X

പുതുവത്സരാഘോഷത്തിന് നിങ്ങള്‍ അര്‍ഹരല്ല

 

ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഇന്ത്യയില്‍ ദലിതുകള്‍ക്ക് പുതുവത്സരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍പോലും അവകാശമില്ലെന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. പുതുവത്സരം ആഘോഷിച്ചതിന്റെ പേരില്‍ തഞ്ചാവൂരില്‍ ദലിതരുടെ വീടുകള്‍ക്കു നേരെ വ്യാപക അക്രമം നടന്നതായുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. പുതുവത്സരാേഘോഷപരിപാടികള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ മേല്‍ജാതിക്കാരായ ഹിന്ദുക്കള്‍ ദലിതരുടെ വീടുകള്‍ അടിച്ചുതകര്‍ക്കുകയും വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തല്ലിപ്പൊളിക്കുകയുമായിരുന്നെന്ന് ഇന്ത്യന്‍ എക്‌സപ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമ്പലപ്പാട്ടു സൗത്ത് വില്ലേജില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ദലിത് യുവാക്കള്‍ പരിപാടികള്‍ നടത്തിയിരുന്നു. ബലൂണുകള്‍ പറത്തി സൗഹൃദം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ആഘോഷങ്ങള്‍. എന്നാല്‍ തൊട്ടടുത്ത ഗ്രാമത്തിലെ ചില ഹിന്ദു യുവാക്കള്‍ ആഘോഷ പരിപാടികള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ബലൂണുകള്‍ ഉള്‍പ്പെടെയുള്ളവ പൊട്ടിച്ച് അക്രമം അഴിച്ചുവിടുകയുമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആഘോഷങ്ങളുടെ ഭാഗമായി സൗണ്ട് സിസ്റ്റം ഉപയോഗിച്ചതിനെതിരെയായിരുന്നു ചിലര്‍ ആദ്യം രംഗത്തെത്തിയത്. പിന്നാലെ വാക് തര്‍ക്കവും സംഘര്‍ഷവുമായി. തുടര്‍ന്ന് കൂടുതല്‍ ഹിന്ദു യുവാക്കള്‍ വാഹനങ്ങളില്‍ ഗ്രാമത്തിലെത്തുകയും ദലിത് വീടുകള്‍ക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിടുകയുമായിരുന്നെന്നു പൊലീസ് പറയുന്നു. ആയുധങ്ങള്‍ ഉള്‍പ്പെടെ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പതിനാലോളം വീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറയുന്നു. സംഭവത്തില്‍ മേല്‍ജാതിക്കാരായ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കീഴ്ജാതിക്കാരായവര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടക്കുന്നതുമൊന്നും സഹിക്കാനാകാത്ത മേല്‍ ജാതിക്കാരുടെ അസ്വസ്ഥതയാണ് ഇവിടെ അക്രമത്തില്‍ കലാശിച്ചത്. ദലിതര്‍ ബൈക്കുകളില്‍ സഞ്ചരിക്കുന്നതും നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതും മുടി നീട്ടി വളര്‍ത്തുന്നതുമൊന്നും ഇക്കൂട്ടര്‍ ഇഷ്ടപ്പെടുന്നില്ല. ദലിതര്‍ എന്നും താഴെക്കിടയില്‍ തന്നെ കഴിയേണ്ടവരാണെന്ന കുടില മനസ്സ് മാറാത്ത കാലത്തോളം ഇവിടെ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറിക്കൊണ്ടേയിരിക്കും.
തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തില്‍ നടന്ന ഒറ്റപ്പെട്ട സംഭവമായി ഇതിനെ മാറ്റിനിര്‍ത്തേണ്ടതില്ല. സമീപ ഭാവിയില്‍ തന്നെ കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടയുള്ള മാനസികാവസ്ഥയായാണ് ഇതിനെ കാണേണ്ടത്. ഇയ്യിടെ തൃശൂര്‍ പാവറട്ടിയില്‍ നടന്ന വിനായകിന്റെ മരണം ഇത്തരത്തില്‍ വായിക്കപ്പെടേണ്ടതാണ്. മുടി ചീകിയൊതുക്കി, വെളുത്ത വസ്ത്രങ്ങളണിഞ്ഞ, വെള്ളയുടലുകളെ താലോലിക്കുന്ന പൊതുമര്യാദാ താല്‍പര്യങ്ങളെ ലംഘിച്ചു എന്നൊരു തെറ്റ് മാത്രമേ വിനായക് ചെയ്തിരുന്നുള്ളൂ. കറുത്ത ശരീരവും നീട്ടിവളര്‍ത്തിയ മുടിയുമുണ്ടെങ്കില്‍ ഒരാള്‍ കുറ്റവാളിയോ സാമൂഹ്യവിരുദ്ധനോ ആവാമെന്ന പൊതുബോധമാണ് വിനായകനു വിനയായത്. കോളനിക്കാരനായ, മുടി നീട്ടി വളര്‍ത്തിയയാളെന്ന നിലക്കാണ് അയാള്‍ ഭേദ്യം ചെയ്യപ്പെടുകയും അതിഭീകരമായി മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്നത്. അദ്ദേഹത്തിന്റെ മുടി മുറിച്ചുമാറ്റുകയും ചെയ്തു. പൊലീസ് ആവശ്യപ്പെട്ടിട്ടാണ് മുടി മുറിച്ചുമാറ്റിയത്. അതായത് വളരെ പ്രത്യക്ഷത്തില്‍ തന്നെ ഇത് ഒരു കാസ്റ്റ് ഒപ്രഷനാണെന്ന് വ്യക്തമാണ്. പുതിയ രൂപഭാവങ്ങളോടുള്ള അസഹിഷ്ണുത എന്നതിനപ്പുറം ജാതിയാണ് വളരെ പ്രത്യക്ഷമായി അതിനകത്ത് പ്രവര്‍ത്തിക്കുന്ന കാര്യം. ജാതീയമായ അതിക്രമങ്ങള്‍ വളരെ വ്യാപകമായി, ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഭീതിദമായ ഒരന്തരീക്ഷമാണ് കേരളത്തിലുള്‍പെടെ രാജ്യത്തിപ്പോള്‍ ഉള്ളത്.
പല സ്ഥലങ്ങളിലും ഇത്തരം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ജീവിത സാഹചര്യത്തില്‍ ജീവിക്കുന്ന തലമുറയില്‍പെട്ട ദലിത് വിഭാഗത്തിലെ ചെറുപ്പക്കാരിലേക്കും ഭീതി കടത്തിവിടുകയാണ് പൊലീസും മേല്‍ജാതിക്കാരും ചെയ്തുകൊണ്ടിരിക്കുന്നത്. ഭീതി വിതയ്ക്കുക എന്നതാണ് കൃത്യമായി നടക്കുന്ന കാര്യം. പുതിയ സാഹചര്യങ്ങളിലേക്ക് അവര്‍ വരേണ്ടതില്ല എന്ന കര്‍ശന താക്കീതാണ് അക്രമത്തിലൂടെ മുന്നോട്ട്‌വെക്കുന്നത്. ഏത് പുതിയ സാഹചര്യങ്ങളില്‍ വന്നാലും, അവരെ ജാതീയമായി അടയാളപ്പെടുത്തുകയും അക്രമം കാണിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ പുറത്തുവന്ന കാര്യം.
ഇത്തരം കാര്യങ്ങളൊക്കെ കേരളത്തിനും അന്യമല്ല. ദലിതര്‍ക്കു നേരെ അക്രമമുണ്ടായാല്‍ വ്യാപകമായ പ്രതിഷേധമോ, പൊതു സമൂഹത്തില്‍ നിന്നോ രാഷ്ട്രീയ സമൂഹത്തില്‍ നിന്നോ കാര്യമായ പ്രതികരണങ്ങളോ ഒന്നും ഉണ്ടാകുന്നില്ല എന്നതാണ് പേടിപ്പെടുത്തേണ്ട വലിയ കാര്യം. ദലിതര്‍ കേരളീയ സമൂഹത്തിനകത്ത് എങ്ങനെയാണ് പരിചരിക്കപ്പെടുന്നത് എന്നതിന് ഭൗതികമായ ചില അടിസ്ഥാനങ്ങളുണ്ട്. കേരളത്തില്‍ ജാതീയപരമായ അതിക്രമങ്ങളുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നത് ജാതിക്കോളനികളാണ്. അവിടെ ജീവിക്കുന്ന മനുഷ്യരാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അതിക്രമത്തിന് വിധേയരാവുന്നത്. ജിഷയായാലും ഗോവിന്ദാപുരമായാലും വിനായക് ആയാലും കണ്ടുവരുന്ന കാര്യമതാണ്. അറുപത് വര്‍ഷത്തെ വികസനത്തിന്റെ ഭാഗമായി കോളനികളിലേക്കും പുറമ്പോക്കിലേക്കും ഈ ജനതയെ തൂത്ത് മാറ്റുകയും, ജാതീയ അതിക്രമങ്ങളുടെ വലിയ കേന്ദ്രമായി അത് പരിവര്‍ത്തനപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ കേരളീയ സമൂഹം കാണിക്കേണ്ട പ്രാഥമിക ജനാധിപത്യ മര്യാദ കേവല പ്രതിഷേധങ്ങള്‍ക്കപ്പുറം ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാവുന്നതിന്റെ ഭൗതിക സാഹചര്യം എന്തെന്ന് മനസ്സിലാക്കുക എന്നതാണ്. ഗോവിന്ദാപുരം സംഭവം ഉണ്ടായപ്പോള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അവിടെ ചെല്ലുകയും പിന്തുണ അറിയിക്കുകയും ചെയ്തു. ടാപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ അനുവദിക്കുന്നില്ല എന്ന കാര്യമാണ് അവരെല്ലാം പ്രധാനമായി പറഞ്ഞത്. മാധ്യമങ്ങളും അതാണ് ചര്‍ച്ച ചെയ്തത്. ഇത് പ്രശ്‌നത്തിന്റെയൊരു പ്രതിഫലനം മാത്രമാണ്. യഥാര്‍ഥ പ്രശ്‌നം അതല്ല. വളരെ ദുര്‍ബലമായ ഒരു സമുദായം (ചക്ലിയ സമുദായം) അവിടെ ജീവിക്കുന്നു. പൊതുസമൂഹം മാത്രമല്ല ഭരണാധികാരികളും സര്‍ക്കാര്‍ സംവിധാനവും ഒരു നിമിഷത്തില്‍ പോലും അവര്‍ക്കനുകൂലമായ തീരുമാനമെടുക്കാത്ത സ്ഥിതിയാണ്. കേരളീയ സമൂഹത്തിനകത്ത് തികച്ചും അനാഥമാക്കപ്പെട്ട ജനസമൂഹത്തോടാണ് ഈ അതിക്രമം കാണിക്കുന്നത് എന്നാണ് തിരിച്ചറിയേണ്ടത്. പൈപ്പിനകത്തുനിന്ന് വെള്ളമെടുത്തുകൊടുത്താല്‍ തീരുന്ന പ്രശ്‌നമല്ല ഇത്. പ്രശ്‌നത്തിന്റെ അടിസ്ഥാനപരമായ കാര്യം കോളനി നിവാസികളായ വിഭാഗങ്ങളോട് ജനാധിപത്യ സര്‍ക്കാര്‍ തുടരുന്ന നിഷേധാത്മക സമീപനമാണ് തിരുത്തപ്പെടേണ്ടത് എന്നതാണ്.
വിനായകിന്റെ കേസില്‍ അവിടെ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ട്, അതിലെ പ്രതിയാണെന്ന് പൊലീസ് സംശയിക്കുന്നു എന്നതാണ് എപ്പോഴും പറയുന്ന കാര്യം. സംശയിക്കാനുള്ള എന്ത് സാഹചര്യമാണുള്ളത് എന്ന ചോദ്യം പോലും കേരളം ചോദിക്കുന്നില്ല എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
പുതിയ രീതിയില്‍ വേഷവിധാനങ്ങളോടെ ജീവിക്കുന്നവരെല്ലാം കുറ്റവാളികളും കുഴപ്പക്കാരുമാണെന്നും കറുത്ത ശരീരങ്ങള്‍ അക്രമിക്കപ്പെടേണ്ടവരാണെന്നും തോന്നുന്ന ജാതീയമായ, വംശീയമായ മനോഭാവം കേരളത്തിലും ശക്തമായിവരികയാണ്. പുതിയ കോലങ്ങളോടുള്ള അസഹിഷ്ണുതയായി മാത്രം ഇതിനെ വായിക്കാനുള്ള പ്രവണത പലപ്പോഴും കണ്ടുവരുന്നുണ്ട്. അതിന്റെ അണ്ടര്‍ കറണ്ടായി നില്‍ക്കുന്നത് ജാതിവിവേചനമാണ്, കോളനി നിവാസികളോടുള്ള പകയും അവഗണനയുമാണ് എന്ന കാര്യം ഉറപ്പിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
കേരളത്തിലെ 55 ശതമാനം ദലിതരും കോളനികളിലാണ് ജീവിക്കുന്നത് എന്ന യാഥാര്‍ഥ്യബോധം നമുക്കുണ്ടാവണം. പതിറ്റാണ്ടുകളായി നൂറുകണക്കിന് കുടുംബങ്ങള്‍ കോളനികളില്‍ ജീവിക്കുക, കോളനികള്‍ക്ക് തൊട്ട് പുറത്തുള്ളവര്‍ പോലും അവരെ ശത്രുക്കളായി കാണുക, എല്ലാ കുഴപ്പങ്ങളുടേയും കേന്ദ്രം അവരാണെന്ന് വരുത്തുക, ഇതാണ് പൊതു സമീപനം. പത്ത് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ പുറത്തുവന്ന വലിയ അഴിമതികള്‍, വലിയ കുറ്റകൃത്യങ്ങള്‍, കൊള്ളകള്‍, ഇതിലൊന്നും ഒറ്റ ദലിതന്‍ പോലും പ്രതിയല്ല എന്നതാണ് വസ്തുത. എന്നിട്ടും സംശയിക്കപ്പെടുന്നത് ദലിതരാണ്. ഇത് സമൂഹത്തിന്റെ മനോഭാവമാണ്. ജാതീയമായ മനോഭാവമാണ്. അതുകൊണ്ട് ഈ ജാതിക്കോളനികള്‍ അവസാനിപ്പിക്കുക എന്ന വിശാലമായ ബോധ്യത്തിലേക്ക് കേരളീയ സമൂഹം അടുക്കുമ്പോള്‍ മാത്രമേ, അതിന് പരിശ്രമിക്കുമ്പോള്‍ മാത്രമേ, അതിനായി സര്‍ക്കാരിന്റെ നയത്തില്‍ മാറ്റം വരുത്തുമ്പോള്‍ മാത്രമേ ഇത്തരം അതിക്രമങ്ങള്‍ ഫലപ്രദമായി തടഞ്ഞുനിര്‍ത്താനാവൂ. ഗോവിന്ദാപുരത്ത് ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ സമൂഹത്തിന്റെ നാലുപാട് നിന്നും ആളുകള്‍ വന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരിച്ചു പോകുന്നു. അവര്‍ തിരിച്ച് പോയിക്കഴിയുമ്പോള്‍ അന്ന് രാത്രി തന്നെ പൊലീസ് അവിടെയെത്തി വലിയ അതിക്രമം കാണിക്കുകയാണ്. അങ്ങനെ വന്നുപോയി പരിഹരിക്കാവുന്ന തരത്തില്‍ നീതിയും ന്യായവുമുള്ള സ്ഥലമല്ല കേരളം. ഗോവിന്ദാപുരം എന്നത് കേരളത്തില്‍ എമ്പാടുമുള്ള സ്ഥലമാണ്. എല്ലാ സ്ഥലത്തും ഗോവിന്ദാപുരമുണ്ട്. അതുകൊണ്ട് കേരളത്തിലെ ദലിത് സമുദായം ഇക്കാര്യത്തില്‍ ഉറച്ച തീരുമാനമെടുക്കേണ്ടതുണ്ട്.
കേരളത്തില്‍ ഈ അടുത്തകാലത്തായി നടക്കുന്ന അതിക്രമങ്ങളുടെ ഒരു വശം എണ്‍പതുകളിലോ തൊണ്ണൂറുകളിലോ ഒക്കെ ശക്തമായിരുന്ന ദലിത് മൂവ്‌മെന്റുകളുടെ അഭാവമാണ്. അതാണ് സമൂഹത്തിന് ഇത്തരത്തില്‍ ഒരു ധൈര്യം നല്‍കുന്നത്. ഗോവിന്ദാപുരത്തോ, അല്ലെങ്കില്‍ തൃശൂരില്‍ പൊലീസുകാര്‍ക്കോ ഒക്കെ കിട്ടുന്ന ധൈര്യത്തിന്റെ ഉറവിടം ഇതിനെ പ്രതിരോധിക്കാന്‍ ഇവിടെയൊരു മൂവ്‌മെന്റ് ഇല്ല എന്നതുതന്നെയാണ്. ഈ വിഭാഗം സംഘടിതമല്ല, പ്രതിരോധിക്കില്ല എന്ന ബോധ്യമുണ്ട്. ഉനയില്‍ ദലിത് യുവാക്കളെ കെട്ടിയിട്ട് അടിച്ചവശരാക്കിയപ്പോഴാണ് ദലിതുകള്‍ സംഘടിച്ചത്, ജിഗ്നേഷ് മേവാനി ഉദിച്ചുയര്‍ന്നത്. ദലിതുകള്‍ക്കുവേണ്ടി ഗുജറാത്ത് നിയമസഭയില്‍ ഉച്ചത്തില്‍ ശബ്ദിക്കാന്‍ ഇനി മേവാനിയുണ്ടാകും. മേവാനിമാര്‍ കേരളമുള്‍പ്പെടെ എല്ലായിടത്തും ഉദിച്ചുയരണം. ദലിതര്‍ ശക്തരായി സംഘടിക്കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് പുതുവത്സരങ്ങള്‍ ആഘോഷഷിക്കാനാകൂ, നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കാനാകൂ, മുടി നീട്ടി വളര്‍ത്താനാകൂ.

chandrika: