X

സി.ഡി.എസ് വെറുമൊരു തസ്തികയല്ല

നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ആത്മാവ്. എന്നാല്‍ ഈ ജാതിമത-ഭാഷാസംസ്‌കാര വൈജാത്യങ്ങളെ ഛിന്നഭിന്നമാക്കി ഏകശിലാരാഷ്ട്രനിര്‍മിതിയിലേക്ക് പാകപ്പെടുത്തുകയാണ് രാജ്യംഭരിക്കുന്ന ഭരണകൂടമിപ്പോള്‍. നൂറ്റാണ്ടോളംനീണ്ട നയരൂപീകരണവും അഞ്ചുവര്‍ഷത്തെ ഭരണതലത്തിലെ പ്രായോഗികപരിശ്രമവും ഫലപ്രാപ്തിയിലെത്തിക്കുകയാണ് രണ്ടാംമോദിസര്‍ക്കാരിന്റെ ശിഷ്ടകാലദൗത്യമെന്ന് തോന്നുന്നു. ജനാധിപത്യവും മതേതരത്വവും സ്ഥിതിസമത്വവുമൊക്കൈ ഉദ്‌ഘോഷിക്കുന്ന മഹത്തായ ഇന്ത്യന്‍ഭരണഘടനയെ ഒറ്റയടിക്ക് ചവറ്റുകൊട്ടയിലിടാന്‍ കഴിയാത്തതുകൊണ്ടുമാത്രം പലമാതിരി പൊളിച്ചെഴുതുന്ന തിരക്കിലാണ് മോദിയും കൂട്ടരുമെന്ന് ഇക്കഴിഞ്ഞ പാര്‍ലമെന്റ്‌സമ്മേളനത്തിലെ മുപ്പതോളം നിയമഭേദഗതികള്‍ നമ്മോട് സവിസ്തരം വെളിപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രത്തിനുമേല്‍ നിര്‍ണായകവും ഭയാനകവുമായ നയവ്യതിയാനങ്ങളാണ് സംഘപരിവാര്‍ മൂശയില്‍ ഇപ്പോള്‍ വാര്‍ത്തെടുക്കപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച എഴുപത്തിമൂന്നാംസ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ ഒന്നരമണിക്കൂര്‍നീണ്ട പ്രഭാഷണത്തില്‍ ഒളിഞ്ഞുകിടക്കുന്നത് മറ്റൊന്നല്ല. കശ്മീര്‍, മുത്തലാഖ്, ജനസംഖ്യാവര്‍ധനവ് തുടങ്ങി പ്രസംഗത്തിലെ പലതും പതിറ്റാണ്ടുകള്‍ക്കുമുമ്പേ രാജ്യം കൂലങ്കഷമായി ചര്‍ച്ചചെയ്തതും നാടിന്റെ സാകല്യതക്ക് മങ്ങലേല്‍പിക്കുമെന്നതിനാല്‍ നിരാകരിക്കുകയോ മാറ്റിവെക്കപ്പെടുകയോ ചെയ്തതുമാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് സേനക്കാകെ ഒരൊറ്റ തലവന്‍ അഥവാ സംയുക്തസൈനിക മേധാവി എന്ന പഴയകുപ്പിയിലെ മോദിയുടെ പുതിയ വീഞ്ഞ്.

കാര്‍ഗില്‍ യുദ്ധാനന്തരം 1999ലാണ് ഇത്തരമൊരു തസ്തികയെക്കുറിച്ച് രാജ്യം ചര്‍ച്ചചെയ്തത്. സര്‍ക്കാര്‍ അത് ഗൗരവത്തോടെ എടുക്കുകയും എം.സുബ്രഹ്മണ്യത്തെ ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ആ റിപ്പോര്‍ട്ടില്‍ സംയുക്തസൈനിക മേധാവി എന്ന ആശയം നടപ്പാക്കാമെന്ന്് സമിതി നിര്‍ദേശം മുന്നോട്ടുവെച്ചു. എ.ബി.വാജ്‌പേയി സര്‍ക്കാരിലെ ആഭ്യന്തവകുപ്പുമന്ത്രിയായിരുന്ന എല്‍.കെ ആഡ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാഉപസമിതിയും ആശയത്തെ പിന്തുണക്കുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ സ്വാതന്ത്ര്യാനന്തരമുള്ള ഏഴുപതിറ്റാണ്ടിനിടെ ഒരിക്കല്‍പോലും സംയുക്തസൈനികമേധാവി ഇല്ലാത്തതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഹാനി രാജ്യത്തിന് സംഭവിക്കുകയോ സൈന്യത്തില്‍നിന്ന് അത്തരമൊരു തസ്തികയുടെ അനിവാര്യത രാജ്യത്തിന് ബോധ്യപ്പെടുകയോ ഉണ്ടായിട്ടില്ല.അധികാരമേറ്റയുടന്‍ പണ്ഡിറ്റ് നെഹ്രു ആദ്യംചെയ്തത് സൈനിക കമാണ്ടര്‍ ഇന്‍ ചീഫിനെ മാറ്റി സിവിലിയന്‍ ഉദ്യോഗസ്ഥനെ നിയമിക്കുകയായിരുന്നു. പിന്നെന്തിനാണ് പ്രധാനമന്ത്രി മോദി തന്റെ സുപ്രധാനമായൊരു പ്രസംഗത്തില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അഥവാ സി.ഡി.എസിനെക്കുറിച്ച് ഇത്ര വാചാലനായത് എന്ന് വിലയിരുത്തുമ്പോള്‍ അതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഹിന്ദുത്വ-പരുഷസൈനികഅജണ്ട അറിയാതെ പുറന്തള്ളിവരികയാണ്.
നിലവില്‍ രാഷ്ട്രപതിയാണ് സംയുക്തസൈനികമേധാവികളുടെ കമാണ്ടര്‍. അഥവാ കര, നാവിക,വ്യോമ സേനകള്‍ക്ക് യുദ്ധം അനിവാര്യമായ ഘട്ടത്തില്‍ അതിനുള്ള അനുമതി കൊടുക്കേണ്ടത് രാഷ്ട്രപതിയാണ്. രാജ്യത്തിന്റെ പൂര്‍വസൂരികള്‍ ആലോചിച്ചുറപ്പിച്ചെടുത്ത തീരുമാനമായിരുന്നു ഇത്. ഇന്നും ഇന്ത്യ ജനാധിപത്യത്തിനിടയിലും കെട്ടുറപ്പുള്ള സൈനികശക്തിയായി ദക്ഷിണേഷ്യയില്‍ തുടരുന്നതിന ്കാരണം നമ്മുടെ ഈ മാതൃകാസംവിധാനമാണ്. യുദ്ധം, അതിലേക്കുള്ള സൗകര്യങ്ങള്‍, തന്ത്രങ്ങള്‍ തുടങ്ങിയവ രൂപപ്പെടുത്തുന്നതിനും ഇന്ന് സൈനികമേധാവികള്‍ക്ക് പുറമെ രാജ്യത്ത് പ്രത്യേകമായ ഒരു സുരക്ഷാഉപദേഷ്ടാവ് തസ്തികയുണ്ട്. ഇത് സര്‍ക്കാരുമായി ബന്ധപ്പെട്ട സിവിലിയല്‍ തസ്തികയാണ്. ഇദ്ദേഹത്തിനുപുറമെ പ്രതിരോധമന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങിയവ സുരക്ഷാകാര്യങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നല്‍കുന്നുണ്ട്. എന്നാല്‍ പുതുതായി ഉണ്ടാക്കപ്പെടുന്ന സംയുക്ത സൈനികമേധാവി പദവി ഇതിനൊക്കെ അപ്പുറം എന്ത് ചുമതലയാണ ്പ്രത്യേകമായി വഹിക്കുക എന്ന് തീര്‍ത്തും വിശ്വസനീയമായ ഉത്തരങ്ങള്‍ പ്രധാനമന്ത്രി ഇതുവരെയും നല്‍കിയിട്ടില്ല. പല സൈനികവിദഗ്ധരും പറയുന്നത്, സംയുക്തസൈനിക മേധാവി എന്നതുകൊണ്ട് ഭയപ്പെടാനില്ലെന്നും അദ്ദേഹത്തിന് സിവിലിയന്‍ നയരൂപീകരണത്തില്‍ പ്രത്യേകിച്ച് പങ്കാളിത്തമുണ്ടാകില്ലെന്നുമാണ്. നിലവില്‍ മൂന്ന് സൈനികമേധാവികളും മൂന്ന് തരത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിനെ ഏകോപിപ്പിക്കുകയാണ് സി.ഡി.എസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ഒരു വിശദദീകരണം. എന്നാല്‍ പാക്കിസ്താനുമായി രണ്ടും ചൈനയുമായി ഒന്നുമടക്കം മൂന്ന് യുദ്ധങ്ങളും പാകിസ്താനുമായി കാര്‍ഗില്‍ യുദ്ധവും നടത്തിയിട്ടുള്ള ഇന്ത്യന്‍ സൈന്യത്തിന് ഇത്തരമൊരു സൈനികഏകോപനം ഇല്ലാത്തതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് ഇപ്പറയുന്നവരാരും വ്യക്തമായ വിശദീകരണം തരുന്നില്ല. നാലിലും നമ്മുടെ ധീരദേശാഭിമാനികളായ സൈനികരുടെ ജീവത്യാഗവും കഠിനാധ്വാനവുംകൊണ്ട് ഇന്ത്യ വിജയംവരിക്കുകയും മേഖലയില്‍ ഇന്നും അഭിമാനിക്കാവുന്ന സൈനികശക്തിയായി നിലനില്‍ക്കുന്നുമുണ്ട്. സി.ഡി.എസ്സിന്റെ സാംഗത്യം അംഗീകരിക്കുന്നവര്‍ വാദിക്കുന്ന മറ്റൊന്ന് ചൈനക്കും അമേരിക്കക്കുമൊക്കെ ഇത്തരമൊരു സംവിധാനമുണ്ടെന്നതാണ്. എന്നാല്‍ അവരുടെ സൈനികസംവിധാനമല്ല ഇന്ത്യക്കുള്ളതെന്ന് നാം മനസ്സിലാക്കണം,

നിലവിലെ ബിപിന്‍ റാവത്ത് കരസേനയുടെ തലപ്പത്തേക്ക് സീനിയോരിറ്റി മറികടന്ന് നിയമിക്കപ്പെട്ടത് മോദിയുടെ പ്രത്യേകതാല്‍പര്യം കൊണ്ടുമാത്രമായിരുന്നു. കശ്മീരിലേതടക്കമുള്ള റാവത്തിന്റെ പല നടപടികളും വലിയ വിവാദത്തിന് കാരണമായിട്ടുമുണ്ട്. വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ അടുത്ത രണ്ടുമൂന്നുമാസത്തിനകം നിയമിക്കപ്പെടുന്ന സംയുക്തസൈനികമേധാവി ബിപിന്റാവത്തായിരിക്കും. ഭാവിയില്‍ സൈനികമേധാവികള്‍ക്കുമേല്‍ കാണാച്ചരടായി സി.ഡി.എസ്പദവി മാറ്റപ്പെട്ടാലും അല്‍ഭുതപ്പെടേണ്ടെന്നര്‍ത്ഥം. പ്രതിരോധമന്ത്രാലയത്തെ അപ്രസക്തമാക്കിയാണ് മോദിയുടെഓഫീസ് നേരിട്ട് മുപ്പതിനായിരം കോടിയുടെ റഫാല്‍യുദ്ധവിമാനകരാറിലൊപ്പിട്ടത് എന്നത് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നാകും.
ഒരൊറ്റ രാജ്യം-ഒരൊറ്റ തെരഞ്ഞെടുപ്പ്, ഒരൊറ്റ വ്യക്തിനിയമം, ഒരു മതസാംസ്‌കാരികത, ഏകഭാഷ എന്നതൊക്കെ ബി.ജെ.പിയും സംഘപരിവാരവും വായിട്ടടിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇന്ത്യയുടെ സമാധാനപൂര്‍ണമായ ആണവനയത്തിലെ വ്യതിയാനവും പലതും മണക്കുന്നു. മുത്തലാഖ് നിരോധനവും യു.എ.പി.എ, എന്‍.ഐ.എ നിയമങ്ങള്‍ കാര്‍ക്കശ്യമാക്കിയതും കശ്മീരിനെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്ന് മാത്രമാക്കിയതുമൊക്കെ ഈ ഏകശിലാരാഷ്ട്രനിര്‍മിതിയുടെ ഒന്നാന്തരം തെളിവുകളാണ്. 130കോടി ജനതയുടെ ദൈനംദിനജീവിതപ്രയാസങ്ങളുടെനേര്‍ക്ക് ചെറുഹസ്തമെങ്കിലും നീട്ടാതെയാണ് ഈ അതിസൈനികതയിലേക്കുള്ള എടുത്തുചാട്ടം.

chandrika: