X

എതിരാളികള്‍ ഇല്ലാത്ത ജനാധിപത്യം

epa06147151 Russian President Vladimir Putin attends a meeting on the development of transport infrastructure of Northeastern Russia in the town of Pionersky in the Sambia peninsula on the southeastern shore of the Baltic Sea in Kaliningrad region, Russia, 16 August 2017. EPA/ALEXEI DRUZHININ / SPUTNIK / KREMLIN POOL MANDATORY CREDIT

 

റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍ പുട്ടിനും ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്തഹ് അല്‍സീസിക്കും എതിരാളികളെ ഇഷ്ടമല്ല, പ്രത്യേകിച്ചും തെരഞ്ഞെടുപ്പുകളില്‍. രണ്ട് രാജ്യത്തും മാര്‍ച്ചിലാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്. കള്ളക്കേസ് ചുമത്തിയും ജയിലില്‍ അടച്ചും ഭീഷണിപ്പെടുത്തിയും സ്ഥാപനങ്ങള്‍ തകര്‍ത്തും എതിരാളികളെ ഓടിക്കുകയാണ് ഈ ഏകാധിപതികള്‍. ഇരുവര്‍ക്കും സമാന തന്ത്രങ്ങളാണ്. എതിരാളികള്‍ ഇല്ലാത്ത ‘ജനാധിപത്യം’- അതാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്ന അടിച്ചമര്‍ത്തല്‍ നടപടി രാഷ്ട്രാന്തരീയ സമൂഹത്തിന്റെ പരിഹാസ്യത്തിന് കാരണമാവുന്നുണ്ടെങ്കിലും അവയൊക്കെ അവജ്ഞയോടെ അവഗണിക്കുന്നു. സൈനിക ഭരണാധികാരിയായ ഫത്തഹ് അല്‍സീസി എതിരാളികളെ വിരട്ടിയോടിക്കുകയാണ്. പല പ്രമുഖരും നാടുവിട്ടു. ഹുസ്‌നി മുബാറക്കിന് ശേഷം ഈജിപ്ത് പ്രസിഡണ്ട് ആകുമെന്ന് വരെ പ്രതീക്ഷിച്ച മുഹമ്മദ് മുസ്തഫ അല്‍ ബറാദി വിദേശത്ത് അഭയം പ്രാപിച്ച് നാല് വര്‍ഷം പിന്നിടുന്നു. ലോക പ്രശസ്ത നയതന്ത്രജ്ഞനും യു.എന്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി തലവനുമായിരുന്ന അല്‍ ബറാദി യു.എന്‍ ഏജന്‍സിയില്‍ നിന്ന് വിരമിച്ച് നാട്ടില്‍ രാഷ്ട്രീയ രംഗത്ത് വരികയും ‘കോണ്‍സ്റ്റിറ്റിയൂഷന്‍ പാര്‍ട്ടി’ എന്ന രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തതാണ്. മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് നടന്ന ജനാധിപത്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. മുഹമ്മദ് മുര്‍സി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം സൈനിക അട്ടിമറിയില്‍ പുറത്തായപ്പോള്‍ സൈനിക നേതൃത്വം രൂപീകരിച്ച ഇടക്കാല ഭരണകൂടത്തില്‍ ആദിലി മന്‍സൂര്‍ പ്രസിഡണ്ടും ബറാദി വൈസ് പ്രസിഡണ്ടുമായി. 2013 ജൂലൈ 13 ന് സ്ഥാനമേറ്റ അല്‍ ബറാദി തനിക്കെതിരെ സൈനിക നേതൃത്വം നീങ്ങുന്നുവെന്ന് മണത്തറിഞ്ഞ് ഒരു മാസം തികയും മുമ്പേ രഹസ്യമായി രാജ്യം വിട്ടു. ഈജിപ്തിലെ ‘ജനാധിപത്യം’ ലോകത്തെ ബോധ്യപ്പെടുത്താന്‍ സീസി സ്വന്തക്കാരനെ അവസാന നിമിഷം ‘എതിര്‍’ സ്ഥാനാര്‍ത്ഥിയാക്കുമെന്ന പ്രചാരണം ശരിവെച്ച് സീസിയെ അനുകൂലിക്കുന്ന അല്‍ഗാദ് പാര്‍ട്ടിയിലെ മൂസ മുസ്തഫ കഴിഞ്ഞ ദിവസം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നാല് വര്‍ഷം മുമ്പ്, 96.9 ശതമാനം വോട്ട് ‘നേടി’യാണ് സീസി വിജയിച്ചത്. ഇത്തവണ 100 ശതമാനത്തില്‍ എത്തിയാലും അത്ഭുതമില്ല. പ്രതിപക്ഷത്തെ സിവില്‍ ഡമോക്രാറ്റിക് മൂവ് ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ബാലറ്റില്‍ രണ്ട് പേരുണ്ടാകുമെങ്കിലും ഒരൊറ്റ സ്ഥാനാര്‍ത്ഥിയാണ് മത്സര രംഗത്തുണ്ടാകുകയെന്നാണ് പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖനായ കൈറോ സര്‍വകലാശാല പ്രൊഫ. ഹസന നഫ പരിഹസിച്ചത്. 150 രാഷ്ട്രീയ നേതാക്കളും മറ്റ് പ്രമുഖരും ബഹിഷ്‌കരണാഹ്വാനവുമായി രംഗത്തിറങ്ങിയത് സീസിയെ അസ്വസ്ഥനാക്കുന്നു. മുന്‍ സൈനിക മേധാവി സാമി അനാന് എതിരെ സൈന്യം കള്ളക്കേസ് ചുമത്തി ജയിലില്‍ അടച്ചത് ജനാധിപത്യവാദികളെ ഞെട്ടിച്ചു. സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ച അബ്ദുല്‍ മുയിം ഫത്താഹ്, മുന്‍ പ്രധാനമന്ത്രി അഹമ്മദ് ശഫീഖ് സാകി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖാലിദ് അലി, ആര്‍മി കേണല്‍ അഹമ്മദ് കോന്‍സെവോ തുടങ്ങിയവര്‍ കള്ളക്കേസും ഭീഷണിയും ഉണ്ടായതിനാല്‍ മത്സര രംഗത്ത് വന്നില്ല. മുന്‍കാലങ്ങളില്‍ ഹുസ്‌നി മുബാറക് സ്വീകരിച്ച കുതന്ത്രം തന്നെയാണ് സീസിയും പിന്തുടരുന്നത്. എതിരാളികള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും എതിരെ ഭരണകൂടവും ശിങ്കിടികളും വ്യാപകമായ അക്രമം അഴിച്ചുവിടുന്നുണ്ട്.
അറബ് ലോകത്ത് പാശ്ചാത്യ ശക്തികളുടെയും ഇസ്രാഈലിന്റെയും ഇഷ്ട പുത്രനാണ് സൈനിക മേധാവിയായിരുന്ന ഫത്തഹ് അല്‍സീസി. അമേരിക്കയുടെ സാമ്പത്തിക സഹായത്തില്‍ കഴിയുന്ന ഈജിപ്ത് സേനയില്‍ നിന്ന് ഇതിലേറെയും പ്രതീക്ഷിക്കണം. മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയ ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയാണ്, ഒരു വര്‍ഷത്തെ ഭരണത്തിനിടെ ഫത്തഹ് അല്‍സീസിയെ സൈനിക മേധാവിയായി നയമിച്ചത്. അല്‍സീസി തന്നെ മുര്‍സിയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കി. ഈജിപ്തിലെ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ഭരണത്തിന്റെ തുടക്കത്തില്‍ മുര്‍സി ഭരണകൂടം കൈകോര്‍ക്കാതിരുന്നത് സൈനിക നേതൃത്വത്തിന് സൗകര്യമായി. ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തേണ്ട രാഷ്ട്രീയ നേതൃത്വം മുര്‍സിക്ക് എതിരെ സൈനിക അട്ടിമറിക്ക് അവസരം നല്‍കിയതിന്റെ ദുരന്തമാണ് അനുഭവിക്കുന്നത്.
അമേരിക്കക്കും ഇസ്രാഈലിനും പാശ്ചാത്യ ശക്തികള്‍ക്കും ഓശാന പാടിയ മുബാറക്കിന്റെ പുത്തന്‍ പതിപ്പാണ് അല്‍സീസിയും. അറബ് ലോകത്ത് ഭിന്നത രൂക്ഷമാക്കാന്‍ സീസി ഭരണകൂടം തന്ത്രപരമായി ഇടപെടുന്നു എന്ന വാര്‍ത്ത തുര്‍ക്കി ടി.വി. ‘മെകാമിലീന്‍’ ഓഡിയോ ടേപ്പ് സഹിതം സംപ്രേക്ഷണം ചെയ്തത് കഴിഞ്ഞ മാസമാണ്. ജി.സി.സി പ്രതിസന്ധി രൂക്ഷമാക്കി ഖത്തറിനെയും കുവൈത്തിനെയും തമ്മിലകറ്റാന്‍ ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്‌റഫ് അല്‍ കോഹ്‌ലി നിര്‍ദ്ദേശം നല്‍കുന്നതാണ് ഓഡിയോ ടേപ്പ് വ്യക്തമാക്കുന്നു. അല്‍സീസി ഭരണകൂടത്തിന്റെ കുതന്ത്രം അറബ് ലോകത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഗസ്സയിലെ ഫലസ്തീന്‍കാരെ ഇസ്രാഈലി ഉപരോധത്തില്‍ രക്ഷിക്കാന്‍ ഈജിപ്തിന് കഴിയുമെങ്കിലും സീസി ഇസ്രാഈലി പക്ഷത്താണ്. ഈജിപ്തില്‍ മാധ്യമ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ വാര്‍ത്ത പുറംലോകം അറിയുന്നില്ല. ‘അല്‍ ജസീറ’ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഹുസയിന്‍ ഉള്‍പ്പെടെ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുന്നുണ്ട്.
ഃ ഃ ഃ ഃ
റഷ്യന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള വഌഡ്മിര്‍ പുട്ടിന്റെ തയാറെടുപ്പ് എതിരാളികളെ അടിച്ചമര്‍ത്തുന്നതാണ്. പ്രതിപക്ഷത്ത് വന്‍ ജനപിന്തുണയുള്ള അലക്‌സി നവാല്‍നി (41) യെ മത്സരിക്കുന്നതില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യനാക്കിയതോടെ പുട്ടിന്റെ വഴി എളുപ്പമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പവേല്‍ ഗ്‌റുഡിമിന്‍, ലിബറല്‍ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ വഌഡ്മിര്‍ ഷീറിനോവ്‌സ്‌കി എന്നിവരൊക്കെ രംഗത്തുണ്ടെങ്കിലും പുട്ടിന് വലിയ എതിരാളികളില്ല. ദാഗെസ്താന്‍ തലസ്ഥാനമായ മഖച്കലയില്‍ നിന്ന് അയ്‌ന ഗംസതൂവ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. മാധ്യമ ശൃംഖലയുടെ മേധാവിയായ അയ്‌ന സംഘര്‍ഷം നിറഞ്ഞ കോക്കസ്സസ് മേഖലയില്‍ നിന്നുള്ള മുസ്‌ലിം വിധവയാണ്. എന്നാല്‍ ഇവര്‍ക്കൊന്നും പുട്ടിന്റെ അടുത്തെത്താന്‍ കഴിയില്ല.
നാലാം തവണയാണ് പുട്ടിന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഭരണഘടന ഭേദഗതി ചെയ്തതോടെ തുടര്‍ച്ചയായി രണ്ട് തവണയിലേറെ പദവിയിലിരിക്കാന്‍ അനുവദിക്കാതിരുന്ന നിയമം ഒഴിവായി. നിയമ ഭേദഗതിക്ക് മുമ്പ് പ്രധാനമന്ത്രിയായി പുട്ടിന്‍ അധികാരം കൈയിലെടുത്തിരുന്നു. മാര്‍ച്ച് 18ന് ആണ് ആദ്യ റൗണ്ട് പോളിങ്. അമ്പത് ശതമാനത്തിലേറെ വോട്ട് ലഭിക്കുകയാണെങ്കില്‍ വിജയിക്കാം. അല്ലാത്തപക്ഷം ഏപ്രില്‍ 8 ന് രണ്ടാം റൗണ്ട് നടക്കും. പ്രധാന ഭീഷണിയായിരുന്ന അലക്‌സിയെ കള്ളക്കേസില്‍ കുടുക്കി പുറത്താക്കാന്‍ കഴിഞ്ഞതോടെ പുട്ടിന്റെ വിജയം എളുപ്പമാകും. റഷ്യന്‍ ജനസംഖ്യയില്‍ (140 മില്യന്‍) 20 മില്യന്‍ വരുന്ന മുസ്‌ലിംകള്‍ക്കിടയില്‍ എന്തെങ്കിലും ചലനം സൃഷ്ടിക്കാന്‍ അയ്‌നയ്ക്ക് സാധ്യമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് റഷ്യന്‍ സമൂഹത്തില്‍ ഇനിയും സ്വാധീനം വീണ്ടെടുക്കാന്‍ കഴിയുന്നുമില്ല. അതേസമയം, പുട്ടിന് നിരവധി അനുകൂല ഘടകങ്ങളുണ്ട്. സിറിയയിലെ ഇടപെടല്‍, ക്രീമിയ കയ്യടക്കല്‍, ചെചന്‍ പോരാളികളെ അടിച്ചമര്‍ത്തല്‍ തുടങ്ങിയവയെല്ലാം റഷ്യന്‍ സമൂഹത്തില്‍ പുട്ടിന്റെ സ്വാധീനം ഉറപ്പിക്കുന്നു. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായ ഇടപെടല്‍ വിവാദമായി തുടരുന്നു. അമേരിക്കയില്‍ അന്വേഷണ കമ്മീഷന്‍ സജീവമാണ്. അമേരിക്കയോടും പാശ്ചാത്യ ശക്തികളോടും റഷ്യ ഏറ്റുമുട്ടുന്ന സ്ഥിതിയും പുട്ടിന്റെ സ്വാധീനം വര്‍ധിപ്പിച്ചു. എതിരാളികളെ തകര്‍ത്ത് വിജയം ഉറപ്പിക്കാനുള്ള മുന്‍ കെ.ജി.ബി (സോവിയറ്റ് രഹസ്യാന്വേഷണ ഏജന്‍സി) തലവനുള്ള സാമര്‍ത്ഥ്യം എതിരാളികള്‍ സമ്മതിച്ചേ പറ്റൂ.
റഷ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ മാര്‍ച്ച് മാസം നടക്കാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ എതിരാളികളുടെ സാന്നിധ്യം നാമമാത്രമായിരിക്കും. അതാണ് ആ രാജ്യങ്ങളിലെ ‘ജനാ’ധിപത്യം.

chandrika: