X

ബാഫഖി തങ്ങള്‍ ബാക്കിവെച്ചത്

 

ഒരു യുഗാന്തര ദീപ്തി പോലെ രാഷ്ട്രീയ കേരളത്തിന്റെ രജത വിഹായസ്സില്‍ വെട്ടിത്തിളങ്ങിയ തേജപുഞ്ജമായിരുന്നു സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. മൂന്നര പതിറ്റാണ്ടോളം കാലം കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ മുടിചൂടാ മന്നനായി അദ്ദേഹം അരങ്ങുവാണു. ആ മാന്ത്രിക വടി ഒന്ന് ചുഴറ്റിയാല്‍ മന്ത്രിസഭകള്‍ മറിഞ്ഞു വീഴുന്നതും ഉദയം കൊള്ളുന്നതും കേരളം കൗതുകപൂര്‍വ്വം നോക്കി നിന്നു.
ആരെയും അത്ഭുതപ്പെടുത്തുന്ന ആകാരസൗഷ്ടവവും തങ്കനിറമുള്ള മേനിയഴകും തേനൂറുന്ന സ്വഭാവ നൈര്‍മ്മല്യവും നിഷ്‌കപടമായ പുഞ്ചിരിയും നിഷ്‌കൃഷ്ടമായ സത്യസന്ധതയും ബാഫഖി തങ്ങളെ കേരള രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കി. ആ ചുണ്ടുകളില്‍ നിന്നും ഉതിരുന്ന അക്ഷരമൊഴികള്‍ക്ക് വേണ്ടി ജനാധിപത്യ കേരളം കാതുകൂര്‍പ്പിച്ചു വെച്ചു.
അറേബ്യന്‍ അര്‍ദ്ധ ദ്വീപില്‍ പെട്ട യമനിലെ തരീം പട്ടണത്തില്‍ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സയ്യിദ് അഹമ്മദ് എന്ന പേരില്‍ ഒരു മഹാ പണ്ഡിതന്‍ ജീവിച്ചിരുന്നു. ഇസ്്‌ലാമിക കര്‍മ്മ ശാസ്ത്രമായ ഫിഖ്ഹില്‍ അസാമാന്യ പാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനാല്‍ ആളുകള്‍ അദ്ദേഹത്തെ ‘ഫഖീഹ്’ എന്നു വിളിച്ചു. കാലക്രമേണ അദ്ദേഹത്തിന്റെ പിന്‍ഗാമികളെ ഫഖീഹിന്റെ മക്കള്‍ എന്ന അര്‍ത്ഥത്തില്‍ ‘ബാഫഖീഹ്’ എന്നു വിളിക്കാന്‍ തുടങ്ങി. ഇങ്ങനെയാണ് ബാഫഖി കുടുംബത്തിന്റെ ഉത്ഭവം. അതില്‍പെട്ട ഒരാള്‍ വ്യാപാര ആവശ്യാര്‍ത്ഥം കേരളത്തില്‍ വരികയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ആ പരമ്പരയിലെ ജ്വലിക്കുന്ന കണ്ണിയാണ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍.
1936 ല്‍ മദിരാശി നിയമ സഭയിലേക്ക് കുറുമ്പ്രനാട് മുസ്്‌ലിം മണ്ഡലത്തില്‍ നിന്ന് ബി പോക്കര്‍ സാഹിബും ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങളും തമ്മില്‍ വാശിയേറിയ തെരഞ്ഞെടുപ്പ് മത്സരം നടന്നു. ബാഫഖി തങ്ങള്‍ തന്റെ ബന്ധുവായ ആറ്റക്കോയ തങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ബാഫഖി തങ്ങളുടെ രാഷ്ട്രീയ രംഗത്തേക്കുള്ള അരങ്ങേറ്റം കുറിച്ചത് ആ തിരഞ്ഞെടുപ്പായിരുന്നു. തിരഞ്ഞെടുപ്പില്‍ ആറ്റക്കോയ തങ്ങള്‍ ജയിച്ചു. താമസിയാതെ ബാഫഖി തങ്ങള്‍ മുസ്‌ലിംലീഗിലെത്തി. പിന്നീട് മുസ്്‌ലിംലീഗിന്റെ പര്യായപദമായി ബാഫഖി തങ്ങള്‍ മാറുകയായിരുന്നു.
1952 ലെ പൊതു തെരഞ്ഞെടുപ്പില്‍ മുസ്്‌ലിംലീഗിനെ നയിച്ചത് ബാഫഖി തങ്ങളാണ്. 1957 ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും മുസ്്‌ലിംലീഗും തമ്മില്‍ ഒരു രാഷ്ട്രീയ സഖ്യം രൂപപ്പെടുത്തിയത് ബാഫഖി തങ്ങളുടെ രാജ്യതന്ത്രജ്ഞതക്ക് മികച്ച ഉദാഹരണമാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്്‌ലിംലീഗിനെ ഒരു കൊടിലു കൊണ്ടു പോലും തൊടില്ല എന്ന നിലപാടെടുത്തപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രീയ പാര്‍ട്ടിയായ പി.എസ്.പിയുമായി സുദൃഢമായ ഒരു രാഷ്ട്രീയ ബന്ധം അരക്കിട്ടുറപ്പിക്കാന്‍ കഴിഞ്ഞത് മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയ വിജയമായിരുന്നു. കേരള രാഷ്ട്രീയത്തിന്റെ ശ്രീകോവിലിലേക്ക് മുസ്്‌ലിംലീഗിന് പ്രവേശനം ലഭിച്ചത് ഈ സഖ്യത്തിന്റെ പടിവാതിലിലൂടെയാണ്. പിന്നീട് കോണ്‍ഗ്രസ് കൂടി ഈ സഖ്യത്തില്‍ വന്നുചേര്‍ന്നു. അങ്ങിനെ കോണ്‍ഗ്രസ്-പി.എസ്.പി-ലീഗ് ത്രികക്ഷി സഖ്യം നിലവില്‍ വന്നു. ഈ സഖ്യത്തിന്റെ ബാനറില്‍ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരായി കേരള ജനത നടത്തിയ ഐതിഹാസികമായ വിമോചന സമരത്തിന്റെ മുന്‍നിരയിലും മന്നത്തിനൊപ്പം ബാഫഖി തങ്ങളും അണിനിരന്നു. കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന വിമോചന സമരത്തിന്റെ ഉദ്ഘാടന മഹാ സമ്മേളനത്തില്‍ മന്നത്ത് പത്മനാഭന്‍ പറഞ്ഞത് ‘മാപ്പിള സമുദായത്തിന്റെ മഹാ രാജാവായ ബാഫഖി തങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു’ എന്നാണ്. 1970 ല്‍ സി അച്യുത മേനോന്‍ ഗവണ്‍മെന്റിനെ പ്രതിഷ്ഠിച്ചതിന്റെ പിന്നിലും ബാഫഖി തങ്ങളുടെ കരങ്ങളായിരുന്നു.
1966ല്‍ മുസ്‌ലിംലീഗിന്റെ മദിരാശി പ്രമേയം കോണ്‍ഗ്രസേതര ബദല്‍ ഗവണ്‍മെന്റുകള്‍ക്ക് വോട്ട് ചെയ്യാനാണ് ആഹ്വാനം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന ഏഴ് കക്ഷികളുടെ മുന്നണി രൂപപ്പെട്ടു. ഈ മുന്നണി അധികാരത്തിലെത്തുകയും മുസ്്‌ലിംലീഗിന് രണ്ട് മന്ത്രിമാരുണ്ടാവുകയും ചെയ്തപ്പോള്‍ ബാഫഖി തങ്ങളുടെ ഒരു സ്വപ്‌നം സഫലമാവുകയായിരുന്നു. 1969 ല്‍ സപ്തകക്ഷി മന്ത്രിസഭ സ്വയംകൃതാനാര്‍ത്ഥം നിലംപതിക്കുകയും ഇനിയൊരു ഗവണ്‍മെന്റുണ്ടാവുകയില്ല എന്ന വിശ്വാസത്തോടെ ഇ.എം.എസ് നമ്പൂതിരിപ്പാട് ഇറങ്ങിപ്പോവുകയും ചെയ്തപ്പോഴാണ് മാന്ത്രികന്‍ തന്റെ തൊപ്പിയില്‍ നിന്ന് മുയലിനെ സൃഷ്ടിക്കുന്നതു പോലെ ബാഫഖി തങ്ങള്‍ അച്യുത മേനോനെ അവതരിപ്പിച്ചത്. അതിനെ ഭദ്രമായ ഒരു ഗവണ്‍മെന്റാക്കി മാറ്റിയതിന്റെ ക്രെഡിറ്റും ബാഫഖി തങ്ങള്‍ക്ക് തന്നെ. നമ്പൂതിരിപ്പാട് രാജിവെച്ചതിന് ശേഷം അന്നൊരു നാള്‍ എം.എന്‍ ഗോവിന്ദന്‍ നായരും ടി.വി തോമസും പുതിയ ഗവണ്‍മെന്റ് രൂപീകരണ സംബന്ധമായ ചര്‍ച്ചകള്‍ക്കായി ഗവര്‍ണറെ കാണാന്‍ പോയി. അവരോട് കടലാസുകളെല്ലാം വാങ്ങിവെച്ച് ഗവര്‍ണര്‍ വിശ്വനാഥന്‍ പറഞ്ഞു. ‘വരട്ടെ, തീരുമാനമെടുക്കുന്നതിന് മുമ്പ് എനിക്കൊന്ന് ബാഫഖി തങ്ങളെ കാണണം’ തീരുമാനത്തിന്റെ താക്കോല്‍ ബാഫഖി തങ്ങളുടെ കയ്യിലായിരുന്നു. ബാഫഖി തങ്ങളുടെ ഉറപ്പു കിട്ടിയതിന് ശേഷം മാത്രമെ ഗവര്‍ണര്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചുള്ളൂ.
കേരളത്തിന്റെ മുഖച്ഛായ മാറ്റിയ സമഗ്രമായ ഭൂപരിഷ്‌കരണം മുതലായ വിപ്ലവകരമായ നിയമ നടപടികളുമായി അച്യുതമേനോന്‍ ഗവണ്‍മെന്റ് മുന്നോട്ടു പോയി. ഇതിനെല്ലാം പ്രചോദനമായി പതിത ലക്ഷങ്ങളുടെ പടത്തലവനായി പതറാത്ത മനസ്സുമായി പച്ചക്കൊടിയും പിടിച്ച് കൊണ്ട് മുന്നില്‍ ബാഫഖി തങ്ങളുണ്ടായിരുന്നു.
ഈ കര്‍മ്മഭൂമിയെ ശാദ്വലമാക്കിയ ധര്‍മ്മ ചേതസ്സ് അസ്തമിച്ചിട്ട് ഇന്നേക്ക് നാല്‍പ്പത്തിയഞ്ച് വര്‍ഷം തികയുകയാണ്. പിന്നെയും പിന്നെയും പടി കടന്നെത്തുന്ന ഏതോ കിനാവിന്റെ പദ നിസ്വനം പോലെ ആ ഓര്‍മ്മകള്‍ നമ്മെ വേട്ടയാടുന്നു. നമ്മുടെ നാടും ജനതയും പ്രതിസന്ധിയുടെ ചുഴിയില്‍ കറങ്ങി നില്‍ക്കുമ്പോള്‍ ജനം ഓര്‍ത്തു പോവുകയാണ്…ബാഫഖി തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍…

chandrika: