പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
കേരള മുസ്‌ലിം വൈജ്ഞാനിക ചരിത്രത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ച ദേശമാണ് മലപ്പുറം ജില്ലയിലെ വാഴക്കാടും പരിസര പ്രദേശങ്ങളും. പേരുകേട്ട നിരവധി പണ്ഡിത കേസരികളെ മലയാളക്കരക്ക് സമ്മാനിച്ച പ്രദേശം കൂടിയാണിത്. 2002 കാലത്താണ് ഈ പ്രദേശത്തെ മഹല്ലുകളുടെ കൂട്ടായ്മയില്‍ ഒരു വൈജ്ഞാനിക സമുച്ചയമെന്ന മഹത്തായ ആശയം ഉദിക്കുന്നത്. പ്രദേശത്തെ പൗര പ്രമുഖര്‍ ഈ ആശയവുമായി പാണക്കാട്
സയ്യിദ് ഉമറലി ശിഹാബ് തങ്ങളെ സമീപിക്കുകയും ഇസ്‌ലാമിക് സെന്റര്‍ എന്ന മിഴിവുള്ള ആശയത്തിന് തങ്ങള്‍ പ്രോത്സാഹനം നല്‍കുകയും ചെയ്തു. നാടിന്റെ ആത്മീയ സാന്നിധ്യമായിരുന്ന ശൈഖുനാ ഊര്‍ക്കടവ് ഖാസിം മുസ്ലിയാരുടെ ആശിര്‍വാദം കൂടിയായതോടെയാണ് ആക്കോട് ഇസ്ലാമിക് സെന്റര്‍ പിറവിയെടുക്കുന്നത്.
ആ ഉദ്യമം ഇന്ന് പതിനാറാം വയസ്സില്‍ എത്തിനില്‍ക്കുകയാണ്.
മത-ഭൗതിക-ജീവകാരുണ്യ പ്രവര്‍ത്തനമടക്കം സാമൂഹികവും സാംസ്‌കാരികവുമായ വലിയ അജണ്ടകള്‍ മുന്നില്‍ കണ്ടാണ് ആക്കോട് ഇസ്ലാമിക് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. സ്ഥാപിത ലക്ഷ്യത്തില്‍ നിന്ന് ബഹുദൂരം പിന്നിട്ട ഈ വൈജ്ഞാനിക സമുച്ചയം രണ്ടുപതിറ്റാണ്ടോടടുക്കുമ്പോള്‍ വലിയ കര്‍മപദ്ധതികള്‍ അവതരിപ്പിച്ചും പുതിയ ആലോചനകള്‍ മുന്നില്‍ കണ്ടുമാണ് പുതിയ വാര്‍ഷികാഘോഷത്തിലേക്ക് കടക്കുന്നത്. സഹൃദയരും സമുദായ സ്നേഹികളുമായ സഹായമനസ്‌കരുടെ സഹകരണവും പിന്തുണയുമാണ് ഈ സ്ഥാപനത്തിന്റെ മുതല്‍ക്കൂട്ട്.
ആത്മീയ-ഭൗതിക മേഖലകളില്‍ നിസ്തുല സേവനം നടത്തിക്കൊണ്ടിരിക്കുന്ന ആക്കോട് ഇസ്ലാമിക് സെന്റര്‍ ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട വിജ്ഞാനകേന്ദ്രങ്ങളില്‍ ഒന്നായി വളര്‍ന്നുകഴിഞ്ഞു. നാട്ടില്‍ ഉന്നത നിലവാരത്തിലുള്ള മത-ഭൗതിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിരവധി സ്ഥാപനങ്ങള്‍ക്ക് ആക്കോട് ഇസ്ലാമിക് സെന്റര്‍ ബീജാവാപം നല്‍കി. ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജ്, ഇസ്‌ലാമിക് ദഅ്വാ കോളജ്, ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇസ്‌ലാമിക് വുമണ്‍സ് അക്കാദമി, യുപി സ്‌കൂള്‍,
ഇംഗ്ലീഷ് മീഡിയം പബ്ലിക് നഴ്സറി സ്‌കൂളുകള്‍, ഇസ്‌ലാമിക് പ്രീസ്‌കൂള്‍, റിസേര്‍ച് ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് തുടങ്ങി വ്യത്യസ്ത ശാഖകളിലുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആക്കോട് ഇസ്ലാമിക് സെന്ററിന് കീഴിലുള്ളത്. യതീം സംരക്ഷണത്തിന് വേണ്ടിയുള്ള സ്ഥാപനവും ഇതിലുണ്ട്. യതീം കുട്ടികള്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം, പാര്‍പ്പിടം ഇങ്ങനെ അവരുടെ എല്ലാ കാര്യങ്ങളിലും സ്ഥാപനം പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. കഴിഞ്ഞ വര്‍ഷം നാല് യതീം പെണ്‍കുട്ടികള്‍ക്ക് 21 പവന്‍ വീതം നല്‍കി വിവാഹം നടത്തുകയുണ്ടായി. ഈ വര്‍ഷവും അത് തുടരുന്നു.
കുടിവെള്ളമെത്തിക്കുന്നതിനായി കിണര്‍, ആരോഗ്യ ക്യാംപുകള്‍, പി എസ് സി കോച്ചിങ് ക്ലാസ്, യുവാക്കളെ തൊഴില്‍ സജ്ജരാക്കുന്നതിനുള്ള ക്യാംപുകള്‍ ഇങ്ങനെ നിരവധി സേവനങ്ങളും ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പ്രത്യേക റിലീഫ് സെല്ലും നിലവിലുണ്ട്. ഇസ്ലാമിക് സെന്ററിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്ന സമര്‍പ്പിത യൗവനങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള യൂത്ത് വിങ്ങും പ്രവര്‍ത്തിച്ചു വരുന്നു.
നാടിന്റെ വികസനത്തിനും നന്മയ്ക്കും വേണ്ടി കഴിയുന്ന രംഗങ്ങളിലെല്ലാം ആക്കോട് ഇസ്ലാമിക് സെന്റര്‍ കൃത്യമായി ഇടപെട്ട് സ്തുത്യര്‍ഹമായ സേവനം നടത്തുന്നു. സ്ഥാപനം മുന്നോട്ടുവെച്ച പദ്ധതികള്‍ക്കെല്ലാം അപ്രതീക്ഷിത വിജയവും വലിയ പിന്തുണയുമാണ് ഇക്കാലമത്രയും ലഭിച്ചത്. ഓരോ പുതിയ അലോചനകള്‍ അവതരിപ്പിക്കപ്പെടുമ്പോഴും ലഭിക്കുന്ന ജാതി-മത ഭേതമന്യേയുള്ള പിന്തുണയും പ്രോത്സാഹനവും ഇസ്ലാമിക് സെന്ററിന്റെ ജനകീയതയാണ് തെളിയിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഒരു സമൂഹത്തില്‍
വലിയ സ്വാധീനമുണ്ടാക്കാനും പ്രദേശത്തെ ഇസ്‌ലാമികമായ ചലനളുടെ കേന്ദ്രമാകാനും ആക്കോട് ഇസ്ലാമിക് സെന്ററിന് കഴിഞ്ഞു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രക്ഷാധികാരിയായുള്ള ആക്കോട് ഇസ്‌ലാമിക് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കാന്‍ സുസജ്ജമായ കമ്മറ്റിയാണ് നിലവിലുള്ളത്. വിവിധയിടങ്ങളിലായി ശാഖാകമ്മറ്റികളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.