കുറുക്കോളി മൊയ്തീന്‍
മൂന്നു വര്‍ഷത്തെ കര്‍ഷകരുടെ കാത്തിരിപ്പിനു ശേഷം നാളികേര സംഭരണത്തിനു ഇടതുസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നു. കേരളത്തിന്റെ ഏറ്റവും പ്രധാന കൃഷിയിനമാണ് നാളികേരമെന്നത് അറിയാത്തവരല്ല ഇടതു മന്ത്രിസഭയിലുള്ളത്. കേരളത്തിലെ തൊണ്ണൂറ് ശതമാനത്തിന് മുകളിലുള്ള ജനങ്ങളുമായി നേരിയ തോതിലെങ്കിലും ബന്ധമുള്ള വിളയാണ് നാളികേരം. എന്നിട്ടും അവരുടെ പ്രയാസങ്ങള്‍ക്കു പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. അവസാനം തെരഞ്ഞെടുപ്പില്‍ അതിദയനീയ പരാജയം നേരിടേണ്ടിവന്നപ്പോള്‍ കര്‍ഷകരെ സഹായിക്കുന്നുവെന്ന് വരുത്താനുള്ള ശ്രമം മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ ഇത് കര്‍ഷകര്‍ക്ക് സഹായകരമല്ല എന്നതാണ് വസ്തുത.
ഇതേ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ 2016 ജൂണ്‍ 8ന് പ്രഥമ ബജറ്റ് അവതരിപ്പിക്കുകയുണ്ടായി. നാളികേര സംഭരണം മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും സംഭരണ വില 27 രൂപയായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മൂന്നു വര്‍ഷത്തിലധികമായി ആ തീരുമാനങ്ങള്‍ നടപ്പിലായില്ലെന്നു മാത്രമല്ല നടന്നുവന്നിരുന്ന സംഭരണം പാടെ നിലക്കുകയും ചെയ്തു. യു. ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2012ല്‍ സംഭരണം ആരംഭിച്ചത് 389 കൃഷിഭവനുകളിലൂടെയായിരുന്നു. മുഴുവന്‍ പഞ്ചായത്തുകളിലും സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങണമെന്നതു ഇടതു സംഘടനകളടക്കം എല്ലാവരുടെയും ആവശ്യമായിരുന്നു. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചുവന്നപ്പോള്‍ ഉള്ളതും ഇല്ലാതായി.
രാജ്യത്ത് പച്ചത്തേങ്ങ സംഭരണം ആദ്യമായി തീരുമാനിച്ചത് 2008ല്‍ ഡോ. മന്‍മോഹന്‍ സിങ് സര്‍ക്കാരായിരുന്നു. ഒരു നാളികേരത്തിന് 4.10 രൂപ വില നിശ്ചയിച്ച് സംഭരിക്കാനാണ് തീരുമാനിച്ചിരുന്നത്. കേരളത്തില്‍ മാത്രം സംഭരണം നടന്നില്ല. അന്ന് വി.എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. കര്‍ഷകരുടെ രോദനത്തിന് പരിഹാരം ഉണ്ടാക്കാന്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ കഴിഞ്ഞില്ല. നാളികേര വില വളരെ താഴോട്ട് കൂപ്പുകുത്തി. ഒരെണ്ണത്തിന് രണ്ടു രൂപ പോലും കിട്ടാത്ത ഒരു കാലം കടന്നുപോയി. അക്കാലത്താണ് നിയമസഭാതെരഞ്ഞെടുപ്പ് വന്നത്. പ്രധാന ചര്‍ച്ച നാളികേര വില തന്നെയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തി. 2012ല്‍ പച്ചത്തേങ്ങ സംഭരണത്തിന് തീരുമാനിച്ചു.
കിലോക്ക് 14 രൂപയായിരുന്നു വില. ഇത് വലിയ മാറ്റം തന്നെയുണ്ടാക്കി. ഒരു നാളികേരത്തിന്റെ വില അഞ്ചുരൂപക്കും മുകളില്‍ കടന്നു. ഘട്ടംഘട്ടമായി വര്‍ധന നടത്തി. 38 രൂപക്ക് വരെ സംഭരിച്ചു. വീണ്ടും സര്‍ക്കാര്‍ മാറി. ഇടതു ഭരണം വന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. നാളികേര സംഭരണം നിലച്ചു. വിലയിടിഞ്ഞു, കര്‍ഷകര്‍ വലഞ്ഞു. ഉത്പാദന കമ്മിയും വര്‍ധിച്ച ആവശ്യവും കൂടിവന്നപ്പോള്‍ കര്‍ഷകര്‍ക്ക് ചെറിയ ആശ്വാസം കൈവന്നു വിലകൂടി 48 രൂപയിലെത്തി. ആവശ്യം കുറഞ്ഞപ്പോള്‍ വില കുറഞ്ഞു. 25-27 രൂപയിലെത്തി. മൂന്ന് വര്‍ഷത്തിലധികമായി വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. അവസാനം മുഖം മിനുക്കാനും തെറ്റുതിരുത്താനും തീരുമാനിച്ചതിന്റെ ഭാഗമായി നാളികേര സംഭരണത്തിനു തീരുമാനിച്ചിരിക്കുന്നു.
സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്കു ആശ്വാസകരമല്ല. 27 രൂപ വില ലഭിച്ചാല്‍ ഉത്പാദനച്ചെലവ് പോലും കര്‍ഷകര്‍ക്ക് ലഭിക്കില്ല. ചുരുങ്ങിയത് 40 രൂപയെങ്കിലും ഒരുകിലോ നാളികേരത്തിന് ലഭിക്കണം. എന്നാലേ ഉല്‍പാദനച്ചെലവെങ്കിലും നികത്തുകയുള്ളു. 2016-ല്‍ ബജറ്റില്‍ പ്രഖ്യാപിച്ച വില (27രൂപ) യുടെ കാലാനുസൃതമായ വര്‍ധനവ് പോലും കര്‍ഷകര്‍ക്ക് വകവെച്ചുകൊടുത്തിട്ടില്ല. മൂന്ന് വര്‍ഷംകൊണ്ട് കര്‍ഷകര്‍ക്ക് ഉത്പാദന ചെലവില്‍ വലിയ വര്‍ധനവ് തന്നെ വന്നിരിക്കുന്നു. 600 രൂപയുണ്ടായിരുന്ന തൊഴിലാളികളുടെ കൂലി 800 രൂപയിലെത്തി. തെങ്ങുകയറ്റ തൊഴിലാളികളുടെ കൂലി തെങ്ങൊന്നിന് 30-ല്‍ നിന്നും 40 രൂപയായി തേങ്ങ പൊളിക്കാനുള്ള കൂലി 75 പൈസയില്‍ നിന്ന് ഒരു രൂപയായി വര്‍ധിച്ചു. 33.3 ശതമാനത്തിന്റെ വര്‍ധന. വളത്തിന്റെ വില 50 ശതമാനത്തിലധികമായാണ് വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ ഇവയൊന്നും സര്‍ക്കാര്‍ പരിഗണിക്കാന്‍ പോലും തയ്യാറായിട്ടില്ല.
കൃഷിമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന പത്രങ്ങളില്‍ വായിക്കാന്‍ കഴിഞ്ഞു. മന്ത്രി സുനില്‍കുമാര്‍ പറയുന്നത് നാളികേര വില 25 രൂപക്ക് താഴേക്ക് വരുമ്പോഴാണ് സര്‍ക്കാര്‍ സംഭരിക്കാറുള്ളത് എന്നാണ്. വലിയ കളവാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വി.എസ് അച്യുതാനന്ദന്റെ സര്‍ക്കാര്‍ അങ്ങിനെ ചെയ്തിരുന്നോ? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തിരുന്നത്? പിന്നെ എന്തടിസ്ഥാനത്തിലാണ് മന്ത്രി പച്ചക്കള്ളം പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിച്ചത്? ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ നാളികേര വില ഇരുപതിനും താഴേക്ക് വന്നിരുന്നല്ലോ അന്ന് എന്തേ സംഭരിക്കാന്‍ തയ്യാറാകാതിരുന്നത്?
സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണം എന്നു തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല. കേന്ദ്രങ്ങള്‍ പോലും തീരുമാനിച്ചിട്ടില്ല. വൈകാതെ തന്നെ ഉദ്ഘാടനവും പത്രപരസ്യവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. സംഭരണം അതില്‍ ഒതുങ്ങും എന്നാണ് അനുമാനിക്കേണ്ടത്. കാരണം കര്‍ഷകരോട് ആത്മാര്‍ത്ഥത കാണിച്ചിട്ടുള്ള യു.ഡി.എഫ് സര്‍ക്കാര്‍ സഹകരണ മേഖലയിലൂടെ സംഭരിക്കാനാണ് ആദ്യം 2011-ല്‍ തീരുമാനിച്ചിരുന്നത്. പിന്നീട് 100 കേന്ദ്രങ്ങള്‍ തന്നെ നിശ്ചയിച്ചു. എല്ലാം പരാജയപ്പെട്ടപ്പോഴാണ് കൃഷി ഭവനകളിലൂടെ സംഭരിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇടതു സര്‍ക്കാര്‍ വീണ്ടും പിന്നിലേക്ക് പോവുകയാണ്. ആത്മാര്‍ത്ഥമായി ഇടപെടാനോ പ്രായോഗികമായി പ്രവര്‍ത്തിക്കാനോ സര്‍ക്കാര്‍ തയ്യാറല്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ്കൂടിയാണിത്. ‘അമ്മായിയും കുടിച്ച പാല്‍ കഞ്ഞി’ എന്ന് പറഞ്ഞപോലെയാണ് ഞങ്ങളും നടത്തി നാളികേര സംഭരണം എന്നു പറയാന്‍ മാത്രമാണെങ്കില്‍ ഇങ്ങിനിയൊക്കെ മതി.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലഘട്ടങ്ങളില്‍ എഴുപതുകളില്‍ തുടങ്ങിയ കശുവണ്ടി സംഭരണത്തിന്റെയും 1994 ലെ നെല്ലു സഭരണത്തിന്റെയും 2015 ലെ റബര്‍ സംഭരണത്തിന്റെയും മഹത്തായ ചില മാതൃകകള്‍ കേരളത്തിലുണ്ട്. അതു പഠിക്കാനെങ്കിലും അല്‍പമെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ സര്‍ക്കാര്‍ തയ്യാറാവണം. ആ സംഭരണത്തിലൂടെ വില ക്രമേണ ഉയര്‍ന്നുവരികയും കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാവുകയും ചെയ്തു. 2015 ലെ റബര്‍ സംഭരണത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ മാര്‍ക്കറ്റില്‍ റബ്ബറിന്റെ വില 90ന് താഴെയായിരുന്നു. അപ്പോഴാണ് 150 രൂപ വില നിശ്ചയിച്ച് ഉത്പാദക സംഘങ്ങളോട് സംഭരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇന്നിതാ റബര്‍ വില ഉയര്‍ന്നു വരുന്നു. ആ മാതൃകയാണ് നാളികേര സംഭരണത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ അവലംബിക്കേണ്ടത്.
സര്‍ക്കാരിന്റെ നയം കണ്ടാല്‍ മനസ്സിലാവുന്നത് കര്‍ഷകരെ സഹായിക്കാനല്ല വ്യവസായികളെയും കുത്തകകളെയും സഹായിക്കാനാണ് വലിയ വെമ്പല്‍ എന്നാണ്. നാളികേരത്തിന്റെ വില താഴോട്ട് വലിക്കുന്ന നയം ആരെയാണ് സഹായിക്കുക. നാളികേരത്തിനു മതിയായ വിലയാണിതെന്നാണ് സര്‍ക്കാര്‍ വിളംബരം ചെയ്യുന്നത്. അതു വ്യവസായികളുടെ താല്‍പര്യമാണ്. ഇനിയും തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നാണ് വ്യക്തമാവുന്നത്. ഐക്യജനാധിപത്യ കര്‍ഷക മുന്നണിയുടെ ഭാരവാഹികള്‍ മന്ത്രിയെ നേരില്‍ കണ്ടു ഇക്കാര്യങ്ങള്‍ സംസാരിക്കുകയുണ്ടായി. മന്ത്രി കൈമലര്‍ത്തുകയാണുണ്ടായത്. 35രൂപയൊക്കെ നാളികേരത്തിന് കിട്ടണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഞാന്‍ നിര്‍ദേശിച്ചത് 30 രൂപയായിരുന്നു പക്ഷേ അതു മന്ത്രിസഭ അംഗീകരിച്ചില്ലെന്നു അവസാനം മന്ത്രി പറയുകയുണ്ടായി. 30 രൂപ പോലും ഒരു പാകപ്പെട്ട വിലയല്ല. എന്നാല്‍ തുടക്കം എന്ന നിലക്ക് ആ വില എങ്കിലും അംഗീകരിക്കാന്‍ കനിവ് കാണിക്കണമെന്നാണ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കാനുള്ളത്.
(സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡണ്ടാണ് ലേഖകന്‍)