ജാസിം ഖുറേശി
അതിര്‍ത്തി കടന്ന് വിശ്വരൂപം കാട്ടിയ ഇന്ത്യന്‍ സേന ജമ്മുകശ്മീരിലെ തീവ്രവാദി ഗ്രൂപ്പുകളെ തകര്‍ക്കാനുള്ള ദൗത്യവും നിര്‍വഹിച്ചുവരികയാണ്. പാക് തീവ്രവാദികളെ സഹായിക്കുകയും അവര്‍ക്കൊപ്പം ചേരുകയും ചെയ്യുന്നവരെ പിടികൂടുക അല്ലങ്കില്‍ വധിക്കുക എന്ന പ്രക്രിയയാണ് ഇപ്പോള്‍ കശ്മീരില്‍ നടക്കുന്നത്. നിരപരാധികള്‍ സൈനിക നടപടിയില്‍പെട്ടുപോകരുതെന്ന കര്‍ശന നിര്‍ദ്ദേശം സൈനിക മേധാവികള്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ കമ്പനി പരാമിലിട്ടറി ഫോഴ്‌സിനെയും താഴ്‌വരയില്‍ വിന്യസിച്ചിട്ടുണ്ട്. പുല്‍വാമയില്‍ കശ്മീരി യുവാവിനെ പാക് ഭീകരര്‍ മനുഷ്യ ബോംബാക്കിയ സാഹചര്യം ഇനി ഉണ്ടാവരുതെന്നാണ് സൈനിക നേതൃത്വം ആഗ്രഹിക്കുന്നത്. വിഘടനവാദി നേതാക്കള്‍ക്കെതിരെയും ശക്തമായ നടപടി തുടരും.
കശ്മീരിനെ ക്ലീനാക്കാന്‍ ഗവര്‍ണ്ണറുടെ സുരക്ഷാഉപദേഷ്ടാവും മുന്‍ ഐ.പി.എസ് ഓഫീസറുമായ വിജയകുമാറിന്റെ നേതൃത്വത്തിലാണ് നടപടി പുരോഗമിക്കുന്നത്. പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിക്കുന്നതിനു മുമ്പുതന്നെ സുരക്ഷാ സേന കശ്മീരിനെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കിയിരുന്നു. ഇപ്പോഴത്തെ ഓപറേഷനോടെ പൂര്‍ണ്ണമായും ഭീകരരെ ഉന്മൂലനം ചെയ്യാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഒരു കാലത്ത് സിഖ് ഭീകരരുടെ വിളഭൂമിയായിരുന്ന പഞ്ചാബിലെ ആക്രമണം അടിച്ചമര്‍ത്തിയ മോഡലില്‍ കശ്മീരിലും സാധ്യമാകുമെന്നാണ് സൈനിക നേതൃത്വം കരുതുന്നത്. അതിന് പക്ഷേ പഞ്ചാബിനേക്കാള്‍ കടുപ്പമേറിയ നടപടികളാണ് ഇപ്പോള്‍ സുരക്ഷാസേന പിന്തുടരുന്നത്. പാകിസ്താന്‌വേണ്ടിയും ഭീകരര്‍ക്കുവേണ്ടിയും ചെറുവിരല്‍ ഉയര്‍ന്നാല്‍ കൊന്ന് കളയാനാണ് തീരുമാനം. സൈനിക നേതൃത്വംതന്നെ നേരത്തെ ഇതു സംബന്ധമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനിയും സുരക്ഷാഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്നതും ആക്രമണം അരങ്ങേറുന്നതും കണ്ടുനില്‍ക്കാന്‍ കഴിയില്ലന്നതാണ് സൈന്യത്തിന്റെ നിലപാട്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായ നിലപാടാണിത്. ഇനി സമാധാനം പറഞ്ഞിട്ട് കാര്യമില്ലന്നും കടുത്ത നടപടികളിലൂടെ ഭീകരരെ ഉന്മൂലനം ചെയ്യുക മാത്രമേ വഴിയുള്ളൂവെന്നും സൈന്യം പറയുമ്പോള്‍ കേന്ദ്ര സര്‍ക്കാരും ഈ നിലപാടിന് പിന്തുണ നല്‍കുകയാണ്. ഇപ്പോഴത്തെ സാഹചര്യം ശരിക്കും ഉപയോഗപ്പെടുത്തി കശ്മീരിനെ സമാധാന അന്തരീക്ഷത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണവും സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ ആധുനിക സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സൈനിക നേതൃത്വം കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഇസ്രാഈല്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തണമെന്നതാണ് നിര്‍ദ്ദേശം. അതേസമയം പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ പാക് അധിനിവേശ കശ്മീര്‍ ഇന്ത്യ പിടിച്ചെടുക്കാന്‍ സാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും ശക്തമായിട്ടുണ്ട്. പാക് അധീന കശ്മീര്‍കൂടി ഇന്ത്യയുടെ ഭാഗമാക്കുകയും ബലൂചിസ്ഥാന്‍ സ്വതന്ത്രമാക്കുകയും ചെയ്താലേ പൂര്‍ണ്ണമായും ഭീകരരെ തുടച്ച്‌നീക്കാന്‍ കഴിയൂ എന്ന നിലപാടാണ് സേനാവിഭാഗത്തിനുള്ളത്. അതിനുള്ള ഒരവസരത്തിനായാണ് ഇന്ത്യന്‍ സൈന്യം കാത്തിരിക്കുന്നത്. അതിനിടെ സൈനിക നടപടി നിരപരാധികളുടെ ജീവന് ഭീഷണിയാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഭീകരര്‍ക്കും സേനക്കും നടുവില്‍ പകച്ചിരിപ്പാണ് കശ്മീരികള്‍.
നിരവധി തവണ പാക് ഭീകരര്‍ കശ്മീരില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും യുദ്ധത്തില്‍ കലാശിക്കുകയും ചെ യ്തിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധം ഉത്തമോദാഹരണമാണ്. അന്നും സമാനമായ സംഭവമായിരുന്നു തുടക്കം. ശക്തമായി ഇന്ത്യന്‍സേന തിരിച്ചടിച്ചതിനെതുടര്‍ന്ന് പാക് സൈന്യം കീഴടങ്ങി പിന്‍വാങ്ങുകയാണുണ്ടായത്. ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ ഒരിക്കലും പാക് സൈന്യ ത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നത് കാര്‍ഗിലിലും മറ്റ് സംഭവങ്ങളിലും തെളിയിച്ചിട്ടുള്ളതാണ്. എന്നാലും പാക് സൈന്യം ഇന്ത്യയെ ചൊടിപ്പിച്ചുകൊണ്ടിരിക്കും. പാക് ഭരണ കൂടത്തേക്കാള്‍ ഇന്ത്യയെ ചൊടിപ്പിക്കുന്നത് പാക് സൈന്യമാണെന്നു പറയുന്നതാണ് നേര്. അതിനു കാരണം ഇന്ത്യാപാക് യുദ്ധത്തില്‍ അവര്‍ പരാജയപ്പെട്ടതുതന്നെ.
സ്വതന്ത്ര ഇന്ത്യയുടെ തുടക്കംമുതല്‍ കശ്മീരിനുവേണ്ടി വാദിക്കുന്ന പാക് ഭരണകൂടവും പാക് സൈന്യവും കശമീരിനെ അവരുടെ ഭാഗമാക്കാന്‍ പല വഴികളും പല സന്ദര്‍ഭത്തിലും നോക്കിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കശ്മീരിലെ കുട്ടികള്‍ക്ക് വിസ നല്‍കാതെ പാകിസ്താനില്‍ പഠിക്കാന്‍ പാക് ഭരണകൂടം അനുമതി നല്‍കിയിരുന്നു. അതിനവര്‍ നല്‍കിയ മറുപടി കശ്മീര്‍ പാകിസ്താന്‍ന്റെ ഭാഗമാണെന്നാണ്. അത് ഇന്ത്യയെ ചൊടിപ്പിക്കാന്‍വേണ്ടി മാത്രമായിരുന്നു. ഒടുവില്‍ ഇന്ത്യ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നപ്പോള്‍ ആ നീക്കമവര്‍ ഉപേക്ഷിക്കുകയാണുണ്ടായത്.
അതിനുശേഷം ചൈനയെ കൂട്ടുപിടിച്ച് അരുണാചല്‍പ്രദേശില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ പാകിസ്താന്‍ ശ്രമം നടത്തുകയുണ്ടായി. ചൈന അതിര്‍ത്തി രാഷ്ട്രമെന്നതിലുപരി ഇന്ത്യയുടെ ശത്രു രാഷ്ട്രമായതിനാല്‍ ചൈനയും ഇന്ത്യയുമായി കോര്‍ക്കുമ്പോള്‍ കശ്മീരില്‍ ഇറങ്ങി തങ്ങളുടെ ഭാഗമാക്കാമെന്ന വ്യാമോഹമോ വിവരക്കേടോ ആയിരുന്നുഅത്. പാകിസ്താന്റെ വാക്കുകേട്ട് ചൈന ഒരു ശ്രമം നടത്തിയെങ്കി ലും ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തില്‍ അത് വെളിച്ചം കാണാതെ പോകുകയാണുണ്ടായത്. അങ്ങനെ പല മാര്‍ഗങ്ങള്‍ പാകിസ്താന്‍ ഇന്ത്യക്കെതിരെ പ്രയോഗിക്കുകയുണ്ടായി. അതൊക്കെ ഒരു ലക്ഷ്യവും കാണാതെ പോയെന്നുമാത്രമല്ല പാകിസ്താനുതന്നെ തിരിച്ചടി നല്‍കുകയുണ്ടായി.
ഭീകരപ്രവര്‍ത്തനം നടത്തി കശ്മീര്‍ പിടിച്ചെടുക്കാമെന്നാണ് പാക് സൈന്യത്തിന്റെ മറ്റൊരു ചിന്താഗതി. അതിനവര്‍ പാക് ഭീകരരെ കൂട്ടുപിടിക്കുന്നു. കശ്മീരില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്ന പാക് ഭീകരര്‍ സത്യത്തില്‍ പാക് സേനയിലെ ആളുകള്‍ തന്നെയെന്നതാണ് മറ്റൊരു വസ്തുത. പാക് ഭീകരരുടെ ലേബലില്‍ അവര്‍ എത്തുന്നു എന്നു പറയാം. കശ്മീരിനെ പിടിച്ചെടുക്കാന്‍ കൂട്ടുനില്‍ക്കുന്നതിന് പാക് സേന ഭീകരര്‍ക്കുനല്‍കുന്ന പ്രത്യുപകാരം അവര്‍ക്ക് യഥേഷ്ടം പാകിസ്താനില്‍ എന്തും ചെയ്യാമെന്നുള്ളതാണ്. അതുകൊണ്ടുതന്നെ പാക് ഭീകരര്‍ അവിടെ അഴിഞ്ഞാടുകയാണ്. പ്രത്യേകിച്ച് താലിബാന്‍ നിയന്ത്രണമുള്ള അഫ്ഗാന്‍ അതിര്‍ത്തിയില്‍. അവിടെ പാകിസ്താന്‍ ഭരണകൂടത്തിനോ, സൈന്യത്തിനോ, ശക്തിയോ നിയന്ത്രണമോ ഒന്നും ഇല്ലായെന്നതാണ് സത്യം. താലിബാനുമായി ചേര്‍ന്നു അവരുടേതായ കരിനിയമങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് പാക് ഭീകരര്‍ ചെയ്യുന്നത്. അതുമാത്രമല്ല, പണ സമ്പാദനത്തിനായി മയക്കുമരുന്ന് വിപണനവും യഥേഷ്ടം നടത്തുന്നു. അങ്ങനെ പാക് ഭീകകര്‍ സൈന്യത്തിന്റെ മൗനാനുവാദത്തോടെ താലിബാന്റെ ശക്തമായ പിന്തുണയോടെ അഴിഞ്ഞാടുമ്പോള്‍ അവരുടെ മറവില്‍ പാക് സേന കശ്മീരില്‍ അരക്ഷിതാവസ്ഥയും അക്രമവും അഴിച്ചുവിടുന്നു. അതിന്റെ ഫലമാണ് കശ്മീര്‍ കത്തുന്നത്. ഇതില്‍ ഇന്ത്യന്‍ സേനാഗംങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് ഏറെ ദു:ഖകരമാണ്.
കശ്മീര്‍ കിട്ടില്ലെന്നറിയാമായിരുന്നിട്ടും അതിനുവേണ്ടി പോരാട്ടം നടത്തുകയും അവിടെ അരക്ഷിതാവസ്ഥയും ആക്രമപരമ്പരയും പാകിസ്താന്‍ അഴിച്ചുവിടുന്നതിനുപിന്നില്‍ മറ്റൊരു കാരണവുമുണ്ട്. പാകിസ്താനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ലോകശ്രദ്ധ കിട്ടാതിരിക്കാന്‍. ഏതു നിമിഷവും തകര്‍ന്നു തരിപ്പണമാകാന്‍ തക്ക രീതിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ പാകിസ്താനകത്ത് ഉണ്ടെന്നതാണ് വസ്തുത. പട്ടിണിയും തൊഴിലില്ലായ്മയും ഒരുവശത്തും രാജ്യത്തെ ശിഥിലീകരിക്കുന്ന രീതിയില്‍ വിഘടനവാദം മറുവശത്തുമായി പാകിസ്താനെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ സുന്നി- ഷിയ ചേരിപ്പോരും. ഇതെല്ലാംകൂടി പാകിസ്താന്‍ ഒരു അഗ്‌നിപര്‍വ്വതം കണക്കെയാണ് നില്‍ക്കുന്നത്. ഒപ്പം തീവ്രവാദവും. ലോകത്തേറ്റവും കൂടുതല്‍ തീവ്രവാദ പ്രവര്‍ത്തനം നടക്കുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് പാകിസ്താന്‍. സൈന്യം ഭരണം അട്ടിമറിക്കാതിരിക്കാന്‍ അവരുടെ ശ്രദ്ധ കശ്മീരിലേക്ക് തിരിക്കുകയെന്ന പാക് ഭരണകൂടത്തിന്റെ തന്ത്രവും ഉണ്ടെന്നാണ് പറയപ്പെടുന്നത്. സൈന്യം നീട്ടി തുമ്മിയാല്‍ ഏതു നിമിഷവും തകരുന്നതാണ് പാകിസ്താനിലെ ജനകീയ ഭരണസംവിധാനമെന്നത് പല തവണ പട്ടാളം തെളിയിച്ചതാണ്. അവര്‍ക്കിഷ്ടമില്ലാത്ത എന്തു പ്രവൃത്തി ഭരണകൂടം കാണിച്ചാലും പട്ടാള ഭരണകൂടം അവരെ അട്ടിമറിക്കും. അങ്ങനെ രാജ്യത്തിനകത്ത് പ്രശ്‌നങ്ങളും തങ്ങളുടെതന്നെ പട്ടാളത്തിന്റെ ശ്രദ്ധതിരിക്കാനും കൂടിയാണ് പാക് ആക്രമണത്തിനു പിന്നിലെ രഹസ്യം.
പാകിസ്താനുമായി സൗഹാര്‍ദ്ദത്തില്‍ പോകാന്‍ ഇന്ത്യ പലതവണ ശ്രമിച്ചിട്ടുണ്ട്. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇരുരാജ്യങ്ങളേയും കോര്‍ത്തിണക്കി ബസ് യാത്ര വരെ നടത്തുകയുണ്ടായി. പിന്നീട് ഇരു രാജ്യങ്ങളും ചേര്‍ന്ന് രൂപം നല്‍കിയ അതിര്‍ത്തി തര്‍ക്ക പരിഹാര ഉടമ്പടി ആദ്യം ലംഘിച്ചത് പാകിസ്താനായിരുന്നു. പാകിസ്താനിലിരുന്നു ഇന്ത്യക്കുമേല്‍ ഭീകര പ്രവര്‍ത്തനം നടത്തുന്ന ഭീകരരെ അഴിക്കുള്ളിലാക്കണമെന്നതും അതിര്‍ത്തി രേഖക്ക് ഇത്ര അടി മാത്രമേ പാക് പട്ടാളം എത്താവുയെന്നുമുള്ളവയെല്ലാം ആദ്യം ലംഘിച്ചതു പാകിസ്താനായിരുന്നു. അങ്ങനെ ഇന്ത്യ നടത്തിയ സൗഹൃദ ശ്രമങ്ങളൊക്കെ പാകിസ്താന്‍ ലംഘിക്കുകയാണെന്നുമാത്രമല്ല വീണ്ടും വീ ണ്ടും ഇന്ത്യക്കുനേരെ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമിക്കുകയാണ്. യുദ്ധത്തില്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ ആള്‍നാശം കശ്മീര്‍ അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യക്കുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കണമെന്നാണ് ഇന്ത്യയി ലെ ജനവികാരം. യുദ്ധം എന്നതിലേക്കാണ് അത് എത്തി നില്‍ക്കുന്നത്. സായുധ പോരാട്ടത്തില്‍ക്കൂടി ശക്തമായി തിരിച്ചടി നല്‍കിയാല്‍ അത് പാകിസ്താന് താങ്ങാനാവില്ലെന്നതും അതോടെ അവര്‍ മുട്ടുമടക്കുമെന്നുമാണ് ജനത്തിന്റെ അഭിപ്രായം. യുദ്ധം നടത്തിയാല്‍ പാകിസ്താനെ തറ പറ്റിക്കാന്‍ ഇന്ത്യക്ക് കഴിയും. 71ലും 99 ലും അതു തെളിയിച്ചതാ ണ്. 71ല്‍ ഇന്നുള്ള അത്രയും ശക്തിയും സന്നാഹങ്ങളും ഇല്ലാതിരുന്നിട്ടുകൂടി നാം പാകിസ്താനെ മുട്ടുകുത്തിച്ചു. അതിനേക്കാള്‍ എത്രയോ മടങ്ങ് ആളും അര്‍ത്ഥവും കൊണ്ട് നാം ശക്തരാണ്. എന്നാല്‍ യുദ്ധമുണ്ടായാല്‍ അതില്‍ ഇരു കൂട്ടര്‍ക്കും ആള്‍നാശവും കെടുതികളും ഉണ്ടാകും. യുദ്ധത്തില്‍ ഒരു കൂട്ടര്‍ക്കുമാത്രം നഷ്ടമെന്നത് ഒരു കാലത്തുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ യുദ്ധമെന്നത് ഇരുകൂട്ടര്‍ക്കും നഷ്ടങ്ങള്‍ വരുത്തും. അതില്‍ ഏറ്റകുറച്ചില്‍ ഉണ്ടാകുമെന്നുമാത്രം. 71 ലും 99ലും ഇന്ത്യക്കും ആള്‍നാശം സംഭവിച്ചിട്ടുണ്ട്. അതു മാത്രമല്ല അതിന്റെ കെടുതികള്‍ എത്രയെന്ന് വിവരിക്കാനാവില്ല. പ്രത്യേകിച്ച് ആണവ കാലഘട്ട ത്തില്‍. ഇന്ത്യയെ തറപറ്റിക്കാന്‍ പാകിസ്താന്‍ അവരുടെ കൈവശമുള്ളതെല്ലാം പ്രയോഗിക്കും. യുദ്ധം അവസാന കൈയ്ക്ക് പ്രയോഗിക്കേണ്ട ഒന്നാണ്. മറ്റു ശ്രമങ്ങളൊന്നും ഫലവത്താകാതെ പോകുമ്പോള്‍ മാത്രമായിരിക്കണം യുദ്ധം.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories