ഡല്‍ഹിയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ ജുനൈദ് എന്ന പതിനഞ്ചുകാരന്‍ കൊല്ലപ്പെട്ട സംഭവം സമൂഹത്തിലെ വലിയ വിഭാഗത്തിന്റെ മനസാക്ഷിയെ തൊട്ടുണര്‍ത്തുന്നതായിരുന്നു. അവരുടെ വേദന പ്രകടിപ്പിക്കുന്നതിന് ‘നോട്ട് ഇന്‍ മൈ നെയിം’ എന്ന പേരില്‍ പ്രതിഷേധവുമായി വന്‍തോതില്‍ ആളുകള്‍ തെരുവിലിറങ്ങി. പലരും രൂക്ഷമായി വിമര്‍ശനമുന്നയിക്കുകയും അവരുടെയും സമൂഹത്തിലെ ഒരു വിഭാഗത്തിന്റെയും വേദന പ്രകടമാക്കുകയും ചെയ്തപ്പോള്‍ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി. അതിന്റെ അനന്തര ഫലമാകട്ടെ ഇക്കാര്യത്തില്‍ മൗനം തുടര്‍ന്നുവന്നിരുന്ന നമ്മുടെ പ്രധാനമന്ത്രി വാ തുറന്നുവെന്നതാണ്. ‘പശുവിന്റെ പേരില്‍ നടക്കുന്ന അക്രമം സ്വീകാര്യമല്ലെന്നും മഹാത്മാഗാന്ധി ഇത് അംഗീകരിക്കുന്നില്ലെ’ന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അര്‍ത്ഥമില്ലാത്ത ഈ പ്രസ്താവന യാതൊരു ഫലവുമുണ്ടാക്കുന്നതല്ലെന്ന് ഏതാനും മണിക്കൂറുകള്‍ക്കകംതന്നെ തെളിയിക്കപ്പെട്ടു; ഝാര്‍ഖണ്ഡില്‍ രണ്ടു മുസ്‌ലിംകള്‍കൂടി ഇത്തരത്തില്‍ കൊല്ലപ്പെട്ടു.
നേരത്തെ മുഹമ്മദ് അഖ്‌ലാഖിനെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയ ശേഷവും പ്രധാനമന്ത്രിയില്‍നിന്ന് ഇത്തരത്തിലൊരു പ്രസ്താവന 2015 ഒക്‌ടോബറില്‍ പുറത്തുവന്നിരുന്നു. ആ സമയത്തും സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞത്. ആ പ്രസ്താവനയും അര്‍ത്ഥശൂന്യവും അക്രമികളില്‍ സ്വാധീനം ചെലുത്തുന്നതുമായിരുന്നില്ല. പശു സംരക്ഷകര്‍ ആളുകളെ അടിച്ചുകൊന്നുകൊണ്ടേയിരുന്നു. അതിനാല്‍ ഇത്തരം അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഹൈന്ദവ ദേശീയവാദികളായ ഗൂഢാലോചനാസംഘത്തെ നിയന്ത്രിക്കുന്നതില്‍ മോദി ഒന്നുകില്‍ പരാജയപ്പെടുന്നു, അല്ലെങ്കില്‍ പ്രധാനമന്ത്രി പദത്തിലിരിക്കുന്നയാള്‍ അത്തരത്തിലൊക്കെ പ്രസ്താവനകള്‍ നടത്തുമെന്നും അത് കണക്കിലെടുക്കേണ്ടതില്ലെന്നകാര്യവും അവര്‍ മനസ്സിലാക്കിക്കാണും. അതിനാല്‍ അവര്‍ അവരുടെ പ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇപ്പോഴത്തെ ഭരണകൂടത്തെ സംരക്ഷിക്കുന്ന ബി.ജെ.പി പ്രസിഡണ്ട് അമിത്ഷാ പറയുന്നത് നേരത്തെയും ഇത്തരത്തില്‍ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തല്‍ നടത്തിയിട്ടുണ്ടെന്നും 2011, 2012, 2013 വര്‍ഷങ്ങളിലിത് കൂടുതലായിരുന്നുവെന്നുമാണ്. എന്നാലിത് പൂര്‍ണമായും കളവാണ്. മാധ്യമ വാര്‍ത്തകളുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി ഇന്ത്യാ സ്‌പെന്റ് ശേഖരിച്ച കണക്കുകള്‍ പ്രകാരം 2010 മുതല്‍ 2017 വരെയുള്ള എട്ടു വര്‍ഷ കാലയളവില്‍ മുസ്‌ലിംകളെ ഉന്നംവെച്ച് നടന്ന ആക്രമണങ്ങളില്‍ കന്നുകാലി പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ളത് 51 ശതമാനമാണ്. 63 സംഭവങ്ങളിലായി 28 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവവും ഇതിലുള്‍പെടും. ഇതില്‍ 97 ശതമാനം അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2014 മെയ് മാസത്തിനു ശേഷമാണ്. പശുവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ പകുതിയും (63ല്‍ 32ഉം) ഭാരതീയ ജനതാപാര്‍ട്ടി (ബി.ജെ.പി)അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഇപ്പോഴത്തെ സര്‍ക്കാറിനെ പ്രതിരോധിക്കാന്‍ എത്ര എളുപ്പത്തിലാണ് അമിത് ഷാ സത്യത്തെ വളച്ചൊടിച്ചത്.
ഇത്തരത്തിലെല്ലാമുള്ള അസംതൃപ്തി, വിദ്വേഷപൂര്‍ണമായ കോപത്തിലും അടിച്ചുകൊലപ്പെടുത്തലിലും കലാശിക്കുന്നതായി കശ്മീരിലെ അയ്യൂബ് ഖാന്‍ പണ്ഡിറ്റിന്റെ ദുരന്തത്തില്‍ കാണാനാകും. ജനക്കൂട്ടത്തിനിടയില്‍ വരുന്ന ഭ്രാന്തിനെയാണ് കൂടുതല്‍ ശിക്ഷിക്കേണ്ടത്. പശുവിന്റെ പേരിലുള്ള അടിച്ചുകൊലപ്പെടുത്തലില്‍ ഉള്‍പ്പെടുന്ന ഘടകങ്ങള്‍ നിരവധിയാണ്. ഹിന്ദു ദേശീയവാദ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരുന്ന വേളയില്‍, ചത്ത പശുവിന്റെ തൊലിയുരിഞ്ഞ നിരവധി ദലിതുകള്‍ നേരത്തെ ഗൊഹാനയില്‍ കൊല്ലപ്പെട്ടത് ഒരുദാഹരണമാണ്. പശു പ്രശ്‌നത്തില്‍ സമൂഹത്തെ ധ്രുവീകരിക്കുകയെന്നതും ഈ അജണ്ടയിലേക്ക് ചേര്‍ക്കേണ്ടതാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പശു സംരംക്ഷണം സംബന്ധിച്ച് നിരവധി പ്രസ്താവനകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുന്ന നിയമം നിലവിലിരിക്കേ അധികാരം ഉയര്‍ത്തിപ്പിടിച്ച് ബി.ജെ.പി നിയമം കര്‍ശനമാക്കി പ്രശ്‌നത്തെ വളച്ചുതിരിക്കുകയും അതോടൊപ്പം അതേ പശുവിനെ ഭക്ഷിക്കുക വഴി രാക്ഷസ വേഷം കെട്ടുകയുമാണ്. ഹിന്ദു രാഷ്ട്രത്തിന്റെ പ്രഥമ ലബോറട്ടറിയായ ഗുജറാത്തില്‍ പോലും സസ്യാഹാര ഉപഭോഗം താഴോട്ടാണ് കുതിക്കുന്നത്. ഇപ്പോള്‍ രാജ്യത്തൊന്നാകെ ‘പശുവിന്റെ വിശുദ്ധത’ പ്രചാരണമാകുകയും രാഷ്ട്രത്തിന്റെ രക്ഷാധികാരത്തോടെ സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയുമാണ്.
മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ട സന്ദര്‍ഭത്തില്‍ ഇതൊരു ആകസ്മിക സംഭവമാണെന്നാണ് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ പ്രതികരിച്ചത്. അഖ്‌ലാഖിനെ അക്രമിച്ചു കൊലപ്പെടുത്തിയ പ്രതികളിലൊരാള്‍ ജയിലില്‍ രോഗം ബാധിച്ച് മരിച്ചപ്പോള്‍ അയാളുടെ വസതി സന്ദര്‍ശിക്കുകയും മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിക്കുകയും ചെയ്തയാളാണ് ഈ കേന്ദ്ര മന്ത്രി. അഖ്‌ലാഖിന്റെ കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റിലായവര്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അതിന് തക്കതായ മറുപടി നല്‍കുമെന്നാണ് മറ്റൊരു ബി.ജെ.പി നേതാവ് സംഗീത് സോം ഭീഷണിപ്പെടുത്തിയത്.
ആള്‍ക്കൂട്ടത്തിന്റെ അടിച്ചുകൊലപ്പെടുത്തല്‍ സംഭവങ്ങളില്‍ ഇരകളാകുന്നവരില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണെങ്കില്‍ ദലിതര്‍ കൊള്ളയടിക്കും പീഡനങ്ങള്‍ക്കും ഇരയായവരാണ്. കാലാകാലങ്ങളായി നിലനില്‍ക്കുന്ന മറ്റു അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്കു പുറമെ മുസ്‌ലിംകള്‍ പശുവിറച്ചി ഭക്ഷിക്കുന്നവരും ക്രൂരന്മാരും പശുവിനോട് ഹിന്ദുക്കള്‍ക്കുള്ള വികാരത്തെ ബഹുമാനിക്കാത്തവരുമായി അവതരിപ്പിക്കപ്പെടുകയാണ്. ഈ പക്ഷപാതവും പതിവ് ദുഷ്‌പ്രേരണയിലുമാണ് സാമൂഹിക രംഗം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ‘കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ നിരപരാധി’യായിരിക്കുമെന്ന ജനകീയ പഴഞ്ചൊല്ല് മുസ്‌ലിംകളുടെ കാര്യത്തില്‍ ‘നിരപരാധിയാണെന്ന് തെളിയിക്കുന്നതുവരെ കുറ്റവാളിയെന്ന്’ മാറിയിരിക്കുകയാണ്. കൊലപാതകങ്ങള്‍ക്കു നിശബ്ദമായ സാമൂഹികാനുമതി ലഭിക്കുന്നതിനും നിയമം കൈയിലെടുക്കുന്നതിനും ‘ഹിന്ദു മതത്തെ സംരക്ഷിക്കാനെന്ന’ ന്യായം കണ്ടെത്തുകയും ചെയ്യുന്നു. ഇപ്പോള്‍ ഹിന്ദു ചിഹ്നങ്ങള്‍ പശുവിന്റെ ആലയില്‍ ചേക്കേറിയിരിക്കുകയാണ്. ദയവുള്ള ഒരു മൃഗം ക്രൂരമായ ആക്രമണത്തിന് നിമിത്തമാകുകയാണ്. ഗാന്ധിജി ഗോവധ നിരോധനത്തിന് അനുകൂലമായിരുന്നുവെന്ന തെറ്റായ വിശദീകരണമാണ് അവരുടെ അജണ്ട നടപ്പാക്കുന്നതിന് ബി.ജെ.പി വക്താവ് നല്‍കുന്നത്. ഇത്തരം ആശയങ്ങളെ ഗാന്ധിജി തുടക്കത്തിലേ എതിര്‍ത്തതാണ്. ബീഫ് ഭക്ഷിക്കുന്നവര്‍ നിരവധിയാണ്. അവര്‍ക്കൊപ്പമാണ് രാജ്യത്തെ ജനങ്ങളെല്ലാം.
ജനക്കൂട്ടം ആളുകളെ കൊലപ്പെടുത്തുന്നത് വെറുമൊരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല. മുസ്‌ലിംകള്‍ക്കെതിരെയുള്ള ഹൈന്ദവ ദേശീയവാദികളുടെ പ്രചാരണങ്ങളുടെ ഉപോല്‍പന്നംകൂടിയാണിത്. പശുവിന്റെ വിശുദ്ധത സംബന്ധിച്ചാണ് പ്രചാരണം. മുസ്‌ലിംകള്‍ അത് അംഗീകരിക്കുന്നില്ലെന്ന് വരുത്തിത്തീര്‍ക്കുന്നു. ഇത് ആകസ്മിക സംഭവങ്ങളൊന്നുമല്ല, മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതു മുതല്‍ ഇത്തരം ക്രൂരമായ നടപടികള്‍ സാമൂഹിക പ്രതിഭാസത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ക്രമേണ അതിന്റെ തീവ്രത ഉയര്‍ന്നു. പശു സംരക്ഷണത്തിന് റാണ പ്രതാപ് തന്റെ ജീവിതം ഉഴിഞ്ഞുവെച്ചതു സംബന്ധിച്ചായിരുന്നു പിങ്ക് റെവല്യൂഷന്‍ സംബന്ധിച്ച് മോദി നടത്തിയ പ്രസ്താവന ആരംഭിക്കുന്നത്. പശുവിന്റെ പേരില്‍ മുസ്‌ലിംകളെ പൈശാചികരായി കാണുന്നത് ഈ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്ന സാമൂഹിക മനശാസ്ത്രത്തെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്നു.
അയ്യൂബ് പണ്ഡിറ്റിനെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവവും വേദനയുളവാക്കുന്നതാണ്. അവരുടെ സാമൂഹിക മനശാസ്ത്രം മനസിലാക്കേണ്ടതുണ്ട്. ഇത്തരം സംഭവങ്ങളെ എതിര്‍ക്കേണ്ട അടിയന്തര ഘട്ടമാണിത്. ‘നല്ല നാളുകളിലും’ മത ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വമില്ലായ്മ രാജ്യത്താകമാനം പടരുകയാണ്. പശുവിന്റെ പേരിലുള്ള ധ്രുവീകരണ അജണ്ട വന്‍ തോതില്‍ വ്യാപിക്കുകയാണ്. ആള്‍ക്കൂട്ടം നടത്തുന്ന കൊലകള്‍ ക്രമീകൃതമായ ഇടവേളകളില്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.