വിശുദ്ധ റമളാന്‍ മാസത്തെ അല്ലാഹു പരിചയപ്പെടുത്തുന്നതുതന്നെ പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം എന്നാണ്.(അല്‍ ബഖറ: 185) ജനങ്ങള്‍ക്ക് സന്‍മാര്‍ഗ ദായകമായും വിശദീകരണമായും സത്യാസത്യ വിവേചകമായും എന്നീ വിശേഷണങ്ങള്‍ കൂടി ചാര്‍ത്തി തുടര്‍ന്ന് അല്ലാഹു തുടര്‍ന്ന് പറയുന്നത് ‘അതിനാല്‍ ആരെല്ലാം ഈ മാസത്തിനു ജീവസാക്ഷികളാണോ അവരെല്ലാം വ്രതമനുഷ്ടിക്കട്ടെ’ എന്നാണ്. ഇങ്ങനെ പറയുമ്പോള്‍ ഈ സൂക്തത്തിന്റെ ധ്വനി, മനുഷ്യരെ, നിങ്ങള്‍ക്കു സന്‍മാര്‍ഗം കാണിക്കുവാന്‍ വേണ്ടി ഖുര്‍ആന്‍ എന്ന ഗ്രന്ഥം തന്ന മാസമാണ് റമള്വാന്‍, അതിനാല്‍ ഈ മാസത്തില്‍ നിങ്ങള്‍ അതിനുള്ള നന്ദിയും ബഹുമാനവുമെന്നോണം വ്രതമനുഷ്ടിക്കുക എന്നായിത്തീരുന്നു. റമള്വാന്‍ തന്നെ അനുഗ്രഹങ്ങളുടെ കേദാരമാണ്. കാരണം അത് കൃത്യമായ ഇടവേളകളില്‍ വന്ന് മനുഷ്യനെ മാനസികമായും ശാരീരികമായും സ്ഫുടം ചെയ്‌തെടുക്കുന്നു. താളഭംഗം വന്ന അവന്റെ സ്വഭാവത്തെയും ശീലങ്ങളെയും ശരിയായ താളങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. നിര്‍ബന്ധപൂര്‍വ്വകമായ ഇത്തരമൊരു ബലപ്രയോഗമില്ലായിരുന്നുവെങ്കില്‍ മനുഷ്യജീവിതം തേയ്മാനങ്ങള്‍ വന്നു നാശോന്‍മുഖമാകുമായിരുന്നു. അതില്‍ നിന്നു കാക്കുന്നതോടൊപ്പം ജീവിതയാത്രക്കുവേണ്ട പാഥേയം ഒരുക്കിത്തരികയും ചെയ്യുന്ന റമള്വാനെന്ന അനുഗ്രഹത്തിന് ഖുര്‍ആന്റെ അവതരണം എന്ന മറെറാരു അനുഗ്രഹമാണ് കാരണമെന്ന് ഉദ്ധൃത ആയത്തില്‍ നിന്നും നാം മനസ്സിലാക്കുമ്പോള്‍ നമ്മുടെ മനസ്സ് തിരിയുക, ഖുര്‍ആന്‍ എന്ന അനുഗ്രഹങ്ങളുടെ അനുഗ്രഹത്തിലേക്കാണ്.
അവതരണ പശ്ചാതലത്തിലൂടെ ഖുര്‍ആനിന്റെ പ്രത്യേകതയിലേക്ക് നമ്മുടെ ശ്രദ്ധയെ കൂട്ടിക്കൊണ്ടുപോകുന്ന വേറെയും കാര്യങ്ങളുണ്ട്. അവയിലൊന്നാണ് ഖുര്‍ആന്‍ അവതരണം തുടങ്ങിയ ആ രാത്രിയുടെ മഹത്വം വിളംബരം ചെയ്യുന്ന സൂറത്തുല്‍ ഖദ്‌റിലെ സൂക്തങ്ങള്‍. അല്ലാഹുവിന്റെ പ്രത്യേക ലിഖിതമായി ലൗഹുല്‍ മഹ്ഫൂദിലുണ്ടായിരുന്ന ഖുര്‍ആന്‍ അവിടെ നിന്നും ബൈത്തുല്‍ ഇസ്സ എന്ന തലത്തിലേക്ക് ഒന്നിച്ച് ഇറക്കപ്പെടുകയായിരുന്നു ആദ്യം. അവിടെ നിന്നും പിന്നെ ആവശ്യാനുസരണം ഭൂമിയിലേക്ക് അവതരിക്കുകയായിരുന്നു. ഇതില്‍ ബൈത്തുല്‍ ഇസ്സയിലേക്ക് ഒന്നിച്ചുള്ള ഇറക്കമോ ആകാശത്തുനിന്ന് ഭൂമിയിലേക്കുള്ള ആദ്യ ഇറക്കമോ ആണ് സൂറത്തുല്‍ ഖദ്‌റിന്റെ പശ്ചാതലം എന്ന് വ്യഖ്യാതാക്കള്‍ വിവരിക്കുന്നുണ്ട്. ഏതായാലും ഖുര്‍ആനിന്റെ അവതരണത്തിനു സാക്ഷ്യം വഹിച്ചതിന്റെ പേരില്‍ ആ രാവിന് അല്ലാഹു മൂന്ന് സവിശേഷതകള്‍ നല്‍കിയതായി പ്രസ്തുത സൂറത്ത് പറയുന്നു. ആ രാവ് ആയിരം മാസങ്ങളേക്കാള്‍ മഹത്തരമായിരിക്കും എന്നതാണ് ഒന്നാമത്തേത്. വിശുദ്ധാത്മാവായ ജിബ്‌രീല്‍(അ) അടക്കമുള്ള മാലഖമാര്‍ അല്ലാഹുവിന്റെ അനുമതിയോടെ അവന്റെ അനുഗ്രഹങ്ങളുമായി ഈ രാത്രിയില്‍ ഭൂമിയിലേക്ക് ഇറങ്ങിവരും എന്നതാണ് രണ്ടാമത്തേത്. മനുഷ്യര്‍ക്കും മററു ജീവജാലങ്ങള്‍ക്കുമെല്ലാം പ്രത്യേക ശാന്തിയും സമാധാനവും അന്ന് പുലരും വരേക്കും വര്‍ഷിച്ചുകൊണ്ടിരിക്കും എന്നതാണ് മൂന്നാമത്തേത്. ലൈലത്തുല്‍ ഖദ്ര്‍ റമളാനിലാണ് എന്ന് സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. അപ്പോള്‍ ഖുര്‍ആന്‍ അവതരണത്തിനു സാക്ഷ്യം വഹിച്ചു എന്നതിന്റെ പേരില്‍ ഈ സവിശേഷതകള്‍ ആ രാത്രിക്ക് കല്‍പ്പിച്ചുകൊടുക്കുന്നതില്‍ നിന്നും നമുക്ക് വായിക്കുവാനും കാണുവാനും കഴിയുന്നതും ഖുര്‍ആന്‍ എന്ന അനുഗ്രഹത്തിന്റെ പ്രാധാന്യം തന്നെ.
ഈ പ്രപഞ്ചത്തിലെ മനുഷ്യാധിവാസത്തിനു പിന്നില്‍ അവരെ പരീക്ഷിക്കുക എന്ന ലക്ഷ്യമാണുള്ളത് എന്ന് ഇസ്‌ലാം സമര്‍ഥിക്കുന്നു. ദൈവേഛക്ക് കീഴ്‌പെടുന്നുണ്ടോ എന്നാണ് പരീക്ഷ. ഒരു പരീക്ഷയും പരീക്ഷണവും നടക്കണമെങ്കില്‍ ആദ്യം ഒരു അധ്യയനം നടക്കേണ്ടതുണ്ട്. അധ്യയനം നടക്കാതെ പരീക്ഷ നടത്തുന്നത് നിശ്ചിത പാഠഭാഗത്തില്‍ നിന്നല്ലാതെ ചോദ്യം ചോദിക്കുന്നതു പോലെത്തന്നെ അക്രമമാണ്. അതുണ്ടാവാതിരിക്കുവാന്‍ അല്ലാഹു അധ്യയന ബോധനം നല്‍കുന്നു. സഹജാവ ബോധം, പ്രവാചകന്‍മാര്‍, ഗ്രന്ഥങ്ങള്‍ എന്നിവയാണവ. ഇവയില്‍ ഏററവും പ്രധാനം പ്രവാചകന്‍മാര്‍ക്കും ഗ്രന്ഥങ്ങള്‍ക്കുമാണ്. പ്രവാചകന്‍മാര്‍ നേരിട്ടുവന്നു എല്ലാം കാണിച്ചുതരുന്നു. ഗ്രന്ഥങ്ങളാവട്ടെ അവയുടെ ലിഖിത അസ്തിത്വം കൊണ്ട് കാലങ്ങളെ പോലും മറികടക്കുന്നു. ഒന്നുകൂടെ സൂക്ഷ്മമായി പറഞ്ഞാല്‍ ഗ്രന്ഥങ്ങള്‍ വഴിയുള്ള അധ്യയനം കൂടുതല്‍ വലിയ അനുഗ്രഹമാണ്. അല്ലാഹുവിന്റെ ഗ്രന്ഥങ്ങള്‍ എന്ന ആ അനുഗ്രഹത്തിന്റെ അവസാന വാക്കാണ് പരിശുദ്ധ ഖുര്‍ആന്‍.
ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ് എന്നതും അമാനുഷികമായ ഒരല്‍ഭുതമാണ് എന്നതും ഒരുപാട് തെളിവുകള്‍ വഴി സമര്‍ഥിക്കപ്പെട്ടിട്ടുള്ളതാണ്. അല്ലെന്നു തെളിയിക്കുവാന്‍ ഖുര്‍ആന്‍ നടത്തിയ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു എന്നതു തന്നെയാണ് അതിന്റെ ഏററവും വലിയ തെളിവ്. മക്കയിലും മദീനയിലും ഒന്നിലധികം തവണ ആവര്‍ത്തിക്കപ്പെട്ട ആ വെല്ലുവിളിയുടെ വാതിലുകള്‍ ഇപ്പോഴും തുറന്നുകിടക്കുകയാണ്. ഇസ്‌ലാമിനോടും അതിന്റെ ചാലകശക്തിയായ ഖുര്‍ആനിനോടും കടുത്ത എതിര്‍പ്പുകള്‍ വെച്ചുപുലര്‍ത്തുന്ന പാശ്ചാത്യരും പൗരസ്ത്യരുമൊന്നും അതിനു ഇന്നും തയ്യാറാകുന്നില്ല എന്നത് എമ്പാടും മതി ഈ അമാനുഷികത സ്ഥാപിക്കുവാന്‍.
അതിലെ അക്ഷരങ്ങളുടെ വിന്യാസം മുതല്‍ ആശയങ്ങളുടെ സമര്‍ഥനം വരെയുള്ളവ അതിനു തെളിവാണ്. പ്രപഞ്ചോല്‍പത്തിയുടെ രഹസ്യമെന്നു കരുതുന്ന ബിഗ് ബാംഗ് തിയറി ഖുര്‍ആന്‍ സൂചിക്കുമ്പോഴും (21:30) സമുദ്രജലത്തിലെ വിവിധ അടുക്കുകളെ വിശദീകരിക്കുമ്പോഴും (55:19) ഖുര്‍ആനിലെ ശാസ്ത്ര പാഠങ്ങള്‍ മറനീക്കുകയാണ്. മതവും മനവും ഒത്തപെണ്ണിനെ മാത്രം ‘സൗജ്’ എന്നു വിളിച്ച് ഇണയായിക്കാണുകയും അല്ലാത്തവരെ വെറും പെണ്ണ് മാത്രമായി പരിഗണിക്കുകയും ചെയ്യുമ്പോള്‍ (ഉദാ.21:90) ഖുര്‍ആനിലെ തത്വചിന്ത തലയുയര്‍ത്തുകയാണ്. പ്രപഞ്ചം ആടിയുലയാതിരിക്കുവാനുള്ള ആണികളാണ് പര്‍വ്വതങ്ങള്‍ (16:16) എന്നു പറയുമ്പോഴും 24ാം അധ്യായം 43ാം വചനത്തില്‍ മഴയുടെ ഘട്ടങ്ങള്‍ വിവരിക്കുമ്പോഴും ഒരു ഭ്രൂണത്തിന്റെ വളര്‍ച്ച കൗതുകകരമായി അവതരിപ്പിക്കുമ്പോഴും (23: 12-14) ലോകം ഇന്ന് ഏറെ പ്രബലമായി കാണുന്ന വിരലടയാളത്തിന്റെ മാസ്മരികതയിലേക്ക് (75:4) നമ്മെ കൂട്ടിക്കൊണ്ടുപോകുമ്പോഴും ഖുര്‍ആന്‍ നമ്മെ അതിന്റെ ശാസ്ത്രീയതയിലൂടെ അമ്പരപ്പിക്കുകയാണ്. അല്‍ഭുതകരമായ തേനീച്ചകളുടെ ജീവിത ശൈലികളും (16: 68-96) ആകാശത്തു വട്ടമിട്ട് പറന്ന് നമ്മെ ചിന്തിപ്പിക്കുന്ന പക്ഷിലോകത്തെ കുറിച്ചുള്ള വിവരണങ്ങളും (16:79) മരംകൊത്തി മുതല്‍ ചിലന്തി വരേയുള്ള ജീവികളെ കുറിച്ചും പരമാര്‍ശങ്ങളും ഖുര്‍ആനില്‍ കാണുമ്പോള്‍ നാം ജീവശാസ്ത്രത്തിന്റെ ഇടവഴികളിലേക്കു കടക്കുകയായി. അതുമാത്രമല്ല മനുഷ്യ ശ്രദ്ധയെ അല്‍ഭുതപ്പെടുത്തുവാന്‍ പലതും ഇതിനകം ഖുര്‍ആന്‍ പണ്‍ഡിതര്‍ കണ്ടെത്തിയിട്ടുണ്ട്. ദിവസം എന്ന അര്‍ഥമുള്ള വാക്ക് കൃത്യം 365 പ്രാവശ്യം ഖുര്‍ആനില്‍ വന്നു എന്നതും മാസം എന്ന അര്‍ഥമുള്ള വാക്ക് കൃത്യം പന്ത്രണ്ടു പ്രാവശ്യം മാത്രം വന്നു എന്നതും മുതല്‍ നിസ്‌കാരം എന്ന വാക്ക് കൃത്യം അഞ്ചു പ്രാവശ്യം മാത്രം പറയപ്പെട്ടതു വരെ പല ഗണിതാല്‍ഭുതങ്ങളും ഖുര്‍ആനിലുണ്ട്. ഖുര്‍ആനില്‍ പറയപ്പെട്ട 19 എന്ന സംഖ്യ കൊണ്ട് ഖുര്‍ആനിലെ കണക്കുകളെ മുഴുവന്‍ കൊളുത്തിയും കുടുക്കിയും ഇട്ടിരിക്കുന്ന കാഴ്ച്ച ‘ദ പെര്‍പെച്ച്വല്‍ മിറാക്കിള്‍ ഓഫ് മുഹമ്മദ്’ എന്ന ഗ്രന്ഥത്തില്‍ വായിക്കുമ്പോള്‍ നാം അല്‍ഭുതത്താല്‍ സ്തബ്ദരായിപ്പോകും. ഖുര്‍ആനിന്റെ മൗലിക പ്രമേയങ്ങളായ ധര്‍മ്മ ആദര്‍ശം, ചരിത്രം, വിധിവിലക്കുകള്‍, മുന്നറിയിപ്പുകള്‍, ഖുര്‍ആന്‍ നടത്തിയ പ്രവചനങ്ങള്‍ എന്നിവയൊക്കെ ഈ അല്‍ഭുതങ്ങളോട് ചേര്‍ത്തുവായിക്കുമ്പോള്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ് എന്ന് നാം സമ്മതിച്ചുപോകും.
പരിശുദ്ധ ഖുര്‍ആനിന്റെ അവതരണത്തിനു സാക്ഷിയായ റമദാന്‍ ഖുര്‍ആനുമായി കൂടുതല്‍ അടുക്കേണ്ട കാലമാണ്. ഖുര്‍ആന്‍ പാരായണം ചെയ്തും ഗ്രഹിച്ചും ആണ് ആ അടുപ്പം സ്ഥാപിച്ചെടുക്കേണ്ടത്. തഖ്‌വായുടെ വിശാല തലങ്ങളിലേക്ക് റമള്വാനിലൂടെ സത്യവിശ്വാസി നടന്നുപോകുമ്പോള്‍ ഖുര്‍ആന്‍ പാരായണം ആനന്ദദായകമായ ഒരു പരിമളം കൊണ്ട് അകമ്പടിയേകും. കാരണം ഖുര്‍ആന്‍ പാരായണം സത്യവിശ്വാസിയുടെ ലക്ഷണമാണ്. നബി(സ) പറഞ്ഞു, ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സത്യവിശ്വാസിയുടെ ഉദാഹരണം അകത്ത് മധുരവും പുറത്ത് മാധുര്യ മണവുമുള്ള ഓറഞ്ച് പോലെയും ഖുര്‍ആന്‍ പാരായണം ചെയ്യാത്തവരുടേത് പുറത്ത് മണമൊന്നും ഇല്ലാത്ത കാരക്ക പോലെയുമാണ്. ഉള്ളില്‍ വിശ്വാസത്തിന്റെ ഗുണമില്ല എങ്കിലും ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ശീലമുണ്ടെങ്കില്‍ അത്തരക്കാരെ കയ്പ്പാണെങ്കിലും പൂമണം പ്രവഹിക്കുന്ന തുളസിയിലയോടും അകത്ത് വിശ്വാസവും പുറത്ത് പാരായണവും രണ്ടും ഇല്ലാത്തവരെ ആട്ടങ്ങയോടും കൂടി നബി(സ) ഉപമിച്ചത് ചേര്‍ത്തുവായിക്കുമ്പോള്‍ ഈ ആശയം വ്യക്തമാകും.