ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
അഹമ്മദ് സാഹിബിന്റെ മരണത്തോടനുബന്ധിച്ചുണ്ടായ സംഭവങ്ങള്‍ രാജ്യത്തിനകത്തും പുറത്തും വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മരണത്തിന്റെ കാരണമല്ല, അതിനു ശേഷം നടന്ന കാര്യങ്ങള്‍ തുല്യതയില്ലാത്ത നീതികേടിന്റെയും മനുഷ്യത്വമില്ലായ്മയുടെയും തുറന്ന വെളിപ്പെടലായിരിക്കുന്നു.പാര്‍ലമെന്റിന്റെ ഇരു സഭകളും രാഷ്ട്രപതിയുടെ പ്രസംഗം ശ്രവിച്ചു കൊണ്ടിരിക്കെയാണ് ഇ. അഹമ്മദ് സാഹിബ് കുഴഞ്ഞു വീണത്. കാല്‍ നൂറ്റാണ്ടുകാലം ഇന്ത്യന്‍ പാര്‍ലമെന്റിനകത്തുണ്ടായിരുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. വിദേശകാര്യവകുപ്പിലും മാനവ വിഭവശേഷി, റെയില്‍വെ വകുപ്പുകളിലും മന്ത്രിയായിരുന്ന ഒരു വ്യക്തി.
ഏതൊരാള്‍ക്കും മരണമുണ്ടെങ്കിലും അഹമ്മദ് സാഹിബിന്റെ മരണവും അതിന് ശേഷം അദ്ദഹത്തോട് ഗവണ്‍മെന്റും രാം മനേഹര്‍ ലോഹ്യ ആസ്പത്രി അധികൃതരും സ്വീകരിച്ച നിലപാട് വിഷയമറിഞ്ഞവരെയെല്ലാം ഞെട്ടിച്ചിരിക്കുന്നു. ഇത്ര കിരാതമായ ഒരു സംഭവത്തില്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന് പങ്കില്ലെന്ന് വിശ്വസിക്കാന്‍ വലിയതോതില്‍ ഈ സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ക്കു പോലും സാധിക്കുമെന്ന് തോന്നുന്നില്ല. അഹമ്മദ് സാഹിബിന്റെ വേര്‍പാടില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള ആയിരങ്ങള്‍ ദു:ഖം രേഖപ്പെടുത്തുമ്പോള്‍ ഈ രാജ്യം ഭരിക്കുന്നവരാണ് ചോദ്യം ചെയ്യപ്പെടുന്നത്.
രാഷ്ട്രപതിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെ കുഴഞ്ഞുവീണ ഇ. അഹമ്മദിനെ 11.40നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കാനുള്ള പരിശ്രമത്തിലായിരുന്നു. അതിനിടെ പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി സഹമന്ത്രി ജീതേന്ദ്ര സിങ് ആസ്പത്രിയിലെത്തി. ഡോക്ടര്‍മാരുടെ അതുവരെയുണ്ടായിരുന്ന സമീപനം അതോടെ മാറി. മരണം നടന്ന ഉടനെത്തന്നെ ഐ.സി.യുവില്‍ അഹമ്മദ് സാഹിബിന്റെ കൂടെയുണ്ടായിരുന്ന ഞങ്ങളെയെല്ലാവരേയും മാറ്റി ഡോക്ടര്‍മാരോട് കുറച്ച് നേരം സംസാരിച്ച് പെട്ടെന്ന് അവിടെ നിന്ന് മടങ്ങി.
അവിടെ കൂടിയിരുന്ന കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങള്‍ അടങ്ങുന്ന ഞങ്ങളോട് ഇതോടെ മറ്റൊരു സമീപനമാണ് കാണാനായത്. ഇ. അഹമ്മദിനെ തൊട്ടടുത്ത കെട്ടിടത്തിലെ ട്രോമ ഐ.സി.യുവിലേക്ക് മാറ്റുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു ഒളിച്ചുകളി പിന്നീട് കാണാമായിരുന്നു. അദ്ദേഹത്തെ മറ്റൊരു കെട്ടിടത്തിന് മുകളിലുള്ള ട്രോമ കെയര്‍ ഐ.സി.യുവിലേക്ക് കൊണ്ട് പോവുന്നതെന്നത് അപ്പോഴെ ഞങ്ങളുടെയെല്ലാം മനസ്സില്‍ ഒരു മറുപടി കിട്ടാത്ത ചോദ്യമായിരുന്നു. മെഡിക്കല്‍ ഐ.സി.യുവില്‍ കിട്ടുന്ന പരിചരണത്തേക്കാള്‍ വലുതൊന്നും ട്രോമകെയര്‍ യൂണിറ്റില്‍ നിന്ന് കിട്ടാനില്ലല്ലോ.
എന്നാലും തീര്‍ത്തും ആശങ്കയിലും പ്രതിസന്ധിയിലും നില്‍ക്കുന്ന സമയത്ത് സാഹചര്യത്തിനനുസരിച്ചല്ലേ പ്രവര്‍ത്തിക്കാനാവൂ. ഈ സാഹചര്യം ആരൊക്കെയേ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. ശ്വാസോച്ഛാസം പുനര്‍ജീവിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സി.പി.ആറിന് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
ട്രോമാകെയറില്‍ നടന്ന രംഗങ്ങള്‍ രാജ്യത്തിനു തന്നെ നാണക്കേടാണ്. നീണ്ട 15 മണിക്കൂര്‍ അവിടെ കിടന്നിട്ടും സീനിയറായ ഒരു ഡോക്ടര്‍ പോലും അതിനുള്ളില്‍ കയറിയിട്ടില്ല. ട്രോമ കെയര്‍ യൂണിറ്റിലെത്തിയ ശേഷം ഡോക്ടര്‍മാരോ സ്റ്റാഫോ ആരും പിന്നെ ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ആരേയും അകത്ത് കയറ്റിയില്ല.
ട്രോമാകെയറിനകത്തെന്താണെന്നറിയിക്കാന്‍ ഒരു നോട്ടീസ് പതിച്ചാണ് ഡോക്ടര്‍മാര്‍ തടിതപ്പിയത്്. അഹമ്മദ് എന്ന രോഗിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററിന്റേയും പേസ്‌മേക്കറിന്റേയും ബലത്തിലാണെന്നും പറഞ്ഞായിരുന്നു അത്.
രാജ്യത്തെ വലിയ രാഷ്ട്രീയ നേതൃത്വമെല്ലാം ആ സമയത്ത് അവിടെയെത്തി. അവരാരോടെങ്കിലും വന്ന് ഒരു വാക്ക് പറയാനോ അഹമ്മദ് സാഹിബിന്റെ സ്ഥിതി വ്യക്താക്കാനോ അകത്ത് നിന്ന് ഒരു ഡോക്ടറും പുറത്തേക്ക് വന്നതു കണ്ടില്ല. അപ്പോഴും സി.പി.ആര്‍ മുഖേന നെഞ്ച് അമര്‍ത്തുന്ന പ്രക്രിയ യന്ത്രം മുഖേനെ തുടരുകയായിരുന്നു.
ആരേയും അകത്ത് കടത്തുകയോ ഡോക്ടര്‍മാര്‍ പുറത്ത് വന്ന് കാര്യങ്ങള്‍ പറയാത്ത സാഹചര്യവും തുടര്‍ന്നപ്പോള്‍ മക്കള്‍ വന്നാലും ഇത് സംഭവിക്കുമല്ലോ എന്നത് കൊണ്ട് ഞാനും പി.വി അബ്ദുല്‍ വഹാബ് എം.പിയും എം.കെ. രാഘവന്‍ എം.പിയും താഴെ പോയി മെഡിക്കല്‍ സൂപ്രണ്ടിനെ കണ്ട് സംസാരിച്ചു. അഹമ്മദ് സാഹിബിന്റെ മകള്‍ ഫൗസിയയും (അവര്‍ പത്തോളജി വിഭാഗത്തിലെ ഡോക്ടറും മെഡിക്കല്‍ അധ്യാപികയുമാണ്) അവരുടെ ഭര്‍ത്താവ് ബാബു ഷര്‍ഷാദും എട്ടര മണിയാവുമ്പോഴേക്കും വരുമെന്നും മറ്റു രണ്ടാണ്‍ മക്കളും ഉടനെയെത്തുമെന്നും അവരെയെങ്കിലും കാണാനനുവദിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചു. തീര്‍ച്ചയായും അത് ചെയ്യാമെന്ന് സൂപ്രണ്ട് പറഞ്ഞു.
രാത്രിയോടെ മക്കള്‍ വന്നപ്പോഴും കാണാന്‍ സമ്മതിച്ചില്ല. അത് കണ്ടപ്പോള്‍ സൂപ്രണ്ടിനെ ഫോണില്‍ വിളിച്ചു ഹോസ്പിറ്റലില്‍ മുഴുവന്‍ തിരഞ്ഞു. ഒന്നിനും ഫലമുണ്ടായില്ല. അദ്ദേഹം ഫോണ്‍ പോലുമെടുക്കാതെ എവിടെയോ മറഞ്ഞിരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പുറത്ത് നില്‍ക്കുന്ന ഞങ്ങളെല്ലാം കുറെ കര്‍ക്കശമായി സംസാരിച്ചപ്പോള്‍ മകളേയും ഭര്‍ത്താവിനേയും സെക്യൂരിറ്റിക്കാര്‍ അകത്തേക്ക് കൊണ്ടു പോയി ഒരു മിനുറ്റിനുള്ളില്‍ അവര്‍ തിരിച്ചു വന്നു. നിങ്ങള്‍ കണ്ടോ എന്നവരോട് ചോദിച്ചു. ദൂരെ നിന്നേ കാണാന്‍ സമ്മതിച്ചുള്ളൂവെന്ന് അതാവട്ടെ ചില്ല് ജനാലക്കകത്തുകൂടെ കാണാന്‍ അനുവദിച്ചുള്ളൂവെന്ന് അവര്‍ കരഞ്ഞ് പറഞ്ഞു.
ആസ്്പത്രിയില്‍ പ്രവേശിപ്പിച്ച സമയം മുതല്‍ പുലര്‍ച്ചെ 3 മണി വരെ ദീര്‍ഘ നേരം എല്ലാ വിഭാഗത്തിലുംപെട്ട ഒട്ടനവധി പ്രമുഖര്‍ സ്ഥലത്തെത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അഹമ്മദ് സാഹിബിനുണ്ടായിരുന്ന ഇടം മനസ്സിലാക്കിത്തരുന്നതായിരുന്നു അത്്. ഒട്ടനവധി നേതാക്കള്‍ അഹമ്മദ് സാഹിബിന്റെ മക്കള്‍ക്കുള്ള സാന്ത്വന സാന്നിധ്യമായി ഐ.സി.യുവിന്റെ മുമ്പില്‍ കാത്തുനിന്നു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, അടക്കം പാര്‍ലമെന്റിലെ എല്ലാ പാര്‍ട്ടിയിലേയും സമുന്നത നേതാക്കള്‍ കാണിച്ച സ്‌നേഹ വായ്പിന് ഞങ്ങളുടെ പ്രസ്ഥാനത്തിനോ അഹമ്മദ് സാഹിബിന്റെ കുടുംബത്തിനോ ഉള്ള നന്ദി പറഞ്ഞ് വീട്ടാന്‍ കഴിയുന്ന ഒന്നല്ല.
രാത്രി പന്ത്രണ്ടരയോടടുത്തപ്പോള്‍ ബ്രൈന്‍ സ്റ്റംബിള്‍ ടെസ്റ്റ് നടത്താന്‍ വിദഗ്ധന്‍ വരുന്നുണ്ടെന്ന് ഒരു ഡോക്ടര്‍ വന്ന് പറഞ്ഞു. എന്നാല്‍ ഒന്ന്-ഒന്നര മണിയായപ്പോഴും ആരും അതിനകത്തേക്കു പോയില്ല. ക്ഷമയുടെ എല്ലാ അതിരുകളും നഷ്ടപ്പെട്ട ഞങ്ങള്‍ സെക്യൂരിറ്റി ഗാര്‍ഡിനോട് ഡോക്ടര്‍ ഉടനെ ഞങ്ങളുടെ അടുത്ത് വന്ന് വിവരം പറയണമെന്നും ഇല്ലെങ്കില്‍ അത് വലിയ അനന്തരഫലമുണ്ടാക്കുമെന്നും താക്കീത് നല്‍കി. ഏതാണ്ട് ഒന്നര മണിയായപ്പോള്‍ ഡോക്ടര്‍ മക്കളെ അകത്ത് കടക്കാന്‍ സമ്മതിച്ചു. അവരോട് ഡോക്ടര്‍ ആ സമയം മരണ വിവരം അറിയിച്ചു.
അഹമ്മദ് സാഹിബിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കാര്യങ്ങളില്‍ നമ്മുടെ സര്‍ക്കാര്‍ പലതും വ്യക്തമാക്കാനുണ്ട്. മറ്റൊരു കാര്യം മനുഷ്യത്വമില്ലായ്മയുടെ നഗ്ന ദൃശ്യങ്ങളായിരുന്നു. ലോകമാകെ ചാനലുകള്‍ ആ മൃഗീയ മനസ്സിനെ പ്രദര്‍ശിപ്പിച്ചിരുന്നു. തങ്ങളുടെ സഹപ്രവര്‍ത്തകനും തലേദിവസം തങ്ങളോടൊപ്പം ഇരുന്ന അംഗവുമായ ഒരാള്‍ തങ്ങള്‍ക്കു മുന്നില്‍ കുഴഞ്ഞു വീണ ഒരാളുടെ മൃതശരീരം പാര്‍ലമെന്റ് ഹൗസിന്റെ ഏതാനും മീറ്റര്‍ അകല കിടക്കുന്നു. ഇതെല്ലാം അറിയുന്ന ധനകാര്യ വകുപ്പ് മന്ത്രി സംസാരിക്കുന്നു. തുടരെ തുടരെ കയ്യടിച്ചും പ്രോത്സാഹിപ്പിച്ചും ആഹ്ലാദിച്ചും പ്രധാനമന്ത്രിയടക്കം വലിയൊരു വിഭാഗം. എത്ര മനുഷ്യത്വരഹിതമായ സംസ്‌കാരമാണിത്.
ആര്‍.എം.എല്‍ ഡോക്ടര്‍മാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ ആഘോഷത്തിനായി കൂട്ടുനില്‍ക്കുകയായിരുന്നില്ലേ. ആര്‍.എം.എല്ലിലെ ഡോക്ടര്‍മാര്‍ ദിവ്യമായ മെഡിക്കല്‍ പ്രൊഫഷന് വലിയ നാണക്കേടല്ലേ ഉണ്ടാക്കിയത്. ഹൃദയ സ്തംഭനമുണ്ടാകുന്ന ഒരു രോഗിയുടെ ശരീരത്തില്‍ 20 മിനുട്ട് മുതല്‍ പരമാവധി അര മണിക്കൂര്‍ വരെ ചെയ്യാന്‍ പാടുള്ള സി.പി.ആര്‍ പ്രക്രിയ നീണ്ട 15 മണിക്കൂര്‍ അഹമ്മദ് സാഹിബിന്റെ ചേതനയറ്റ ശരീരത്തില്‍ ഡോക്ടര്‍മാര്‍ പ്രയോഗിച്ച നടപടി ഡോക്ടര്‍മാര്‍ നടത്തിയ ക്രിമിനല്‍ കുറ്റമാണ്.
രോഗിയുടെ സ്ഥിതി അതിശയോക്തി കലര്‍ത്തി പറയാനോ കുറച്ച് കാണിക്കാനോ ഡോക്ടര്‍മാര്‍ക്ക് പാടില്ലെന്നും രോഗിയുടെ സ്ഥിതിയെന്താണെന്ന് ഓരോ ഘട്ടത്തിലും രോഗിയുടെ ബന്ധുകളെ അറിയിച്ചിരിക്കണമെന്നുമുള്ള മെഡിക്കല്‍ എത്തിക്ക്‌സ് കോഡിനെ പരസ്യമായി ലംഘിച്ച് ഡോക്ടര്‍മാര്‍ ചെയ്ത മഹാപാപത്തിന് പരിഹാര ക്രിയയുണ്ടോ.
തുടര്‍ന്നുണ്ടായ സംഭവങ്ങളും ഒരാള്‍ക്കും ന്യായീകരിക്കാവതല്ല. അഹമ്മദ് സാഹിബിന്റെ മൃതദേഹത്തോടുണ്ടായ അനാദരവ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരോടും കുടുംബത്തോടും വീണ്ടും തുടരുകയാണ്.
ഈ വിഷയവുമായുള്ള ശബ്ദങ്ങളെല്ലാം പാര്‍ലമെന്റില്‍ അടിച്ചമര്‍ത്തുന്നു. സഭ്യേതരമായ ഭാഷയില്‍ അതിനെ നേരിടുന്നു. വീണ്ടും ഈ വിഷയത്തില്‍ മനുഷ്യത്വമില്ലായ്മയില്‍ നിന്നു മനുഷ്യത്വമില്ലായ്മയിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്. അതിനെ പിന്തുണക്കാന്‍ ആര്‍.എം.എല്ലിലെ ഡോക്ടര്‍മാരും കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. രാജ്യത്തെ നാണിപ്പിക്കുന്നതാണ് ഈ നാടകങ്ങള്‍. വിഷയം ദേശീയ രാഷ്ട്രീയത്തില്‍ അത്ര പെട്ടെന്ന് മറക്കാന്‍ അനുവദിക്കുമെന്ന് ആരും കരുതണ്ട. കേന്ദ്രം ഭരിക്കുന്നവരെ ഈ വിഷയം വിടാതെ പിടികൂടും. ഈ സര്‍ക്കാരിന്റെ പിന്നിലുള്ള ക്രൂരതകളുടെയും മൃഗീയതയുടെയും പ്രത്യക്ഷ നിദര്‍ശനമായി ആ സംഭവങ്ങള്‍ നിലനില്‍ക്കും.