പിണറായി വിജയന്‍ ക്യാപ്റ്റന്‍ സ്ഥാനം കയ്യാളുന്ന ടീമില്‍ നിന്ന് ഒന്നരവര്‍ഷത്തിനിടെ ക്ലീന്‍ ബൗള്‍ഡായി കളിക്കളം വിട്ടത് മൂന്നുപേര്‍. കൃത്യമായ ഇടവേളകളിലായിരുന്നു വിക്കറ്റ് വീഴ്ച. ബന്ധു, പെണ്ണ്, മണ്ണ് എന്നിവയാണ് അടിക്കടിയുള്ള വിക്കറ്റ് വീഴ്ചക്ക് കാരണമായത്. പിണറായി ടീമിന്റെ പ്രകടനം മോശമാണെന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണ്ടതില്ല. ഇടവേളകളില്‍ വിക്കറ്റ് വീഴുന്നതു കാരണം അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എന്ത്ര മന്ത്രിമാര്‍ രാജിവെക്കേണ്ടി വരും എന്ന ചോദ്യം തന്നെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. നിലയുറപ്പിക്കാനാകാതെയാണ് ഓരോ മന്ത്രിമാരും വിക്കറ്റ് തുലച്ച് മടങ്ങിയത്. അടുത്ത ഊഴം ആരുടേതെന്ന് സാകൂതം വീക്ഷിക്കുകയാണ് രാഷ്ട്രീയ കേരളം.
2016 മെയ് 25നാണ് പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്. അധികാരത്തിലേറി ആറ് മാസം കഴിയുമ്പോള്‍ മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി ജയരാജന്‍ രാജിവെച്ചു. ഇതിന് ശേഷം അഞ്ച് മാസം കഴിഞ്ഞപ്പോള്‍ എ.കെ ശശീന്ദ്രനും വീണു. വിഡ്ഢിദിനത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മൂന്നാമന്‍ തോമസ് ചാണ്ടിക്ക് ഇന്നലെ പടിയിറങ്ങേണ്ടിവന്നു.
ആദ്യം മന്ത്രിസ്ഥാനം പോയ ഇ.പി ജയരാജന് കുരുക്കായത് ബന്ധുനിയമനമായിരുന്നു. ചാണ്ടിക്ക് ലഭിച്ച സംരക്ഷണമൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇ.പിക്ക് ലഭിച്ചില്ല. ഒക്‌ടോബര്‍ 16നാണ് ഇ.പിക്ക് മന്ത്രിസ്ഥാനം നഷ്ടമായത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എം.ഡി സ്ഥാനത്ത് ഭാര്യാസഹോദരിയായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെയും കേരള ക്ലെയ്സ് ആന്റ് സെറാമിക്‌സിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെയും നിയമിച്ചതാണ് ജയരാജനെ വെട്ടിലാക്കിയത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ, മുഖ്യമന്ത്രിയും കൈവിട്ടതോടെയാണ് ഇ.പിക്ക് രാജിവെക്കേണ്ടി വന്നത്. ഒടുവില്‍ ഈ കേസുകളില്‍ വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുകയാണ്.
ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായി അഞ്ച് മാസം കൂടി കഴിയുമ്പോഴാണ് എന്‍.സി.പിയുടെ എ.കെ ശശീന്ദ്രന് ഗതാഗത മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്. സ്ത്രീയോട് ലൈംഗിക വൈകൃത സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു രാജി. ഒരു സ്വകാര്യ ചാനലിന്റെ ലോഞ്ചിങുമായി ബന്ധപ്പെട്ട് അവര്‍ തയാറാക്കിയ ഫോണ്‍ കെണിയില്‍ കുരുങ്ങിയതാണ് ശശീന്ദ്രന് പുറത്തേക്ക് വഴി തുറന്നത്. ചാനല്‍ ലേഖികയുമായുള്ള അശ്ലീല സംഭാഷണം നടത്തുന്ന ഓഡിയോ ചാനല്‍ പുറത്തുവിട്ടു. ഇതിന് പിന്നാലെ കടിച്ചുതൂങ്ങാതെ രാജിവെക്കുകയായിരുന്നു ശശീന്ദ്രന്‍. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനാണ് ശശീന്ദ്രന്റെ ഏറ്റവും ഒടുവിലത്തെ ശ്രമം.
മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പുറത്തുവന്നതോടെയാണ് തോമസ് ചാണ്ടിക്ക് ഇപ്പോള്‍ രാജിവെക്കേണ്ടി വന്നത്. പിടിച്ചു നില്‍ക്കാന്‍ പതിനെട്ട് അടവും പയറ്റിയെങ്കിലും രാജി തടുക്കാന്‍ കഴിഞ്ഞില്ല. ഏഴരമാസം മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ ചാണ്ടിക്ക് സാധിച്ചു. കലക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി വൈകിപ്പിച്ച മുഖ്യമന്ത്രിയുടെ പിന്തുണ ഒന്നു കൊണ്ടു മാത്രമാണ് തോമസ് ചാണ്ടിയുടെ രാജിക്ക് ഇത്രയും കാത്തിരിക്കേണ്ടിവന്നത്. തുടര്‍ച്ചയായ മൂന്ന് മന്ത്രിമാരുടെ രാജി പിണറായി സര്‍ക്കാറിനെ ശരിക്കും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്ന് ഇടതുമുന്നണിക്കുള്ളില്‍ തന്നെ ആക്ഷേപമുയരുന്ന സാഹചര്യത്തില്‍ മന്ത്രിസഭാ പുനഃസംഘടനക്ക് മുഖ്യമന്ത്രി തയാറായേക്കുമെന്നും സൂചനയുണ്ട്.