രമേശ് ചെന്നിത്തല
ഐക്യ കേരളത്തിലെ ഏറ്റവും ജനകീയനും, കരുത്തനുമായ കോണ്‍ഗ്രസ് നേതാവായിരുന്നു ലീഡര്‍ കെ കരുണാകരന്‍. ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ദേശീയ പ്രസ്ഥാനത്തിന്റെ തീച്ചൂളയിലെക്കെടുത്ത് ചാടി അക്ഷീണവും അചഞ്ചലവുമായ പ്രയത്‌നത്തിലൂടെ കോണ്‍ഗ്രസിന്റെയും രാജ്യത്തിന്റെയും സമുന്നതനായ നേതാവായി മാറുകയായിരുന്നു അദ്ദേഹം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നേട്ടങ്ങള്‍ക്കുടമയായിരുന്നു ലീഡര്‍. കൊച്ചി നിയമസഭ, തിരുകൊച്ചി നിയമ സഭ, കേരള നിയമ സഭ, ലോക് സഭ, രാജ്യസഭ എന്നിങ്ങനെ നമ്മുടെ എല്ലാ നിയമ നിര്‍മ്മാണ സഭകളിലും അംഗമാകാന്‍ അവസരം ലഭിച്ച ഒരേ ഒരു മലയാളിയായിരുന്നു അദ്ദേഹം. കാല്‍ നൂറ്റാണ്ടിലധികം കാലം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ നേതാവ്, നാല് തവണ മുഖ്യമന്ത്രി. ഇനി ഒരു രാഷ്ട്രീയ നേതാവിനും തന്റെ പുരുഷായുസില്‍ തകര്‍ക്കാന്‍ കഴിയാത്തത്ര റിക്കാര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ചരിത്രത്തിലേക്ക് നടന്ന് നീങ്ങിയത്. ഇനി എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാലാണ് ഇതു പോലൊരു മഹത്ജീവിതത്തിന് സാക്ഷികളാകാന്‍ നമുക്കാവുക.
‘ഒരു മനുഷ്യന്‍ അളക്കപ്പെടുന്നത് അയാള്‍ അധികാരത്തിലിരിക്കുമ്പോള്‍ എന്ത് ചെയ്തു എന്നതനുസരിച്ചാണ്’. പ്ലേറ്റോയുടെ ഈ വാക്കുകളായിരിക്കും ലീഡറെ വിലയിരുത്താന്‍ ഏറ്റവും അനുയോജ്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നാം ഇന്ന് കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കേരളം സൃഷ്ടിച്ചതില്‍ കെ കരുണാകരന്‍ നല്‍കിയ സംഭാവന താരതമ്യങ്ങള്‍ക്കപ്പുറമാണ്. ഏഴ് പതിറ്റാണ്ട് കാലം നമ്മുടെ നാടിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞ് നിന്ന അദ്ദേഹം ആധുനിക കേരളത്തിന്റെ സൃഷ്ടാക്കളില്‍ പ്രമുഖനായിരുന്നു. ഒരു ഭരണകര്‍ത്താവിന്റെ ആദ്യത്തെയും, അവസാനത്തെയും പരിഗണന ജനങ്ങളായിരിക്കണം എന്നദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ദക്ഷിണ വ്യോമ കമാന്‍ഡ് വരെ, കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മുതല്‍ കായംകുളം താപ വൈദ്യുത നിലയം വരെ. കേരളത്തിന്റെ അഭിമാനമായി നമ്മള്‍ ഉയര്‍ത്തിക്കാട്ടുന്നതെല്ലാം കെ. കരുണാകരന്‍ എന്ന നേതാവിന്റെ കയ്യൊപ്പ് പതിഞ്ഞവയാണ്. ലീഡര്‍ ഓര്‍മയായിട്ട് ഇന്ന് എട്ടു വര്‍ഷമാകുന്നു
സ്വാതന്ത്ര്യാനന്തര കേരളത്തിലെ നാലര ദശാബ്ദങ്ങളെ കരുണാകരന്റെ കാലം എന്നാണ് രാഷ്ട്രീയ ചരിത്രകാരന്‍മാര്‍ അടയാളപ്പെടുത്താറുള്ളത്. ഒരു രാഷ്ട്രീയ നേതാവിനും ഭരണകര്‍ത്താവിനും അവശ്യം വേണ്ട മൂന്ന് ഗുണങ്ങള്‍… സൂക്ഷ്മബുദ്ധി, പ്രതിബദ്ധത, നിര്‍ഭയത്വം എന്നിവ സമജ്ഞസമായി സമ്മേളിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 1986 ല്‍ എന്റെ 29ാമത്തെ വയസിലാണ് ഞാന്‍ അദ്ദേഹത്തിന്റെ മന്ത്രി സഭയില്‍ അംഗമായി ചേരുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്ന ആ കാലഘട്ടം. തിരുമാനങ്ങള്‍ എടുക്കാനും അവ നടപ്പാക്കാനും ലീഡര്‍ കാണിച്ച ചടുലതയും, ആര്‍ജ്ജവത്വവും അത്ഭുതത്തോടെയായിരുന്നു ഞാന്‍ നോക്കി നിന്നത്.
എന്ത് കൊണ്ടാണ് കെ കരുണാകരന്‍ ഒരു മികച്ച ഭരണകര്‍ത്താവായി വിലയിരുത്തപ്പെടുന്നത്? ഒരേ സമയം രാഷ്ട്രീയവും അക്കാദമികവുമായ ചോദ്യമാണിത്. ആധുനിക മാനേജ്മെന്റില്‍ ലഃലരൗശേ്‌ല മയശഹശ്യേ (നിര്‍വ്വഹണ നൈപുണ്യം) എന്നൊരു പദമുണ്ട്. തിരുമാനങ്ങള്‍ കൈക്കൊള്ളുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ വലിയ കാര്യമല്ല. അതിന്റെ ഫലപ്രാപ്തി എന്നത് പ്രധാന്യമേറിയ ഘടകമാണ്. അതിനെയാണ് നിര്‍വ്വഹണ നൈപുണ്യം എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഒരു രാഷ്ട്രീയ തിരുമാനം ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നത് അത് ഫലപ്രാപ്തിയിലെത്തുമ്പോള്‍ അഥവാ അവരുടെ ജീവിതത്തില്‍ ആ തിരുമാനം മാറ്റങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ്. ലീഡറുടെ പ്രത്യേകത എന്തെന്നാല്‍ ഇതില്‍ രണ്ടിലും ഒരേ പോലെ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നതാണ്. താന്‍ എടുത്ത് നടപ്പാക്കുന്ന തിരുമാനങ്ങള്‍ സാധാരണ ജനങ്ങളുടെ ജീവിത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കണം എന്നകാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് ഉറപ്പുണ്ടെങ്കില്‍ അത് പ്രവര്‍ത്തി പഥത്തിലെത്തിക്കാന്‍ ഏതറ്റം വരെ പോകാനും അദ്ദേഹത്തിന് മടിയുണ്ടായില്ല. അതില്‍ ഒരു വിമര്‍ശനത്തെയും അദ്ദേഹം ഭയന്നുമില്ല.
നെഹ്റു കുടുംബത്തിലെ മൂന്ന് തലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആധുനിക ലോകം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയായിരുന്ന ഇന്ദിരാജിയുടെ ഏറ്റവും വിശ്വസ്തനായ നേതാവായിരുന്നു ലീഡര്‍.