X

ലോകാനുഗ്രഹത്തിന്റെ പുണ്യജന്മം

 

ലോകത്തിന്നറിയപ്പെട്ട നേതാക്കളിലും ജേതാക്കളിലുംവെച്ച് ഏറ്റവും ബഹുമാന്യനായ വ്യക്തിയും ഉന്നതമായ സ്വഭാവവിശേഷത്തിന്റെ ഉടമയുമായിരുന്നു പ്രവാചകന്‍ (സ). വര്‍ത്തമാന കാലത്തും അതിനുമുമ്പും ഒരു ഭരണകര്‍ത്താക്കളിലും വിധികര്‍ത്താക്കളിലും കാണാന്‍ കഴിയാത്തതരം നീതിയും ഉന്നതമായ സ്വഭാവവിശേഷണവും ഉയര്‍ന്ന സഹിഷ്ണുതാമനോഭാവവും ആ ജീവിതത്തിലെങ്ങും ദര്‍ശിക്കാന്‍ ലോകത്തിനു സാധിച്ചിട്ടുണ്ടെന്ന് മാത്രമല്ല ചരിത്രത്തിന്റെ യാഥാര്‍ത്ഥ്യത്തിലൂടെ സഞ്ചരിച്ച് മനുഷ്യജീവിതത്തിന്റെ നിഖില മേഖലകളില്‍ സ്വാധീനം ചെലുത്താനും സാധിച്ചൊരു വ്യക്തി നബി(സ) യെപ്പോലെ മറ്റൊരാളും ഇന്ന് ലോകത്ത് അറിയപ്പെട്ടിട്ടുമില്ല.
തികച്ചും സത്യസന്ധമായിരുന്നു നബി (സ) യുടെ ജീവിതം. അതുകൊണ്ടാണ് ശത്രുക്കള്‍ പോലും നബിയെ ‘അല്‍ അമീന്‍’ (വിശ്വസ്തന്‍) എന്നു വിളിച്ചു പോന്നത്. ഖുര്‍ആന്‍ മനുഷ്യരാശിയോട് എന്താണോ കല്‍പിച്ചതും നിരോധിച്ചതും അത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും ജീവതത്തില്‍ പകര്‍ത്തുകയും ചെയ്തു നബി. നബി (സ) യുടെ ജീവിതം പുറംലോകത്ത് അറിയപ്പെടുന്നതിനേക്കാള്‍ വിശുദ്ധനായും വിനീതനായും കുടുംബജീവിതത്തിലും അല്ലാത്തപ്പോഴും അറിയപ്പെട്ടു. അറുപത്തിമൂന്ന് വര്‍ഷകാലത്തെ സത്യസന്ധമായ ജീവിതത്തിനിടയില്‍ വിമര്‍ശിക്കപ്പെടേണ്ടതായ യാതൊരു കാര്യവും നബിയില്‍ നിന്നും ദര്‍ശിക്കാന്‍ ചരിത്രത്തിന് സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.
ശത്രുക്കളാല്‍ കൊടിയ പീഡനങ്ങള്‍ സഹിച്ചൊരു നേതാവായിരുന്നു നബി(സ). വിശപ്പടക്കാന്‍ പച്ചിലകള്‍ തിന്നും അന്തിയുറങ്ങാനൊരു കൊച്ചു കൂരയില്ലാതെയും ദിവസങ്ങളോളം മുഴുപ്പട്ടിണിയിലുമായി കഴിഞ്ഞുകൂടിയിരുന്ന പ്രവാചകര്‍ക്കുനേരെ പലപ്പോഴായി വധശ്രമങ്ങള്‍ വരെ നടന്നിട്ടുണ്ട്. പ്രബോധന ദൗത്ത്യങ്ങള്‍ക്കിടയില്‍ പതിമൂന്ന് പ്രാവശ്യമെങ്കിലും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചരിത്രത്തില്‍ കാണാം.
വിമര്‍ശിക്കപ്പെടാന്‍ ഒന്നുമില്ലെന്നിരിക്കെ നീതിമാനും സത്യസന്ധനുമായ നബി(സ) കുടുംബജീവിതത്തെയായിരുന്നു എക്കാലത്തും ചിലര്‍ വിമര്‍ശിക്കപ്പെട്ടിരുന്നത്. ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിച്ചുവെന്നതായിരുന്നു ആ വിമര്‍ശകരുടെ പ്രധാനാരോപണങ്ങളില്‍ ഒന്ന്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെല്ലാം വെറുതെയായിരുന്നുവെന്ന് ലോകം മുഴുക്കെ സമ്മതിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളില്‍ ഒന്നാണ് ബഹുഭാര്യത്വം കുറ്റമായി കണക്കാക്കുന്ന ബ്രിട്ടനില്‍ നിന്നും ഈയടുത്തായി വന്ന റിപ്പോര്‍ട്ട്. നിയമാനുസൃതമായി ഒന്നിലേറെ ഭാര്യമാര്‍ ഉള്ളവര്‍ക്ക് പ്രത്യേകാനുകൂല്യം നല്‍കുമെന്ന് സര്‍ക്കാര്‍ അവിടെ പ്രഖ്യാപിച്ചിരിക്കുന്നു. ഓറിലിയന്റിലിസ്റ്റുകളും പാശ്ചാത്യരും നബി (സ) യുടെ വൈവാഹിക ജീവിതത്തിനെതിരെ എഴുതിവിട്ട നുണക്കഥകള്‍ക്കും അനുമാനങ്ങള്‍ക്കും സത്യത്തിന്റെയും ചരിത്രയാഥാര്‍ത്ഥ്യങ്ങളുടെയും നേരിയ പിന്തുണ പോലും ഇല്ലെന്നിരിക്കെ നബി(സ) വിവാഹം കഴിച്ച സഹധര്‍മിണിമാരെല്ലാം ആ ജീവിതത്തില്‍ നൂറു ശതമാനവും സംതൃപ്തരായിരുന്നുവെന്ന് മാത്രമല്ല, വിവാഹം കഴിച്ചവരില്‍ അധികവും വിധവകളോ ആരാരും സംരക്ഷിക്കാനില്ലാത്തവരോ സത്യവിശ്വാസത്തിലേക്ക് കടന്നുവന്നതിനാല്‍ ഒറ്റപ്പെട്ടവരോ ആയിരുന്നുവെന്ന് കാണാന്‍ കഴിയുന്നൊരു പരമാര്‍ത്ഥമാണ്. വിധവകളെയും നിരാലംബരെയും വിവാഹം കഴിച്ച് അവരുടെ സംരക്ഷണം ഏറ്റെടുത്ത് ലോകത്തിനു മുമ്പില്‍ മാതൃക കാണിക്കുകയാണ് ആ നേതാവ് ചെയ്തത്.
കുടുംജീവിതവത്തില്‍ മാത്രമല്ല വ്യാപാര രംഗത്തും നബി(സ) സൃഷ്ടിച്ചെടുത്ത വിപ്ലവകരമായ മാറ്റം ലോകത്തിലിന്നും മങ്ങാതെ ശോഭിച്ചുകൊണ്ടിരിക്കുന്നു. സാമ്പത്തിക രംഗത്തെ ചൂഷണത്തെയും പലിശ സമ്പ്രദായത്തെയും അതിനിശിതമായി വിമര്‍ശിച്ച റസൂല്‍ (സ) യുടെ സാമ്പത്തിക നയങ്ങളെ ലോകമൊട്ടുക്കുമിന്ന് ചര്‍ച്ച ചെയ്യപ്പെടുകയാണെന്ന് നോബല്‍ സമ്മാന ജേതാവായ അമര്‍ത്യസെന്നും ഒരിക്കല്‍ പറയുകയുണ്ടായി.
ഭരിക്കുമ്പോഴും മരിക്കുമ്പോഴും സ്വന്തമായി ഒന്നുമുണ്ടായിരുന്നില്ല. കൊട്ടാരവും കിരീടവും ചെങ്കോലുമില്ലാതെ രാജ്യം ഭരിച്ചുപോന്ന നബി (സ)ക്ക് കിടന്നുറങ്ങാന്‍ പറ്റിയൊരു വീടുപോലുമുണ്ടായിരുന്നില്ല. പ്രഗത്ഭ ചരിത്രകാരനായ ജോണ്‍ ഡേവന്‍പോര്‍ട്ട് ഒരിക്കല്‍ ഇങ്ങനെ എഴുതി: ‘മുഹമ്മദിന്റെ ഔദാര്യത്തിന്റെ വ്യക്തമായ തെളിവ് മരണാവസരത്തില്‍ അദ്ദേഹം ഒരു ചില്ലിക്കാശുപോലും ബാക്കിവെച്ചില്ല എന്നതുതന്നെ’. ധര്‍മ്മബോധവും ഉദാരതയും ആ ജീവിതത്തില്‍ മറ്റെല്ലാത്തിനേക്കാളും മികച്ചു നിന്നു. ഒരിക്കല്‍ ചിലര്‍ വന്നു വല്ലതും തരണമെന്ന് പറഞ്ഞപ്പോള്‍ ഒരു മലഞ്ചെരുവ് നിറയെ ഒട്ടകങ്ങളും ആടുകളും അവര്‍ക്ക് നല്‍കി. ഈ ഔദാര്യ മനഃസ്ഥിതിയില്‍ ധാരാളം ആളുകള്‍ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
ഉന്നതമായ സ്വഭാവ വിശേണങ്ങളെക്കൊണ്ട് ശ്രേഷ്ഠനായിത്തീര്‍ന്ന നബിയുടെ ജീവിതം വളരെ പ്രയാസപ്പെട്ടതായിരുന്നു. പ്രയാസങ്ങള്‍ വരുമ്പോഴൊക്കെ അത്ഭുതകരമായ ക്ഷമ കൈക്കൊണ്ടും പ്രതാപങ്ങള്‍ തേടി വരുമ്പോള്‍ ലളിതമായ ജീവിതം നയിച്ചും പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും നടുവില്‍ മനക്കരുത്ത് പ്രകടിപ്പിച്ചും പരസ്പരം ഏറ്റുമുട്ടുന്നവര്‍ക്കിടയില്‍ സന്ധി സംഭാഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ആ ജീവിതം ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.
ലോക ചരിത്രത്തിലെ സുപ്രസിദ്ധ അധ്യായങ്ങളില്‍ ഒന്നായാണ് ഹുദൈബിയ്യയില്‍ വെച്ച് ഖുറൈശികളുമായി നടത്തിയ ‘ഹുദൈബിയ സന്ധി’ അറിയപ്പെടുന്നത്. നബി (സ)യുടെ നയതന്ത്രജ്ഞതയും ദീര്‍ഘവീക്ഷണവും ആദ്യന്തം പ്രതിഫലിച്ചുകാണുന്നൊരു സംഭവമായിരുന്നു അത്. മക്കാവിജയത്തോളമെത്തിയ ആ സന്ധി വ്യവസ്ഥകള്‍ക്ക് നേതൃത്വം നല്‍കിയ നബിയോട് ആ വ്യവസ്ഥകളുടെ മുഖവുരയില്‍ എഴുതിച്ചേര്‍ത്ത അല്ലാഹുവിന്റെ വിശേഷണങ്ങളായ ‘റഹ്മാന്‍’ ‘റഹീം’ എന്നതും അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ് എന്നതും വെട്ടിക്കളയണമെന്ന് ഖുറൈശി പക്ഷത്തെ നേതാവായിരുന്ന സുഹൈല്‍ ആവശ്യപ്പെട്ടപ്പോള്‍ വലിയൊരു ലക്ഷ്യ പ്രാപ്തിക്കുവേണ്ടി ഏതറ്റവും ക്ഷമിക്കാനും വിട്ടുവീഴ്ച്ചചെയ്യാനും തയ്യാറായ നബി (സ) അങ്ങിനെ ചെയ്യാന്‍ അലി (റ) നോട് കല്‍പ്പിച്ച്് ലോകത്തിനു മുമ്പില്‍ എന്നെന്നേക്കുമുള്ളൊരു മാതൃകാപുരുഷനായി. എന്നാല്‍ അലി (റ) അതിനുവിസമ്മതിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് പേന വാങ്ങി മഹാനായ പ്രവാചകന്‍ തന്റെ സ്വന്തം കൈകൊണ്ട് ആ വാചകങ്ങളെല്ലാം വെട്ടിമാറ്റിയെന്ന് മാത്രമല്ല സന്ധിയെ കളങ്കപ്പെടുത്തുന്നതോ ലംഘിക്കുന്നതോ ആയ യാതൊന്നും അനുയായികളില്‍ നിന്നും ഉണ്ടാകാതിരിക്കാന്‍ ആദ്യാവസാനം വരെ കാത്തുസൂക്ഷിക്കുകയും ചെയ്തു. ഖുറൈശി പക്ഷത്തുനിന്നും സന്ധി വ്യവസ്ഥകള്‍ തയ്യാറാക്കിയിരുന്ന സുഹൈലിന്റെ പുത്രന്‍ അബൂജന്‍ദല്‍ (റ) മക്കയില്‍വെച്ച് ഇസ്‌ലാംമതം സ്വീകരിച്ചപ്പോള്‍ ശത്രുപക്ഷക്കാര്‍ അദ്ദേഹത്തെ ചങ്ങലയില്‍ ബന്ധിച്ചു. ഹിജറ പോകാന്‍ അനുവദിക്കാതെ മക്കയില്‍ തടഞ്ഞുനിര്‍ത്തിയിട്ടിരിക്കുകയായിരുന്നു അദ്ദേഹത്തെ. കാലില്‍ കുരുക്കിട്ട ചങ്ങലയുമായി വേച്ചു വേച്ചു മുസ്‌ലിംകളുടെ താവളങ്ങളില്‍ അഭയം ലഭിക്കാനായി വന്ന അദ്ദേഹത്തോട് നബി (സ) പറഞ്ഞു: ‘പ്രതിഫലം പ്രതീക്ഷിച്ച് ക്ഷമിക്കുക. താങ്കള്‍ക്കും താങ്കളുടെ കൂടെയുള്ള ദുര്‍ബലര്‍ക്കും അല്ലാഹു രക്ഷാമാര്‍ഗം ഉണ്ടാക്കിത്തരുന്നതാണ്. ഖുറൈശികളുമായി നാം സന്ധിയിലേര്‍പ്പെട്ടു. അവര്‍ക്ക് വാക്കുനല്‍കിക്കഴിഞ്ഞു. ഇനി അതു ലംഘിച്ചുകൂടാ’. എന്നാല്‍ ശത്രുക്കള്‍ സന്ധി വ്യവസ്ഥയിലെ പലതും ലംഘിക്കുകയും പ്രവാചകനും അനുയായികള്‍ക്കുമെതിരില്‍ പലതരം അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തുകൊണ്ട് അവരുടെ തനിനിറം വെളിവാക്കുകയും ചെയ്‌തെങ്കിലും ധാരാളം ആളുകള്‍ക്ക് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് അറിയാനും തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും ഈ സന്ധി മുഖേന സാധിച്ചു.
ജാതിയുടെയും നിറത്തിന്റെയും വംശീയതയുടെയും പേരില്‍ മനുഷ്യര്‍ പരസ്പരം കൊന്നും കൊണ്ടും കൊലവിളിയായി നടക്കുമ്പോഴാണ് മക്കയില്‍ നബി ഭൂജാതനാകുന്നതെന്ന് ഓര്‍ക്കണം. തൊലി കറുത്തതിന്റെ പേരില്‍ ഒരേ പാത്രത്തില്‍ നിന്ന് ഉണ്ണാന്‍ വിസമ്മതിച്ചൊരു ജനതക്കിടയില്‍ നബി മനുഷ്യ സാഹോദര്യത്തിന്റെയും മഹത്വത്തിന്റെയും സന്ദേശങ്ങള്‍ ഓതിക്കേള്‍പ്പിച്ചു. മക്ക വിജയനാളില്‍ വിശുദ്ധ ആരാധനാഗേഹമായ കഅ്ബയുടെ ഉത്തുംഗതയില്‍ കയറി ബാങ്കു വിളിക്കാന്‍ കറുകറുത്ത നീഗ്രോ ബിലാലിനേട് നബി ആവശ്യപ്പെട്ടു. വിശുദ്ധമായ കഅ്ബയുടെ നെറുകില്‍ ബാങ്ക് വിളിക്കാനായി ബിലാല്‍ കയറി നിന്നപ്പോള്‍ അഭിമാനികളായ ചില അറബികള്‍ ‘ഓ, ഈ കറുത്ത നീഗ്രോ അടിമക്ക് നാശം! അയാളതാ നമ്മുടെ പരിശുദ്ധ കഅ്ബയുടെ മുകളില്‍ കയറി നില്‍ക്കുന്നു’ എന്നിങ്ങനെ വിളിച്ചുപറഞ്ഞു. അപ്പോള്‍ നബി അവരോടിങ്ങനെ ഓതിക്കേള്‍പ്പിച്ചു. ‘മനുഷ്യ സമുദായമേ, നിങ്ങളെ ഞാന്‍ ഒരു പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നും സൃഷ്ടിച്ചു. നിങ്ങളെ ഞാന്‍ വ്യത്യസ്ഥ ഗോത്രങ്ങളും വിഭാഗങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. ദൈവത്തിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ഏറ്റവും കൂടുതല്‍ ദൈവ ഭയമുള്ളവനത്രേ’.
നബിയുടെ ഈ പ്രഖ്യാപനത്തിലൂടെ വെളുവെളുത്ത സല്‍മാനുല്‍ ഫാരിസി (റ) കറുകറുത്ത ബിലാല്‍ (റ) ഒരേ പാത്രത്തില്‍ നിന്ന് ഉണ്ണാനും പണിക്കാരനായ സെയ്ദ് പണക്കാരാനായ അബ്ദുറഹിമാനുബ്‌നു ഔഫും തോളോടു തോളുരുമ്മി പ്രാര്‍ത്ഥിച്ചുവെന്ന് മാത്രമല്ല കലര്‍പ്പില്ലാത്ത ശുദ്ധ അറബികള്‍ തങ്ങളുടെ വെളുവെളുത്ത പെണ്‍മക്കളെ കറുകറുത്ത ബിലാലിന് വിവാഹം ചെയ്തുകൊടുക്കാന്‍ വരെ തയ്യാറായി.
പ്രവാചകന്‍ ഒരിക്കലും യുദ്ധങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. സത്യവിശ്വാസത്തിനും അവ പ്രചരിപ്പിക്കുന്നതിനും മുമ്പില്‍ ശത്രുക്കള്‍ നിരന്തരം തടസ്സങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ മാത്രമാണ് അനുയായികളോട് യുദ്ധത്തിന് പ്രേരിപ്പിച്ചത്. അനുരഞ്ജന ശ്രമങ്ങള്‍ നിരന്തരം പരാജയമടഞ്ഞപ്പോള്‍ ആത്മരക്ഷാര്‍ത്ഥം ചുറ്റുപാടുകളും സാഹചര്യങ്ങളും നബിയെ യുദ്ധക്കളത്തിലേക്ക് വലിച്ചിഴച്ചു. യുദ്ധ തന്ത്രങ്ങളിലാകെ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ വരുത്തിയ നബിയുടെ കൊടിക്കു കീഴില്‍ അറേബ്യന്‍ ഉപദ്വീപ് ഒന്നടങ്കം അണിനിരന്നു. വളരെ തുച്ഛമായ ആളുകള്‍ മാത്രമാണ് നബി നയിച്ച യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടത്. നേര്‍ക്കുനേരെയുള്ള യുദ്ധങ്ങളായിരുന്നു നയിച്ചിരുന്നത്. നിരപരാധികളെയും കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കുകയോ പരിധി ലംഘിക്കുകയോ ചെയ്തിരുന്നില്ല. പ്രവാചകന്‍ നേരിട്ടുനയിച്ച യുദ്ധങ്ങള്‍ 27യും സഹാബികള്‍ നയിച്ച യുദ്ധങ്ങള്‍ 47 യുമായിരുന്നു. ഇതില്‍ പ്രവാചകന്‍ നയിച്ച യുദ്ധങ്ങളില്‍ 8 എണ്ണത്തില്‍ മാത്രമാണ് സായുധ ഏറ്റുമുട്ടലുകള്‍ ഉണ്ടായത്. പ്രവാചകനും അനുയായികളും നടത്തിയ ഈ യുദ്ധങ്ങളില്‍ 259 മുസ്‌ലിംകളും 759 മറ്റുള്ളവരും ഉള്‍പ്പെടെ 1018 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. പ്രവാചകനും അനുയായികളും കൂടി നയിച്ച ഈ 74 യുദ്ധങ്ങളില്‍ നിന്ന് ലോകം മനസ്സിലാക്കുന്നത് മനുഷ്യരെ കൊന്നൊടുക്കലല്ല ഇസ്‌ലാമികയുദ്ധങ്ങളുടെ ലക്ഷ്യമെന്നതാണ്.

chandrika: