X

ഭയരഹിത ഇന്ത്യ; എല്ലാവരുടെയും ഇന്ത്യ

കെ.പി.എ മജീദ്

അമേരിക്കയിലെ ചിക്കാഗോയില്‍ 1893 സെപ്തംബര്‍ 11ന് സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രശസ്തമായ പ്രസംഗത്തിലെ ഒരു വാചകം ഇങ്ങനെയാണ്: ‘ഞാന്‍ വരുന്നത് വ്യത്യസ്ത മതങ്ങളെയും ദര്‍ശനങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിച്ച ഭാരതത്തില്‍നിന്നാണ്’. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ സാംസ്‌കാരിക ഔന്നത്യം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് ഈ വാചകത്തിലൂടെ സ്വാമി വിവേകാനന്ദന്‍ ചെയ്തത്. ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ ഇല്ലാതാക്കാന്‍ ആ പ്രസംഗം സഹായകമായി. എല്ലാവരുടേതുമായ ആ ഇന്ത്യക്ക് പിന്നീട് എന്താണു സംഭവിച്ചത്?. ആ ചരിത്രം വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. ആര്യന്മാര്‍ തൊട്ടിങ്ങോട്ട് ഇന്ത്യയിലേക്കു കടന്നുവന്ന എല്ലാ സംസ്‌കാരങ്ങളെയും സ്വീകരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള മനസ് ഇന്ത്യക്കുണ്ടായിരുന്നു. ഈ രാജ്യത്തിന്റെ പ്രത്യേകതതന്നെ അതാണ്. നാനാജാതി പൂക്കള്‍ വിടര്‍ന്നു പരിലസിച്ചു നില്‍ക്കുന്ന ഇന്ത്യയെ ശവംനാറിപ്പൂക്കളുടെ ഉദ്യാനമാക്കി മാറ്റാനാണ് ഒറ്റ സംസ്‌കാരത്തിനുവേണ്ടി വാദിക്കുന്നവരുടെ നീക്കം.

ഈ വികല ചിന്ത ഇന്ത്യയില്‍ നട്ടുപിടിപ്പിച്ചത് ബ്രിട്ടീഷുകാരാണ്. മുസ്‌ലിംകളോടുള്ള കടുത്ത വിരോധമാണ് അതിന് അവരെ പ്രേരിപ്പിച്ചത്. ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തി ഹിന്ദു-മുസ്്‌ലിം മൈത്രി തകര്‍ക്കുന്ന ചരിത്ര രചനാരീതിശാസ്ത്രം അവര്‍ അവലംബിച്ചു. മുസ്്‌ലിംകളില്‍നിന്ന് ഹിന്ദുക്കളെ രക്ഷിക്കാനെത്തിയ രക്ഷകരുടെ പരിവേഷം അവര്‍ സ്വയം അണിഞ്ഞു. രാജ്യത്ത് വര്‍ഗീയതയുടെ നാമ്പുകള്‍ വെളിപ്പെട്ടു. സ്വാതന്ത്ര്യം ലഭിക്കുന്നത് തന്നെ വൈകിയതിനുകാരണം ഈ വര്‍ഗീയ ചിന്തയും കലഹവുമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചപ്പോഴോ, ഇരു രാജ്യങ്ങളായി ഇന്ത്യ വിഭജിക്കപ്പെട്ടു. വിഭജനത്തിന്റെ മുറിവുകള്‍ ഏറെയും ബാധിച്ചത് ഇന്ത്യയിലെ മുസ്്‌ലിംകളെയാണ്. പാക്കിസ്താന്‍ ചാരന്മാരായി അവര്‍ മുദ്രകുത്തപ്പെട്ടു. രാജ്യത്തിനുവേണ്ടി ജീവനും രക്തവും നല്‍കിയവരുടെ പിന്‍മുറക്കാരെ അരുക്കാക്കി ഇല്ലാതാക്കാന്‍ ചില ഛിദ്രശക്തികള്‍ ശ്രമം തുടങ്ങി. കരുത്തുറ്റ ഭരണഘടനയും മികച്ച ദിശാബോധവുമായി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ രാജ്യം പിടിച്ചുനിന്നു. ലോകത്തിന് മാതൃകയായ ആധുനികവത്കരണവും സുസ്ഥിര ജനാധിപത്യവും ഉറപ്പുവരുത്തി. എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കാനും പിന്നില്‍ പെട്ടുപോയവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ക്ക് സാധിച്ചു.

വിഭജനത്തിന് കാരണമായ വര്‍ഗീയ ചിന്തയെ താലോലിച്ചു നടന്നവരുടെ വംശം അറ്റു പോയിട്ടുണ്ടായിരുന്നില്ല. അധികാരത്തിന്റെ സോപാനങ്ങളിലേക്ക് അവര്‍ കയറിവന്നതോടെ പണ്ഡിറ്റ് നെഹ്‌റു സ്വപന്ം കണ്ട എല്ലാവരുടെയും ഇന്ത്യ എന്ന ആശയം ഇല്ലാതായി. നാനാത്വത്തില്‍ ഏകത്വമെന്ന മുദ്രാവാക്യത്തിന് ക്ഷതം പറ്റി. ഹിന്ദുത്വ ഏകത്വം എന്ന മുദ്രാവാക്യം എങ്ങും മുഴങ്ങി. അധികാരത്തിന്റെ ദണ്ഡുകളാല്‍ ന്യൂനപക്ഷങ്ങളും ദലിതുകളും പ്രഹരിക്കപ്പെട്ടു. ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെ ബില്ലുകളും നിയമങ്ങളും പാസ്സാക്കപ്പെട്ടു. സംഘ്പരിവാര്‍ ഫാഷിസത്തിനെതിരെ ശബ്ദിച്ചവരെ ജയിലില്‍ അടയ്ക്കുകയോ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയോ ചെയ്തു.

സാമ്പത്തിക സംവരണം, മുത്തലാഖ് ബില്‍, യു.എ.പി.എ-എന്‍.ഐ.എ ഭേദഗതി ബില്ലുകള്‍, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ തുടങ്ങി ഒട്ടേറെ സ്ഥാപിത ലക്ഷ്യങ്ങളോടെയുള്ള ബില്ലുകളാണ് ഈയിടെ പാര്‍ലമെന്റില്‍ ചുട്ടെടുക്കപ്പെട്ടത്. ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ പേരില്‍ അസമിലെ പാവപ്പെട്ട ജനത വലിയ പ്രയാസങ്ങള്‍ അനുഭവിക്കുകയാണ്. പൂര്‍വപിതാക്കള്‍ പണ്ടെന്നോ കുടിയേറ്റം നടത്തിയ കാരണം പറഞ്ഞാണ് പൗരാവകാശങ്ങളെല്ലാം നിഷേധിച്ച് ജന്മനാട്ടില്‍നിന്ന് ഇവരെ നിഷ്‌കാസിതരാക്കുന്നത്. മുസ്‌ലിംലീഗ് അഖിലേന്ത്യാകമ്മിറ്റി അവര്‍ക്ക് നിയമസഹായത്തിന് ലീഗല്‍ സെല്‍ ആരംഭിച്ചിട്ടുണ്ട്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കുന്ന ആള്‍ക്കൂട്ട അതിക്രമങ്ങളും ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ന്യൂനപക്ഷ, ദലിത് വേട്ടയും തുടരുകയാണ്. വൈവിധ്യങ്ങളുടെ ഇന്ത്യയെ ഏകശിലാത്മകമാക്കാനുള്ള ബി.ജെ.പിയുടെ പ്രഖ്യാപിത അജണ്ടയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ഒരു രാജ്യം, ഒരു ഭാഷ എന്നുവരെ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ലക്ഷക്കണക്കിന് മനുഷ്യര്‍ സംസാരിക്കുന്ന പ്രാദേശിക ഭാഷകളെപ്പോലും അരികുവത്കരിക്കാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ 150-ാമത് ജന്മദിനമാണ് നാളെ. രാജ്യമൊന്നാകെ ഗാന്ധിയന്‍ സ്മരണകള്‍ അലയടിക്കുന്ന ദിവസം. മുസ്‌ലിംലീഗ് അഖിലേന്ത്യാകമ്മിറ്റി പ്രഖ്യാപിച്ച ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ എന്ന കാമ്പയിനോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റി നടത്തുന്ന പൗരാവകാശ സംരക്ഷണ റാലികള്‍ ഈ ദിവസം തന്നെ നടത്താനുള്ള കാരണം ഗാന്ധി സ്വപ്‌നം കണ്ട ഇന്ത്യയെ ഓര്‍ത്തെടുക്കാന്‍ കൂടിയാണ്. കോഴിക്കോട്ടും തൃശൂരിലും റാലിയില്‍ സംഗമിക്കുന്ന പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുംവേണ്ടി പ്രതിജ്ഞയെടുക്കും.

ഫാസിസത്തിന്റെ കൈകൡനിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ദൃഢപ്രതിജ്ഞയായിരിക്കും അത്. രാജ്യത്തിനുവേണ്ടി പോരാടി മരിച്ച ധീര രക്തസാക്ഷികളുടെ ചോരവീണ മണ്ണില്‍ വര്‍ഗീയതയുടെ പേരിലുള്ള രക്തച്ചൊരിച്ചില്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ ഗാന്ധി സ്വപ്‌നം കണ്ട ആ ഇന്ത്യയെ നമുക്ക് തിരിച്ചുപിടിച്ചേ മതിയാകൂ. എല്ലാ സംസ്‌കാരങ്ങളെയും മതങ്ങളെയും ഭാഷകളെയും ആദരിക്കാനും സ്‌നേഹിക്കാനുമാണ് രാഷ്ട്രനേതാക്കള്‍ ഇന്ത്യക്കാരെ പഠിപ്പിച്ചത്. നാള്‍ക്കുനാള്‍ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് രാജ്യം കൂപ്പുകുത്തുന്നത്. അതിന്റെ പ്രയാസങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലും തങ്ങളുടെ ജനവിരുദ്ധ അജണ്ടകള്‍ ഓരോന്നായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. മൗലിക പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ വര്‍ഗീയതയുടെ കാര്‍ഡിറക്കിയാണ് ബി.ജെ.പി ഇപ്പോഴും കളി തുടരുന്നത്. ഈ പോക്ക് അധികകാലം തുടര്‍ന്നാല്‍ നമ്മുടെ രാജ്യത്തിന്റെ യശസ്സ് ഇല്ലാതാകും.

ഡല്‍ഹിയില്‍ നടന്ന മുസ്‌ലിംലീഗ് കാമ്പയിന്‍ പ്രഖ്യാപന വേദിയില്‍ ആള്‍ക്കൂട്ട ഭീകരതയുടെ ഇര തബ്‌റേസ് അന്‍സാരിയുടെ വിധവ ഷഹിസ്ത പര്‍വീണ്‍ പറഞ്ഞ വാക്കുകള്‍ ഹൃദയത്തില്‍ തട്ടുന്നതായിരുന്നു. ‘അമേരിക്കയില്‍വെച്ച് താഴെ വീണ ഒരു പൂവ് ആരെങ്കിലും ചവിട്ടിയാലോ എന്ന് കരുതി മോദി എടുത്ത സംഭവം ഓര്‍ത്തെടുത്താണ് അവര്‍ സംസാരിച്ചത്. എന്റെ ഭര്‍ത്താവ് എന്റെ ജീവിതത്തിലെ പൂവായിരുന്നു. ഒരു മാസം പോലും അദ്ദേഹത്തോടൊപ്പം ജീവിക്കാനായില്ല. എന്റെ കൈകളിലെ മെഹന്തിയുടെ ചുവപ്പ് പോലും മാഞ്ഞ് പോയിട്ടില്ല. അദ്ദേഹത്തെ കൊന്നതാണ് എന്ന് പോലും സമ്മതിക്കാന്‍ പൊലീസുകാര്‍ തയ്യാറല്ല. എനിക്ക് നീതി വേണം’. ഷഹിസ്ത പ്രസംഗമവസാനിപ്പിച്ചപ്പോള്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ തബ്‌റേസ് അസാരി കൊ ഇന്‍സാഫ് (തബ്‌റേസിന് നീതി നല്‍കുക) എന്ന മുദ്രാവാക്യം മുഴക്കി. ആ മുദ്രാവാക്യം രാജ്യമാകെ പടരുകയാണ്. ഇരകള്‍ക്ക് നീതി വേണം. ഭയരഹിതമായി എല്ലാവര്‍ക്കും ജീവിക്കാനുള്ള സാഹചര്യം രാജ്യത്തുണ്ടാവണം.

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്്മാഈല്‍ സാഹിബ് സ്വപ്‌നം കണ്ട ‘അഭിമാനകരമായ അസ്തിത്വ’ത്തോടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയണം. അനൈക്യത്തിന്റെ ശബ്ദം മുഴങ്ങാന്‍ അനുവദിക്കരുത്. ഒരു തെരഞ്ഞെടുപ്പ്, ഒരു പാര്‍ട്ടി, ഒരു നേതാവ്, ഒരു ഭാഷ, ഒരു മതം, ഒരു ഏകാധിപതി എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയാല്‍ ജനാധിപത്യ ഇന്ത്യ തകരും. മോദിക്കെതിരെ ശബ്ദിച്ച കുറ്റത്തിന് സഞ്ജീവ് ഭട്ടിനെപോലുള്ള ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥ രാജ്യത്തിനുതന്നെ നാണക്കേടാണ്. ഭരണഘടനാസ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമവും തുടരുകയാണ്. ജുഡീഷ്യറിയെപോലും വരിഞ്ഞുമുറുക്കാനുള്ള നീക്കം അനുവദിക്കാന്‍ പാടില്ല.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും മതനിരപേക്ഷ ഇന്ത്യയെ തിരിച്ചുപിടിക്കുന്നതിനുമുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായാണ് നാളെ കോഴിക്കോട്ടും തൃശൂരും മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ പൗരാവകാശ സംരക്ഷണ റാലിയില്‍ അണിനിരക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും സഹകരണത്തോടെയാണ് പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നത്. ഇന്ത്യയെ ഭയരഹിതമാക്കാനും എല്ലാവരുടെയും ഇന്ത്യയെ തിരിച്ചുപിടിക്കാനുമുള്ള ഈ ശ്രമത്തിന് നാനാജാതി മതസ്ഥരുടെയും മതേതര രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. രാജ്യത്തിന്റെ നിലനില്‍പ്പിന് പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടേ മതിയാകൂ. അതിനുള്ള ജാഗ്രതയും പോരാട്ടവുമാണിത്. ഈ പ്രക്ഷോഭത്തില്‍ അണിചേരാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.
(മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Test User: