ശീതകാലം ഗുജറാത്തില്‍ വരവറിയിച്ചു തുടങ്ങിയിരിക്കുന്നു. പുലര്‍വേളയില്‍ നല്ല തണുപ്പ്. ഉള്ളിലെ തണുപ്പിനെ തോല്‍പ്പിച്ച ഗുജറാത്തിന്റെ വ്യാപാര മനസ്സ് വെള്ള കീറും മുമ്പെ തൊഴില്‍ നിരതമാണ്. നൂറ്റാണ്ടുകളായി ഇന്ത്യന്‍ വ്യാപാര മേഖലയുടെ കുത്തക ഈ അധ്വാനശീലം കൊണ്ടു തന്നെയാണ് ഗുജറാത്തി കൈയടക്കി വെച്ചിട്ടുള്ളത്. അവരുടെ വിയര്‍പ്പാണ് യഥാര്‍ത്ഥത്തില്‍ ഗുജറാത്തില്‍ പുറമേ കാണുന്ന വികസനം. അവരുടെ വ്യാപാരത്തിനുമേല്‍ നോട്ടുനിരോധനവും ചരക്കുസേവന നികുതിയും ഏല്‍പ്പിച്ച ആഘാതത്തിന്റെ കാലത്താണ് ഗുജറാത്ത് വീണ്ടുമൊരു തെരഞ്ഞെടുപ്പിന് വേദിയാകുന്നത്. ഈ യുദ്ധത്തില്‍ ആര് ജയിക്കുമെന്ന് തറപ്പിച്ചു പറയാന്‍ ആകില്ല. ഒരുകാര്യമുറപ്പ്, രണ്ടു പതിറ്റാണ്ടിലേറെയായി ബി.ജെ.പിക്ക് സംസ്ഥാനത്തുള്ള അപ്രമാദിത്വത്തിന് കോട്ടം തട്ടിയിരിക്കുന്നു. അത് ബി.ജെ.പിക്കും മനസ്സിലായിട്ടുണ്ട്. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് രാഷ്ട്രീയമായി വില കൊടുക്കേണ്ടി വരുമെന്ന് അറിയാമെന്ന് ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന ഈ തിരിച്ചറിവില്‍ നിന്നാണ്. ഒരു തിരിച്ചടി ബി.ജെ.പി മുന്നില്‍ക്കാണുന്നുവെന്നര്‍ത്ഥം.
ഗുജറാത്തില്‍ 13 വര്‍ഷം അധികാരത്തിലിരുന്ന മോദി നിഷേധിക്കാനാവാത്ത ഒരു ഫാക്ടറാണ്. ഈ ഘടകം ഇന്ദ്രപ്രസ്ഥത്തിലേക്ക് കൂടുമാറിയ ശേഷം പാര്‍ട്ടി നേരിടുന്ന അഗ്നിപരീക്ഷയാണ് ഗുജറാത്തിലേത്. മോദിക്ക് ശേഷം വന്ന ആനന്ദിബെന്‍ പട്ടേല്‍ വന്‍ പരാജയമാതും പിന്നീടെത്തിയ വിജയ് രൂപാണി ജനപ്രിയനല്ലാത്തതും ബി.ജെ.പിയെ ആകുലപ്പെടുത്തുന്നുണ്ട്. ജെ.എസ്.പി.സി താലിയ അഴിമതി, മെട്രോ അഴിമതി തുടങ്ങിയവ രാഷ്ട്രീയമായ തിരിച്ചടികള്‍ക്ക് കാരണമായേക്കും. ഇതിനെല്ലാം പുറമേയാണ് പട്ടേല്‍-ദലിത് ജാതി രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളി.
ഗുജറാത്തിലെ ചെറിയ തിരിച്ചടി പോലും ബി.ജെ.പിക്ക് കനത്ത ആഘാതമാകും ഏല്‍പ്പിക്കുക. ഇത് മുന്നില്‍ക്കണ്ടാണ് മാസങ്ങള്‍ക്കു മുമ്പ് തന്നെ ഗുജറാത്തിന്റെ മനസ്സറിയാവുന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷാ 182 സീറ്റില്‍ 150 സീറ്റ് എന്ന മിനിമം ടാര്‍ഗറ്റ് വെച്ച് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. എന്നാല്‍ ഈ ടാര്‍ഗറ്റ് അത്രയെളുപ്പമല്ല എന്ന് സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നു. ഈയിടെ ആര്‍.എസ്.എസ് നടത്തിയ രഹസ്യ സര്‍വേയില്‍ ബി.ജെ.പിക്ക് 60 സീറ്റു മാത്രമാണ് പ്രവചിക്കപ്പെട്ടത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതായും സര്‍വേ കണ്ടെത്തുന്നു.
മേഖലകളിലെ വോട്ടുകള്‍
രാഷ്ട്രീയപരമായി അഞ്ചു ഭാഗങ്ങളാണ് ഗുജറാത്ത്. സൗരാഷ്ട്ര, കച്ച്, വടക്കന്‍ ഗുജറാത്ത്, മധ്യഗുജറാത്ത്, തെക്കന്‍ഗുജറാത്ത് എന്നിങ്ങനെ. ഇവയിലെ സീറ്റുകള്‍ ഇപ്രകാരം. സൗരാഷ്ട്ര-കച്ച് (54), തെക്കന്‍ഗുജറാത്ത് (35), വടക്കന്‍ഗുജറാത്ത് (32), മധ്യഗുജറാത്ത് (61).
ആദ്യഘട്ടമായ ഡിസംബര്‍ ഒമ്പതിന് സൗരാഷ്ട്ര-കച്ച് മേഖലയിലെ 89 മണ്ഡലങ്ങളാണ് പോളിങ്ബൂത്തിലെത്തുന്നത്. 33 ജില്ലകളിലെ 19 ജില്ലകളിലാണ് ഈ മണ്ഡലങ്ങള്‍. രണ്ടാം ഘട്ടത്തില്‍ 14 ജില്ലകളിലെ 93 മണ്ഡലങ്ങള്‍ വോട്ടു രേഖപ്പെടുത്തും. ആദ്യഘട്ടത്തിലെ ജനവിധിയില്‍ കച്ചാണ് ഏറ്റവും വലിയ പ്രദേശം. സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയും കച്ച് തന്നെ. ഉപ്പുപാടങ്ങളും ചതുപ്പും നിറഞ്ഞ ഇവിടെ ആറു സീറ്റുകളാണ് ഉള്ളത്. അതേസമയം, സൂറത്ത് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത്. 16 മണ്ഡലങ്ങള്‍. വിജയ് രൂപാണിയുടെ രാജ്‌കോട്ട് മേഖലയാണ് തൊട്ടുപിന്നില്‍; എട്ട് മണ്ഡലങ്ങള്‍. രണ്ടാം ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം അഹമ്മദാബാദ് തന്നെ. 14 മണ്ഡലങ്ങളാണ് മധ്യ ഗുജറാത്തില്‍ സ്ഥിതി ചെയ്യുന്ന തലസ്ഥാനത്തിന് ചുറ്റുമുള്ളത്. മോദി ജനവിധി തേടിയ വഡോദര ലോക്‌സഭാ മണ്ഡലത്തിന് ചുറ്റും പത്ത് മണ്ഡലങ്ങളാണ് ഉള്ളത്.
2012ല്‍ പെട്ടിയില്‍ വീണ വോട്ടുകള്‍
2012ല്‍ സൗരാഷ്ട്ര, കച്ച്, തെക്കന്‍ ഗുജറാത്ത് മേഖലകളില്‍ ബി.ജെ.പിക്കായിരുന്നു മുന്‍തൂക്കം. കോണ്‍ഗ്രസ് താരതമ്യേന വടക്കന്‍, മധ്യമേഖലയിലാണ് പിടിച്ചുനിന്നത്. സൗരാഷ്ട്രയിലെ 48 സീറ്റില്‍ ബി.ജെ.പി 33 ഇടത്തും കോണ്‍ഗ്രസ് 13 ഇടത്തുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി മൂന്നിടത്ത് ജയം കണ്ടു.
കച്ചിലെ ആറു സീറ്റില്‍ അഞ്ചും നിലവില്‍ ബി.ജെ.പിക്കൊപ്പമാണ്. തെക്കന്‍ ഗുജറാത്തിലെ 28 മണ്ഡലങ്ങളില്‍ 22 സീറ്റും ബി.ജെ.പിക്കൊപ്പം നിന്നു. ഇതില്‍ വ്യാപാര കേന്ദ്രമായി സൂറത്തിലെ 12 മണ്ഡലങ്ങളും ഉള്‍പ്പെടും. കച്ചില്‍ ഒന്നും തെക്കന്‍ ഗുജറാത്തില്‍ ആറും സീറ്റു കൊണ്ട് കോണ്‍ഗ്രസ് തൃപ്തിപ്പെട്ടു. വടക്കന്‍-മധ്യ ഗുജറാത്താണ് കോണ്‍ഗ്രസ് ശക്തികേന്ദ്രം. ഇവിടെയുള്ള 61 സീറ്റില്‍ 41 ഇടത്തും ജയിച്ചത് കോണ്‍ഗ്രസാണ്.
വോട്ട് നഗരത്തിലും ഗ്രാമത്തിലും
നഗര മേഖലയില്‍ കൃത്യമായി ബി.ജെ.പിക്കു തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ ഗ്രാമീണ-ഗോത്ര മേഖലകളില്‍ കോണ്‍ഗ്രസിന് സ്വാധീനമുണ്ട്. 2012ല്‍ നഗര മേഖലയിലെ 59.5 വോട്ടുകളാണ് ബി.ജെ.പിക്കു കിട്ടിയത്. കോണ്‍ഗ്രസിന് ലഭിച്ചത് 32.8 ശതമാനം വോട്ട്. അഹമ്മദാബാദ്, വഡോദര, സൂറത്ത് എന്നിവിടങ്ങളില്‍ സമ്പൂര്‍ണ മേല്‍ക്കൈ ബി.ജെ.പിക്കായിരുന്നു. ഇവിടങ്ങളില്‍ മാത്രം 40 സീറ്റുകളാണ് ഉള്ളത്. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം. കോണ്‍ഗ്രസിന് 42.9 ശതമാനം വോട്ടുവിഹിതം ലഭിച്ചപ്പോള്‍ ബി.ജെപിക്ക് ലഭിച്ചത് 42.1 ശതമാനം. റൂറല്‍ മേഖലയില്‍ കോണ്‍ഗ്രസ് 49 ഇടത്തും ബി.ജെ.പി 44 ഇടത്തും വിജയിച്ചു. 2012ല്‍ ബി.ജെ.പിയുടെ മൊത്തം വോട്ടുവിഹിതം 48 ശതമാനമാണ്. അതില്‍ 60 ശതമാനവും ലഭിച്ചത് നഗരമേഖലയില്‍നിന്ന്. കോണ്‍ഗ്രസിന്റെ മൊത്തം വോട്ടുവിഹിതം 40.5 ശതമാനമാണ്.
മൊത്തം 182ല്‍ 69 മണ്ഡലങ്ങളില്‍ അമ്പത് ശതമാനത്തിലേറെ നഗര ജനസംഖ്യയുണ്ട്. 2011ലെ സെന്‍സസ് പ്രകാരം അതിവേഗം നഗരവത്കരണം നടന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലൊന്ന് ഗുജറാത്താണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ 43 ശതമാനവും വസിക്കുന്നത് നഗരത്തിലാണ്.
സൗരാഷ്ട്ര തീരുമാനിക്കും
സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഗതിയെ നിര്‍ണയിക്കാന്‍ ശേഷിയുള്ളതാണ് സൗരാഷ്ട്ര-ദക്ഷിണ ഗുജറാത്ത് പ്രദേശങ്ങള്‍. പട്ടീദാറുമാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മേഖല കൂടിയാണിത്. ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടേല്‍ സംവരണ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു ഇവിടം. മേഖലയിലെ 60 മണ്ഡലങ്ങളില്‍ വിധി നിര്‍ണയിക്കുക പട്ടേല്‍ വോട്ടുകളായിരിക്കും.
പട്ടേലുകള്‍ക്കിടയില്‍ ഒന്നിലധികം ഉപജാതികളുണ്ട്. ഘട്‌വ, ലേവ, ചൗധരി, അജ്ഞന എന്നിങ്ങനെ. ഈ നാലു ജാതികളും ഗുജറാത്തില്‍ പടര്‍ന്നു കിടക്കുന്നുണ്ട്. സൗരാഷ്ട്രയില്‍ ഇവരുടെ സാന്ദ്രത കൂടുതലും. ഹര്‍ദികിന്റെ നേതൃത്വത്തില്‍ ഇവിടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട റാലികളില്‍ വന്‍ ആള്‍ക്കൂട്ടമാണ് ഉണ്ടായിരുന്നത്. ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സൗരാഷ്ട്രയില്‍ ഇത്തവണ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്ന് തീര്‍ച്ചയാണ്. ഹര്‍ദികിന്റെ റാലിക്കെത്തിയ ആള്‍ക്കൂട്ടം മുഴുവന്‍ വോട്ടാകില്ലെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. പട്ടേല്‍ വോട്ടുകള്‍ പിടിക്കാനായി ഒരു പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. നിതിന്‍ പട്ടേലിനെയാണ് ഇതിനായി കണ്ടുവെച്ചിട്ടുള്ളത്. ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ രജ്പുത് വോട്ടുകളില്‍ കണ്ണുവെച്ച് ബി.ജെ.പി സമാന തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. രജ്പുത് വിഭാഗക്കാരനായ പ്രേംകുമാര്‍ ധുമലിനെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ഗുജറാത്തിലെ ആദ്യഘട്ടമായ നവംബര്‍ ഒമ്പതിനാണ് ഹിമാചലിലെ ജനവിധി.