X
    Categories: Views

തീര്‍ത്ഥാടനത്തിന്റെ അര്‍ത്ഥതലങ്ങള്‍

പി.വി. അഹ്മദ്‌കോയ

തീര്‍ത്ഥാടനം എന്നതിന് നിരവധി അര്‍ത്ഥതലങ്ങളുണ്ട്. ഭക്തിയാണ് അടിസ്ഥാനം. ഭക്തി യാത്രയില്‍ പ്രവേശിക്കുമ്പോള്‍ യാത്ര തീര്‍ത്ഥാടനവും ഭക്തി ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ ഭവനം ദേവാലയവുമാവും. ഭക്ഷണത്തില്‍ പ്രവേശിക്കുമ്പോള്‍ ഭക്ഷണം പ്രസാദവും ഭക്തി വിശപ്പില്‍ പ്രവേശിക്കുമ്പോള്‍ അത് ഉപവാസവുമാവും. ഭക്തി വെള്ളത്തില്‍ പ്രവേശിക്കുമ്പോള്‍ വെള്ളം തീര്‍ത്ഥവും ഭക്തി സംഗീതത്തില്‍ പ്രവേശിക്കുമ്പോള്‍ സംഗീതം കീര്‍ത്തനവും ഭക്തി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ജോലി കര്‍മ്മവും ഭക്തി കര്‍മ്മത്തില്‍ പ്രവേശിക്കുമ്പോള്‍ കര്‍മ്മം ശുശ്രൂഷയും ഭക്തി മനസ്സില്‍ പ്രവേശിക്കുമ്പോള്‍ മനുഷ്യന്‍ മനുഷ്യത്തമുള്ളവനുമായിതീരുന്നു.

മറ്റു മതങ്ങളിലെപ്പോലെ തന്നെ ഇസ്‌ലാമിലും തീര്‍ത്ഥാടനത്തിനടിസ്ഥാനം ഭക്തിയാണ്. പ്രപഞ്ചനാഥന്റെ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടുള്ള യാത്രയാണ് ഇസ്‌ലാമില്‍ തീര്‍ത്ഥാടനം. ഇങ്ങനെ മൂന്ന് മസ്ജിദിലേക്ക് മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുനബവി, ജറുസലേമിലെ ബൈത്തുല്‍ മുഖദിസ്.

അര നൂറ്റാണ്ടിലേറെ കാലത്തെ ഉള്ളുരുകിയ പ്രാര്‍ത്ഥനയുടെ ഫലമായാണ് അല്ലാഹുവിന്റെ അതിഥികളില്‍ ഒരാളായി പരിശുദ്ധ മക്കയിലെത്തിയത്. നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ നിന്ന് സഊദി അറേബ്യയിലേക്കുള്ള യാത്ര എന്റെ ആദ്യത്തെ വിമാനയാത്രയായിരുന്നു. സഊദി അറേബ്യയിലേക്കുള്ള ആ യാത്രയില്‍ വിമാനം ഇറങ്ങിയത് ജിദ്ദയിലാണ്. വിമാനത്താവളത്തിന് പുറത്തേക്കുള്ള വഴിയില്‍ കോണിപ്പടികള്‍ കയറവേ സി.ഒ.പി.ഡി രോഗിയായ ഞാന്‍ ബോധരഹിതനായി; എന്നെ വഹിച്ച ആംബുലന്‍സിന്റെ സൈറന്‍ വിളികേട്ടാണ് പിന്നീട് ഉണര്‍ന്നത്. ലോക പ്രസിദ്ധമായ കിങ്ഫഹദ് ആസ്പത്രിയില്‍ പ്രവേശിക്കപ്പെട്ട ഞാന്‍ മണിക്കൂറുകള്‍ക്കകം സുഖം പ്രാപിച്ചു. അവിടെ നിന്ന് നേരെ മക്കയിലേക്ക്. പിന്നീട് ഹറമിലെത്തി. അവിടെ പ്രാര്‍ത്ഥനാനിരതനായി വിശ്രമിക്കാനിരുന്നപ്പോള്‍ ജീവിതത്തെ വിഴുങ്ങുന്ന കാലസങ്കല്‍പ്പം എത്രയോ അകലെയാണെന്ന തോന്നലുണ്ടായി. ഇബ്രാഹിം നബിയും ഇസ്മായില്‍ നബിയും കഅബ പണിതുയര്‍ത്തിയത് മുതല്‍ അത് അങ്ങിനെ തന്നെ നിലകൊള്ളുന്നു. ദൈവമാണ് ഹജ്ജിന്റെ ആതിഥേയന്‍. അവിടേക്ക് വിളിക്കാന്‍ ലോക രക്ഷിതാവ്, ഇബ്രാഹിം നബിയോട് കല്‍പിച്ചു. നിങ്ങളെ സൃഷ്ടിച്ച അതേ ഈശ്വരന്റെ സൃഷ്ടിയായ മണ്ണായ നീ അവന്റെ ക്ഷണം സ്വീകരിച്ചു മനുഷ്യനാകുക എന്നായിരുന്നു ആഹ്വാനം. ഈ തീര്‍ത്ഥാടനം മനുഷ്യന്റെ മൗലിക പ്രകൃതിയിലേക്കുള്ള ഒരു മടക്കമാണ് ഹജ്ജിനോടനുബന്ധിച്ച് അവര്‍ മനുഷ്യരാകുന്നു. വസ്ത്രങ്ങള്‍ മാറുന്നു, ഒരേ വസ്ത്രം. മനുഷ്യന്റെ എല്ലാ ആകുലതകളും കഫന്‍ പുടവയിട്ട് മൂടിയതുപോലെയുള്ള രണ്ട് വെള്ളത്തുണികള്‍. അവിടെ എല്ലാ വിവേചനങ്ങളു ഉച്ചനീചത്വങ്ങളും രണ്ട് കഷ്ണം വെള്ളതുണിയില്‍ ഒതുങ്ങുന്നു. ഋജുമാനസനായ ഇബ്രാഹിം നബി, ‘ഞാന്‍’ അല്ലാതായി വംശവും ഗോത്രവും മറന്ന് മനുഷ്യനാകാന്‍ തയ്യാറുണ്ടോ എന്നാണ് ചോദിച്ചത്. എല്ലാ ആത്മാക്കളും ആ ദൈവ വിളി കേട്ടു; എന്നാല്‍ ആ വിളിക്ക് ഉത്തരം നല്‍കിയ ആത്മാക്കളാണ് മീക്കാത്തില്‍ വെച്ച് ഹജ്ജിനും ഉംറക്കും ഇഹ്‌റാം കെട്ടി മൃഗീയ സ്വഭാവ വിശേഷങ്ങള്‍ എല്ലാം വെടിഞ്ഞ് മനുഷ്യരായത്.

കഅ്ബക്ക് ചുറ്റും ചിതറിക്കിടക്കുന്ന പത്ത് ലക്ഷം മനുഷ്യ സഞ്ചയത്തിന്റെ ഉപഗ്രഹ ചിത്രം കാ ണിച്ച് ഒരാള്‍ അമേരിക്കന്‍ പട്ടാള കമാന്ററോട് ചോദിച്ചുവത്രേ, ഹജ്ജിന് സമ്മേളിച്ച ഈ മനുഷ്യരൊക്കെ നിങ്ങളുടെ പട്ടാളക്കാരാണെന്ന് കരുതുക, എങ്കില്‍ എത്ര സമയം വേണ്ടിവരും ഇവരെ വരിയൊത്ത് നിര്‍ത്താന്‍? ദിവസങ്ങള്‍ വേണ്ടി വരും എന്നായിരുന്നു മറുപടി. കഅ്ബയില്‍ ബാങ്ക് മുഴങ്ങി നിമിഷങ്ങള്‍ക്കകം നമസ്‌കാരത്തിന് വരിയൊത്ത് ക്രമീകരിക്കപ്പെട്ട മനുഷ്യ സഞ്ചയത്തിന്റെ ചിത്രം കാണിച്ചപ്പോള്‍ കമാന്റന്റ് അത്ഭുതപ്പെട്ടുപോയി. ഇത് അനുസ്മരണത്തിന്റെ ഫലം. ഈ അനുസരണം നിത്യജീവിതത്തിലേക്കും മുസ്‌ലിം സമൂഹം പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ ലോകം സ്വര്‍ഗ രാജ്യമാകും. നമസ്‌കാരവേളയിലൊഴിച്ച് ജനങ്ങള്‍ 24 മണിക്കൂറും വലംവെച്ചുകൊണ്ടിരിക്കുന്ന ഈ കഅ്ബാലയം ലോകാത്ഭുതമാണ്.

ഹജ്ജിന് അനുഷ്ഠാനങ്ങള്‍ അഞ്ചും ഉംറക്ക് നാലുമാണ്. ഇഹ്‌റാം, തവാഫ്, സ്വഅയ്, ഖസര്‍, ബലി. ഹജ്ജിന്റെ അനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 5 ദിവസമെങ്കില്‍ ഉംറയുടെത് ഒരു ദിവസം മാത്രമാണ്. ഉംറക്ക് ഇഹ്‌റാം മക്കയില്‍ പ്രവേശിക്കുന്നതിന് മുമ്പ് എവിടെവെച്ചുമാകാം.
ഹറമില്‍ ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ ലക്ഷങ്ങളാണ് ദിനംപ്രതി വന്നും പോയും കൊണ്ടിരിക്കുന്നത്. രാവും പകലും അവിടെ ഒരുപോലെയാണ്. എത്ര വാഹനങ്ങളാണ് അര്‍ധരാത്രിയിലും ആ പുണ്യഭൂമിയിലേക്ക് തീര്‍ത്ഥാടകരുമായി ഓടിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും തിക്കും തിരക്കും ബഹളവും നന്നെ കുറവ്. എയര്‍പോര്‍ട്ടില്‍ ഒരു കൂട്ടം ആകാംക്ഷാപൂര്‍വം വന്നിറങ്ങുമ്പോള്‍ മറ്റൊരു വിഭാഗം ആത്മനിവൃതിയോടെ മടക്കയാത്രയുടെ തയ്യാറെടുപ്പിലാകും. ആരാണ് ഇവരെയൊക്കെ നിയന്ത്രിക്കുന്നത്? സര്‍വശക്തനായ ഈശ്വരന്‍ മാത്രം. സര്‍ക്കാര്‍ മെച്ചപ്പെട്ട പാശ്ചാത്തല സൗകര്യം ഒരുക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഇവിടെ എത്തുന്നവരാരും ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പരാതിപ്പെടാറില്ല. എത്ര തിരക്കുണ്ടായാലും അവിടെ എല്ലാ കര്‍മ്മവും നിര്‍വഹിക്കപ്പെട്ടിരിക്കും. കാരണം അവര്‍ ദൈവത്തിന്റെ അതിഥികളായാണ് അവിടെ എത്തുന്നത്. മക്കയിലെ മസ്ജിദുല്‍ ഹറാമും മദീനയിലെ മസ്ജിദുന്നബവിയുമാണ് ആ പുണ്യഭൂമിയിലെ പ്രധാന ആരാധനാ കേന്ദ്രങ്ങള്‍. മസ്ജിദുല്‍ ഹറാമില്‍ തവാഫിന് ശേഷം മക്കാമു ഇബ്രാഹിമിന്റെ പിറകില്‍ നമസ്‌കാരം. ഇബ്രാഹിംനബി (സ)യുടെ കാല്‍പ്പാടുകള്‍ പിന്‍പറ്റി താന്‍ ജീവിക്കുമെന്ന പ്രതിജ്ഞ പുതുക്കല്‍ കൂടിയാണത്. ജൂത, ക്രൈസ്തവ, ഇസ്‌ലാം കുലപതിയായ ഇബ്രാഹിംനബി (സ)യുടെ അധ്യാപനം എന്തായിരുന്നു, മനുഷ്യന്റെയും ദൈവത്തിന്റെയും ഏകത്വം. ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചാല്‍ ‘ആരോടും വിരോധമില്ല എല്ലാവരോടും സ്‌നേഹം’ ശാന്തിമന്ത്രം പ്രാവര്‍ത്തികമാകും. ശത്രുതയും അസൂയയും വിദ്വേഷവും വെടിഞ്ഞ് സ്‌നേഹം പങ്ക് വെക്കപ്പെടുന്ന സുന്ദരലോകം ഈ ഭൂമിയില്‍ യാഥാര്‍ത്ഥ്യമാകും. താന്‍ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരന് വേണ്ടി ഇഷ്ടപ്പെടുന്നവരുടെ സമാധാനം പൂത്തുലയുന്ന സ്വര്‍ഗരാജ്യം ഈ ഭൂമിയില്‍ യാഥാര്‍ത്ഥ്യമാകും. ആ ലോകത്തിന്റെ കൊച്ചു മാതൃകയാണ് മസ്ജിദുല്‍ ഹറാം, അതിനാലാണ് അല്ലാഹു ഹറമിനെ പരമ പരിശുദ്ധവും നിര്‍ഭയ ഗേഹവുമാക്കിയത്.

മദീനയില്‍ മസ്ജുല്‍ നബവി (നബിയുടെ പള്ളി) എന്ന പേരില്‍ പ്രസിദ്ധമായ വെള്ളതൂണുകള്‍ കൊണ്ട് അതിരിട്ട തിരുനബിയുടെ അന്ത്യവിശ്രമസ്ഥലമായ റൗളാ ശരീഫ് സന്ദര്‍ശിക്കാനും ഈ അതിര്‍ത്തി രേഖക്കുള്ളിലെ നബി (സ) യുടെ മിഹ്‌റാബില്‍ വെച്ച് നമസ്‌കരിക്കാനും കഴിഞ്ഞതില്‍ അല്ലാഹുവിന് സ്തുതി. മദീനയില്‍ ബദര്‍ സന്ദര്‍ശിച്ച് രക്ത സാക്ഷികള്‍ക്കായി പ്രാര്‍ത്ഥിച്ചു. ഉഹദും സന്ദര്‍ശിച്ചു. മഹാത്യഗിയായ ഹംസ (റ)യും അനേകം കര്‍മ്മ ധീരരും അന്ത്യ വിശ്രമം കൊള്ളുന്നത് ഇവിടെയാണ്. ഉഹദിലെ രക്തസാക്ഷികള്‍ക്കായി പ്രാര്‍ത്ഥിച്ചു സലാം പറഞ്ഞു.
ശേഷം റൗളാ ശരീഫിന്റെ കീഴക്കുഭാഗത്തെ ജന്നത്തുല്‍ ബക്കിഅ സന്ദര്‍ശിച്ചു. പതിനായിരത്തോളം സഹാബികളാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നവരില്‍ മൂന്നാം ഖലീഫ ഉസ്മാന്‍ (റ) തിരുനബിയുടെ പിതൃവ്യനായ അബ്ബാസ് (റ), വളര്‍ത്തമ്മയായ അലിമാബീവി (റ) തിരുനബിയുടെ പത്‌നിമാര്‍ വാല്‍സല്യപുത്രി ഫാത്തിമ (റ) തുടങ്ങിയവര്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നവരില്‍ ഉള്‍പ്പെടുന്നു. മസ്ജിദുല്‍ ഖുബയും സന്ദര്‍ശിച്ചു. തിരുനബി മദീനയില്‍ പണിയിച്ച ആദ്യത്തെ പള്ളിയാണ്. ഈ മസ്ജിദിന്റെ കിണറ്റില്‍ ഒരിക്കല്‍ പ്രവാചകന്റെ മോതിരം വീണിരുന്നു. അതിനാല്‍ ഈ കിണര്‍ ബിഅര്‍ഖാത്തം എന്ന പേരില്‍ അറിയപ്പെടുന്നു. ഇന്ന് ആ കിണര്‍ മൂടപ്പെട്ടിരിക്കുകയാണ്. അനുയായികളില്‍ ചിലരുടെ നിരര്‍ത്ഥകമായ പ്രവര്‍ത്തികള്‍ കാരണമാണത്രെ ഈ കിണര്‍ മൂടപ്പെട്ടത്.

മദീനയില്‍ സന്ദര്‍ശിച്ച മറ്റൊരു സ്ഥലം ഇസ്‌ലാമിന്റെ ശത്രുക്കളുമായി നടന്ന യുദ്ധങ്ങളില്‍ സൂക്ഷ്മമായി പ്രവചിക്കപ്പെട്ടതില്‍ അസാധാരണമായ പ്രാധാന്യമുള്ള കിടങ്ങുയുദ്ധം നടന്ന സ്ഥലമായിരുന്നു. അവിടെ കിടങ്ങുകളൊന്നും കണ്ടില്ല. മാമലകള്‍ അതിരായ ആ ഭാഗത്ത് കിടങ്ങുകള്‍ നികത്തി വിശാലമായ റോഡുകളും കെട്ടിട സമുച്ചയങ്ങളും ഉയര്‍ന്നിരിക്കുകയാണ്.

chandrika: