X

അന്ധവിശ്വാസ നിരോധന നിയമവും നടപ്പാക്കാനുള്ള ഇച്ഛാശക്തിയും

റഹ്മാന്‍ മധുരക്കുഴി

സംസ്ഥാനത്ത് മന്ത്രവാദ-ആഭിചാര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിന് തടയിടാന്‍, കടുത്ത ശിക്ഷ നല്‍കുന്ന നിയമം കൊണ്ടുവരാന്‍ പോവുകയാണ് സര്‍ക്കാര്‍. അടുത്തിടെ നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിന്പിന്നിലും മന്ത്രവാദമാണെന്ന ആരോപണം നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ നീക്കം. മന്ത്രവാദവുമായി ബന്ധപ്പെട്ട് രണ്ട് കൊലപാതകങ്ങളും 19 തട്ടിപ്പ് കേസുകളും ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാധ്യമങ്ങളില്‍ കാണുന്ന വ്യാജ പരസ്യങ്ങളില്‍ പെട്ടാണ് പലരും വഞ്ചിതരാവുന്നത്.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം ആദ്യമായി നിലവില്‍ വന്നത് മഹാരാഷ്ട്രയിലാണ്. കര്‍ണാടകയില്‍, ദുരാചാരങ്ങള്‍ക്കിരയായി ജീവന്‍ നഷ്ടപ്പെട്ടവരും ക്രൂരമായ പീഡനങ്ങള്‍ക്കിരയായവരും ഏറെയുണ്ടെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിധി കണ്ടെത്താന്‍ ഏഴു വയസ്സുകാരനെ ബലി കൊടുക്കാന്‍ ഒരുകൂട്ടമാളുകള്‍, കര്‍ണാടകയിലെ നഞ്ചന്‍കോട്ട് രംഗത്ത്‌വന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്ത സാഹിത്യപ്രതിഭ കല്‍ബുര്‍ഗി കൊല്ലപ്പെട്ടു. കെ.എസ് ഭഗവാനെ പോലുള്ള പുരോഗമന ചിന്താഗതിക്കാരായ എഴുത്തുകാര്‍ വധഭീഷണി നേരിടുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ രംഗത്ത് വന്ന മാധ്യമ പ്രവര്‍ത്തക ഗൗരീലങ്കേഷ് ക്രൂരമായി വധിക്കപ്പെട്ടു. കല്‍ബുര്‍ഗിയും ഗൗരീലങ്കേഷും വധിക്കപ്പെട്ടപ്പോള്‍, കര്‍ണാടക സര്‍ക്കാര്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമം കൊണ്ടുവന്നു.

2013ല്‍ കോണ്‍ഗ്രസ്-എന്‍.സി.പി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നു. (The Karnataka Prevention and Eradication of Inhuman Evil Practices and Black Magic Bill, 2017) മതവികാരങ്ങളെ വ്രണപ്പെടുത്തുകയും വിശ്വാസത്തിന്റെ പേരില്‍ അജ്ഞരും അന്ധവിശ്വാസ വിധേയരുമായ പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്നത് തടയുകയുമാണ് ബില്ലിന്റെ ലക്ഷ്യമെന്ന് കര്‍ണാടക നിയമ മന്ത്രിയായിരുന്ന ടി.ബി ജയചന്ദ്ര വ്യക്തമാക്കുകയുണ്ടായി. മനുഷ്യത്വ ഹീനമായ 20 ഓളം അനാചാരങ്ങള്‍ തടയാന്‍ ബില്ല് വഴി സാധ്യമാവുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു- എന്നാല്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലും പുതിയ നിയമപ്രകാരം കേസെടുക്കാന്‍ സര്‍ക്കാരുകള്‍ മുന്നോട്ട്‌വരികയുണ്ടായില്ല. നിയമം നടപ്പില്‍ വരുത്തുമ്പോള്‍, യാഥാസ്ഥിതിക ജനവിഭാഗങ്ങളില്‍നിന്ന് എതിര്‍പ്പ് വരുമെന്നും അത് തങ്ങളുടെ രാഷ്ട്രീയ ഭാവിക്ക് ദോഷം വരുത്തുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നു. നിര്‍ദ്ദിഷ്ട നിയമംകൊണ്ട് ഉദ്ദിഷ്ട പ്രയോജനം ലഭ്യമാവണമെങ്കില്‍, അധികാരം വാഴുന്ന അധികൃതര്‍ക്ക്, അത് നടപ്പാക്കാനുള്ള ഇച്ഛാശക്തി വേണം. ഭരണകര്‍ത്താക്കള്‍ക്ക് ഇച്ഛാശക്തി ഉണ്ടാവണമെങ്കില്‍, പൊതുജനാഭിപ്രായം അനുകൂലമായിത്തീരണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വലിയ വിഘാതം സൃഷ്ടിക്കുമെന്ന് പൊതുജനം തിരിച്ചറിയണം.

അതിനാവശ്യമായ ശക്തമായ ബോധവത്കരണങ്ങളും പ്രചാരണ പരിപാടികളും വ്യാപകമായി സംഘടിപ്പിക്കുകയും വേണം. നിയമവും ധര്‍മ്മവും സമഞ്ജസമായി സമ്മേളിക്കുന്ന സാമൂഹ്യ പശ്ചാത്തലത്തിലേ മാറ്റങ്ങള്‍ കൈവരൂ.
ജ്യോതിഷികളുടെ നിര്‍ദ്ദേശം ശിരസാവഹിച്ച് കാര്യങ്ങള്‍ നടത്തുന്ന രാഷ്ട്രീയ പ്രമുഖര്‍ ഏറെയുണ്ട് ഈ ശാസ്ത്രയുഗത്തിലും. ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന രാമറാവു ജോത്സ്യന്റെ വാക്ക് വിശ്വസിച്ച് യുവ ഹരികഥാ കാലക്ഷേപക്കാരിയെ തന്റെ മൂന്നാമത്തെ ഭാര്യയായി സ്വീകരിച്ചതോടെ കുടുംബത്തില്‍ കലഹം പൊട്ടിപ്പുറപ്പെടുകയും മക്കളും മരുമക്കളും ചേര്‍ന്ന് രാമറാവുവിനെ അധികാരത്തില്‍നിന്നും പുറത്താക്കിയ സംഭവം വലിയ വാര്‍ത്തയായതാണ്. ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാകണമെങ്കില്‍, ഒരു ചെറുപ്പക്കാരിയെ വേള്‍ക്കണമെന്ന മന്ത്രവാദിയുടെ ഉപദേശം ശിരസാവഹിച്ച് വൃദ്ധനായ കരുണാനിധി രാജാത്തി അമ്മാള്‍ എന്ന യുവതിയുടെ കഴുത്തില്‍ താലിമാല ചാര്‍ത്തി.

ദിവസങ്ങള്‍ക്ക് മുമ്പ്, ജയില്‍വാസത്തിനിടെ മരണമടഞ്ഞ ‘ദോശ മഹാരാജാവ്’ ശരണഭവന്‍ ഹോട്ടല്‍ ഉടമ കോടീശ്വരന്‍ രാജഗോപാല്‍ രണ്ട് ഭാര്യമാര്‍ നിലവിലിരിക്കെത്തന്നെ, ഹോട്ടല്‍ ജീവനക്കാരന്‍ രാമസ്വാമിയുടെ മകളെ, മൂന്നാം ഭാര്യയാക്കാന്‍ ശ്രമിച്ചത്, അങ്ങനെ ചെയ്താല്‍ തനിക്ക് അതിശയകരമായ ഐശ്വര്യവും ഔന്നത്യവും ലഭ്യമാവുമെന്ന മന്ത്രവാദിയുടെ പ്രവചനമനുസരിച്ചായിരുന്നു. എന്നാല്‍ രാമസ്വാമിയുടെ മകള്‍ വഴങ്ങുന്നില്ലെന്ന് വന്നപ്പോള്‍, രാജഗോപാലന്റെ കിങ്കരന്മാര്‍ സ്വാമിയുടെ മകളുടെ ഭര്‍ത്താവിനെ കൊന്ന് കാട്ടില്‍ തള്ളി. അറസ്റ്റിലായ രാജഗോപാല്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ വെച്ച് ഹൃദയാഘാതംമൂലം പരലോകം പുല്‍കുകയാണ് ചെയ്തത്.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ മകനും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന എച്ച്.ഡി കുമാരസ്വാമിയുടെ സഹോദരനുമായ രേവണ്ണ ഭാഗ്യദോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍, ദിവസവും 350 കിലോമീറ്റര്‍ യാത്ര ചെയ്യുന്നുവെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ബംഗ്ലൂരില്‍ സ്വന്തമായി വസതിയുണ്ടെങ്കിലും അവിടെ താമസിക്കരുതെന്നും പകരം മുന്‍ മന്ത്രി എച്ച്.ഡി മഹാദേവപ്പ താമസിക്കുന്ന ‘ഭാഗ്യ’ വീട്ടില്‍ താമസിച്ചോളൂ എന്ന ജ്യോതിഷിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് രേവണ്ണ രാത്രി 9 മണിക്ക് ബാംഗ്ലൂരില്‍നിന്നും യാത്രയാരംഭിച്ച് അര്‍ധരാത്രി നിര്‍ദ്ദിഷ്ട വീട്ടിലെത്തുന്നത്.

ബാംഗ്ലൂരില്‍ പുതുതായി പണി കഴിപ്പിച്ച വീടാണ് തനിക്ക് മന്ത്രി സ്ഥാനം നേടിത്തന്നതെന്നാണ് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമി വിശ്വസിച്ചിരുന്നതത്രെ. വിദ്യാഭ്യാസവും സമൂഹത്തില്‍ ഉന്നത പദവി വഹിക്കുന്നവരുമാണ് യുക്തിശൂന്യമായ ഇത്തരം അന്ധവിശ്വാസങ്ങളില്‍ അഭിരമിക്കുന്നതെങ്കില്‍ അത്രയൊന്നും വിദ്യാഭ്യാസമോ, സമൂഹത്തില്‍ പദവിയോ ഇല്ലാത്ത സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ? ഉയര്‍ന്ന അക്കാദമിക യോഗ്യതയുള്ള ആളുകള്‍ വരെ സിദ്ധന്മാരുടെ ആരാധകരാണ്. പ്രധാനമന്ത്രിമാര്‍ മുതല്‍ ഓഫീസ് പ്യൂണ്‍ വരെ സിദ്ധരുടെ കാല്‍പാദങ്ങളില്‍ വീണ് പ്രണമിക്കുന്നവരത്രെ. സംസ്‌കൃത കലാശാലക്ക് തറക്കല്ലിടാന്‍, കര്‍ണാടകയില്‍ നിന്നെത്തിയ സ്വാമിയുടെ കാല്‍ക്കല്‍ വീണ് കിടന്ന മന്ത്രി മുഖ്യന്മാര്‍ വരെ നമുക്കുണ്ടായിരുന്നു. ഒരു ലോക്‌സഭാ മുന്‍ സ്പീക്കര്‍ വൃന്ദാപനിലെ മനോരോഗിയായ ബാബയുടെ ചവിട്ട് തന്റെ നെറുകയില്‍ ഏറ്റുവാങ്ങി ഭക്ത്യാദര വിവശനായി നിന്നുകൊടുത്ത സചിത്ര വാര്‍ത്ത പത്രങ്ങളില്‍ വന്നത് ഓര്‍മ്മയില്ലേ.

chandrika: