ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഉദ്യോഗ നിയമനങ്ങള്‍ക്ക് മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാന്‍ മന്ത്രിസഭ എടുത്ത തീരുമാനം ഭരണഘടനാവിരുദ്ധമാണ്. പട്ടിക ജാതികള്‍ക്കും പട്ടിക വര്‍ഗങ്ങള്‍ക്കും അവരുടെ വിഭാഗങ്ങളില്‍പെടുന്നതുകൊണ്ടും സംവരണാനുകൂല്യം ലഭിക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക വിഭാഗത്തില്‍പെട്ട പൗരന്മാര്‍ക്കാര്‍ക്കാണ് സംവരണാനുകൂല്യം വ്യവസ്ഥ ചെയ്തിരിക്കുന്നത്. സാമ്പത്തിക സംവരണം ഭരണഘടന ഒരിടത്തും ഒരു സൂചന പോലും നടത്തിയിട്ടില്ല. നിരവധി സുപ്രീം കോടതി വിധികള്‍ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു. യു.പി.എ ഭരണത്തിന്റെ അവസാന കാലത്ത് ജാട്ടുകളടക്കമുള്ള ഉന്നത സമുദായങ്ങള്‍ക്ക് സംവരണം നല്‍കാന്‍ നിയമം കൊണ്ടുവന്നപ്പോള്‍ അത് സുപ്രീം കോടതി റദ്ദാക്കുകയുണ്ടായി. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച 10 ശതമാനം സാമ്പത്തിക സംവരണവും മുന്‍ പ്രധാനമന്ത്രി നരസിംഹറാവു പ്രഖ്യാപിച്ച സാമ്പത്തിക സംവണവും നടപ്പാക്കാനിയില്ല. മണ്ഡല്‍ കേസില്‍ വിധി പ്രഖ്യാപിച്ച ഒമ്പതംഗ ഭരണഘടന ബെഞ്ച് സാമ്പത്തിക സംവരണം ഭരണഘടന വിരുദ്ധമാണെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
മതിയായ പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വീസില്‍ ലഭ്യമാക്കാനാണ് സംവരണം കൊണ്ട്‌വരുന്നത്. ഇത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയല്ല. സംവരണ വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ ദാരിദ്ര്യം നിലനില്‍ക്കുന്നത്. നൂറ്റാണ്ടുകളായി, അല്ല സഹസ്രാബ്ദങ്ങളായി സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ടവരാണവര്‍. അവരെ ഭരണത്തില്‍ പങ്കാളികളാക്കുക എന്നതാണ് സംവരണത്തിന്റെ ഉദ്ദേശ്യം. മുന്‍ പ്രധാന മന്ത്രി വി.പി സിങ് ഒരിക്കല്‍ പറഞ്ഞത് പോലെ ജാതിയുടെപേരിലാണ് ഇവരെ പുറമ്പോക്കിലേക്കു വലിച്ചെറിഞ്ഞത,് ജാതിയുടെ പേരില്‍ തന്നെ ഇവരെ പൊതു ധാരയില്‍ കൊണ്ടുവരണം. ഇന്ത്യയില്‍ സംവരണത്തിന്റെ അടിസ്ഥാനതത്വം സാമ്പത്തികമല്ല എന്ന് അറിയാത്തവരല്ല സി.പി.എം നേതാക്കള്‍. ബ്രാഹ്മണ കമ്മ്യൂണിസം എന്ന പേരില്‍ എസ്.കെ ബിശ്വാസിന്റെ ഒരു പുസ്തകമുണ്ട്. അതില്‍ പറയുന്നത് ഒരുകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യ തലത്തില്‍ നേതൃനിരയില്‍ സവര്‍ണ്ണര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. കേരളത്തിലെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. അവര്‍ക്കുമാത്രമേ പ്രവേശനമുണ്ടായിരുന്നു. ഗൗരിയമ്മക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതും ജാതിയുടെ പേരിലായിരുന്നു എന്ന സംശയത്തിന് ശരിയായ ഉത്തരം നല്‍കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിയുടെ മധ്യനിര നേതാവായിരുന്ന നാരായണന്‍ എസ്.എന്‍.ഡി.പി യോഗത്തിന് പോയതിന്റെ പേരില്‍ പുറത്ത് നിര്‍ത്തിയ ചരിത്രവുമുണ്ട്. അന്നത്തെ പാര്‍ട്ടിയുടെ സവര്‍ണ്ണ മനോഭാവത്തിന്റെ ലക്ഷണങ്ങളിലൊന്നാണിത്. അച്യുതാന്ദന്‍ മുഖ്യമന്ത്രിയായതിന് ശേഷം നേതൃനിരയില്‍ സവര്‍ണ്ണ മേധാവിത്വത്തിനന്ത്യം വന്നുവെങ്കിലും ഇപ്പോഴും സവര്‍ണ്ണര്‍ക്കുമുമ്പില്‍ പാര്‍ട്ടി വണങ്ങുന്നതായാണ് കാണുന്നത്. അതിന്റെ ഉദാഹരണങ്ങളിലൊന്നാണല്ലോ ദേവസ്വം ബോര്‍ഡിലെ മുന്നോക്ക സംവരണം.
എന്തിനാണ് ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സംവരണം? മതിയായ പ്രാതിനിധ്യമില്ലാത്തവര്‍ക്കാണ് ഭരണ ഘടന സംവരണം വ്യവസ്ഥചെയ്യുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉദാഹരണമെടുക്കാം. ബോര്‍ഡിന്റെ ഭരണ വിഭാഗത്തിലെ എല്‍.ഡി ക്ലര്‍ക്കു മുതല്‍ ചീഫ് എഞ്ചിനീയറും കമ്മീഷണറും സെക്രട്ടറിയും അടക്കം ഈ വിഭാഗത്തില്‍ 1700 ഓളം ഉദ്യോഗസ്ഥരാണ് ഉള്ളത്. അതില്‍ 200 താഴെ ഉദ്യോഗസ്ഥര്‍ മാത്രമാണ് പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍. പട്ടികജാതി വര്‍ഗങ്ങളില്‍പെടുന്നവര്‍ ആരുമില്ല. പിന്നെയെന്തിനാണ് മുന്നോക്കക്കാര്‍ക്ക് സംവരണം. മുഴുവന്‍ നിയമനവും മുന്നോക്കാര്‍ക്കു എന്നങ്ങനെ നേരെചൊവ്വേ പറഞ്ഞാല്‍ പോരെ.
സി.പി.ഐ ഇല്ലാത്ത ക്യാബിനറ്റില്‍വെച്ച് പാസാക്കിയതാകാം എന്നാദ്യം പലരും കരുതി. എന്നാല്‍ സി.പി.ഐ നേതാക്കാളും ഇതിനെ അനുകൂലിച്ചു എന്നറിഞ്ഞപ്പോള്‍ ഖേദം തോന്നി. ഇത്രയുംകാലം അവരുടെ പ്രഗത്ഭരായ നേതാക്കന്മാര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് കടകവിരുദ്ധമായ നയമാണ് ഇപ്പോള്‍ സി.പി.ഐയില്‍ നിന്നുണ്ടായത്. ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണം സംബന്ധിച്ച തീരുമാനിച്ച മുഖ്യമന്ത്രി ഇത് ഏര്‍പ്പെടുത്തുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്ന് പറയുകയുണ്ടായി. മൊത്തത്തിലുള്ള സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡംകൊണ്ടുവരാന്‍ ഒരുപക്ഷെ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നുണ്ടാവും. കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ മുഖ്യമന്ത്രി ഇ.എം.എസ് ഗവണ്‍മെന്റ് രൂപീകരിച്ച ഭരണ പരിഷ്‌കാര കമ്മിറ്റി പിന്നാക്ക വഭാഗങ്ങളിലെ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരെ ഒഴിവാക്കണം, ആസമുദായത്തിലെ പാവപ്പെട്ടവര്‍ക്കായിരിക്കണം സംവരണം നല്‍കേണ്ടത്, ഉയര്‍ന്ന ശമ്പളമുള്ള ജോലികളില്‍ സംവരണം പാടില്ല, പട്ടികജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് വേണമെങ്കില്‍ സംവരണം തുടരാം ഇതൊക്കെയായിരുന്നു പ്രസ്തുത കമ്മിറ്റിയുടെ ശിപാര്‍ശകള്‍.
ഈ ശിപാര്‍ശകള്‍ക്കെതിരെ ഏറ്റവും ശക്തമായി നിലപാടുമായി വന്നത് കേരള കൗമുദി പത്രാധിപര്‍ കെ.സുകുമാരനായിരുന്നു. 1958 സെപ്തംബര്‍ 21 ന് കുളത്തൂര്‍ ശ്രീ നാരയണ സ്മാരക വായനാശലയുടെ വാര്‍ഷികവും ഗുരുദേവ സമാധിദിനവും ആചരിക്കാന്‍ സംഘടിപ്പിച്ച മഹാ സമ്മേളത്തില്‍ കെ.സുകുമാരന്‍ ആഞ്ഞടിച്ചു. ആ യോഗം ഉദ്ഘാടനം ചെയ്തത് ഇ.എം.എസ് ആയിരുന്നു. പ്രസ്തുത പ്രസംഗത്തിലെ പ്രസ്‌കത ഭാഗങ്ങള്‍ ശ്രദ്ധേയമാണ്: ‘കമ്മിറ്റിയുടെ ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ അത് ഞാന്‍ പല പ്രവശ്യം മറിച്ചും തിരിച്ചും നോക്കി. ഒരു ഈഴവന്‍ അതിലുണ്ടോ എന്ന് കണ്ട്പിടിക്കാന്‍. മാളവ്യ ഈഴവനായിരിക്കുമെന്ന് ഞാന്‍ സംശയിച്ചു. ഒടുവില്‍ ആ സംശയം തീര്‍ന്നു. ഒരു കോടി മുപ്പത്താറു ലക്ഷം ജനങ്ങളുള്ള കേരളത്തില്‍ മുപ്പത്തേഴ് ലക്ഷത്തോളം വരുന്ന ഈഴവരില്‍ നിന്നോ ഇരുപത്തിയഞ്ച് ലക്ഷം വരുന്ന മുസ്‌ലിംകളില്‍ നിന്നോ ഇരുപത് ലക്ഷം വരുന്ന പട്ടിക ജാതിക്കാരില്‍ നിന്നോ ഞാന്‍ ആരെയും കണ്ടില്ല. തൊട്ടുകൂടാത്തവര്‍ തീണ്ടി കൂടത്തവര്‍, ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളവരെ കൂട്ടിയാല്‍ കാര്യക്ഷമതയുടെ കുത്തകക്കരായ ആ സവര്‍ണ്ണരുടെ കമ്മിറ്റി മുഴുവന്‍ അയിത്തത്തിനടിപ്പെട്ടുപോകുമെന്ന് മറ്റുള്ളവര്‍ക്ക് തോന്നത്തക്കവിധമായിരുന്നു കമ്മിറ്റി രൂപീകരണം ചെന്നെത്തിയത്’.
സംവരണം ഉദ്യോഗസ്ഥ മണ്ഡലങ്ങളിലെ കാര്യക്ഷമത തകര്‍ക്കുമെന്നായിരുന്നു ഇ.എം.എസിന്റെ വാദം. അതിനും പത്രാധിപര്‍ സുകുമാരന്‍ പ്രസംഗത്തില്‍ മറുപടി പറയുന്നുണ്ട്: ‘1940 ഇ.എം.എസ് ഒളിവില്‍ പാര്‍ത്തത് കണ്ണൂരിലെ ചെറുമാലായി ഗ്രാമത്തില്‍ ചെത്തു തൊഴിലാളി പോക്കന്റെ കുടിലിലാണ്. അന്ന് ഇ.എം.എസിനെ പൊലീസിന് കാട്ടികൊടുക്കുന്നവര്‍ക്ക് ആയിരം ബ്രിട്ടീഷ് രൂപ പാരിതോഷികം പ്രഖ്യപിച്ചിരുന്നു. കാക്കയും കിളിയും അറിയാതെ ആയിരം രൂപയുടെ പ്രലോഭനം അവഗണിച്ച് തങ്ങളുടെ പ്രിയ സഖാവിനെ സംരക്ഷിച്ചവരാണ് പോക്കന്‍ കുടുംബം. അവരുടെ അനന്തരഗാമികള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായി വന്നാല്‍ ഭരണത്തിന്റെ കാര്യക്ഷമത തകരുമെന്ന് ഇ.എം.എസ് മണ്ടയിലിരിക്കുന്ന കമ്മിറ്റിക്കു എങ്ങനെ എഴുതിചേര്‍ക്കാന്‍ കഴിഞ്ഞത്’
ഇ.എം.എസ് ഒരക്ഷരം ഉരിയാടാതെ ഉദ്ഘാടനം ചെയ്ത് ഇറങ്ങിപ്പോയി. ഇന്നും സി.പി.എമ്മിന്റെ സമീപനം സാമ്പത്തിക സംവരണത്തിനനുകൂലമാണ്. പാര്‍ട്ടിക്ക് അണിയറയില്‍ രൂപപ്പെട്ടുവരുന്ന ബി.ജെ.പിയോടുള്ള രഹസ്യ ബാന്ധവം ഈ നയം പരസ്യമായി പറയാനും നടപ്പാക്കാനുമുള്ള ധൈര്യം നല്‍കിയിട്ടുണ്ട്. പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങള്‍ ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ രംഗത്തിറങ്ങേണ്ടതുണ്ട്.
- 7 years ago
chandrika
Categories:
Video Stories
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയല്ല സംവരണം
Tags: article