അഷ്‌റഫ് വേങ്ങാട്ട്
വിസ്മയകരമായ ഒട്ടേറെ നേട്ടങ്ങളാണ് ഇ. അഹമ്മദിലൂടെ രാജ്യത്തിന് നേടാനായത്. വിദേശ ഇന്ത്യക്കാര്‍ എണ്ണത്തില്‍ കൂടുതലുള്ള ഗള്‍ഫ് മേഖലയില്‍ ഇന്ത്യയുടെ നിലപാടുകളും നയങ്ങളും അവതരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടത് അദ്ദേഹമായിരുന്നു. യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രിയായി ലോകത്തിന്റെ നാനാദിക്കുകളിലെത്തിയ അദ്ദേഹം ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നതോടൊപ്പം അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് ക്ഷേമപൂര്‍ണമായ ജീവിതം ഉറപ്പു വരുത്തുന്നതില്‍ ജാഗ്രത പുലര്‍ത്തി.
ആ രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഔദ്യോഗികമായും വ്യക്തിപരമായും ഉണ്ടാക്കിയെടുത്ത ബന്ധം ഇന്ന് ഇന്ത്യ എത്തി നില്‍ക്കുന്ന ദൃഢമായ ഗള്‍ഫ്-അയല്‍പക്ക ബന്ധത്തിന്റെ അടിസ്ഥാന ശിലകളാണെന്ന കാര്യം അവിസ്മരണീയമാണ്. വിശിഷ്യാ അറബ് ലോകത്തെയും നേതാക്കളെയും ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതില്‍ കഴിഞ്ഞ നാല് ദശാബ്ദത്തിനിടയില്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായും അല്ലാതെയും അദ്ദേഹമുണ്ടാക്കിയ നയതന്ത്രം വിജയിക്കുന്നേടത്ത് നിന്നാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസിയുടെ നിലനില്‍പ് ഭദ്രമാവുന്നത്.
അറബ് ഭരണാധികാരികളുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ കൈക്കൊണ്ട സൂക്ഷ്മത, ആ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ദശലക്ഷകണക്കിന് പ്രവാസികള്‍ക്ക് അനുഗ്രഹമാകുന്ന നിലയിലേക്ക് മാറ്റാന്‍ സാധിച്ചത് അഹമ്മദ്—സാഹിബിന്റെ നയതന്ത്രത്തിലെ നൈപുണ്യമായിരുന്നു. വിദേശങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധി മാത്രമായിരുന്നില്ല ഇ. അഹമ്മദ് സാഹിബ്. അവരുടെ ഉറ്റമിത്രം കൂടിയായിരുന്നു. 2006-ല്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിന് അന്നത്തെ സഊദി അറേബ്യയുടെ ഭരണാധികാരി അബ്ദുല്ല രാജാവ് അതിഥിയായയെത്തിയത് ഈ ബന്ധത്തിന്റെ കൂടി ഫലമായിരുന്നു.
ലോകരാഷ്ട്രങ്ങളുടെ സംഗമവേദിയായ ഐക്യരാഷ്ട്രസഭയില്‍ പത്ത് തവണയോളം ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്ത അദ്ദേഹത്തിന്റെ നിലപാടുകള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായി. ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതക്ക് ആശ്വാസത്തിന്റെ കിരണമെത്തിക്കുന്നതില്‍ പോരാടിയ ഇ. അഹമ്മദ് സ്വതന്ത്ര പലസ്തീന്‍ എന്ന ആവശ്യത്തോടൊപ്പം യാസര്‍ അറഫാത്തിനോടും പലസ്തീന്‍ ജനതയോടുമൊപ്പം നിന്നു.
ഒന്നാം യു.പി.എ. സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രത്യേക ദൂതനായി പലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേല്‍ കുരുതിക്കളമാക്കിയ പലസ്തീനില്‍ മരുന്നും വസ്ത്രവും ‘ഭക്ഷണവുമടങ്ങുന്ന സഹായങ്ങളെത്തിച്ചു.
ലോക രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ശക്തമാക്കാന്‍ വിദേശകാര്യ മന്ത്രിയായിരിക്കെ അദ്ദേഹത്തിന് കഴിഞ്ഞു. ഇറാനെതിരെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ വോട്ട് ചെയ്ത അതേസമയം തന്നെ ഇന്ത്യയുമായുള്ള ആ രാജ്യത്തിന്റെ ബന്ധം ഊട്ടിയുറപ്പിക്കാന്‍ അഹമ്മദ് നടത്തിയ ശ്രമങ്ങള്‍ ശ്ലാഘിക്കപ്പെട്ടു. ഇറാഖില്‍ ബന്ദികളായ ഇന്ത്യക്കാരെ മോചിപ്പിച്ചതടക്കം സങ്കീര്‍ണ്ണമായ നിരവധി പ്രശ്‌നങ്ങള്‍ നയപരമായ നീക്കത്തിലൂടെ പരിഹരിച്ചു. ലോകം ഉറ്റുനോക്കിയ ഈ വിഷയത്തില്‍ ഒരു പോറലുമേല്‍ക്കാതെ ബന്ദികളെ മോചിപ്പിക്കാനായത് അദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയുടെ വിജയമായിരുന്നു. അഭിമാനം പണയപ്പെടുത്താതെ നിരവധി പ്രതിസന്ധികളില്‍ നിന്നും രാജ്യത്തെ കരകയറ്റിയതിന്റെ ഒരുദാഹരണം മാത്രമാണിത്.
ലോകത്ത് ഏറ്റവും പ്രശസ്തനായ ഇന്ത്യന്‍ നേതാക്കളിലൊരാളായ അദ്ദേഹം അറബ് ലോകത്തിനും ഏറെ പ്രിയങ്കരനായിരുന്നു. നിരവധി തവണ കഅ്ബ കഴുകല്‍ ചടങ്ങില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനും ഹജ്ജ് സംഘത്തെ നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമായതും ഹജ്ജ്ക്വാട്ടയില്‍ ചരിത്രപരമായ വര്‍ദ്ധനവുണ്ടായതും ഹജ്ജ് വകുപ്പ് കൈകാര്യംചെയ്ത കാലത്താണ്.
ജി.സി.സി. രാജ്യങ്ങളില്‍ ഇന്ത്യക്കാരായ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് അനുകൂലമായ നടപടികള്‍ സൃഷ്ടിക്കുന്നതില്‍ ശക്തമായി ഇടപെടാറുള്ള ഇ. അഹമ്മദ് സഊദിയിലും ഒമാനിലും യു.എ.ഇ. യിലും കുവൈറ്റിലും അക്കാലത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ അതിനുവേണ്ടി പ്രവര്‍ത്തിച്ച അണിയറശില്പികളില്‍ ഒരാളായിരുന്നു. പൊതുമാപ്പില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ കൊതിച്ച ആയിരങ്ങളെ നാട്ടിലെത്തിക്കുന്നതില്‍ അദ്ദേഹം അക്ഷീണയത്‌നം നടത്തിയത് ആ രാജ്യങ്ങളിലെ പ്രവാസികള്‍ ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നു.
എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികളുമായി അടുത്തബന്ധം പുലര്‍ത്തിപ്പോന്ന അദ്ദേഹം അതുപയോഗിച്ച് പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും ശ്രമിച്ചു. ഈ രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാനും നിരവധി വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നവരെ ഉള്‍പ്പെടുത്തി കുറ്റവാളി കൈമാറ്റ കരാര്‍ കൊണ്ടുവരാനും ശ്രമിച്ചു. സഊദിയില്‍ നിതാഖാത്ത് എന്ന പേരില്‍ തൊഴില്‍നിയമ പരിഷ്‌കരണം ആരംഭിച്ചപ്പോള്‍ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കു വന്‍തോതില്‍ ജോലി നഷ്ടപ്പെടുമെന്ന പ്രചാരണമുണ്ടായി.
എന്നാല്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കാര്യമായ തൊഴില്‍ നഷ്ടം വരാത്ത രീതിയില്‍ തൊഴില്‍ കരാര്‍ പുതുക്കിയും മറ്റു നടപടികള്‍ കൈക്കൊണ്ടും അക്കാലത്തു പ്രവാസികള്‍ക്ക് പ്രതീക്ഷയായി നിലകൊള്ളാന്‍ ഇ. അഹമ്മദിനായി. ഒമാനിലും കുവൈറ്റിലും യു.എ.ഇ.യിലും ബഹ്‌റൈനിലും സ്വദേശിവത്കരണം ഊര്‍ജിതമായപ്പോള്‍ നെഞ്ചിടിപ്പോടെ കഴിഞ്ഞ ഇന്ത്യക്കാര്‍ക്കിടയിലേക്ക് ഓടിയെത്തിയ ഇ. അഹമ്മദ് ആ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കുമുമ്പില്‍ ഇന്ത്യക്കാരുടെ സംഭാവനകള്‍ തുറന്നുകാട്ടി ഇന്ത്യന്‍ തൊഴിലാളികളുടെ തിരിച്ചുപോക്കിനെ തടഞ്ഞു.
അതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷന്‍ പ്രവര്‍ത്തങ്ങള്‍ക്ക് ജനകീയ മുഖം നല്‍കാന്‍ ശ്രമിച്ചത് ഇന്ത്യക്കാര്‍ക്കും പ്രവാസി സംഘടനകള്‍ക്കും ഏറെ ഗുണകരമായി. പലേടങ്ങളിലും ഇന്ത്യന്‍ എംബസി തന്നെ നേരിട്ട് പ്രവാസി സംഘടനകളുമായി കൈകോര്‍ത്തു തൊഴിലാളി ക്ഷേമ സമിതികളുണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ഇ. അഹമ്മദിന്റെ സംഘാടക മികവിന്റെ ബാക്കിപത്രമായിരുന്നു.
ഇന്ത്യക്കാര്‍ നേരിട്ട ഒട്ടേറെ പ്രശ്‌നങ്ങളില്‍ നേരിട്ടെത്തി പരിഹാരം കാണാന്‍ ശ്രമിച്ച ഇ. അഹമ്മദ് ഗള്‍ഫിലെ ഇന്ത്യക്കാരുടെ വിശിഷ്യാ മലയാളികളുടെ മനസ്സിലിടം നേടിയ നേതാവായിരുന്നു. പ്രവാസികളുടെ ദിനംപ്രതിയുള്ള പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതിനു തക്കസമയത്തു ആവശ്യമായ പരിഹാരങ്ങള്‍ കാണാനും ഡല്‍ഹിയില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയ അദ്ദേഹം പേഴ്‌സണല്‍ സെക്രട്ടറിമാരായ ഷഫീക്കിനെയും ഇസ്മയിലിനെയും ആ ദൗത്യം കൃത്യമായി ചെയ്യുന്നതില്‍ ഉത്തരവാദിത്വപെടുത്തിയിരുന്നു. ഏത് സമയം വിളിച്ചാലും മറുഭാഗത്ത് അഹമ്മദ് സാഹിബുണ്ടാകുമായിരുന്നു.
പ്രവാസം തെരഞ്ഞെടുത്ത മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന പേരാണ് ഇ. അഹമ്മദ്. ഏത് രാജ്യക്കാരുടെ മുന്നിലും ഞങ്ങള്‍ക്കൊരു നേതാവുണ്ട് എന്ന് നിവര്‍ന്നു നിന്ന് അഭിമാനിക്കാന്‍ മുസ്‌ലിം ലീഗ് പ്രവാസികള്‍ക്ക് നല്‍കിയ നിധിയായിരുന്നു അഹമ്മദ്. ലോക വേദികളില്‍ ഇന്ത്യയുടെ ശബ്ദമായ നേതാവിനെ മറ്റുള്ളവര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തേണ്ട കാര്യമുണ്ടായില്ല. അങ്ങേയറ്റം ബഹുമാനത്തോടെയാണ് അറബ് രാജ്യങ്ങളും വിദേശികളും അദ്ദേഹത്തെ നോക്കിക്കണ്ടത്. ഇ. അഹമ്മദ് വിദേശകാര്യ സഹമന്ത്രിയായപ്പോള്‍ ഏറെ സന്തോഷിച്ചത് കെ.എം.സി.സി. പ്രവര്‍ത്തകരായിരുന്നു.
തങ്ങളുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മക ഇടപെടലിന് ഒരാളെ കിട്ടിയ സന്തോഷം. പ്രവാസികളുടെ വിഷയങ്ങളെ സ്വന്തം പ്രശ്‌നമായി ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. ഇ. അഹമ്മദ് വിദേശകാര്യ മന്ത്രിയായ ശേഷം എംബസികളും പ്രവാസികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരന്തര ശ്രമങ്ങള്‍ നടത്തിയിരുന്നു. വിദേശകാര്യ മന്ത്രിയായ ശേഷമുള്ള ഇ. അഹമ്മദിന്റെ ഗള്‍ഫ് പര്യടനങ്ങളെ കെ.എം.സി.സി. പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വം സ്വീകരിച്ചു.
ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്ക് ഗള്‍ഫ് പര്യടനം നടത്തുമ്പോഴും കെ.എം.സി.സി. പ്രവര്‍ത്തകരെ കാണാതെ അദ്ദേഹം മടങ്ങിയിരുന്നില്ല. പ്രവര്‍ത്തകരുമായി സംവദിക്കുകയും പ്രശ്‌നങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും ചെയ്യുന്ന അദ്ദേഹം സാധാരണ പ്രവര്‍ത്തകരുടെ വികാരങ്ങളെ മാനിക്കുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. കെ.എം.സി.സി. പരിപാടികളെയും പ്രവാസി ക്ഷേമ പദ്ധതികളെയും പ്രോത്സാഹിപ്പിക്കാനും പുരോഗതി വിലയിരുത്താനും അദ്ദേഹം ഏറെ താല്‍പര്യം കാട്ടി.
ചന്ദ്രിക ദിനപത്രം ദുബായിലും ബഹ്‌റൈനിലും ഖത്തറിലും തുടങ്ങാന്‍ അനുമതി വാങ്ങി നല്‍കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന അദ്ദേഹം അഞ്ച് വര്‍ഷം മുമ്പ് സഊദിയിലും പത്രത്തിന്റെ പ്രിന്റിങ്ങിനുള്ള അനുമതി വാങ്ങി നല്‍കാന്‍ അന്ന് കിരീടാവകാശിയായിരുന്ന സല്‍മാന്‍ രാജകുമാരനെയും വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അബ്ദുല്‍ അസീസ് ഖോജയെയും നേരിട്ട് കണ്ടു നടത്തിയ ശ്രമങ്ങളും ഇതോടൊപ്പം കൂട്ടി വായിക്കട്ടെ.