X

സ്വപ്‌നക്കൂടാരങ്ങളാകുന്ന അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍

 

അധ്യയനത്തിന്റെ അന്തിമ ഘട്ടത്തില്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന തിരക്കിലാണ് അധ്യാപകര്‍. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള അക്കാദമികവും ഭൗതികവുമായ വികസന പദ്ധതികള്‍ തയ്യാറാക്കലാണ് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ഫെബ്രുവരി ഒന്നിന് സംസ്ഥാനമൊട്ടാകെ സമര്‍പ്പണം നിശ്ചയിച്ചെങ്കിലും എം.എല്‍.എ മാരുടെ സൗകര്യാര്‍ത്ഥം പന്ത്രണ്ടിലേക്ക് മാറ്റി. പന്ത്രണ്ടിനും അല്ലാതെയുമെല്ലാം മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം നടന്നു. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള നിര്‍ദ്ദേശം നല്‍കുമ്പോള്‍ തന്നെ പ്രവൃത്തി ദിവസങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പ്രഖ്യാപിച്ച അന്നുമുതല്‍ സ്‌കൂളിന്റെ പ്രവൃത്തി ദിവസങ്ങളില്‍ ക്ലാസ് റൂമുകളില്‍ അധ്യാപക സാനിധ്യം എത്രത്തോളമുണ്ടായിരുന്നെന്ന് പരിശോധിക്കപ്പെടണം. കൊട്ടിഘോഷിച്ച് പൊതു ജനങ്ങള്‍ക്ക് മുമ്പില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ അതിനകത്തെ സ്വപ്‌നങ്ങള്‍ പൂവണിയുമോ എന്ന ചോദ്യം തയ്യാറാക്കിയവര്‍ തന്നെ ഉന്നയിക്കുന്നുണ്ട്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാണ് ഇതെല്ലാം. പൊതു വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇതുമൂലം പരിഹരിക്കപ്പെടുന്നുണ്ടോ? അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ച്പൂട്ടുന്നതിനായി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അംഗീകാരമില്ലാത്ത സ്‌കൂളായിട്ട് പോലും രക്ഷിതാക്കള്‍ കുട്ടികളെ അവിടെ ചേര്‍ക്കാന്‍ തയ്യാറായത് എന്ത്‌കൊണ്ടാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. പൊതു വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവത്കരിക്കുന്നതായാണ് സംരക്ഷണയജ്ഞ പ്രവര്‍ത്തനങ്ങളെ കാണാന്‍ കഴിയുന്നത്. സ്‌കൂള്‍ അധ്യയനത്തിന്റെ ആദ്യ ദിനത്തില്‍ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് സ്‌കൂളിന് മുന്നില്‍ വലയം തീര്‍ക്കാനുള്ള ശ്രമം രാഷ്ട്രീയ പ്രേരിതമെന്നാരോപണം വന്നപ്പോള്‍ സര്‍ക്കാറിന് പിന്‍വാങ്ങേണ്ടി വന്നത് ഇക്കാര്യത്തിലെ സര്‍ക്കാറിന്റെ ആത്മാര്‍ത്ഥത എത്രത്തോള മുണ്ടായിരുന്നെന്ന് ബോധ്യപ്പെടും.
ഈ അധ്യയന വര്‍ഷത്ത പൊതു വിദ്യാലയങ്ങളില്‍ 11076 കുട്ടികള്‍ വര്‍ധിച്ചതിനെ രാഷ്ട്രീയ നേട്ടമായി ഭരണ പക്ഷ സംഘടനകള്‍ പ്രചരിപ്പിച്ചപ്പോള്‍ കഴിഞ്ഞ സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തില്‍ നിന്നും ഈ സര്‍ക്കാര്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ എന്താണെന്ന് വ്യക്തമാക്കണം. രണ്ടാം തരത്തില്‍ 826 ഉം, അഞ്ചില്‍ 6433 ഉം, ഏഴില്‍ 7642 ഉം എട്ടില്‍ 6581 ഉം ഒമ്പതില്‍ 5552 കുട്ടികളും കുറഞ്ഞ് പോയത് ആരും ഗൗരവത്തിലെടുത്തതുമില്ല.
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി കോടികള്‍ ബജറ്റില്‍ സര്‍ക്കാറുകള്‍ മാറ്റിവെക്കുന്നുണ്ട്. നടപ്പ് അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എക്ക് 864 കോടിയും ആര്‍.എം.എസ്.എക്ക് 265 കോടിയും സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. അതിന് പുറമെ 45000 ഹൈടെക് ക്ലാസ്മുറികളും മണ്ഡലത്തില്‍ ഓരോ വിദ്യാലയം ഹൈടെക് വിദ്യാലയമാക്കുകയും വിവിധ മാനദണ്ഡത്തില്‍ അഞ്ചു കോടിയും മൂന്നു കോടിയുമൊക്കെ അനുവദിക്കപ്പെട്ടിട്ടുണ്ട്. പൊതു വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചക്ക് കെട്ടിടങ്ങളാണോ പ്രധാന പ്രശ്‌നം ? പെതുവിദ്യാഭ്യാസ രംഗത്തെ കാതലായ പ്രശ്‌നങ്ങളെ കണ്ടെത്താനും പരിഹാരം കാണാനുമുള്ള ശ്രമം നടത്തുന്നതിനു പകരം പൊതുജനശ്രദ്ധ മറ്റൊരു ദിശയിലേക്ക് മാറ്റുന്നതായാണ് ഈ പ്രഖ്യാപനങ്ങളിലൂടെ കാണുന്നത്.
സുരക്ഷിതമായ അധ്യാപനം സാധ്യമാക്കുക എന്നതാണ് ഈ രംഗത്തെ അതി പ്രധാനമായ ആവശ്യം. പദ്ധതികളുടെ ബാഹുല്യമാണ് പൊതു വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന പ്രശ്‌നം. എല്ലാ പരിശീലനങ്ങളും മറ്റു പരിപാടികളുമെല്ലാം തന്നെ പ്രവൃത്തി ദിനത്തില്‍ സംഘടിപ്പിക്കില്ലെന്ന് പറഞ്ഞ മന്ത്രിയും വകുപ്പും അധ്യയനത്തിന്റെ അവസാനത്തില്‍ പദ്ധതികളുടെ ബാഹുല്യമാണ് നല്‍കിയത്. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി ജില്ലാ തലങ്ങളില്‍ മന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കാന്‍ എത്തിയത് പ്രവൃത്തി ദിനത്തിലാണ്.
ശ്രദ്ധ എന്ന പേരില്‍ ഒരു പഠന പ്രവര്‍ത്തനം പ്രഖ്യാപനം കഴിഞ്ഞ് മാലയാളത്തിളക്കം എന്ന പേരില്‍ മാറ്റൊന്ന്. ഇതിനായി ഒന്നിലധികം ദിവസങ്ങളില്‍ പരിശീലനം. പദ്ധതി നിര്‍വഹണത്തിന് ദിവസങ്ങള്‍ വേറെയും. അധ്യയനത്തില്‍ നഷ്ടപ്പെടുന്ന ഈ ദിവസം മറ്റാരു നല്‍കും. ഇവകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള നിര്‍ദ്ദേശം. പതിവുപോലെ ജില്ലാ തലം മുതല്‍ പരിശീലനം ആരംഭിച്ചു. അതിനിടയില്‍ കോര്‍ണര്‍ പി.ടി.എകള്‍ നടത്താനുള്ള പദ്ധതി തയ്യാറാക്കി ഇതിനും പ്രധാനാധ്യാപകന് ഒരു ദിവസം മറ്റൊരുധ്യാപകന് വേറൊരു ദിവസവുമായി പരിശീലനം. നൂറു വീതം രക്ഷിതാക്കളെ ഓരോ യൂണിറ്റുകളാക്കി പൊതു വിദ്യാഭ്യാസത്തിന്റെ പ്രസക്തി അറിയിച്ച് കോര്‍ണര്‍ പി.ടി.എ കള്‍ നടത്തണം. അധ്യയന സമയങ്ങളില്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശവും. ജനുവരി മുതല്‍ റിവിഷനുകള്‍ ആരംഭിക്കുന്നതിനിടയിലാണ് ഇതെല്ലാം നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം വരുന്നത്. പ്രതികരണ ശേഷിയില്ലാത്ത അധ്യാപക സമൂഹം എല്ലാം നടപ്പിലാക്കാനായി വിധിക്കപ്പെട്ടു. ഇതിന്റെയെല്ലാം നഷ്ടം സഹിക്കേണ്ടി വന്നത് പൊതു വിദ്യാലയങ്ങളെ ആശ്രയിച്ച വിദ്യാര്‍ത്ഥികളും.
ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പിന് ശേഷമുണ്ടാക്കിയ മാസ്റ്റര്‍ പ്ലാന്‍ വെറും സ്വപ്‌നങ്ങള്‍ മാത്രമാണ്. അക്കാദമികവും ഭൗതികവുമായ ആശയങ്ങള്‍ തയ്യാറാക്കുകയും നടപ്പില്‍ വരുത്താനാവശ്യമായ മാര്‍ഗങ്ങളും കൂട്ടത്തില്‍ നിര്‍ദ്ദേശിക്കണം. ഓരോ വിദ്യാലയങ്ങളും കോടികളുടെ പ്രൊജക്ടുകള്‍ തയ്യാറാക്കി. എം.എല്‍.എ, എം.പി തദ്ദേശ സ്ഥാപനങ്ങള്‍ എന്നിങ്ങനെ ഫണ്ടുകള്‍ വിഭജിച്ചു നല്‍കി. പൊതു ജനങ്ങളില്‍ നിന്ന് വെറെ സമാഹരണവും. പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. കാര്യത്തിന്റെ ഗൗരവം തിരിച്ചറിയാത്ത കുറച്ചെങ്കിലും പേര് ഇതെല്ലാം യാഥാര്‍ത്ഥ്യമാവുമെന്ന് വിശ്വസിക്കുകയും ചെയ്തു. പദ്ധതിയുടെ ഓരോ പകര്‍പ്പുകള്‍ ബി.ആര്‍.സി, എ.ഇ.ഒ കളില്‍ നല്‍കുകയും ചെയ്യും. എം.പിമാരില്‍ നിന്നും എം.എല്‍.എമാരില്‍ നിന്നും പ്രതീക്ഷിക്കുന്ന വിഹിതങ്ങള്‍ അവരുടെ ശ്രദ്ധയില്‍ ആരു കൊണ്ടുവരുമെന്ന കാര്യത്തില്‍ നിശ്ചയമില്ല. മാസ്റ്റര്‍ പ്ലാനിലെ അക്കാദമിക ആശയങ്ങളും. ഇതെല്ലാം നടപ്പില്‍ വരുത്താന്‍ അധ്യാപകര്‍ തയ്യാറായാല്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ നിന്നും ഇതിന് മുകളില്‍ മറ്റൊന്നും വരികയില്ലെന്ന് എന്താണ് ഉറപ്പ്?
പൊതു വിദ്യാലയങ്ങളിലെ അതി പ്രധാനമായ ഒരു ഭാഗമാണ് എയ്ഡഡ് വിദ്യാലയങ്ങള്‍. സര്‍ക്കാര്‍ തലത്തില്‍ നിന്നും യാതൊരു ഫണ്ടും ലഭ്യമാക്കാത്ത ഈ സ്ഥാപനങ്ങള്‍ എങ്ങിനെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ നടപ്പില്‍ വരുത്തുമെന്നതിന് ഉത്തരം പറയേണ്ടതുണ്ട്. കഴിഞ്ഞ ഗവണ്‍മെന്റ് കുറച്ച് മേഖലയിലെങ്കിലും എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് ഫണ്ടനുവദിച്ചതിനപ്പുറം മറ്റൊന്നും പുതിയ ഗവണ്‍മെന്റില്‍ നിന്നുണ്ടായിട്ടില്ല. സ്വതന്ത്രമായ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍ക്ക് അവസരം നല്‍കലാണ് പൊതു വിദ്യാലയത്തിന്റെ സംരക്ഷണത്തിനുള്ള മാര്‍ഗം. നടപ്പിലാക്കുന്ന ഓരോ പദ്ധതിയുടെയും സത്യസന്ധമായ വിലയിരുത്തുകള്‍ നല്‍കാന്‍ അധ്യാപകരോട് ആവശ്യപ്പെടണം. അങ്ങനെ അവസരം നല്‍കിയാല്‍ പൊതു വിദ്യാഭ്യാസ രംഗത്തെ ശരിയായ പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹാരം കാണാനും അതുവഴി പൊതു വിദ്യാഭ്യാസത്തിലേക്ക് സമൂഹത്തെ ഒന്നിച്ചെത്തിക്കാനും സാധിക്കും. നിലവില്‍ മുകളിലുള്ളവരെ തൃപ്തിപ്പെടുത്താനുള്ള റിപ്പോര്‍ട്ടുകളാണ് നല്‍കുന്നത്.
എല്‍.പി തലത്തില്‍ ക്ലാസ് കൈകാര്യം ചെയ്യേണ്ട പ്രധാനാധ്യാപകര്‍ക്ക് മുഴു സമയം ക്ലാസിലെത്താന്‍ സാധിക്കുന്നില്ല. ബദല്‍ സംവിധാനമെന്ന നിലയില്‍ സ്വന്തം ചെലവില്‍ മറ്റൊരാളെ നിയമിച്ചപ്പോള്‍ അതും പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നു. ഉച്ചക്കഞ്ഞി, പാല്‍, മുട്ട തുടങ്ങിയ കാര്യങ്ങള്‍ക്കും സമയം മാറ്റിവെക്കേണ്ടത് അധ്യാപകര്‍ തന്നെ. മുന്‍കാലങ്ങളിലുണ്ടായ പി.ടി.സി. എം നിയമനം ഇപ്പോള്‍ നടക്കുന്നില്ല.
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് സ്വകാര്യ സ്ഥാപനങ്ങളോടുള്ള ഭീഷണിയും പൊതു ജനങ്ങള്‍ക്കുള്ള ഇത്തരം കപടതകളുമല്ല പരിഹാരം. സുരക്ഷിതമായ പഠന സ്വാതന്ത്ര്യം അനുവദിക്കുകയും അമിത ജോലി ഭാരം ഇല്ലാതാക്കുകയുമാണ് വേണ്ടത്. രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി അണ്‍ എയ്ഡഡ് മേഖലയില്‍ നിന്ന് ജനങ്ങളെ പിന്‍മാറ്റത്തിന് കാരണമാക്കിയിട്ടുണ്ട്. നിര്‍ബന്ധിതമായി പൊതുവിദ്യാലയങ്ങളില്‍ അവര്‍ എത്തിച്ചേരുന്നത് പൊതു വിദ്യാഭ്യാസത്തിന്റെ മികവാണെന്ന ചിന്ത തെറ്റാണെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം.

chandrika: