X

സി.എച്ച് മന്ത്രിസഭ നിലപാടുകളുടെ ദൃഢസ്വരം

സി.പി സൈതലവി

മലപ്പുറം വണ്ടൂരില്‍ ഓടുമേഞ്ഞ കൊച്ചുവീടിന്റെ ചുവരില്‍ നാല്‍പത് വര്‍ഷമായി ഫോട്ടോ ഫ്രെയിം ചെയ്‌തെന്നപോലെ തൂങ്ങിക്കിടപ്പുണ്ട് നിറംമങ്ങിയ ചില്ലിനുള്ളില്‍ പഴയൊരു പത്രപംക്തി. ജന്മംകൊണ്ട് ആ വീട്ടിലെ ഒരംഗത്തിന്റെയും ജീവിതകഥയോ ബഹുമതി വാര്‍ത്തയോ അല്ലത്. പക്ഷേ സാധാരണക്കാരായ ജനലക്ഷങ്ങളുടെ ഉള്ളില്‍ പെരുന്നാള്‍പിറപോലെ വീണ്ടും കാണാന്‍ കൊതിച്ചും മാഞ്ഞുപോകരുതെന്നാശിച്ചും ഇന്നും ഓര്‍മയെ ജ്വലിപ്പിച്ചുനിര്‍ത്തുന്ന അനര്‍ഘനിമിഷത്തിന്റെ രേഖാചിത്രമാണത്. സി.എച്ച് മുഖ്യമന്ത്രിയായ വാരത്തിലെ ഒരു മലയാള ദിനപത്രത്തിന്റെ വാര്‍ത്താവിശേഷം. 1940കളില്‍ ബാലലീഗിലൂടെ പ്രവര്‍ത്തിച്ചു തുടങ്ങി സ്വതന്ത്ര തൊഴിലാളി യൂണിയന്റെ സ്ഥാപകകാല സംഘാടകരില്‍ പ്രമുഖനും സംസ്ഥാന നേതാവുമായി നിറഞ്ഞുനിന്ന വണ്ടൂര്‍ കെ. ഹൈദരലിയുടെ വീട്ടിലെ അമൂല്യമായ സൂക്ഷിപ്പു സ്വത്തുക്കളിലൊന്ന്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അതിസങ്കീര്‍ണമായ രാഷ്ട്രീയസന്ദര്‍ഭങ്ങളിലൊന്നില്‍ കേരളം രാജ്യത്തിനു മാതൃക കാണിച്ച ദിനത്തിന് -1979 ഒക്‌ടോബര്‍ 12ന്റെ അധികാരാരോഹണത്തിന് ഇത് നാല്‍പതു വര്‍ഷം. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യമെന്ന ഇനിയും സാധ്യമാകാത്ത മോഹത്തിന്റെ കുതിരപ്പുറത്തേറി, അഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിലെ ഐക്യമുന്നണിയുടെ പ്രകടനപത്രികാ വാഗ്ദാനങ്ങള്‍ പെരുവഴിയില്‍ തള്ളി സി.പി.ഐയും മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരും പുറത്തുകടന്നപ്പോള്‍, ജനവിധിക്കു വിരുദ്ധമായത് സംഭവിക്കാതിരിക്കാന്‍ കേരളം കാണിച്ച ജാഗ്രതയായിരുന്നു സി.എച്ച് മന്ത്രിസഭ. അത് ഒരു ജനതയുടെ അകതാരിലുണര്‍ത്തിയ ആത്മവിശ്വാസം അപരിമേയമായിരുന്നു. ‘ആരാന്റെ വിറകുവെട്ടികളും വെള്ളംകോരികളുമായി’ ഒടുങ്ങേണ്ടതല്ല ജീവിതമെന്ന് അധഃസ്ഥിത സമൂഹത്തിന്റെ ബോധമണ്ഡലത്തെ പതിവായി പൊള്ളിച്ചുണര്‍ത്തിയ സി.എച്ചിന്റെ കിരീടധാരണം. എണ്ണമറ്റ കുടിലുകള്‍ക്കും കൂരകള്‍ക്കും കവലകള്‍ക്കും ഉത്സവമായ ആ നാളുകളുടെ വര്‍ണശബളിമയാര്‍ന്ന ചിത്രങ്ങളായിരുന്നു അക്കാലത്ത് കേരളത്തിലിറങ്ങിയ പ്രമുഖ പത്രങ്ങളുടെയെല്ലാം വിശേഷതാളുകള്‍.

‘കേന്ദ്രത്തെ ഞെട്ടിച്ച കേരള നേതാവ്’ എന്നായിരുന്നു സി.എച്ച് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്റെ മൂന്നാം നാള്‍ മലയാളമനോരമ പ്രസിദ്ധീകരിച്ച ‘വാര്‍ത്തയും വ്യക്തിയും’ പംക്തിയുടെ തലക്കെട്ട്. ‘ഈയാഴ്ച ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധ പിടിച്ചടക്കിയ രാഷ്ട്രീയ നേതാവാരാണ്? ചോദിക്കാനുണ്ടോ? സി.എച്ച് മുഹമ്മദ്‌കോയ തന്നെ. അദ്ദേഹം കേരള മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെട്ടപ്പോള്‍ ഡല്‍ഹിയിലെ രാഷ്ട്രീയക്കാര്‍പോലും കുറേ നേരത്തേക്കു നിശബ്ദരായി മുഖത്തോടുമുഖം നോക്കി. മുഹമ്മദ്‌കോയ ഒരു മുസ്‌ലിംലീഗുകാരനായതുകൊണ്ടു മാത്രമല്ല, ദേവരാജ് അരശിനെയും ഇ.എം.എസിനെയും രാജേശ്വര റാവുവിനെയും ഒപ്പം ഞെട്ടിച്ച ഒരു പുതിയ കൂട്ടുകെട്ടിന്റെ നായകനായതുകൊണ്ട്. ഒരര്‍ഥത്തില്‍ കേരളം ഇവിടെയും മാതൃക കാണിച്ചു.

1960-ലും 1967-ലും 1969-ലും 1977-ലും ഒരുപോലെ വിജയിച്ച കേരള രാഷ്ട്രീയത്തിലെ ഉത്തമ സാധാരണ ഗുണിതമാണ് മുസ്‌ലിംലീഗ്. ആ ലീഗ് രാഷ്ട്രീയത്തിന്റെ ആള്‍രൂപമാണ് ഈയാഴ്ച ഇന്ത്യന്‍ രാഷ്ട്രീയരംഗത്തു പ്രധാന കഥാപാത്രമായി മാറിയ മുഹമ്മദ്‌കോയ. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ കേരളത്തില്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കളാണു ലീഗ് നേതാക്കള്‍. മുസ്‌ലിം ജനങ്ങള്‍ക്കിടയില്‍ അതിന്റെ പ്രചാരണത്തിനായി പ്രത്യക്ഷപ്പെടാറുള്ളതു മുഹമ്മദ്‌കോയയും. അന്നു മുതല്‍ ഇന്നേവരെ കേരള രാഷ്ട്രീയത്തില്‍ ഒരു നിര്‍ണായക ശക്തിയായി ആധിപത്യമുറപ്പിക്കാന്‍ ലീഗിനു കഴിഞ്ഞു.

ഭവിഷ്യത്തുകള്‍ എന്തുതന്നെ ഉണ്ടായാലും ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ ലീഗും മുഹമ്മദ്‌കോയയും ഒരിക്കലും അറച്ചുനിന്നിട്ടില്ല. ഏറ്റവും ഒടുവില്‍ ഇഷ്ടദാന ബില്ലിന്റെ പ്രശ്‌നത്തില്‍ സ്വീകരിച്ച നിലപാടുതന്നെയാണ് ഇതിനു മികച്ച ഉദാഹരണം. വെളുത്തു തുടുത്തു സുന്ദരനായ ഈ മനുഷ്യന്‍ പ്രസംഗിക്കുന്നതു മുസ്‌ലിം ജനലക്ഷങ്ങള്‍ എത്രനേരം വേണമെങ്കിലും കേട്ടുകൊണ്ടിരിക്കും. അവരുടെ ഹൃദയവികാരങ്ങളും നാഡീസ്പന്ദനങ്ങളും ശരിക്കും ഉള്‍ക്കൊള്ളാന്‍ സി.എച്ചിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതാണ് അദ്ദേഹത്തിന്റെ വിജയവും.’ ഇവ്വിധമായിരുന്നു ആ ഒക്‌ടോബറിന്റെ ഓരോ വാര്‍ത്താവിശകലനവും.

കണക്കറ്റ വര്‍ഗീയ കലാപങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും രാഷ്ട്രപിതാവ് മഹാത്മജിയുടെ തന്നെ വധത്തിനും നേതൃത്വം നല്‍കിയ ഫാസിസ്റ്റ് ശക്തികള്‍ ആദ്യമായി കേന്ദ്രത്തില്‍ ഭരണാധികാരവേഷത്തില്‍ കയറിപ്പറ്റിയ 1977ന്റെ തുടര്‍ച്ചയാണാ കാലം. ഫാസിസം രാജ്യത്തൊരു അധികാര ഘടനയായി രൂപാന്തരം പ്രാപിക്കുന്നതിന്റെ പ്രാഥമിക ഘട്ടം.

മൂന്നു പതിറ്റാണ്ട് തുടര്‍ച്ചയായി സ്വതന്ത്ര ഇന്ത്യയെ നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇനി തിരിച്ചുവരില്ലെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ ആശ്വാസം കൊള്ളുന്ന നേരം. സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ സംഘടനകള്‍പോലും കോണ്‍ഗ്രസ് വിരോധം മൂത്ത് അടിയന്തരാവസ്ഥയുടെ പേരുംപറഞ്ഞ് ജനസംഘത്തിനു വോട്ടുപിടിച്ച ദുര്‍ഗ്രാഹ്യമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് അവസാനത്തെ മുഖ്യമന്ത്രി പദവുമുപേക്ഷിച്ച് സി.പി.ഐയും കളംമാറുന്നത്. മൊറാര്‍ജി ദേശായ് പ്രധാനമന്ത്രിയും എ.ബി വാജ്‌പേയിയും എല്‍.കെ അദ്വാനിയും മന്ത്രിമാരുമായ ജനതാസര്‍ക്കാരിനെ താഴെയിറക്കി 1979 ജൂലൈ 28ന് ചരണ്‍സിങ് ഗവണ്‍മെന്റ് അധികാരമേറിയെങ്കിലും ദേശീയ രാഷ്ട്രീയം അനിശ്ചിതത്വത്തില്‍ ആടിയുലയുകയാണ്. 1977-ല്‍ രാജ്യമാകെ ജനതാ തരംഗം അലയടിച്ചപ്പോഴും 111 നിയമസഭാ സീറ്റും 20 ലോക്‌സഭാ സീറ്റുകളുമായി കോണ്‍ഗ്രസ് നയിച്ച ഐക്യമുന്നണിയെ പിന്തുണച്ച കേരളത്തിലാണ് സി.പി.എമ്മിനുവേണ്ടി സി.പി.ഐ ആശയക്കുഴപ്പം വിതച്ചത്.

എലിയെത്ര കരഞ്ഞാലും സൂത്രക്കാരന്‍ പൂച്ചയുടെ മനസ്സലിയില്ലെന്ന പഴമ്പുരാണത്തെ ഈ 2019ന്റെ അന്ത്യത്തിലും അന്വര്‍ത്ഥമാക്കുന്ന കമ്യൂണിസ്റ്റ് ലയന വ്യാമോഹത്തിന്റെ അപ്പക്കഷ്ണം കൊതിച്ചാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരുക്കിയ വലയിലേക്ക് സി.പി.ഐ ഓടിച്ചെന്നത്. സി.പി.ഐയുടെ ഭട്ടിന്‍ഡാ പാര്‍ട്ടി കോണ്‍ഗ്രസിലെ മാര്‍ക്‌സിസ്റ്റ് പ്രണയംമൂത്ത ചിലരുടെ കമ്യൂണിസ്റ്റ് ലയനപ്രമേയം അതിനൊരു നിമിത്തവുമായി. കാലാവധി തികയ്ക്കാനാവാതെ നമ്പൂതിരിപ്പാടിനു രണ്ടുതവണ കൈവിടേണ്ടിവന്ന മുഖ്യമന്ത്രിപദത്തില്‍ കാലാവധിക്കപ്പുറവും കഴിഞ്ഞ് സി.പി.ഐക്കാര്‍ ഇരിക്കുന്നതില്‍ അസഹിഷ്ണുക്കളായ സി.പി.എം ചൂണ്ടയെറിഞ്ഞു. ‘അധികാരം വിട്ടൊഴിഞ്ഞുവരൂ; നമുക്കു ലയിച്ചുചേരാം’ എന്ന ഇരയില്‍ സി.പി.ഐ കൊത്തി.

അധികാരത്തിലും വലുത് ആദര്‍ശമാണെന്ന മേനി പറഞ്ഞിറങ്ങിപ്പോകുമ്പോള്‍ അധികാരം നല്‍കിയ കേരള ജനതയോടും അംഗബലം കുറവായിട്ടും പാര്‍ട്ടിയെ മുഖ്യമന്ത്രിക്കസേരയില്‍ പലവട്ടം പിടിച്ചിരുത്തിയ ഐക്യകക്ഷിയോടും വിശ്വാസവഞ്ചന ചെയ്യുകയായിരുന്നു സി.പി.ഐ. ആധുനിക കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിപ്ലവമായി വിശേഷിപ്പിക്കപ്പെട്ട ഭൂപരിഷ്‌കരണ നിയമത്തിന്റെ സമ്പൂര്‍ണതക്കായി ഏര്‍പ്പെടുത്തിയിരുന്ന ഇഷ്ടദാന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയപ്പോള്‍, പരിഹാരമായി ഇഷ്ടദാനബില്‍ കൊണ്ടുവരാന്‍ തീരുമാനമെടുത്തത് സി.പി.ഐ നേതാവായ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരുടെ അധ്യക്ഷതയിലായിരുന്നു. ഐക്യമുന്നണി ഏകസ്വരത്തിലെടുത്ത തീരുമാനം. മന്ത്രിസഭയുടെ ശുപാര്‍ശയില്‍ ബില്ലിനു മുന്നോടിയായി 1979 ജൂലൈ 6ന് ഗവര്‍ണര്‍ ഓര്‍ഡിനന്‍സും പുറപ്പെടുവിച്ചു. ഇഷ്ടദാന വ്യവസ്ഥ ഏതെങ്കിലും ജനവിഭാഗത്തെ പ്രീണിപ്പിക്കാനുള്ള പുതിയ രാഷ്ട്രീയ തന്ത്രമായിരുന്നില്ല. അതു കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ അനുബന്ധമായിരുന്നു. ഇഷ്ടദാനവ്യവസ്ഥയെ മിച്ചഭൂമി കൈമാറ്റത്തിനുള്ള ഗൂഢതന്ത്രമായി പ്രചരിപ്പിച്ച മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ പിന്തുണയോടെ തന്നെ മുമ്പ് തുടങ്ങിവെച്ചത്.

പ്രഥമ ഇ.എം.എസ് സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായ കെ.ആര്‍ ഗൗരിയമ്മ അവതരിപ്പിച്ച ഭൂപരിഷ്‌കരണ ബില്ലില്‍തന്നെ ഉറ്റവര്‍ക്ക് ദാനമായി കൊടുക്കുന്ന സ്ഥലം ഭൂപരിധി നിര്‍ണയത്തില്‍ പെടില്ലെന്ന് വ്യവസ്ഥ ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് മുന്നണി ഗവണ്‍മെന്റില്‍ റവന്യൂമന്ത്രി പി.ടി ചാക്കോ ഭൂപരിഷ്‌കരണ നിയമം അവതരിപ്പിച്ചപ്പോഴും ഇഷ്ടദാന വ്യവസ്ഥയെ തൊട്ടില്ല. ഇ.എം.എസ് മുഖ്യമന്ത്രിയായ സപ്തമുന്നണി സര്‍ക്കാരില്‍ ഗൗരിയമ്മ വീണ്ടും റവന്യൂ മന്ത്രിയായി. ആര്‍ക്കു വേണമെങ്കിലും ഭൂസ്വത്ത് ഇഷ്ടദാനമായി നല്‍കാമെന്നായിരുന്നു ഗൗരിയമ്മയുടെ കര്‍ഷകബന്ധബില്‍ അനുവാദം നല്‍കിയത്. അതിന്റെ മറവില്‍ ഭൂമിയിടപാട് നിര്‍ബാധം നടന്നു. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായ ഐക്യകക്ഷി ഗവണ്‍മെന്റാണ് ആ കള്ളക്കളി അവസാനിപ്പിച്ച് ഭൂപരിഷ്‌കരണ ഭേദഗതിനിയമം ഭദ്രമാക്കിയത്. നിയമപരമായ അവകാശികള്‍ക്കു മാത്രമേ ഇഷ്ടദാനം നല്‍കാവൂ എന്ന് മാര്‍ക്‌സിസ്റ്റിതര ഐക്യമുന്നണി സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തു. പക്ഷേ 1974-ല്‍ ഹൈക്കോടതി ഇഷ്ടദാന വ്യവസ്ഥ റദ്ദാക്കി.

ഈ നടപടി തത്വത്തില്‍ മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങളെയാണ് ബാധിച്ചത്. മാതാപിതാക്കളും 18 വയസ്സില്‍ താഴെയുള്ള കുട്ടികളുമടങ്ങുന്ന കുടുംബത്തിന് കൈവശം വെക്കാവുന്ന പരമാവധി ഭൂപരിധിയായ 20 ഏക്കര്‍ കഴിച്ച് ബാക്കി മിച്ചഭൂമിയായി കണക്കാക്കുന്ന സ്ഥിതിവന്നു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കുടുംബസ്വത്തില്‍ അവകാശമില്ലാതാവുന്ന ഈ അവസ്ഥ പരിഹരിക്കാനാണ് മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും ഇഷ്ടദാനമായി ഭൂമി നല്‍കാമെന്ന് സര്‍ക്കാരുകള്‍ വ്യവസ്ഥ ചെയ്തുവന്നത്. ഇതാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. അനേകം മുസ്‌ലിം, ക്രൈസ്തവ കുടുംബങ്ങള്‍ക്ക് വരുമാനമൊന്നും കിട്ടിയില്ലെങ്കിലും തലമുറകളായി കൂടെയുണ്ടായിരുന്ന ഭൂമിയില്‍ ഉടമസ്ഥാവകാശം നഷ്ടപ്പെട്ടു. പക്ഷേ ഭൂരിപക്ഷ സമുദായത്തിലെ കൂട്ടുകുടുംബ വ്യവസ്ഥയെ ഇതു ബാധിച്ചതുമില്ല. ഇതേ ആനുകൂല്യം ന്യൂനപക്ഷ സമുദായങ്ങളിലെ കുടുംബങ്ങള്‍ക്കും ലഭ്യമാക്കാനായിരുന്നു ഇഷ്ടദാന ബില്‍ കൊണ്ടുവന്നത്. ഗവര്‍ണറുടെ ഓര്‍ഡിനന്‍സ് ആറു മാസത്തിനകം നിയമസഭയില്‍ ബില്ലായി അവതരിപ്പിച്ച് പാസ്സാക്കിയിരിക്കണമെന്ന ഭരണഘടനാവ്യവസ്ഥ പാലിക്കാതെയാണ് സി.പി.ഐ മുന്നണി വിട്ടത്.

1979 ഒക്‌ടോബര്‍ ഏഴിന് മുഖ്യമന്ത്രി പി.കെ.വി തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചതായി നിയമസഭയില്‍ അറിയിച്ചു. സ്പീക്കര്‍ ചാക്കീരി അഹമ്മദ്കുട്ടി നിയമസഭാ സമ്മേളനം അനിശ്ചിതമായി നിര്‍ത്തിവെച്ചു. ഭരണഘടനാപരമായ പ്രതിസന്ധിയുടെയും കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും ആ സങ്കീര്‍ണ ഘട്ടത്തെ അഭിമുഖീകരിക്കാനും പരിഹാരനടപടികള്‍ക്കും പ്രാപ്തനായ നായകനായി സി.എച്ച് മുഹമ്മദ്‌കോയാ സാഹിബില്‍ ജനാധിപത്യ കേരളം വിശ്വാസമര്‍പ്പിച്ചു. രാഷ്ട്രപതിഭരണം വന്നുംപോയുമിരിക്കുന്ന അനഭിലഷണീയ സാഹചര്യവും ഇടയ്ക്കിടെ വന്നു ചേരുന്ന തെരഞ്ഞെടുപ്പുകളുമൊഴിവാക്കാന്‍ ഒരു ഭരണസ്ഥിരത കേരളം കൊതിച്ചു.
മുസ്‌ലിംലീഗ് സംസ്ഥാന കൗണ്‍സിലിന്റെ അടിയന്തര യോഗം പ്രസിഡണ്ട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് മന്ത്രിസഭാ രൂപീകരണത്തിന് സി.എച്ച് നേതൃത്വം നല്‍കണമെന്ന ഘടകകക്ഷികളുടെ അഭ്യര്‍ത്ഥന ചര്‍ച്ച ചെയ്ത് അനുവാദം നല്‍കി. 83 അംഗങ്ങളുടെ വ്യക്തമായ പിന്തുണയോടെ സി.എച്ച് കേരളത്തിന്റെ പത്താമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഐക്യകേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലെത്തുന്ന എട്ടാമത്തെ വ്യക്തി. ‘ഒരു പഞ്ചായത്ത് മെമ്പര്‍പോലുമാകില്ല മുസ്‌ലിംലീഗില്‍ ചേര്‍ന്നാല്‍’ എന്നു നിരുത്സാഹപ്പെടുത്തിയിരുന്ന രാഷ്ട്രീയ കേരളത്തില്‍ ഒരു മുസ്‌ലിംലീഗു മുഖ്യമന്ത്രി. ചരിത്രത്തിലെ ഏറ്റവും തിളക്കമുറ്റ വെള്ളിയാഴ്ചകളുടെ പട്ടികയിലേക്ക് ആ ഒക്‌ടോബര്‍ 12.

ഡിസംബര്‍ ഒന്നിന് സി.എച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നാള്‍ മുതല്‍ ആ അധികാരലബ്ധിയില്‍ അസഹ്യതപൂണ്ടവര്‍ ചോദിക്കാറുണ്ട് അമ്പത് ദിവസം മാത്രല്ലേ എന്ന്. അഞ്ചു നൂറ്റാണ്ടിന്റെ കരുത്തും കാതലും ആഴവും പരപ്പുമുണ്ട് ആ അന്‍പതു നാളിന്റെ അധികാരമുദ്രക്ക്. വാസ്‌കോഡഗാമയുടെ കപ്പല്‍ കേരള തീരത്തണഞ്ഞ പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങള്‍ മുതല്‍ അടങ്ങാത്ത രാജ്യസ്‌നേഹത്താല്‍ വൈദേശിക ശക്തികളോട് നിരന്തരം പൊരുതിത്തളരുകയും രാജ്യം ഭരിക്കുന്നവരാല്‍ അവഗണനയുടെ അന്തമില്ലാത്ത ആഴങ്ങളിലേക്ക് തള്ളിയിടപ്പെടുകയും ചെയ്ത ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ മധുരമുണ്ടതിന്. സി.എച്ച് മുഖ്യമന്ത്രിയാകുന്നതിന്റെ ആഴ്ചകള്‍ക്കു മുമ്പ് ഇന്ത്യക്കൊരു പ്രധാനമന്ത്രിയുണ്ടായിരുന്നു. അധികാരമേറ്റതിന്റെ ഇരുപത്തിമൂന്നാം ദിവസം രാജിവെച്ചൊഴിഞ്ഞ ചരണ്‍സിങ്. രണ്ടു തവണ മുഖ്യമന്ത്രിയായിട്ടും അഞ്ചു കൊല്ലം തികയ്ക്കാനാവാതെ അധികാരം വിട്ടിറങ്ങേണ്ടിവന്നിട്ടുണ്ട് ഇ.എം.എസ് നമ്പൂതിരിപ്പാടിന്. സി.എച്ചിന് മാത്രമല്ല അഞ്ചാം നിയമസഭയിലെ മറ്റു മുഖ്യമന്ത്രിമാര്‍ക്കും അധികാരത്തില്‍ കാലാവധി ഏറെയുണ്ടായിട്ടില്ല.

മുഖ്യന്ത്രിപദമേറ്റയുടന്‍ ആകാശവാണിയിലൂടെ നടത്തിയ പ്രഭാഷണത്തില്‍ തന്റെ സര്‍ക്കാരിന്റെ പിറവിയും ദൗത്യവും സി.എച്ച് വിശദീകരിച്ചു: ‘കേരളത്തിലെ ഇക്കഴിഞ്ഞ ദിവസങ്ങളിലെ രാഷ്ട്രീയ പരിതഃസ്ഥിതികളും പരിവര്‍ത്തനങ്ങളുമാണ് എന്നെ ഭാരിച്ച ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. അഖിലേന്ത്യാ തലത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണങ്ങളുടെയും മാറ്റങ്ങളുടെയും പ്രതികരണങ്ങള്‍ ഇക്കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെക്കാലം പൊതുവെ സ്വസ്ഥവും പ്രശാന്തവുമായിരുന്ന കേരള രാഷ്ട്രീയത്തിലും പ്രകടമായത് സ്വാഭാവികമെന്നേ കരുതേണ്ടൂ.

ഈ ഘട്ടത്തിലുടലെടുത്ത അനിശ്ചിതത്വം നീണ്ടുപോയാല്‍ ഒരു ജനാധിപത്യഭരണകുടം ഇല്ലാതെ വരുന്ന സ്ഥിതിവിശേഷത്തെ നമുക്ക് നേരിടേണ്ടി വരുമായിരുന്നു. രാഷ്ട്രീയ പ്രബുദ്ധരായ ജനലക്ഷങ്ങളുടെ മേല്‍ അനാവശ്യമായും അനവസരത്തിലും ജനാധിപത്യ ഗവണ്‍മെന്റില്ലാത്ത ഒരു സ്ഥിതി അടിച്ചേല്‍പ്പിക്കുന്നത് കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ക്ക് ഒരിക്കലും ഭൂഷണമാവുകയില്ല. ഇപ്രകാരം ഒരു അന്ധരാള ഘട്ടത്തിലാണ് ജനലക്ഷങ്ങളുടെ വികാരം മാനിച്ചുകൊണ്ടും ജനങ്ങളോടുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള ഭീരുത്വം കാട്ടാതെയും പുതിയ ഒരു ജനകീയ ഗവണ്‍മെന്റിന് രൂപം നല്‍കാന്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും മുന്നോട്ടു വന്നിട്ടുള്ളത്.

ഒരു പ്രശ്‌ന സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തിക സാമൂഹ്യ രംഗങ്ങളില്‍ നാം ഇനിയും ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. പല രംഗങ്ങളിലും ശാശ്വതമായ നേട്ടങ്ങളുണ്ടാക്കാനും അപ്രകാരം നമ്മുടെ സാമ്പത്തിക പരാധീനതകള്‍ ഒരളവുവരെയെങ്കിലും പരിഹരിക്കാനും സഹായകമായ ഒട്ടേറെ വന്‍കിടപദ്ധതികള്‍ സംസ്ഥാന ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ അഭാവം പ്രസ്തുത പദ്ധതികളുടെ പുരോഗതിക്ക് പ്രതികൂലമാവുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഏറെക്കാലത്തെ പരാതികള്‍ക്കും പഴിചാരലുകള്‍ക്കും ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട് ചുരുക്കം ദിവസമേ ആയിട്ടുള്ളൂ. ജനാധിപത്യം ശക്തവും സമ്പൂര്‍ണവുമാവണമെങ്കില്‍ താഴ്ന്ന തലത്തില്‍തന്നെ ജനാധിപത്യം പ്രാവര്‍ത്തികമാക്കണം. ഒരു ഗവര്‍മെന്റില്ലാതിരിക്കുന്ന സ്ഥിതിവിശേഷം ജനാധിപത്യം വികേന്ദ്രീകരിക്കാനുള്ള ശ്രമത്തെ തളര്‍ത്തുകയേയുള്ളൂ. ആദ്യമായും അവസാനമായും ജനനന്മയെ ലാക്കാക്കി മാത്രം മുന്നോട്ട് നീങ്ങാന്‍ പ്രതിജ്ഞാ ബദ്ധരാണ് ഞങ്ങള്‍.’ ഈ ലക്ഷ്യപ്രഖ്യാപനം തന്നെയാണ് സി.എച്ച് തന്റെ മന്ത്രിസഭയുടെ ഓരോ നടപടികളിലും പാലിച്ചത്.

സായുധ കലാപങ്ങളുടെ യും നരഹത്യയുടെയും ചെങ്കൊടി വീശിവന്ന നക്‌സലൈറ്റുകളെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞ ആഭ്യന്തര മന്ത്രിയെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രശംസനേടിയ സി.എച്ചിന് മുഖ്യമന്ത്രി പദവിയുടെ ഓരോ ചുവടും നിര്‍ഭയം, സുധീരം മുന്നോട്ടുവെക്കാനായി. അനാഥശാലാ വിദ്യാര്‍ഥികളുടെ ധനസഹായത്തുക വര്‍ധിപ്പിച്ചുകൊണ്ട് ആദ്യഫയലില്‍ ഒപ്പുവെച്ച് ഭരണനിര്‍വഹണമാരംഭിച്ച ആ മുഖ്യമന്ത്രി നിയമക്കുരുക്കിനും കമ്യൂണിസ്റ്റ് പ്രതിരോധത്തിനുമിടയില്‍ ശ്വാസംമുട്ടിക്കിടന്ന ഇഷ്ടദാന ബില്ലിന് മോക്ഷം നല്‍കി പാസാക്കിയെടുത്തു തന്നെയാണ് പടിയിറങ്ങിയത്.

അധികാരമേറ്റനാള്‍ രാത്രിയില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നല്‍കിയ ബഹുജന സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള സി.എച്ചിന്റെ പ്രസംഗം നിലപാടുകളുടെ ദൃഢസ്വരമായി മതേതര കേരളത്തിന്റെ കാതില്‍ മുഴങ്ങുന്നുണ്ടിപ്പോഴും. ”ഞാന്‍ അടിയുറച്ച മുസല്‍മാനാണ്. അല്ലാഹുവിന്റെ പരിശുദ്ധ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിട്ടുള്ളവനാണ് ഞാന്‍. അന്യസമുദായങ്ങളുടെ ഒരു മുടിനാരിഴപോലും ഞാന്‍ അപഹരിക്കുകയില്ല. എന്റെ സമുദായത്തിന്റെ ഒരു മുടിനാരിഴപോലും വിട്ടുകൊടുക്കയുമില്ല. തന്നില്‍ നിക്ഷിപ്തമായ ചുമതല ശരിയാംവണ്ണം നിര്‍വഹിക്കും. മുസ്‌ലിംലീഗിന്റെ നേതൃത്വത്തിലുള്ള ഭരണം കേരളത്തില്‍ ഒരു മാതൃകാഭരണമാണെന്ന് ഭാവിചരിത്രകാരന്മാര്‍ രേഖപ്പെടുത്തുമാറ് ഞാന്‍ ഭരണം നടത്തും”.

Test User: