിയല്‍ എസ്റ്റേറ്റ് വിനിമയങ്ങളിലൂടെ ഉള്ള വരുമാനമോ ഗള്‍ഫ് പണമോ ഒക്കെയായിരിക്കും ഇവ. ഇതില്‍ ആദ്യത്തേത് രണ്ടും സുസ്ഥിര വരുമാന മാര്‍ക്ഷമല്ല. എന്ന് പറഞ്ഞാല്‍ വണ്‍ ടൈം വരുമാനം മാത്രമാണ്. അപ്പോള്‍ ഈ ജി.ഡി.പിയും സുസ്ഥിരമല്ല. ഈ പറഞ്ഞ ക്യാന്‍സറസ് പണം കൂടുതലും നിക്ഷേപിക്കപ്പെടുന്നത് സഹകരണ ബാങ്കുകളിലാണ്. അതിന് കാരണങ്ങള്‍ ഉണ്ട്. ഈ വക ഇടപാടുകള്‍ പ്രാദേശിക രാഷ്ട്രീയക്കാരുമായിട്ടു ബന്ധപ്പെട്ടുകിടക്കുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ മണ്ണ്, മണല്‍, പാറ തുടങ്ങി എല്ലാ മാഫിയക്കാരുടെയും പണം പറ്റുന്നവരും അവര്‍ക്ക് സഹായം ചെയ്തു കൊടുക്കുന്നവരുമാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും അതുകൊണ്ടു തന്നെ ഇവ സഹകരണ ബാങ്കിലെ നിലനില്‍പ്പിനുള്ള നിക്ഷേപമായി വരുന്നു.
പ്രാദേശിക സുസ്ഥിര വികസനത്തിന് വേണ്ടി സഹകരണ മേഖലക്ക് നല്‍കിയ ചില ഇളവുകള്‍ ഈ കൂട്ടര്‍ പ്രയോജനപ്പെടുത്തുന്നു. സഹകരണ ബാങ്കുകളില്‍ നിന്ന് ഇവരുടെ വലിയ ആവശ്യങ്ങള്‍ക്ക് ലോണ്‍ എടുക്കുന്നു. ഒരു നാടിനെ രാഷ്ട്രീയമായും, സാമൂഹികമായും, സാമ്പത്തികമായും ബാധിക്കുന്ന കാന്‍സര്‍ സഹകരണ മേഖലയെയും ബാധിക്കുന്നു എന്നു മാത്രം.ഉദാഹരണത്തിന് വന്‍ തോതില്‍ കളിമണ്‍ ഖനനം നടന്നതും, അതിനോട് ബന്ധപ്പെട്ട വ്യവസായങ്ങള്‍ നടന്നതുമായ നാടുതന്നെ ഉദാഹരണമാക്കി എടുക്കാം. വലിയതോതില്‍ ഈ മേഖലയുടെ നിലനില്‍പ്പിന്റെ അത്താണി ആയിരുന്നു ഓട് വ്യവസായം. ഈ പ്രദേശത്തെ ഒട്ടുമിക്ക കുടുംബങ്ങളും പ്രത്യക്ഷമായോ, പരോക്ഷമായോ തങ്ങളുടെ നിലനില്‍പ്പിന് ഓട് വ്യവസായത്തെ ആശ്രയിച്ചിരുന്നു.
പക്ഷെ തികച്ചും സുസ്ഥിരമല്ലാത്ത ഈ മേഖല ഇന്ന് തികച്ചും അപ്രസക്തമായി പോയി. അശാസ്ത്രീയമായ കളിമണ്‍ ഖനനം മൂലം ഇവിടുത്തെ വലിയ പാടശേഖരങ്ങള്‍ വലിയ മാലിന്യക്കുഴികളുമായി മാറി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവിടെ ഇരുട്ടിന്റെ മറവില്‍ പ്രാദേശിക രഷ്ട്രീയ ഉദ്യോഗസ്ഥ അധികാരികളുടെ അറിവിലൂടെ നടക്കുന്ന അനധികൃത കളിമണ്‍ ഖനനം നില കൂടുതല്‍ വഷളാക്കി.
ഓട് വ്യവസായങ്ങള്‍ക്ക് വേണ്ടി പ്രാദേശിക പ്രകൃതി വിഭവങ്ങളുടെ നീതിപൂര്‍വ്വമല്ലാത്തതും, അശാസ്ത്രീയവുമായ ദുരുപയോഗം ഈ മേഖലയെ പൂജ്യം ജി.ഡി.പി യുള്ള മേഖലയാക്കി മാറ്റി. ഇനിയും ബാക്കിയുള്ള ഇവിടുത്തെ ഓട് ഫാക്ടറികളില്‍ നിര്‍മാണ മേഖലക്ക് അവശ്യ വസ്തുവല്ലാത്ത ഫ്ളോര്‍ ടൈല്‍സ് ആണ് നിര്‍മിക്കുന്നത്. അവിടെ ജോലിചെയ്യുന്നത് യാതൊരു തൊഴില്‍ നിയമങ്ങളും പാലിക്കാതെ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത 80 ശതമാനത്തോളം ഏറെ അന്യസംസ്ഥാന തൊഴിലാളികളും.
ഇവിടുത്തെ പ്രാദേശിക തൊഴിലാളികള്‍ തൊഴില്‍ നിര്‍മാണ- റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കു വഴിമാറി. അത് എത്രത്തോളം സുസ്ഥിര മേഖല ആണെന്ന് നമുക്കറിയാം. ഈ മേഖലകളിലെ പണമാണ് ഇവിടുത്തെ സഹകരണ ബാങ്കുകളിലെ നിക്ഷേപ വായ്പാ വ്യയങ്ങളുടെ പ്രധാന ആശ്രയം.
പ്രധാനമായ യാതൊരു പ്രാദേശിക ഉല്പാദന സ്ഥാപനങ്ങള്‍ ഇല്ലാത്ത ഇവിടുത്തെ സഹകരണ ബാങ്കിലെ മൊത്തം നിക്ഷേപം 150-200 കോടിയൊക്കെയാണ് ! കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വിരലില്‍ എണ്ണാവുന്നവര്‍ക്കു പോലും ഇവിടെ നിന്ന് ലോണ്‍ നല്‍കുന്നില്ല. കൃഷി ഇല്ലെങ്കില്‍ പോലും മേലെ പറഞ്ഞ രാഷ്ട്രീയ -സാമൂഹിക സാഹചര്യത്തില്‍ ഉല്പാദനാധിഷ്ഠിത വ്യവസായങ്ങള്‍ ഉണ്ടാക്കപ്പെടുന്നില്ല.
അരാഷ്ട്രീയതയുടെയും ഫ്യുഡലിസത്തിന്റെയും ലക്ഷണങ്ങളാണല്ലോ വൈകാരികതയും ആഡംബരവും കേന്ദ്രീകൃത നിയന്ത്രണ സ്വഭാവവും. സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുമ്പോള്‍ ചിലര്‍ വൈകാരികമായി പറഞ്ഞ ചില വാക്കുകള്‍ …എത്ര പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹം നടക്കാന്‍ കാരണം ഞങ്ങടെ ഈ ബാങ്ക് ആണ്.
സാധാരണക്കാരന് വീടുവെക്കാനും മറ്റ് അത്യാവശ്യങ്ങള്‍ക്കും ഈ ബാങ്കേ ഉള്ളു…
വിവാഹങ്ങള്‍ തങ്ങള്‍ക്കു താങ്ങുന്നതിനേക്കാള്‍ ആര്‍ഭാടമായി നടത്തുന്നു. ഇതില്‍ കൂടുതലും പാരമ്പര്യ സ്വത്ത് ഇല്ലാത്ത അടിസ്ഥാന വിഭാഗക്കാരാണ്. യാതൊരു പ്രാദേശിക തൊഴിലും ഇല്ലാതെ ഈ ജനങ്ങള്‍ എവിടെ പണിയെടുക്കും? എങ്ങനെ വരുമാനം ഉണ്ടാക്കും? ലോണ്‍ എങ്ങനെ തിരിച്ചടക്കും? അതാതു സ്ഥലങ്ങളിലെ സഹകരണ ബാങ്ക് ഭരിക്കുന്ന രാഷ്ട്രീയ കക്ഷികളെ അനുകൂലിച്ച് അവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായോ അല്ലെങ്കില്‍ അതിലെ നേതാക്കന്മാരെ വിമര്‍ശിക്കാതെയോ ജീവിക്കാനും, നിലനില്‍പ്പിനും വേണ്ടി രാഷ്ട്രീയ അടിമത്തം സ്വീകരിക്കുന്ന ആളുകള്‍ക്ക് പല തവണ ലോണ്‍ പുതുക്കി നല്‍കുകയും അല്ലെങ്കില്‍ തിരിച്ചടവിന് കുറച്ചു സാവകാശമൊക്കെ നല്‍കുകയും ചെയ്യും.
പക്ഷെ നമ്മള്‍ എണ്ണമെടുക്കുകയാണെങ്കില്‍ എത്ര സാധാരണ കുടുംബങ്ങള്‍ മകളുടെ കല്യാണത്തിന് ലോണ്‍ എടുത്തത് മൂലം ഉള്ള കിടപ്പാടം കച്ചവടക്കാര്‍ക്കോ, വിദേശത്തു ജോലിയുള്ളവര്‍ക്കോ വിറ്റു ലോണ്‍ തിരിച്ചടച്ചു ഉള്‍പ്രദേശങ്ങളിലേക്ക് താമസം മാറ്റിയിരിക്കുന്നു.
ചിട്ടി കമ്പനികള്‍ ബലമായി പിടിച്ചെടുക്കുന്നു, ഇവിടെ സാമൂഹിക -രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമായി കിടപ്പാടം നഷ്ടപ്പെടുകയും സ്ഥലത്തിന് വില കുറഞ്ഞ വേറെ നാട്ടിലേക്കു അവര്‍ക്കു പോകേണ്ടി വരികയും ചെയ്യുന്നു. ഇങ്ങനെ അവര്‍ ക്യാറ്റഗറൈസ് ചെയ്യപ്പെടുന്നു. പഴയ കാലത്തു ജാതിയുടെ പേരില്‍ സമ്പത്തു കയ്യില്‍ വെച്ചു തമ്പ്രാക്കന്മാര്‍ ഉണ്ടാക്കിയ അസ്ഥിരത വീണ്ടും നമ്മുടെ രാഷ്ട്രീയ തമ്പ്രാക്കന്മാര്‍ ഉണ്ടാക്കുന്നു എന്നുമാത്രം.
സഹകരണ സംഘങ്ങള്‍ പലിശയ്ക്ക് കാശു വാങ്ങുന്നതും കൊടുക്കുന്നതുമായ പലിശ സംഘങ്ങള്‍ മാത്രമായി മാറിയിരിക്കുന്നു. ദിവസ വേതനക്കാരുടെ ഒരു സംഘമുണ്ടെങ്കില്‍ അതില്‍ ഒന്നോ രണ്ടോ ഭൂമി കച്ചവട മുതലാളിമാര്‍ കാണും അവരായിരിക്കും ആ സംഘത്തിന്റെ നട്ടെല്ല്.
ഈ പണം പലിശക്കെടുത്ത് ഇവര്‍ വീണ്ടും മേല്‍ പറഞ്ഞമാതിരി ഭാവിയില്‍ പൂജ്യം ജി.ഡി.പി ആക്കുന്ന പണികള്‍ നാട്ടില്‍ ചെയ്ത് ശരിയായി പലിശ നല്‍കുന്നു. എന്തെങ്കിലും ഉല്പാദന യൂണിറ്റുകള്‍ തുടങ്ങാന്‍ ശ്രമിച്ചാല്‍ ഫ്യുഡലിസ്റ്റ് രീതിയിലുള്ള രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയില്‍ എളുപ്പമല്ല എന്ന് മാത്രമല്ല ഭൂമിയും, കെട്ടിടങ്ങളും, മനുഷ്യ തൊഴിലും അടങ്ങുന്ന മറ്റു പ്രാദേശിക സമ്പത്തുകള്‍ സഹകരണ ഉല്പാദന സംഘങ്ങള്‍ക്ക് അപ്രാപ്യവുമാണ്.
അവിടെ പേപ്പറില്‍ ഫോട്ടോ വരാനുള്ള പേരിനുള്ള ചില കൃഷി നടത്തിയുള്ള ആഘോഷങ്ങളും മറ്റും നടക്കും. ചെറുകിട പ്രാദേശിക സഹകരണ ചന്തകള്‍ തുടങ്ങേണ്ട ഇടങ്ങളില്‍ വലിയ സൂപ്പര്‍ മാര്‍ക്കറ്റ് വരുന്ന വികസനം നാം കാണുന്നുണ്ടല്ലോ. കൂടാതെ വലിയ കോര്‍പ്പറേറ്റ് ബാങ്കുകളെ പോലെ കെട്ടിടങ്ങളും വികസനത്തിന്റെ വലിയ മാതൃകകളായി കൊട്ടിഘോഷിക്കുകയാണല്ലോ.
സഹകരണ സംഘങ്ങളും, ബാങ്കുകളും കൂടുതല്‍ ജനാധിപത്യപരമായി നിലനില്‍ക്കുക തന്നെ വേണം. ക്യാന്‍സറസായ പണമല്ല അവിടെ നിക്ഷേപിക്കപ്പെടേണ്ടതും വായ്പ കൊടുക്കപ്പെടേണ്ടതും. അവിടെ നിക്ഷേപിക്കാനും വായ്പയെടുത്തു തിരിച്ചടക്കാനും പ്രദേശവാസികള്‍ക്ക് കഴിയണം. അതിനുള്ള സുസ്ഥിര തൊഴില്‍ മേഖല സൃഷ്ടിക്കാനും സഹകരണ സംഘങ്ങള്‍ക്ക് കഴിയണം.