X

ജല മുറിവേറ്റ ജന്മദിനാഘോഷം

പി. ഇസ്മയില്‍ വയനാട്

മഹാരഥന്‍മാരുടെ ജന്മദിനാഘോഷങ്ങള്‍ മാനവ മനസ്സില്‍ ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും അലമാലകളാണ് സൃഷ്ടിക്കാറുള്ളത്. കേക്ക്മുറിക്കലിനും പാട്ടിനും നൃത്തത്തിനും വര്‍ണ്ണാഭമായ ഉടയാടകളും ആടയാഭരണങ്ങളും അണിയുന്നതിനുമപ്പുറം സമൂഹത്തിന് നല്ല മാതൃകകള്‍ സമ്മാനിച്ച ഒട്ടേറെ ജന്മദിനാഘോഷങ്ങള്‍ക്കാണ് രാജ്യം ഈ വര്‍ഷം സാക്ഷ്യംവഹിച്ചത്. ലോക ബാഡ്മിന്റണ്‍ കിരീടം അമ്മയുടെ ജന്മദിനത്തില്‍ സമ്മാനിച്ച പി.വി സിന്ധു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതീക്ഷയായ 19കാരന്‍ പ്രഥിഷായുടെ ഫോട്ടോ ആലേഖനം ചെയ്ത ചിത്രം ഐ.സി.സി തന്റെ ജന്മദിനത്തില്‍ സമ്മാനിച്ചപ്പോള്‍ സന്തോഷപൂര്‍വം സ്വീകരിച്ച ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ആദിവാസി കോളനികളില്‍ ടെലി മെഡിസിന്‍ സംവിധാനമൊരുക്കി പിറന്നാള്‍ ആഘോഷിച്ച നടന്‍ മമ്മൂട്ടി തുടങ്ങിയവരുടെ ജന്മദിനാഘോഷങ്ങള്‍ സ്‌നേഹം പങ്കുവെക്കലിന്റെ മഹിത മാതൃകകളാണ് തീര്‍ത്തത്. അഗതിമന്ദിരം, അനാഥാലയം, മാനസികാരോഗ്യകേന്ദ്രം, വൃദ്ധസദനം, ചില്‍ഡ്രന്‍സ്‌ഹോം, ആസ്പത്രികള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയും രക്തദാനത്തില്‍ പങ്കാളിയായും മരംനട്ടും ജന്മദിനം കൊണ്ടാടുന്നവരുടെ ആഘോഷങ്ങളും തലോടലിന്റെയും ചേര്‍ത്തുവെക്കലിന്റെയും സന്ദേശങ്ങളാണ് പ്രദാനം ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപത്തിയൊമ്പതാം ജന്മദിനാഘോഷം സേവാസപ്താഹ് എന്ന പേരില്‍ ആരാധകരും അനുയായികളും കൊണ്ടാടുകയുണ്ടായി. 69 അടി നീളമുള്ള കേക്ക് മുറിച്ചും സോഷ്യല്‍ മീഡിയകളില്‍ ഹാഷ് ടാഗ് ചെയ്തും ബഹ്‌റൈനിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ 69 വിളക്കുകള്‍ കത്തിച്ചും വാരണാസിയിലെ സങ്കത്‌മോ ചന്‍ ക്ഷേത്രത്തില്‍ 1.25 കിലോഗ്രാം സ്വര്‍ണ്ണ കിരീടം മോദിയുടെ പേരില്‍ ഹനുമാന് സമര്‍പ്പിച്ചുമൊക്കെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ജന്മദിനാഘോഷത്തിന് കൊഴുപ്പുകൂട്ടിയത്. റെയ്‌സന്‍ ഗ്രാമത്തിലെത്തി അമ്മയോടൊപ്പം ഇഷ്ടഭക്ഷണം കഴിച്ചും ദക്ഷിണ സ്വീകരിച്ചും ഗുജറാത്തിലെ കേവാദിയ ശലഭോദ്യാനം സന്ദര്‍ശിച്ച് ശലഭങ്ങളെ പറത്തിയും ഖല്‍വാനി ഇക്കോ ടൂറിസ്റ്റ് സൈറ്റ് സന്ദര്‍ശിച്ചും പ്രധാനമന്ത്രിയും ജന്മദിനാഘോഷത്തില്‍ സജീവമായി.

വണ്‍ടച്ച് നാവിഗേഷന്‍, നമോ എക്‌സ്‌ക്ലൂസീവ് വിഭാഗം എന്നിവ ഉള്‍പ്പെടുത്തി നമോ ആപ്പിന്റെ മുഖം മിനുക്കിയ കാര്യം മോദി ട്വീറ്റ് ചെയ്ത് ലോകത്തെ അറിയിച്ചതും ജന്മദിനമായി സെപ്തംബര്‍ 17 ന് ആയിരുന്നു.പ്രധാനമന്ത്രിയുടെ ജന്മദിനാഘോത്തിന്റെ ഭാഗമായി നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ടില്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റുംവിധമുള്ള ലേലം വിളി നടക്കുകയാണ്. ജന്മദിനത്തില്‍ മോദിക്ക് കിട്ടിയ സമ്മാനങ്ങളാണ് വന്‍ തുകയില്‍ ലേലം വിളിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സമ്മാനിച്ച ചെറുനാളികേരത്തിലടങ്ങിയ വെള്ളി കലശം നിറച്ച പെട്ടിയുടെ അടിസ്ഥാന വിലനിശ്ചയിച്ചത്18000 രൂപയായിരുന്നു. ലേലം വിളിയില്‍ വില ഒരു കോടിയായി ഉയരുകയുണ്ടായി. മോദിയെ അമ്മ അനുഗ്രഹിക്കുന്ന ചിത്രത്തിനും ആറന്‍മുള കണ്ണാടിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനുമെല്ലാം അടിസ്ഥാന വിലയുടെ പത്തിരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. ലേലത്തിലൂടെ കിട്ടുന്ന തുക ഗംഗാ നദിയുടെ ശുചീകരണത്തിനായി ഉപയോഗപ്പെടുത്തുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രഖ്യാപനം. ക്ലീന്‍ ഗംഗാ ഉപവാസ സമരത്തിനിടയില്‍ മരണമടഞ്ഞ പ്രൊഫസര്‍ ജി.ഡി അഗര്‍വാളിന്റെ മരണം ഉയര്‍ത്തിയ പ്രതിഷേധത്തില്‍നിന്ന് താല്‍ക്കാലിക രക്ഷക്കായി മോദിയുടെ ജന്മദിനാഘോഷം ഉപയോഗപ്പെടുത്തുക എന്ന കൗശലമാണ് ബി.ജെ.പി നേതൃത്വം പയറ്റിയത്.

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഗുജറാത്തിലെ സ്‌കൂളുകളില്‍ കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദ് ചെയ്തത് വിശദീകരിക്കുന്ന തരത്തില്‍ ക്ലാസുകളും സംവാദങ്ങളും സംഘടിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുകയുണ്ടായി. വിദ്യാഭ്യാസ വകുപ്പാണ് 1050 ല്‍പരം വരുന്ന സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനായി സ്‌കൂളുകളുടെ എണ്ണം നിശ്ചയിച്ചപ്പോള്‍ 370 എന്ന അക്കം കടന്നുവന്നത് യാദൃച്ഛികമല്ല. ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രത്യേകം തയ്യാറാക്കിയ കേക്കുകളില്‍ ആര്‍ട്ടിക്കിള്‍ 370.35 അ എന്ന് മുദ്രണം ചെയ്തതും ആസൂത്രിതമാണ്. പ്രധാനമന്ത്രിക്ക് ആശംസകള്‍നേര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ നേതാക്കളും സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസിന്റെ ഭാര്യ അമൃതഫഡ്‌നാവിസിന്റെ സന്ദേശത്തില്‍ മോദിയെ രാഷ്ട്രപിതാവ് എന്നാണ് വിശേഷിപ്പിച്ചത്.

യു.പിയിലെ ബി.ജെ.പി എം.എല്‍.എ വിക്രംസിങ് സെയിനി മോദിയെ പ്രശംസിച്ച സന്ദേശത്തില്‍ നെഹ്‌റുവിനെ സ്ത്രീ ലമ്പടനായാണ് ചിത്രീകരിച്ചത്. മഹാത്മ ഗാന്ധിയെ ഇകഴ്ത്താനും നെഹ്‌റുവിനെ താറടിക്കാനും കശ്മീര്‍ ജനതയോടുള്ള വിരോധം പ്രകടിപ്പിക്കുന്നതിനും സംഘ്പരിവാരങ്ങള്‍ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം തെരഞ്ഞെടുത്തത് പോലും വാക്കിലും കേക്കിലും അന്നപാനീയത്തില്‍ വരെ അസഹിഷ്ണതയുടെ ചേരുവകള്‍ ചേര്‍ക്കുന്നതിന്റെ തെളിവുകളാണ്.

സര്‍ദാര്‍ സരോവര്‍ ഡാമില്‍ ജലം പൂര്‍ണ്ണ തോതില്‍ ഉയര്‍ന്നതിനോടനുബന്ധിച്ച് നമാമി നര്‍മദെ ഉത്സവം നടത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍ മോദിയുടെ ജനന ദിവസമാണ് തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ ഏറ്റവും ഉയരം കൂടിയതും ലോക തലത്തില്‍ രണ്ടാമത്തേതുമായ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രണ്ട് വര്‍ഷം മുമ്പാണ് മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ 67 ാം ജന്മദിനത്തിലായിരുന്നു അണക്കെട്ടിന്റെ ഉദ്ഘാടനം നടന്നത്. ഡാം വന്നതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ ബര്‍വാനി, ധാര്‍ ജില്ലകളിലെ നൂറ് കണക്കിന് ഗ്രാമങ്ങളെയാണ് വെള്ളം പൂര്‍ണ്ണമായും വിഴുങ്ങിയത്. അവരുടെ പുനരധിവാസത്തിനായി മേധാപട്ക്കറുടെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്. ഇരകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്താന്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടും ബി.ജെ.പി ഭരണകൂടം കേട്ടില്ലന്നു നടിക്കുകയാണ്. പ്രദേശവാസികള്‍ മേധാപട്കരുടെ നേതൃത്വത്തില്‍ മാസങ്ങയി ജല സത്യഗ്രഹസമരത്തിലാണ്. പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ മുന്‍കൂട്ടി തീരുമാനിച്ചതിനും പ്രഖ്യാപിച്ചതിനും വിരുദ്ധമായി അണക്കെട്ടിലെ ജലനിരപ്പ് 138.68 മീറ്ററായി ഉയര്‍ത്തിയിപ്പോള്‍ ആയിരക്കണക്കിനാളുകളാണ് ജലമുറിവുകള്‍ ഏറ്റുവാങ്ങിയത്.

പ്രധാനമന്ത്രിയുടെ ജന്മദിനം പ്രതിഷേധ ദിനമായട്ടാണ് ഇരകള്‍ ആചരിച്ചത്. ഇന്ത്യയിലെ 40 കോടി ജനങ്ങള്‍ക്കും നാണം മറക്കാന്‍ വസ്ത്രം ലഭിക്കുവോളം അര്‍ധനഗ്‌നനായി മാറാന്‍ തീരുമാനിച്ച മഹാത്മാഗാന്ധിയുടെ നാട്ടിലാണ് ജന്മദിനാഘോഷത്തിനായി നൂറുകണക്കിന് ഗ്രാമങ്ങളെയുംആയിരകണക്കിനാളുകളെയും ഭരണാധികാരി വെള്ളത്തില്‍ മുക്കിയത്. ഇത് രാഷ്ട്ര ശരീരത്തിനേറ്റ മുറിവ് കൂടിയാണ്. ദാരിദ്ര്യത്തിന്റെ നീര്‍ക്കയത്തില്‍ ശ്വാസംമുട്ടി നില്‍ക്കുന്നവരും ജന്മദിനം എന്നാണെന്നറിയാത്തവരും അറിഞ്ഞാല്‍ ആഘോഷിക്കാന്‍ വകയില്ലാത്തവരുമായ ജനകോടികളുടെ നെഞ്ചില്‍ ചവിട്ടി ആഹ്ലാദ നൃത്തം ചെയ്യുന്നത് ആഭാസമാണ്. ലക്ഷകണക്കിനാളുകളെ കശ്മീര്‍ താഴ്‌വരകളില്‍ തുറന്ന ജയിലിലടച്ച് മരുന്നും വായുവും വെള്ളവും നിഷേധിച്ചതിന്‌ശേഷം പ്രധാനമന്ത്രി പിറന്നാള്‍ മധുരം വിളമ്പുമ്പോള്‍ റോമാ നഗരം കത്തിയെരിഞ്ഞ സമയം വീണ വായിച്ച നീറോ ചക്രവര്‍ത്തിക്ക് തുല്യനായി മാറുകയാണ്.

Test User: